Monday, September 16, 2024
Homeകേരളംഇന്ന് വായനാദിനം; അറിയാം കേരളത്തെ വായിക്കാന്‍ പഠിപ്പിച്ച പി എന്‍ പണിക്കരെ.

ഇന്ന് വായനാദിനം; അറിയാം കേരളത്തെ വായിക്കാന്‍ പഠിപ്പിച്ച പി എന്‍ പണിക്കരെ.

വായന എന്ന് കേട്ടാല്‍ ആദ്യം മനസിലേക്ക് വരിക വായിച്ചാലും വളരും വായിച്ചിലെങ്കിലും വളരും
വായിച്ചു വളര്‍ന്നാല്‍ വിളയും വായിക്കാതെ വളര്‍ന്നാല്‍ വളയും എന്ന കുട്ടിക്കവിതയാണ്. കവിത കുട്ടികള്‍ക്കായാണെങ്കിലും ഒരു മനുഷ്യായുസ്സിന്റെ അര്‍ത്ഥം മുഴുവന്‍ ആ വരികളിലുണ്ട്. വായന അന്യമായിക്കൊണ്ടിരിക്കുന്ന ഇന്നത്തെ സമൂഹത്തില്‍ ജൂണ്‍ 19 വായനാദിനമാണെന്നും അതെങ്ങനെ വായനാദിനമായെന്നും പലര്‍ക്കും അറിയില്ല.

പി.എന്‍. പണിക്കരുടെ ചരമ ദിനമായ ജൂണ്‍ 19ആണ് മലയാളികള്‍ വായനാദിനമായി ആചരിക്കുന്നത്. ‘നമ്മുടെ നാടിനെ ജ്ഞാന പ്രകാശത്തിലേക്ക് നയിച്ച സൂപ്പര്‍ വൈസ് ചാന്‍സലര്‍’ എന്നാണ് സുകുമാര്‍ അഴീക്കോട് പി എന്‍ പണിക്കറിനെ വിശേഷിപ്പിച്ചത്. ഗ്രന്ഥശാലാ സംഘവും സാക്ഷരതാ യജ്ഞവും കേരള സമൂഹത്തില്‍ സൃഷ്ടിച്ച നവോത്ഥാനത്തിന്റെ അമരക്കാരനായിരുന്നു പിഎന്‍ പണിക്കര്‍. സനാതനധര്‍മം എന്നപേരില്‍ ആരംഭിച്ച ചെറിയ വായനശാലയായിരുന്നു തുടക്കം. അന്ന് തുറന്ന വായനയുടെ ലോകമാണ് ഇന്ന് കേരളത്തില്‍ ആകെ പടര്‍ന്ന് കിടക്കുന്ന ഗ്രന്ഥശാലകള്‍ക്ക് അടിസ്ഥാനമായത്.

ജനനം.

1909 മാര്‍ച്ച് ഒന്നിന് ചങ്ങനാശ്ശേരിയ്ക്ക് അടുത്തുള്ള നീലംപേരൂരില്‍ ആയിരുന്നു പണിക്കരുടെ ജനനം. അച്ഛന്‍ പുതുവായില്‍ നാരായണപ്പണിക്കര്‍, അമ്മ ജാനകിയമ്മ. ചെറുപ്പത്തിലേ വായനയ്ക്കായി ഉഴിഞ്ഞ് വച്ച ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. ഊണും ഉറക്കവുമൊഴിച്ച് വായിച്ചു, വളര്‍ന്ന അദ്ദേഹം വീടുകള്‍ തോറും കയറി ഇറങ്ങി പുസ്തകങ്ങള്‍ ശേഖരിച്ച് വായനശാല ഉണ്ടാക്കുമ്പോള്‍ വയസ്സ് 17തികയുന്നതേ ഉണ്ടായിരുന്നുള്ളൂ. ഇതാണ് പിന്നീട് സനാതന ധര്‍മവായനശാലയായി പ്രസിദ്ധമായത്.
വായനശാലയ്ക്ക് തുടക്കം

