Tuesday, December 24, 2024
HomeKeralaശബരിമല വാര്‍ത്തകള്‍ /വിശേഷങ്ങള്‍ ( 12/01/2024 )

ശബരിമല വാര്‍ത്തകള്‍ /വിശേഷങ്ങള്‍ ( 12/01/2024 )

ജന്മനക്ഷത്രത്തിൽ ഡോ.കെ.ജെ യേശുദാസിന് നെയ്യഭിഷേകവും പ്രത്യേക വഴിപാടുകളും നടത്തി

ഗാനഗന്ധ൪വ്വ൯ ഡോ.കെ.ജെ. യേശുദാസിന്റെ ജന്മദിനത്തിൽ അദ്ദേഹത്തിനായി നെയ്യഭിഷേകവും പ്രത്യേക വഴിപാടുകളും നടത്തി. ജനുവരി 12 ന് വെള്ളിയാഴ്ച ഡോ.കെ.ജെ യേശുദാസ് ഉത്രാടം നക്ഷത്രം എന്ന പേരിൽ പുല൪ച്ചെ 3.15 ന് ഗണപതിഹോമവും രാവിലെ ഏഴിന് മു൯പായി നെയ്യഭിഷേകവും നടത്തി. 7.30 ന് ഉഷപൂജയ്ക്കൊപ്പം സഹസ്രനാമാ൪ച്ചനയും ശനിദോഷനിവാരണത്തിനായി നീരാഞ്ജനവും നടത്തി.

ശതാഭിഷിക്തനാകുന്ന ഗാനഗന്ധർവ്വന് വേണ്ടി തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നേതൃത്വത്തിലാണ് ജൻമനക്ഷത്രമായ ധനുമാസത്തിലെ ഉത്രാടം ദിനത്തിൽ കലിയുഗ വരദനായ അയ്യപ്പ സ്വാമിക്ക് പ്രത്യേക വഴിപാടുകൾ നടത്തിയത്.

എൺപത്തി നാല് വർഷങ്ങളുടെ സ്വരസുകൃതമായ ഡോ.കെ.ജെ യേശുദാസിന് ശതാഭിഷേക മംഗളങ്ങൾ നേ൪ന്നാണ് തീരുവിതാംകൂർ ദേവസ്വം ബോർഡ് പ്രത്യേക വഴിപാടുകൾ പൂ൪ത്തിയാക്കിയത്. ശബരിമല അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഒ.ജി.ബിജുവിന്റ ചുമതലയിലാണ് വഴിപാടുകൾ നടന്നത്. വഴിപാടുകളുടെ പ്രസാദം അമേരിക്കയിൽ കഴിയുന്ന അദ്ദേഹത്തിന് എത്തിക്കാനുള്ള ക്രമീകരണം ഏ൪പ്പെടുത്തിയിട്ടുണ്ട്.

ശബരിമല അയ്യപ്പ സ്വാമിയെ ഉണർത്തുന്ന അയ്യപ്പസുപ്രഭാതവും ഉറക്കുന്ന ഹരിവരാസന സങ്കീ൪ത്തനവും ശബരിമലയിൽ പൊഴിയുന്നത് ഗാനഗന്ധർവ്വന്റെ സ്വരമാധുരിയിലാണ്. സംസ്ഥാന സർക്കാരും തിരുവിതാംകൂർ ദേവസ്വം ബോർഡും സംയുക്തമായി ഏർപെടുത്തിയിട്ടുള്ള ഹരിവരാസന പുരസ്കാരത്തിന്റെ ആദ്യ സ്വീകർത്താവു കൂടിയാണ് ഡോ.കെ.ജെ.യേശുദാസ്.

