ന്യൂഡൽഹി –ഡൽഹിയിൽ കനത്ത മഴ മൂലം വിമാന കമ്പനികൾ ചില സർവീസുകൾ നിർത്തലാക്കിയിട്ടുണ്ട്. മഴക്കെടുതിയിൽ ഡൽഹി വിമാനത്താവളത്തിൻെറ മേൽക്കൂര തകർന്നിരുന്നു. ഇൻഡിഗോയും സ്പൈസ് ജെറ്റും വെള്ളിയാഴ്ച ഡൽഹി വിമാനത്താവളത്തിൻ്റെ ടെർമിനൽ വണ്ണിലേക്കുള്ള എല്ലാ വിമാനങ്ങളും റദ്ദാക്കി.
പുലർച്ചെ അഞ്ച് മണിയോടെയാണ് വിമാനത്താവളത്തിന്റെ മേൽക്കൂര തകർന്നത്. നിരവധി പേർക്ക് പരിക്കേറ്റു. അടിയന്തര സഹായവും വൈദ്യസഹായവും യാത്രക്കാർക്ക് നൽകുന്നുണ്ടെങ്കിലും ടെർമിനൽ 1-ൽ നിന്നുള്ള എല്ലാ ഫ്ലൈറ്റ് സർവീസുകളും താൽക്കാലികമായി നിർത്തി വെച്ചിരുന്നു. ചെക്ക്-ഇൻ കൗണ്ടറുകളും അടച്ചിട്ടിരിക്കുകയാണ്. ഡൽഹി വിമാനത്താവളത്തിലെ ടെർമിനൽ വണ്ണിൽ നിന്നുള്ള എല്ലാ വിമാനങ്ങളും വെള്ളിയാഴ്ച താൽക്കാലികമായി നിർത്തിവെച്ചിരുന്നു.
ടെർമിനൽ വണ്ണിൽ ആഭ്യന്തര വിമാന സർവീസുകൾ മാത്രമാണുള്ളത്. ഇന്ദിരാഗാന്ധി വിമാനത്താവളത്തിന് മൂന്ന് ടെർമിനലുകളുണ്ട് . ടെർമിനൽ1, ടെർമിനൽ 2, ടെർമിനൽ 3. ജിഎംആർ ഗ്രൂപ്പിൻ്റെ നേതൃത്വത്തിലുള്ള കൺസോർഷ്യമായ ഡൽഹി ഇൻ്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് ആണ് ഡൽഹിയിലെ ഇന്ദിരാഗാന്ധി ഇൻ്റർനാഷണൽ എയർപോർട്ടിൻ്റെ ഓപ്പറേറ്റർ.