സുപ്രീം കോടതി വിധികളെക്കുറിച്ചുള്ള അഭിപ്രായങ്ങൾ ഓൺലൈനിൽ പ്രകടിപ്പിക്കുന്നതിൽ നിന്ന് ജഡ്ജിമാർ വിട്ടുനിൽക്കണം. ജഡ്ജിമാർ സന്യാസിയെപ്പോലെ ജീവിക്കുകയും കുതിരയെപ്പോലെ പ്രവർത്തിക്കുകയും ചെയ്യണമെന്നാണ് സുപ്രീം കോടതി വാക്കാൽ പരാമർശിച്ചത്.
വനിതാ ജുഡീഷ്യൽ ഓഫീസർമാരായ അദിതി കുമാർ ശർമ്മ, സരിതാ ചൗധരി എന്നിവരെ മധ്യപ്രദേശ് ഹൈക്കോടതി പിരിച്ചുവിട്ട കേസിൽ വാദം കേൾക്കുന്നതിനിടെയാണ് ജസ്റ്റിസുമാരായ ബി വി നാഗരത്ന, എൻ കോടീശ്വർ സിംഗ് എന്നിവരടങ്ങിയ ബെഞ്ച് വാക്കാലുള്ള പരാമർശം നടത്തിയത്.
“സോഷ്യൽ മീഡിയ ഒരു തുറന്ന പ്ലാറ്റ്ഫോമാണ്. നിങ്ങൾ ഒരു സന്യാസിയായി ജീവിക്കണം, ഒരു കുതിരയെപ്പോലെ ജോലി ചെയ്യണം. ജുഡീഷ്യൽ ഓഫീസർമാർ വളരെയധികം സമർപ്പണത്തോടെ ജോലി ചെയ്യണം. അവർ ഫേസ്ബുക്ക് ഉപയോഗിക്കരുത്” കോടതി വ്യക്തമാക്കി.
അമിക്കസ് ക്യൂറിയും കോടതിയുടെ ഉപദേശകനുമായ മുതിർന്ന അഭിഭാഷകൻ ഗൗരവ് അഗർവാൾ സമർപ്പിച്ച റിപ്പോർട്ട് പരിഗണിച്ചശേഷമാണ് കോടതി ഇക്കാര്യങ്ങൾ പറഞ്ഞത്. ഈ റിപ്പോർട്ടിൽ വനിതാ ജഡ്ജിയുടെ ഫേസ്ബുക്ക് പോസ്റ്റിനെ കുറിച്ച് ഗൗരവ് അഗർവാൾ ചൂണ്ടിക്കാട്ടിയിരുന്നു.
2023 നവംബർ 11-ന് പ്രകടനത്തിൻ്റെ അടിസ്ഥാനത്തിൽ ആറ് വനിതാ സിവിൽ ജഡ്ജിമാരെ പിരിച്ചുവിട്ട സംഭവം സുപ്രീം കോടതി പരിഗണിച്ചിരുന്നു. ഓഗസ്റ്റ് ഒന്നിന് മധ്യപ്രദേശ് ഹൈക്കോടതി അവരിൽ നാല് പേരെ തിരിച്ചെടുക്കാൻ തീരുമാനിച്ചു.
ജ്യോതി വർക്കഡെ, സുശ്രീ സോനാക്ഷി ജോഷി, സുശ്രീ പ്രിയ ശർമ്മ, രചന അതുൽക്കർ ജോഷി എന്നീ നാല് പേരെയാണ് ചില നിബന്ധനകളോടെ തിരിച്ചെടുത്തത്. അതേസമയം, സുപ്രീം കോടതിയുടെ പരിഗണനയിലുള്ള കേസിൽ നിന്ന് മറ്റ് രണ്ട് ജഡ്ജിമാരെ ഒഴിവാക്കി.