മകരവിളക്ക് മഹോത്സവം : ജില്ലയിൽ ഒരുക്കങ്ങൾ പൂർത്തിയായി

* കുമളിയിൽ നിന്ന് കെ എസ് ആർ ടി സി ബസ് ഉച്ചയ്ക്ക് 1 മണി വരെ മാത്രം
* വള്ളക്കടവ് ചെക്ക്പോസ്റ് വഴി പ്രവേശനം 2 മണിവരെ

ശബരിമല മകരവിളക്ക് ദർശനത്തിനായുള്ള ഒരുക്കങ്ങൾ ജില്ലയിൽ പൂർത്തിയായി. പുല്ലുമേട് ,പരുന്തുംപാറ , പാഞ്ചാലിമേട് എന്നിവിടങ്ങളിലാണ് ദർശന സൗകര്യങ്ങൾ ഒരുക്കിയിട്ടുള്ളത്. കഴിഞ്ഞതവണത്തേക്കാൾ കൂടുതൽ ഭക്തരെ പ്രതീക്ഷിക്കുന്നുവെന്നും കുറ്റമറ്റ സംവിധാനങ്ങളാണ് ഇത്തവണ ഒരുക്കിയിട്ടുള്ളതെന്നും ജില്ലാ കളക്ടർ ഷീബ ജോർജ്ജ് അറിയിച്ചു. 1400 ഓളം പോലീസുകാരെയാണ് വിവിധ പോയിന്റുകളിലായി നിയോഗിക്കുക . വള്ളക്കടവിൽ നിന്ന് പുല്ലുമേട് ടോപ്പ് വരെ ഓരോ 2 കിലോമീറ്റർ ഇടവിട്ട് ആംബുലൻസ് ,മെഡിക്കൽ ടീമിന്റെ സേവനം , 1 കിലോമീറ്റർ ഇടവിട്ട് കുടിവെള്ള സൗകര്യം എന്നിവ ഒരുക്കിയിട്ടുണ്ട്. ഐ സി യു ആംബുലൻസ് , മെഡിക്കൽ ടീം തുടങ്ങിയ സേവനങ്ങൾ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിലാണ് ലഭ്യമാക്കുക. പൊതുമരാമത്ത് വകുപ്പ് സുരക്ഷാ ബാരിക്കേഡ് നിർമ്മാണം പൂർത്തിയാക്കിയിട്ടുണ്ട് . ഉപ്പുപാറ, പുല്ലുമേട് എന്നിവിടങ്ങളിൽ 5000 ലിറ്റർ വാട്ടർ ടാങ്കുകൾ സ്ഥാപിക്കുന്ന ജോലി വാട്ടർ അതോറിറ്റി പൂർത്തിയാക്കി. കോഴിക്കാനത്ത് 2000 ലിറ്റർ വെള്ളം ശേഖരിക്കാൻ കഴിയുന്ന ടാങ്കും മറ്റ് സ്ഥലങ്ങളിൽ ചെറിയ ടാങ്കുകളും സ്ഥാപിക്കും .6 പോയിന്റുകളിൽ അഗ്നിരക്ഷാ വകുപ്പിനെ ചുമതലപ്പെടുത്തിയിട്ടുണ്ട് . കോഴിക്കാനം മുതൽ പുല്ലുമേട് വരെ 14 കിലോമീറ്റർ വെളിച്ച സംവിധാനം സജ്ജീകരിച്ചു. ഭക്തർക്ക് മലയാളം ,തമിഴ് ,തെലുങ്ക് ,കന്നഡ ഭാഷകളിൽ അറിയിപ്പുകൾ നൽകും . പുല്ലുമേട് ടോപ്പിൽ മിന്നൽരക്ഷാ സംവിധാനം തയ്യാക്കിയിട്ടുണ്ട് . കോഴിക്കാനം , പുല്ലുമേട് എന്നിവിടങ്ങളിൽ വനംവകുപ്പ് ഭക്തർക്കായി കഫ്റ്റീരിയ സേവനം നൽകും. മകരവിളക്ക് ദിവസം ബി എസ് എൻ എൽ പുല്ലുമേട്ടിൽ മൊബൈൽ സേവനം ഉറപ്പാക്കും .