ഹയര്‍ പാസ്സായതിന് ശേഷം നീലംപേരൂരിലെ തന്നെ മിഡില്‍ സ്ക്കൂളില്‍ അധ്യാപകനായി. 1945ല്‍ 47 ഗ്രന്ഥശാലകളുടെ പ്രവര്‍ത്തക സമ്മേളനവും അദ്ദേഹം വിളിച്ച് കൂട്ടി. ആ സമ്മേളനത്തിന്‍റെ തീരുമാനപ്രകാരം 1947-ല്‍ രൂപീകൃതമായ തിരു-കൊച്ചി ഗ്രന്ഥശാലാസംഘമാണ് 1957-ല്‍ കേരള ഗ്രന്ഥശാലാ സംഘമായത്. ഇതിനിടെ സര്‍ക്കാറില്‍ നിന്ന് പ്രത്യേക അനുവാദം വാങ്ങി പണിക്കര്‍ മുഴുവന്‍ സമയ ഗ്രന്ഥശാല പ്രവര്‍ത്തകനായി. ”വായിച്ചുവളരുക, ചിന്തിച്ചു വിവേകം നേടുക” എന്നീ മുദ്രാവാക്യങ്ങളുമായി 1972-ല്‍ ഗ്രന്ഥശാലാ സംഘത്തിന്‍റെ രജതജൂബിലി ആഘോഷത്തോടനുബന്ധിച്ച് സംഘടിക്കപ്പെട്ട സാംസ്കാരിക ജാഥയുടെ മുന്‍ നിരയിലും അദ്ദേഹം ഉണ്ടായിരുന്നു.

പടിയിറങ്ങുന്നു.

മുപ്പത്തിരണ്ട് വര്‍ഷക്കാലം ഗ്രന്ഥശാലാസംഘത്തിന്റെ സെക്രട്ടിയായി പി എന്‍ പണിക്കര്‍ പ്രവര്‍ത്തിച്ചു. സര്‍ക്കാര്‍ ഇത് ഏറ്റെടുത്തതോടെയാണ് പിഎന്‍ പണിക്കാര്‍ ഈ സ്ഥാനത്ത് നിന്ന് മാറുന്നത്. അധികാര കളികളില്‍ മനം മടുത്തായിരുന്നു പിന്മാറ്റം. സെക്രട്ടറിയേറ്റിലും മറ്റും നിരന്തരം കയറി ഇറങ്ങിയാണ് അദ്ദേഹം ഇതിന് ഗ്രാന്റടക്കമുള്ളവ സംഘടിപ്പിച്ചത്. 1977ന് കേരളഗ്രന്ഥശാലാ സംഘം സെക്രട്ടറി സ്ഥാനത്ത് നിന്നും അതിന്റെ മുഖപത്രമായ ഗ്രന്ഥലോകത്തിന്റെ പത്രാധിപ സ്ഥാനത്ത് നിന്നും അദ്ദേഹം വിരമിച്ചു. കേരള പബ്ലിക് ലൈബ്രറി ആക്റ്റ് നിലവില്‍ വന്നതും അദ്ദേഹത്തിന്‍റെ പ്രവര്‍ത്തന ഫലമായാണ്. പിന്നീട് സാക്ഷരത യജ്ഞത്തിന് പിന്നാലെയായിരുന്നു അദ്ദേഹം. ഇദ്ദേഹത്തിന്റെ വരവോടെ സാക്ഷരതാ പ്രസ്ഥാനം അതിവേഗം വളര്‍ന്നു. അനൗപചാരിക വിദ്യാഭ്യാസവികസനത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന കാന്‍ഫെഡിന്‍റെ സെക്രട്ടറിയായും (1978 മുതല്‍) സ്റ്റേറ്റ് റിഡേഴ്സ് സെന്‍ററിന്‍റെ ഓണററി എക്സിക്യൂട്ടീവ് ഡയറക്ടറായും സേവനമനുഷ്ഠിച്ചു. കാന്‍ഫെഡ് ന്യൂസ്, അനൗപചാരിക വിദ്യാഭ്യാസം, നാട്ടുവെളിച്ചം, നമ്മുടെ പത്രം എന്നിവയുടെ പത്രാധിപത്യവും വഹിച്ചു.

മരണം.

1995 ജൂണ്‍ 19ന് പി.എന്‍.പണിക്കര്‍ അന്തരിച്ചു. വായനാദിനം എന്നതിനോടൊപ്പം പരാമര്‍ശിക്കേണ്ട പേരാണ് ഇദ്ദേഹത്തിന്റെത്. കേരള സർക്കാർ 1996മുതലാണ് അദ്ദേഹത്തിന്റെ ചരമദിനം വായനദിനമായി ആചരിച്ച് തുടങ്ങിയത്. വായനയുടെ ആചാര്യന് ലഭിച്ച മരണാനന്തര ബഹുമതിയായി വേണം ഇത് കണക്കാക്കാന്‍. “വായിച്ചു വളരുക; ചിന്തിച്ച് വിവേകം നേടുക”എന്ന് മരണം വരെ ഉരുവിട്ട ഒരു മനുഷ്യന് ഇതില്‍പരം മറ്റെന്താണ് തിരിച്ച് നല്‍കാനാവുക?.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments