ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ രൂക്ഷമായി വിമർശിച്ച് ഗായിക സോന മൊഹപത്ര. രാമക്ഷേത്ര ഉദ്ഘാടനവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ബോളിവുഡ് താരം ഐശ്വര്യ റായിയെയും പരാമർശിച്ച് രാഹുൽ നടത്തിയ പ്രസംഗമാണ് ഗായികയെ ചൊടിപ്പിച്ചത്. ഐശ്വര്യ റായിയെ അപകീർത്തിപ്പെടുത്തി സംസാരിച്ചതിനെ പ്രതിരോധിച്ച സോന, രാഷ്ട്രീയ നേട്ടങ്ങൾക്കായി രാഷ്ട്രീയ നേതാക്കൾ സ്ത്രീകളെ ചൂഷണം ചെയ്യുന്ന രീതിയെ വിമർശിക്കുകയും ചെയ്തു.
രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഉത്തർപ്രദേശിലെ പ്രയാഗ് രാജില്ഡ പ്രവേശിച്ച സമയത്താണ് രാമക്ഷേത്രത്തിൽ പ്രാണ പ്രതിഷ്ഠ സംബന്ധിച്ച പരാമർശം അദ്ദേഹം നടത്തിയത്. ജനുവരി 22ന് അയോധ്യയിലെ രാമക്ഷേത്രത്തിൽ നടന്ന പ്രാണ പ്രതിഷ്ഠാ ചടങ്ങിൽ രാജ്യത്തിന്റെ ജനസംഖ്യയുടെ 73 ശതമാനത്തോളം വരുന്ന ഒബിസി–ദളിത് വിഭാഗത്തെ കാണാൻ സാധിച്ചില്ലെന്നും കോടീശ്വരന്മാരും ബോളിവുഡ് താരങ്ങളുമാണ് ചടങ്ങിൽ സംബന്ധിച്ചതെന്നുമാണ് രാഹുൽ ഗാന്ധി പറഞ്ഞത്.
‘‘നിങ്ങൾ രാമക്ഷേത്രത്തിൽ നടന്ന പ്രാണ പ്രതിഷ്ഠ ചടങ്ങ് കണ്ടതല്ലേ? അവിടെ ഒരു ഒബിസിക്കാരന്റെ മുഖം കാണാൻ കഴിഞ്ഞിരുന്നോ? അവിടെ അമിതാ ബച്ചനും ഐശ്വര്യ റായിയും നരേന്ദ്രമോദിയുമാണ് ഉണ്ടായിരുന്നത്. ഞാൻ അവിടെ ഒരു കർഷകനെ കണ്ടില്ല, അവിടെ ഒരു തൊഴിലാളിയെ കണ്ടില്ല. ഒരു ചെറിയ കച്ചവടക്കാരനെ പോലും കണ്ടില്ല. എന്നാൽ എല്ലാ കോടീശ്വരന്മാരെയും കാണാനായി സാധിച്ചു. അവരെല്ലാവരും വലിയ വലിയ പ്രസംഗങ്ങൾ മാധ്യമങ്ങൾക്ക് നൽകുന്നുണ്ടായിരുന്നു.’’ എന്നാണ് രാഹുൽ പറഞ്ഞത്. രാഷ്ട്രീയ നേട്ടങ്ങൾക്ക് വേണ്ടി നേതാക്കൾ പ്രസംഗങ്ങളിൽ സ്ത്രീകളെ വലിച്ചിഴയ്ക്കുന്നത് എന്തിനാണെന്നും അവരെ ഇകഴ്ത്തുന്നത് എന്തിനാണെന്നും എക്സിലെ കുറിപ്പിൽ സോന ചോദിക്കുന്നു.