കോട്ടയ്ക്കൽ.–ഒതുക്കുങ്ങൽ ആട്ടീരിയിൽ മുണ്ടിനീര് (മംപ്സ്) രോഗം പടരുന്നു. പ്രദേശത്തെ ചില സ്കൂളുകളിൽ പഠിക്കുന്ന കുട്ടികളിലാണ് രോഗം കണ്ടെത്തിയത്.
രോഗലക്ഷണങ്ങൾ കാണിക്കുന്ന കുട്ടികളെ വിദ്യാലയങ്ങളിലേക്കും മറ്റും പറഞ്ഞയയ്ക്കരുതെന്ന് ആരോഗ്യ വകുപ്പധികൃതർ അറിയിച്ചു. 5 മുതൽ 15 വയസ്സുവരെയുള്ള കുട്ടികളിൽ കണ്ടുവരുന്ന വൈറസ് രോഗമാണ് മുണ്ടിനീര്. ലക്ഷണങ്ങൾ കണ്ടതുമുതൽ 7 ദിവസം വരെ രോഗം മറ്റൊരാളിലേക്കു പകരാൻ സാധ്യതയുണ്ട്. വായുവിലൂടെ എളുപ്പം പകരും. രോഗി ഉപയോഗിക്കുന്ന വസ്ത്രങ്ങളിലും മറ്റും സ്പർശിക്കുന്നതിലൂടെയും മറ്റുള്ളവർക്കു പിടിപെടാം. കൂടുതൽ കുട്ടികൾക്കു രോധബാധയുണ്ടാകാൻ ഇടയുള്ളതിനാൽ അതീവജാഗ്രത പുലർത്തണമെന്നും അധികൃതർ പറഞ്ഞു.
രോഗലക്ഷണങ്ങൾ
– – – – – – – – –
ചെറിയ തോതിലുള്ള പനി, തലവേദന, തൊണ്ടവേദന, ഉമിനീർ ഗ്രന്ഥികൾക്കു വേദനയോടു കൂടിയ വീക്കം തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ. വെള്ളം ഇറക്കാൻ പ്രയാസം, കടുത്ത ക്ഷീണം, സംസാരിക്കാൻ ബുദ്ധിമുട്ട് എന്നിവയുമുണ്ടാകും.
– – – – – – –