Thursday, December 26, 2024
Homeഇന്ത്യസർക്കാർ രൂപീകരണത്തിന് ശ്രമിക്കാതെ തത്കാലം പ്രതിപക്ഷത്തിരിക്കും :- ഇന്ത്യ സഖ്യം

സർക്കാർ രൂപീകരണത്തിന് ശ്രമിക്കാതെ തത്കാലം പ്രതിപക്ഷത്തിരിക്കും :- ഇന്ത്യ സഖ്യം

ന്യൂഡല്‍ഹി: സർക്കാർ രൂപീകരണത്തിനു ശ്രമിക്കാതെ പ്രതിപക്ഷത്തിരിക്കാൻ ഇൻഡി സഖ്യത്തിന്റെ യോഗത്തിൽ തീരുമാനം. തൽക്കാലം സര്‍ക്കാർ രൂപീകരണ ശ്രമങ്ങൾക്ക് ഇല്ലെന്നും തീരുമാനമെടുത്തതായി വൃത്തങ്ങൾ വ്യക്തമാക്കി.

ഇൻഡി സഖ്യം പ്രതിപക്ഷത്തിരിക്കാനാണ് തീരുമാനമെന്ന് ഫോർവേഡ് ബ്ലോക്ക് നേതാവ് ജി ദേവരാജൻ മാധ്യമങ്ങളോട് പറഞ്ഞു. ഭരണഘടനയുടെ ആമുഖത്തില്‍ പ്രതിപാദിക്കുന്ന മൂല്യങ്ങളോട് പ്രതിബദ്ധത പുലര്‍ത്തുന്ന എല്ലാ പാര്‍ട്ടികളേയും ഇൻഡി സഖ്യത്തിലേക്ക് ക്ഷണിക്കുന്നതായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ വ്യക്തമാക്കി. വൈകിട്ട് ആറോടെ ആരംഭിച്ച യോഗത്തില്‍ ഇൻഡി സഖ്യത്തിലെ പ്രധാനകക്ഷികളുടെ നേതാക്കളെല്ലാവരും പങ്കെടുത്തു.

ഇൻഡി സഖ്യം തിരഞ്ഞെടുപ്പിനെ മികച്ച രീതിയില്‍, ഐക്യത്തോടെ, ഫലപ്രദമായി നേരിട്ടുവെന്ന് യോഗത്തെ അഭിസംബോധന ചെയ്ത് ഖാര്‍ഗെ പറഞ്ഞു. ഫലം സുവ്യക്തമായും മോദിക്കും അദ്ദേഹത്തിന്റെ രാഷ്ട്രീയരീതികള്‍ക്കും എതിരാണ്. വ്യക്തമായ ധാര്‍മ്മിക പരാജയം എന്നതിലുപരി വ്യക്തിപരമായി അദ്ദേഹത്തിന് ഇത് വലിയ രാഷ്ട്രീയ നഷ്ടമാണ്. എന്നിരുന്നാലും, ജനങ്ങളുടെ നിശ്ചയദാര്‍ഢ്യത്തെ അട്ടിമറിക്കാനാണ് മോദിയുടെ തീരുമാനം. ഭരണഘടനയുടെ ആമുഖത്തില്‍ പ്രതിപാദിച്ചിരിക്കുന്ന മൂല്യങ്ങളോടും സാമ്പത്തികവും സാമൂഹികവും രാഷ്ട്രീയവുമായ നീതിക്കുവേണ്ടിയുള്ള വ്യവസ്ഥകളോടും മൗലികമായ പ്രതിബദ്ധത പങ്കിടുന്ന എല്ലാ കക്ഷികളെയും ഇന്ത്യ സഖ്യത്തിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഖാര്‍ഗെയ്ക്കുപുറമേ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, എഐസിസി. ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എന്നിവര്‍ കോണ്‍ഗ്രസില്‍നിന്ന് യോഗത്തില്‍ പങ്കെടുത്തു. തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍, ഡിഎംകെ. നേതാവ് ടി ആര്‍ ബാലു, ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ചംപയ് സോറന്‍, കല്‍പന സോറന്‍, എന്‍സിപി നേതാക്കളായ ശരദ് പവാര്‍, സുപ്രിയ സുലെ, അഖിലേഷ് യാദവ്, രാം ഗോപാല്‍ യാദവ്, അഭിഷേക് ബാനര്‍ജി, തേജസ്വി യാദവ്, സഞ്ജയ് റാവുത്ത്, അരവിന്ദ് സാവന്ത്, ഒമര്‍ അബ്ദുള്ള, സീതാറാം യെച്ചൂരി, ഡി രാജ, സഞ്ജയ് സിങ്, രാഘവ് ഛദ്ദ, സാദിഖലി ശിഹാബ് തങ്ങള്‍, പി കെ കുഞ്ഞാലിക്കുട്ടി, എന്‍ കെ പ്രേമചന്ദ്രന്‍, ജി ദേവരാജന്‍, ജോസ് കെ മാണി എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments