കുട്ടികള്‍ക്ക് വേണ്ടിയുള്ള ‘ആപ്പിള്‍ വാച്ച് ഫോര്‍ കിഡ്‌സ്’ ഫീച്ചര്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. ആപ്പിള്‍ വാച്ചുകള്‍ സുരക്ഷിതമായി കുട്ടികള്‍ക്ക് നല്‍കാനും കുട്ടികളുടെ സുരക്ഷയ്ക്കായി അത് ഉപയോഗപ്പെടുത്താനും ഈ ഫീച്ചര്‍ രക്ഷിതാക്കളെ സഹായിക്കും. കുട്ടികളുമായി ആശയവിനിമയം നടത്താനും കുട്ടികളുടെ ആരോഗ്യം, ഫിറ്റ്‌നസ് വിവരങ്ങള്‍ പരിശോധിക്കാനും രക്ഷിതാക്കള്‍ക്ക് ഈ സംവിധാനത്തിലൂടെ സാധിക്കും. ആപ്പിള്‍ വാച്ചിലെ മറ്റെല്ലാ സുരക്ഷാ സംവിധാനങ്ങളും രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കും ഒരുപോലെ ഉപയോഗപ്പെടുത്താം
ഈ ഫീച്ചര്‍ ഇപ്പോള്‍ ഇന്ത്യയിലും ലഭ്യമാക്കിയിരിക്കുകയാണ് കമ്പനി. ആപ്പിള്‍ വാച്ച് എസ്ഇ, ആപ്പിള്‍ വാച്ച് 4 അല്ലെങ്കില്‍ അതിന് ശേഷം വന്ന വാച്ചുകള്‍ എന്നിവയിലാണ് ഈ സൗകര്യം ലഭിക്കുക. വാച്ച് ഒഎസ് 7 ലോ അതിന് ശേഷം പുറത്തിറങ്ങിയ ആപ്പിള്‍ ഒഎസുകളിലും ഐഒഎസ് 14 ലും അതിന് ശേഷം പുറത്തിറങ്ങിയവയിലുമാണ് ഈ ഫീച്ചര്‍ പ്രവര്‍ത്തിക്കുക.
ജിയോയുമായി സഹകരിച്ചാണ് ആപ്പിള്‍ ഇപ്പോള്‍ ഈ സൗകര്യം ഒരുക്കുന്നത്. അതായത് ഈ ഫീച്ചര്‍ പ്രവര്‍ത്തിക്കണമെങ്കില്‍ ആപ്പിള്‍ വാച്ചില്‍ പുതിയ ജിയോ ഈ-സിം കണക്ഷന്‍ ഉണ്ടായിരിക്കണം. അതിനാല്‍ സെല്ലുലാര്‍ കണക്ടിവിറ്റിയുള്ള ആപ്പിള്‍ വാച്ച് തന്നെ ഉപയോഗിക്കണം.
ഐഫോണ്‍ ഉപഭോക്താവായ രക്ഷിതാവിന് മാത്രമേ ആപ്പിള്‍ വാച്ച് ഫോര്‍ കിഡ്‌സ് ഉപയോഗിക്കാനാവൂ. കുട്ടികള്‍ക്ക് നല്‍കുന്ന ആപ്പിള്‍ വാച്ച് രക്ഷിതാവിന്റെ ഐഫോണുമായി ബന്ധിപ്പിക്കണം. രക്ഷിതാവിന്റെ ആപ്പ് വഴി ആപ്പിള്‍ വാച്ച് ഫോര്‍ കിഡ്‌സ് ഫീച്ചര്‍ സെറ്റ്അപ്പ് ചെയ്യാനാവും.
“ആപ്പിള്‍ വാച്ച് കുട്ടികള്‍ക്ക് സ്വതന്ത്രമായി ഉപയോഗിക്കാനാകും. എന്നാല്‍ രക്ഷിതാവിന് ആപ്പിള്‍ വാച്ച് ഫോര്‍ കിഡ്‌സ് ഫീച്ചറിലൂടെ കുട്ടികളെ ട്രാക്ക് ചെയ്യാം. ഗൂഗിളിന്റെ ഫാമിലി ലിങ്ക് ആപ്പിന് സമാനമായ സേവനമാണിതെന്നാണ് മനസിലാക്കുന്നത്.
ആപ്പിള്‍ വാച്ചില്‍ കുട്ടി ആരുമായി ബന്ധപ്പെടരുത് എന്ന് തീരുമാനിക്കാന്‍ രക്ഷിതാവിന് സാധിക്കും. കുട്ടിയുടെ ലൊക്കേഷന്‍ ഐഫോണില്‍ അറിയാനുമാവും. സ്‌കൂള്‍ ടൈം എന്ന ഫീച്ചര്‍ വഴി ആപ്പിള്‍ വാച്ചിലെ നോട്ടിഫിക്കേഷനുകള്‍ തടയാനാവും. ഏത് സമയവും രക്ഷിതാവിന് ഇത് ഡിസേബിള്‍ ചെയ്യാം. കുട്ടികള്‍ക്കും അത് ചെയ്യാനാവുമെങ്കിലും സ്‌കൂള്‍ ടൈം ഡിസേബിള്‍ ചെയ്യുന്ന വിവരം രക്ഷിതാവിന് അറിയാനാവും.