ബെംഗളൂരു: ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പുളള പരിശോധനയിൽ 6 കോടിയ്ക്കടുത്ത് രൂപയും 106 കിലോ ആഭരണങ്ങളും പിടിച്ചെടുത്ത് കർണാടക പൊലീസ്. 5.60 കോടി രൂപ, 3 കിലോ സ്വർണം, 103 കിലോ വെള്ളി ആഭരണങ്ങൾ, 68 വെള്ളി ബിസ്ക്കറ്റുകൾ എന്നിവയാണ് പരിശോധനയിൽ പിടിച്ചെടുത്തത്. സ്വർണവും, വെള്ളിയും ഏകദേശം 7.60 കോടി രൂപ വില വരുന്നതാണെന്ന് പൊലീസ് പറഞ്ഞു. കർണാടകയിലെ ബെല്ലാരി നഗരത്തിലാണ് റെയ്ഡ് നടത്തിയത്.
ജ്വല്ലറി ഉടമ നരേഷിൻ്റെ വീട്ടിൽ നിന്നാണ് വൻതോതിൽ പണവും ആഭരണങ്ങളും കണ്ടെടുത്തതെന്ന് പൊലീസ് പറഞ്ഞു. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണെന്ന് പൊലീസ് അറിയിച്ചു. നരേഷിന് ഹവാല ബന്ധമുണ്ടെന്ന സംശയിക്കുന്നതിനായി പൊലീസ് പറഞ്ഞു. കർണാടക പൊലീസ് ആക്ടിലെ സെക്ഷൻ 98 പ്രകാരം ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇയാളെ കൂടുതൽ ചോദ്യം ചെയ്യലിനായി ആദായനികുതി വകുപ്പിന് കൈമാറുമെന്നും പൊലീസ് അറിയിച്ചു.