ചെന്നൈ: നക്ഷത്ര ആമകളുമായി മലേഷ്യയിലേക്ക് കടക്കാൻ ശ്രമിച്ചയാളെ ചെന്നൈ രാജ്യാന്തര വിമാനത്താവളത്തില്‍ പിടികൂടി. എയർപോർട്ട് കസ്റ്റംസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് ബാഗിൽ നിന്ന് നക്ഷത്ര ആമകളെ കണ്ടെത്തിയത്.ക്വാലാലംപുരിലേക്കുള്ള വിമാനത്തിൽ കയറാനെത്തിയ യാത്രക്കാരന്റെ ബാഗിൽ രണ്ട് കാർഡ് ബോർഡ് പെട്ടികളിലായിട്ടായിരുന്നു നക്ഷത്ര ആമകളെ സൂക്ഷിച്ചിരുന്നത്.
സുരക്ഷാ ഉദ്യോഗസ്ഥർക്ക് സംശയം തോന്നി പരിശോധിച്ചപ്പോഴാണ് പെട്ടികളിൽ ആമകളാണെന്ന് കണ്ടെത്തിയത്. 160 നക്ഷത്ര ആമകളാണ് പെട്ടികളിലുണ്ടായിരുന്നതെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ അറിയിച്ചു.ടൂറിസ്റ്റ് വീസയിൽ മലേഷ്യയിലേക്ക് പോകുകയായിരുന്ന ഇയാൾ, പെട്ടികളിൽ പലവ്യഞ്ജന സാധനങ്ങളാണെന്നാണ് ഉദ്യോഗസ്ഥരോട് ആദ്യം പറഞ്ഞത്. എന്നാൽ പെട്ടികൾ ഇളകുന്നത് ശ്രദ്ധിച്ച ജീവനക്കാർ ഇത് തുറന്നു പരിശോധിച്ചതോടെയാണ് ആമകളെ കണ്ടെത്തിയത്.
ആന്ധ്രാപ്രദേശിൽ നിന്ന് ഓരോ ആമയ്ക്കും 100 രൂപ വീതം നൽകിയാണ് ഇയാൾ ആമകളെ വാങ്ങിയതെന്ന് ചോദ്യം ചെയ്യലിൽ കണ്ടെത്തി. മലേഷ്യൻ മാർക്കറ്റിൽ 5,000 രൂപയാണ് ഓരോ ആമയ്ക്കും വില ലഭിക്കുക.
മലേഷ്യയിൽ അലങ്കാര മൃഗങ്ങളായി നക്ഷത്ര ആമകളെ ഉപയോഗിക്കാറുണ്ടെന്നും ഇയാൾ പറഞ്ഞു. നക്ഷത്ര ആമകൾക്ക് ഔഷധ ഗുണങ്ങൾ ഉണ്ടെന്നാണ് മലേഷ്യക്കാരുടെ വിശ്വാസം.ഇത് ചൂഷണം ചെയ്താണ് 5,000 രൂപയ്ക്ക് ഇവയെ വിറ്റിരുന്നതെന്നും പിടിയിലായ വ്യക്തി പറഞ്ഞു. വന്യജീവി സംരക്ഷണ നിയമപ്രകാരം കേസെടുത്ത ശേഷം ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.
പിടികൂടിയ നക്ഷത്ര ആമകളെ വൈകാതെ വണ്ടല്ലൂരിലെ അണ്ണാ സുവോളജിക്കൽ പാർക്കിന് കൈമാറും. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും കസ്റ്റംസ് വകുപ്പ് അറിയിച്ചു.