സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായി ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അന്താരാഷ്ട്ര നിരീക്ഷണം വരുന്നു. മോഡി സര്‍ക്കാരിന്റെ പ്രതിപക്ഷ വേട്ട, മുഖ്യമന്ത്രിമാരെ വ്യാജ ആരോപണത്തിന്റെ പേരില്‍ ജയിലില്‍ അടച്ച നടപടി, പ്രതിപക്ഷ പാര്‍ട്ടികളുടെ ഫണ്ട് തടഞ്ഞുവയ്ക്കല്‍ എന്നിവയാണ് അന്താരാഷ്ട്ര നിരീക്ഷണത്തിലേയ്ക്ക് നയിച്ചത്. തെരഞ്ഞെടുപ്പ് ക്രമക്കേടുള്‍പ്പെടെ ആരോപണങ്ങള്‍ നേരിട്ട രാജ്യങ്ങളിലാണ് നേരത്തെ ഇത്തരം നിരീക്ഷണമുണ്ടായിരുന്നത്.
യുഎന്നിന്റെ കീഴില്‍ അമേരിക്ക അടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളെ തെരഞ്ഞെടുപ്പ് നടപടികള്‍ നിരീക്ഷിക്കാന്‍ ചുമതലപ്പെടുത്തും. ഇതിനുള്ള നടപടികള്‍ യുഎന്‍ ആരംഭിച്ച് കഴിഞ്ഞതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
രാജ്യത്തെ തെരഞ്ഞെടുപ്പ് സംവിധാനം നീതിപൂര്‍വമായി നടത്തണമെന്ന ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറെസിന്റെ ഔദ്യോഗിക വക്താവ് സ്റ്റെഫാന്‍ ഡുറാജിക് ഏതാനും ദിവസം മുമ്പ് പ്രസ്താവന നടത്തിയതിന് പിന്നാലെ യുഎന്‍ മനുഷ്യാവകാശ ഹൈക്കമ്മിഷണര്‍ വോള്‍ക്കര്‍ ടര്‍ക്കും ഇക്കാര്യത്തിലെ ആശങ്ക പങ്ക് വച്ചിരുന്നു. യുഎന്നിലെ ഇന്ത്യന്‍ സ്ഥിരം സ്ഥാനപതി അരിന്ദം ബഗ്ചിയോടാണ് ടുര്‍ക്ക് ഇന്ത്യയില്‍ സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ടത്. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിന്റെ നിയമ വിരുദ്ധ അറസ്റ്റ്, കോണ്‍ഗ്രസിന്റെ ഫണ്ട് തടഞ്ഞ് വെച്ച ആദായ നികുതി വകുപ്പിന്റെ നടപടി എന്നിവയെ അമേരിക്കയും, ജര്‍മ്മനിയും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. എന്നാല്‍ ആരോപണം നിഷേധിച്ച് ഇന്ത്യയും അരിന്ദം ബഗ്ചിയും രംഗത്ത് വന്നിരുന്നു.
തൊട്ടു പിന്നാലെയാണ് യുഎന്നും ഇന്ത്യയെ വിമര്‍ശിച്ച് രംഗത്ത് വന്നത്. അടുത്തിടെ ജനീവയില്‍ നടന്ന യുഎന്നിന്റെ ആഗോള മനുഷ്യാവകാശ കമ്മിഷന്‍ 55-ാം യോഗത്തിലും വോള്‍ക്കര്‍ ടര്‍ക്ക് ഇന്ത്യയിലെ സ്ഥിതിവിശേഷം എടുത്ത് പറഞ്ഞിരുന്നു. മനുഷ്യാവകാശ പ്രവര്‍ത്തകര്‍, മാധ്യമ പ്രവര്‍ത്തകര്‍, പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍, സാമുഹ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ക്കെതിരെ മോഡി സര്‍ക്കാരും കേന്ദ്ര അന്വേഷണ ഏജന്‍സികളും നടത്തുന്ന ക്രമവിരുദ്ധ നടപടിയും അദ്ദേഹം ചൂണ്ടിക്കാണിച്ചിരുന്നു. ഇന്ത്യയില്‍ ഇപ്പോള്‍ നടന്നു വരുന്ന ജനാധിപത്യ വിരുദ്ധ നടപടികള്‍ സസൂക്ഷ്മം വീക്ഷിക്കുകയാണെന്ന് അമേരിക്കയും ജര്‍മ്മനിയും അറിയിച്ചതും ശ്രദ്ധേയമാണ്. അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് മാത്യു മില്ലറും, ജര്‍മ്മന്‍ വക്താവ് സെബാസ്റ്റ്യന്‍ ഫിഷറുമാണ് ഇന്ത്യയിലെ സംഭവികാസങ്ങള്‍ നിരീക്ഷിച്ച് വരുന്നതായി മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്.
അമേരിക്ക- ജര്‍മ്മനി എന്നിവയ്ക്ക് പിന്നാലെ ഐക്യരാഷ്ട്ര സഭയും ഇന്ത്യയിലെ ജനാധിപത്യ വിരുദ്ധ നടപടികളില്‍ ആശങ്ക പ്രകടിപ്പിച്ചതോടെയാണ് വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അന്താരാഷ്ട്ര നിരീക്ഷണം ഉണ്ടാകുമെന്ന് ഉറപ്പായത്.
രാജ്യത്ത് ജനാധിപത്യം കടുത്ത ഭീഷണിയിലൂടെയാണ് കടന്ന് പോകുന്നതെന്ന ലോക രാജ്യങ്ങളുടെ അഭിപ്രായവും ഐക്യരാഷ്ട്ര സഭയുടെ വിലയിരുത്തലും മോഡി ഭരണത്തിന് മേല്‍ കരിനിഴല്‍ വീഴ്ത്തിയിരിക്കുകയാണ്.