ഒരു പരിപാടിക്ക് ഏറ്റവും കൂടുതല്‍ ചായ വിറ്റു എന്ന ഗിന്നസ് റെക്കോഡ് സ്വന്തമാക്കാൻ കര്‍ണാടകത്തിന്റെ ‘നന്ദിനി’. യുപിയിൽ നടക്കുന്ന മഹാകുംഭമേളയില്‍ കര്‍ണാടക സഹകരണ പാല്‍ ഉത്പാദക ഫെഡറേഷന്റെ (കെഎംഎഫ്) പാല്‍ ഉപയോഗിച്ച് ഒരു കോടികപ്പ് ചായ വില്‍ക്കാനാണ് ഉദേശിക്കുന്നത്. ഇന്ത്യൻ എക്‌സ്പ്രസ് ഉൾപ്പെടെയുള്ള മാധ്യമങ്ങൾ വാർത്ത റിപ്പോർട്ട് ചെയ്യുന്നു.
നന്ദിനിക്ക് ഇതിലൂടെ അപൂര്‍വമായ അവസരമാണ് ലഭിച്ചിരിക്കുന്നതെന്ന് കെഎംഎഫ് മാനേജിങ് ഡയറക്ടര്‍ ബി ശിവസ്വാമി പറഞ്ഞു. ജനുവരി 13 മുതല്‍ ഫെബ്രുവരി 26 വരെയാണ് മഹാകുംഭമേള. സ്റ്റോറുകളില്‍ ‘നന്ദിനി’യുടെ പലഹാരങ്ങളും മില്‍ക്ക് ഷെയ്ക്കും ഉള്‍പ്പെടെയുള്ള മറ്റ് ഉത്പന്നങ്ങളും ഉണ്ടാകുമെന്ന് കെഎംഎഫ് അറിയിച്ചു. പ്രമുഖ ചായ-കാപ്പി ബ്രാന്‍ഡായ ചായ് പോയിന്റുമായി കെഎംഎഫ് കരാറൊപ്പിട്ടു. കുംഭമേളവേദിയില്‍ ചായ് പോയിന്റ് തുറക്കുന്ന പത്ത് സ്റ്റോറുകളില്‍ നന്ദിനിപ്പാലുകൊണ്ടുണ്ടാക്കുന്ന ചായയാകും വിതരണംചെയ്യുക.
അതേസമയം, മഹാ കുംഭമേള രണ്ടാം ദിനത്തിൽ വൻ ഭക്തജനപ്രവാഹമാണ്.ഇന്ന് രാവിലെ സ്നാനം നടത്തിയത് 1.38 കോടി ഭക്തരാണ്. അമൃത സ്നാനം ആരംഭിച്ചത് രാവിലെ 6. 15നാണ്. മകരസംക്രാന്തി ദിനമായ ഇന്ന് അതിരാവിലെ കുംഭമേളയുടെ സ്നാനഘട്ടുകളിൽ വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്. സംക്രാന്തി ദിനത്തിൽ സ്നാനം ചെയ്യാൻ മൂന്ന് കോടി ഭക്തർ പ്രയാഗ്‌രാജിലേക്ക് എത്തുമെന്നാണ് കണക്കുകൂട്ടൽ.
13 അഖാരകളും ആദ്യ അമൃത സ്നാനത്തിൽ പങ്കെടുക്കുമെന്നതിനാൽ സംക്രാന്തി ദിനത്തിലെ സ്നാനം ഏറെ സവിശേഷതയുള്ളതാണ്. ഇതുമായി ബന്ധപ്പെട്ട് അഖാരികൾ എത്തുന്ന സമയമവും മറ്റ് വിശദാംശങ്ങളും സംസ്ഥാന സർക്കാർ പങ്കുവച്ചിരുന്നു. 12 വർഷത്തിലൊരിക്കൽ നടക്കുന്ന മഹത്തായ ആത്മീയ സംഗമമാണ് മഹാകുംഭമേള.
ഗംഗ, യമുന, സരസ്വതി നദികളുടെ പുണ്യസംഗമമായ ത്രിവേണി സംഗമത്തിൽ പുണ്യസ്നാനം ചെയ്യുന്നതിനായി കോടിക്കണക്കിന് ഭക്തരാണ് പ്രയാഗ്‌രാജിലേക്ക് ഒഴുകിയെത്തുന്നത്. മഹാകുംഭമേളയുടെ ആദ്യ ദിനമായ ഇന്നലെ പ്രയാഗ്‌രാജിലെത്തിയത് 1.50 കോടി വിശ്വാസികൾ. സ്നാനത്തിൽ പങ്കെടുത്ത എല്ലാ ഭക്തർക്കും അഭിനന്ദനങ്ങളെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എക്സിൽ കുറിച്ചു.
ആദ്യ ദിനത്തിലെ ഭക്തരുടെ കണക്കും മുഖ്യമന്ത്രി പങ്കുവച്ചു.ലോകത്തിലെ ഏറ്റവും വലുതും പ്രധാനപ്പെട്ടതുമായ മഹാത്സവമാണ് പ്രയാഗ്‌രാജിൽ നടക്കുന്ന മഹാകുംഭമേള. ഇത്തവണ 45 കോടി തീർത്ഥാടകർ കുംഭമേളയിൽ പങ്കെടുക്കുമെന്നാണ് വിലയിരുത്തൽ.