ന്യൂഡൽഹി; ഗുസ്‌തി താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിയായ ബിജെപി എംപി ബ്രിജ്‌ഭൂഷൺ ശരൺ സിങ്ങിന്റെ മകൻ കരൺ ഭൂഷൺ സിങ്ങിനെ യുപി ഗുസ്‌തി ഫെഡറേഷൻ പ്രസിഡന്റാക്കിയതിനെതിരെ സാക്ഷി മലിക്കും ബജ്‌റംഗ് പൂനിയയും രംഗത്ത്. ബ്രിജ്‌ഭൂഷണിന്റെ വിശ്വസ്‌തരെ ഫെഡറേഷൻ തലപ്പത്തുനിന്ന് നീക്കിയില്ലങ്കിൽ വീണ്ടും പ്രക്ഷോഭത്തിലേക്ക് നീങ്ങുമെന്ന് മുന്നറിയിപ്പ് നൽകി. കരൺ മുൻപ് വൈസ് പ്രസിഡന്റായിരുന്നു. ബ്രിജ്‌ഭൂഷണിന്റെ ബന്ധുക്കളെയോ വിശ്വസ്‌തരെയോ ഫെഡറേഷൻ തലപ്പത്ത് നിയമിക്കില്ലന്ന് കേന്ദ്രസർക്കാർ ഉറപ്പ് നൽകിയിരുന്നതാണെന്ന് സാക്ഷി വീഡിയോ സന്ദേശത്തിൽ പറഞ്ഞു. കേന്ദ്രം ഉടൻ തീരുമാനമെടുക്കണമെന്നും സമരത്തിലേക്ക് തള്ളിവിടരുതെന്നും അവർ മുന്നറിയിപ്പ് നൽകി.
നടപടി പിൻവലിച്ച് ആഗോള സംഘടന
ഇന്ത്യൻ ഗുസ്‌തി ഫെഡറേഷനെ സസ്‌പെൻഡ് ചെയ്‌ത നടപടി ആഗോള സംഘടനയായ യുണൈറ്റഡ് വേൾഡ് റെസ്‌ലിങ് (യുഡബ്ല്യുഡബ്ല്യു) പിൻവലിച്ചു. സമരം നയിച്ച താരങ്ങളായ സാക്ഷി മലിക്, ബജ്‌റംഗ് പൂനിയ, വിനേഷ് ഫോഗട്ട് തുടങ്ങിയവർക്കെതിരെ പ്രതികാര നടപടി ഉണ്ടാകില്ലെന്ന് എഴുതി നൽകണമെന്ന് യുഡബ്ല്യുഡബ്ല്യു ദേശീയ ഫെഡറേഷനോട് ആവശ്യപ്പെട്ടു. സഞ്ജയ് സിങ്ങിന്റെ നേതൃത്വത്തിലുള്ള ഭരണ സമിതിക്കെതിരായ സസ്‌പെൻഷൻ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് സാക്ഷിയും ബജ്‌റംഗും യുഡബ്ല്യുഡബ്ല്യു അധികൃതർക്ക് കത്തുനൽകിയിരുന്നു.
ദേശീയ ഫെഡറേഷനെതിരായ നടപടി പിൻവലിച്ചതിന് പിന്നാലെ അഡ്‌ഹോക്ക് കമ്മിറ്റിയെ വെല്ലുവിളിച്ച് കേന്ദ്ര കായിക മന്ത്രാലയം സസ്‌പെൻഡ് ചെയ്‌ത ഫെഡറേഷൻ പ്രസിഡന്റ് സഞ്ജയ് സിങ് രംഗത്തെത്തി. ഔദ്യോഗികമായി തന്റെ ഫെഡറേഷനെ ആഗോള സംഘടന അംഗീകരിച്ചെന്നും ഒളിമ്പിക്‌സ് ട്രയൽ അടക്കം തന്റെ മേൽനോട്ടത്തിലാകും നടക്കുകയെന്നും സിങ് ഏകപക്ഷീയമായി പ്രഖ്യാപിച്ചു.