കൊൽക്കത്ത: കൊൽക്കത്തയിലെ താക്കൂർപുകുർ ബസാറിൽ ഞായറാഴ്ച രാവിലെ പ്രമുഖ ബംഗാളി ടി.വി ഡയറക്ടർ സിദ്ധാന്ത ദാസ് ഓടിച്ച കാര്‍ കാൽനടയാത്രക്കാർക്കിടയിലേക്ക് ഇടിച്ചു കയറി ഒരാൾ മരിച്ചു. ആറുപേർക്ക് പരിക്കേറ്റു.അപകടസമയത്ത് ദാസിനൊപ്പം ചാനൽ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായ ശ്രിയ ബസുവും ഉണ്ടായിരുന്നുവെന്നും ഇരുവരും മദ്യലഹരിയിലായിരുന്നുവെന്നുമാണ് ആരോപണം. മരിച്ച അമിനുർ റഹ്മാൻ കൊൽക്കത്ത മുനിസിപ്പൽ കോർപ്പറേഷനിലെ തൂപ്പുകാരനും പ്രാദേശിക സി.പി.ഐ.എം പ്രവർത്തകനുമാണ്.
പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടുപേരുടെ നില ഗുരുതരമാണ്. കാറിനുള്ളിൽ ഉണ്ടായിരുന്ന ദാസിനെയും ബസുവിനെയും നാട്ടുകാർ മർദിച്ചെങ്കിലും പൊലീസ് ഇടപെടാൻ തയ്യാറായില്ല. പിന്നീട് പൊലീസ് ഇവരെ കസ്റ്റഡിയിലെടുക്കുകയും ബസുവിനെ അവരുടെ കുടുംബത്തിന് കൈമാറുകയും ചെയ്തു.ദാസിനെ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.
സംഭവം നടന്നതിന് മുമ്പ് ഇരുവരും സൗത്ത് സിറ്റി മാളിലെ ഒരു പബ്ബിൽ ഷോയുടെ വിജയം ആഘോഷിക്കുവായിരുന്നുവെന്നും, പുലർച്ചെ രണ്ട് മണിക്ക് ശേഷവും മദ്യപിച്ച് ഡ്രൈവ് ചെയ്തുവെന്നും പറയുന്നു.അപകടത്തിന് ശേഷം കാറിനുള്ളിൽ ഒരാളെ മാത്രമേ കണ്ടെത്താനായിരുന്നെന്നും ദൃക്‌സാക്ഷി മാധ്യമങ്ങളോട് പറഞ്ഞു. കൊൽക്കത്ത പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.