പട്‌ന: മോദിയുടെയും കേന്ദ്രസർക്കാരിന്റെയും ‘ഗ്യാരന്റി’ പൊള്ളയാണെന്ന് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ജയപ്രകാശ് നാരായണൻ അടക്കം പാടലീപുത്രത്തിൽനിന്ന് ഉയർത്തിയ ശബ്ദമാണ് രാജ്യത്തെ മാറ്റി മറിച്ചത്. രാജ്യചരിത്രത്തിൽ സമാനദൗത്യം ഏറ്റെടുത്തിരിക്കുകയാണ് പട്‌ന റാലിയിലൂടെ ഇന്ത്യാ കൂട്ടായ്‌മ.
‘മോദിയെ പുറത്താക്കൂ രാജ്യത്തെ രക്ഷിക്കൂ’ എന്ന ശക്തമായ മുദ്രാവാക്യമാണ് പട്‌നയിൽനിന്ന് ഉയരുന്നത്. അത് രാജ്യം ഏറ്റെടുക്കും. മോദിയുടെ കൈകളിൽനിന്ന് ഭാരതത്തെ രക്ഷിക്കുക എന്നതാണ് ശരിയായ ദേശഭക്തി. മോദിയുടെ ഗ്യാരന്റിയിൽ ആർക്കും വിശ്വാസമില്ല. മോദിയുടെ ഗ്യാരന്റി എന്നാൽ, വട്ടപൂജ്യമാണ്. യുവാക്കൾക്ക് വാരിക്കോരി ജോലികൊടുക്കുമെന്ന് പറഞ്ഞ് അധികാരത്തിലെത്തി.
എന്നാലിപ്പോൾ രാജ്യം ഏറ്റവും വലിയ തൊഴിൽദാരിദ്ര്യം അനുഭവിക്കുന്നു. രാജ്യത്തിന്റെ അന്നദാതാക്കളായ കർഷകർക്ക് താങ്ങുവില ഉറപ്പാക്കുമെന്ന വാഗ്ദാനത്തിനായി ഇപ്പോഴും കർഷകർ പോരാട്ടത്തിലാണ്. പറഞ്ഞത് നടപ്പാക്കുക എന്നതാവണം ഗ്യാരന്റി. രാജ്യത്തിന് അമൃതകാലം സാധ്യമാകണമെങ്കിൽ മോദിയെ അധികാരത്തിൽനിന്ന് പുറത്താക്കിയേ തീരൂ–-യെച്ചൂരി പറഞ്ഞു.