ബെംഗളുരു: വീട്ടിലെ പൂന്തോട്ടവും ചെടികളും കാണിച്ചുകൊണ്ട് യുവതി പങ്കുവെച്ച ഫേസ്‍ബുക്ക് പോസ്റ്റ് അവരെ എത്തിച്ചത് പൊലീസ് സ്റ്റേഷനിൽ. ചെടികൾക്കിടയിൽ നട്ടുവളർത്തിയിരുന്ന കഞ്ചാവ് ചെടികളാണ് ദമ്പതികളെ കുടുക്കിയത്. കഞ്ചാവ് ചെടികൾ നട്ടു വളർത്തുന്ന കാര്യം യുവതി അഭിമാനത്തോടെ വീഡിയോയിൽ എടുത്തു പറയുക കൂടി ചെയ്തതോടെ പണിപാളി. വീഡിയോ നാട്ടുകാരും കണ്ടു, പൊലീസിനും കിട്ടി.
ബെംഗളൂരുവിലെ എംഎസ്ആർ നഗറിലെ വസതിയിൽ പൂച്ചട്ടികളിൽ കഞ്ചാവ് വളർത്തിയ സിക്കിം സ്വദേശികളായ കെ സാഗർ ഗുരുംഗും (37) ഭാര്യ ഊർമിള കുമാരിയു(38)മാണ് സദാശിവനഗർ പൊലീസിന്‍റെ പിടിയിലായത്. ബാൽക്കണിയിൽ അലങ്കാരച്ചെടികൾക്കിടയിലാണ് രണ്ട് ചട്ടികളിലായി അവർ കഞ്ചാവ് നട്ടുപിടിപ്പിച്ചിരുന്നത്.
ഊർമിള താൻ നട്ടുവളർത്തുന്ന കഞ്ചാവ് ഉൾപ്പെടെയുള്ള വിവിധയിനം ചെടികൾ കാണിച്ച് വീഡിയോകളും ഫോട്ടോകളും ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്. നാട്ടുകാരുടെ ശ്രദ്ധയിൽ കഞ്ചാവ് ചെടികൾ പെട്ടതോടെ പൊലീസിനെ അറിയിക്കുകയായിരുന്നു.
17 ചെടിച്ചട്ടികളാണ് വീട്ടിലുണ്ടായിരുന്നത്. ഇതിൽ രണ്ടെണ്ണത്തിലാണ് കഞ്ചാവ് ചെടികളും കൃഷിചെയ്തിരുന്നത്. വീഡിയോ ശ്രദ്ധയിൽപ്പെട്ടതോടെ പൊലീസ് അന്വേഷിച്ചെത്താൻ സാധ്യതയുണ്ടെന്ന് ബന്ധു ഇവർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ഇത് കേട്ട് ചെടികൾ നശിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഇലകളും മറ്റ് അവശിഷ്ടങ്ങളും ഉൾപ്പെടെ 54 ഗ്രാം പൊലീസ് കണ്ടെത്തുകയായിരുന്നു. ലാഭമുണ്ടാക്കാനായി കഞ്ചാവ് വിൽക്കാനായിരുന്നു പ്ലാനെന്ന് ഇവർ ചോദ്യം ചെയ്യലിൽ സമ്മതിച്ചു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.