കുമളിയിൽ നിന്ന് കെ എസ് ആർ ടി സി ബസുകൾ ഉച്ചയ്ക്ക് 1 മണി വരെ മാത്രമാകും സർവീസ് നടത്തുക. 65 സർവീസുകളാണ് നിലവിൽ പ്ലാൻ ചെയ്തിട്ടുള്ളത് , എന്നാൽ ആവശ്യമെങ്കിൽ കൂടുതൽ ബസുകൾ എത്തിക്കും .വള്ളക്കടവ് ചെക്ക്പോസ്റ് വഴി ഉച്ചയ്ക്ക് 2 മണിവരെ മാത്രമെ ഭക്തരെ പ്രവേശിപ്പിക്കുകയുള്ളൂ . ശബരിമലയിൽനിന്ന് പുല്ലുമേട്ടിലേക്ക് രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെ മാത്രമേ യാത്ര ചെയ്യാൻ കഴിയൂ. വിളക്ക് കണ്ട് കഴിഞ്ഞ ശേഷം തിരികെ ശബരിമലയിലേക്ക് പോകാൻ അനുവദിക്കില്ല. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കുന്നതിന് കർപ്പൂരം കത്തിക്കുന്നതടക്കമുള്ളവ പുല്ലുമേട്ടിൽ ഒഴിവാക്കണമെന്ന് കളക്ടർ അഭ്യർത്ഥിച്ചു.പ്ലാസ്റ്റിക് , നിരോധിത വസ്തുക്കൾ തുടങ്ങിയവ അനുവദിക്കില്ല.
വണ്ടിപ്പെരിയാർ പഞ്ചായത്ത് സ്റ്റേഡിയം ,വാളാടി ഗ്രൗണ്ട് എന്നിവിടങ്ങളിലാണ് പാർക്കിംഗ് സൗകര്യം ഏർപ്പെടുത്തിയിട്ടുള്ളത് . തമിഴ്‌നാട്ടിൽനിന്ന് ശബരിമല ദർശനത്തിനായി എത്തുന്ന ഭക്തർ കുമളിയിൽ നിന്ന് കമ്പംമേട് ,കട്ടപ്പന,കുട്ടിക്കാനം വഴി യാത്രചെയ്യേണ്ടതാണ്.

ശബരിമല മകരവിളക്ക് മഹോത്സവത്തിന്റെ ഒരുക്കവുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ കുമളിയിൽ വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു. ജില്ലാ പോലീസ് മേധാവി ടി കെ വിഷ്ണുപ്രദീപ്‌ ,സബ് കലക്‌ടർ അരുൺ എസ് നായർ , വനംവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ കെ വി ഹരികൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു. യോഗത്തിന് ശേഷം കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം പുല്ലുമേട് ,പരുന്തുംപാറ , പാഞ്ചാലിമേട് എന്നിവിടങ്ങൾ സന്ദർശിച്ചു.

സംസ്ഥാന പോലീസ് മേധാവി ശനിയാഴ്ച ശബരിമല സന്ദർശിക്കും

മകരവിളക്ക് ഉത്സവവുമായി ബന്ധപ്പെട്ട സുരക്ഷാക്രമീകരണങ്ങൾ വിലയിരുത്താനായി സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബ് ശനിയാഴ്ച (ജനുവരി 13) ശബരിമല സന്ദർശിക്കും.

രാവിലെ ഒൻപതു മണിക്ക് നിലയ്ക്കലിൽ എത്തുന്ന അദ്ദേഹം മുതിർന്ന പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ പങ്കെടുക്കും. തുടർന്ന് പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ അവലോകന യോഗങ്ങളിലും സംബന്ധിക്കും. മൂന്നു കേന്ദ്രങ്ങളിലെയും സുരക്ഷാക്രമീകരണങ്ങൾ അദ്ദേഹം നേരിട്ടു വിലയിരുത്തും.
ഉന്നത പോലീസ് ഉദ്യോഗസ്ഥരും അദ്ദേഹത്തോടൊപ്പം ഉണ്ടാകും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments