തിരുവനന്തപുരം —ഈസ്റ്റര്‍–റമസാന്‍–വിഷു ചന്തകള്‍ ഇന്ന് തുടങ്ങാനിരിക്കെ സപ്ലൈകോ ഔട്‍ലെറ്റുകള്‍ ശൂന്യം. പതിമൂന്ന് സബ്സിഡി സാധനങ്ങളില്‍ രണ്ടോ മൂന്നോ ഇനങ്ങള്‍ മാത്രമേ വന്നിട്ടുള്ളൂ. ലോക്കല്‍ പര്‍ച്ചേസിങ് നടത്തി സബ്സിഡി സാധനങ്ങള്‍ ചന്തയിലെത്തിക്കാനുള്ള ഓട്ടത്തിലാണ് സപ്ലൈകോ.
മുന്‍വര്‍ഷങ്ങളില്‍ നടത്തിയിരുന്നതു പോലെ വിപുലമായ ഈസ്റ്റര്‍–റമസാന്‍– വിഷു ചന്തകള്‍ക്ക് പകരം താലൂക്കുകളില്‍ ഓരോ ഔട്‍ലെറ്റില്‍ വീതം ചന്ത നടത്താനായിരുന്നു തീരുമാനം. ഇന്ന് മുതല്‍ പതിമൂന്നാംതീയതി വരെ ചന്തകള്‍ നടക്കുമെന്നറിയിച്ച് വില്‍പനശാലകളില്‍ ബാനറുകള്‍ കെട്ടി. പക്ഷേ, കഴിഞ്ഞ ക്രിസ്മസ് ചന്തകള്‍ക്കുശേഷം കാലിയായ തന്നെ തുടരുന്ന ഔട്‍ലെറ്റുകളില്‍ സാധനങ്ങളെത്തിക്കാനായില്ല. കടുത്ത സാമ്പത്തിക പ്രതിസന്ധി തന്നെ കാരണം. പല വില്‍പനശാലകളിലും 13 സബ്സിഡി ഇനങ്ങളില്‍ നാലില്‍ താഴെ മാത്രമേ എത്തിയിട്ടുള്ളൂ. വെളിച്ചെണ്ണയും ചെറുപയറും തുവരപരിപ്പും ചിലയിടങ്ങളില്‍ അരിയും.
കുടിശ്ശികയെ തുടര്‍ന്ന് കരാറുകാര്‍ ടെന്‍ഡറുകള്‍ ഏറ്റെടുക്കാത്തതായതോടെ ഡിപ്പോ തലത്തിലാണ് പര്‍ച്ചേസിങ്ങ്. ചന്തകളായി പ്രവര്‍ത്തിക്കുന്ന വില്‍പനശാലകള്‍ക്ക് ആവശ്യമനുസരിച്ച് സാധനങ്ങള്‍ പര്‍ച്ചേസിങ് നടത്താമെന്നാണ് ചട്ടം. പര്‍ച്ചേസിങിലുണ്ടായ കാലതാമസം പരിഹരിച്ച് ബാക്കിയുള്ള സാധനങ്ങള്‍ ഉടന്‍ എത്തിക്കുമെന്ന് സപ്ലൈകോ അധികൃതര്‍ പറയുന്നു. ഈ മാസം അവസാനത്തോടെ എല്ലാ സാധനങ്ങളും വില്‍പനശാലകളിലെത്തിക്കുമെന്ന് ഭക്ഷ്യ മന്ത്രി പറഞ്ഞെങ്കിലും ഇതുവരെ ലക്ഷ്യം കണ്ടിട്ടില്ല. ഇതിനിടയിലാണ് കാലിയായ ഈസ്റ്റര്‍–റമസാന്‍–വിഷു ചന്തകള്‍ക്ക് സപ്ലൈകോ തുടക്കമിട്ടത്. ചന്തകളിലേക്ക് സാധനങ്ങളെത്തിയില്ലെങ്കില്‍ ഉത്സവക്കാലത്ത് സാധരണക്കാര്‍ക്ക് സൂപ്പർ മാർക്കറ്റുകളിൽ നിന്ന് അമിത വിലയിൽ വാങ്ങേണ്ടി വരും.