അഹമ്മദാബാദ്: ബിൽക്കീസ് ബാനു കേസിലെ മുഴുവൻ പ്രതികളെയും തൂക്കിലേറ്റണമെന്ന് കേസിലെ ഏക ദൃക്സാക്ഷി. ഗുജറാത്ത് വംശഹത്യയിൽ 14 പേരെ കൂട്ടകൊല ചെയ്യുകയും ഗർഭിണിയടക്കം മൂന്ന് പേരെ കൂട്ടബലാത്സംഗത്തിനിരയാക്കുകയും ചെയ്ത ബിൽക്കീസ് ബാനുകേസിലെ ഒരേയൊരു ദൃക്സാക്ഷിയും ബിൽക്കീസ് ബാനുവിറെ ബന്ധുവുമായ യുവാവാണ് 11 പ്രതികളെയും തൂക്കിലേറ്റുകയോ മരണം വരെ ജയിലിലടക്കുകയോ വേണമെന്ന ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ഒരിക്കലും അവരെ സ്വതന്ത്രരാക്കരുത്. എന്നാൽ മാത്രമേ അവർ കൊന്നുകളഞ്ഞ മനുഷ്യർക്ക് നീതി ലഭിക്കുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.
ലോകത്തെ ഞെട്ടിച്ച 2002ലെ ഗുജറാത്ത് വംശഹത്യക്കിടയിൽ ഏഴ് വയസുകാരനായ എന്റെ കൺമുന്നിലിട്ടാണ് ഉമ്മയെയും മൂത്തസഹോദരിയെയും അവർ കൊന്നുകളഞ്ഞത്. 21 വർഷങ്ങൾക്കിപ്പുറം ആ കാഴ്ചകൾ ഇപ്പോഴും എന്റെ ഉറക്കം കെടുത്തുന്നുണ്ട്. ഉറക്കത്തിൽ നിന്ന് ഞെട്ടിയെണീറ്റ് അലറിവിളിക്കാത്തതും പൊട്ടിക്കരയാത്തതുമായ ദിവസങ്ങളില്ല.
എന്റെ പ്രിയപ്പെട്ടവരെ കൊന്നുകളഞ്ഞ പ്രതികളെ ഗുജറാത്ത് സർക്കാർ ജയിലിൽ നിന്ന് വിട്ടയച്ചത് വലിയ വേദനയുണ്ടാക്കി. അവരെ വീണ്ടും ജയിലിൽ അടക്കണമെന്ന സുപ്രീം കോടതി ഉത്തരവ് വലിയ ഒരു ആശ്വാസമാണ് നൽകുന്നത്. ബിൽക്കിസ് ബാനു ബലാത്സംഗക്കേസിലെ പതിനൊന്ന് പ്രതികളെ പിടികൂടുന്നതിൽ ഏഴ് വയസുകാരന്റെ മൊഴി നിർണായകമായിരുന്നു.
ഉമ്മയും സഹോദരിയുമുൾപ്പടെ ബന്ധുക്കളെ നഷ്ടപ്പെട്ട ഏഴ് വയസുകാരൻ കുറച്ചു കാലം ഗോധ്രയിലെ ദുരിതാശ്വാസ ക്യാമ്പിലായിരുന്നു. തുടർന്ന് കച്ചിലെ ഒരു റസിഡൻഷ്യൽ സ്‌കൂളിലേക്ക് മാറ്റുകയും, തുടർ വിദ്യാഭ്യാസവും സംരക്ഷണവും ഒരുക്കിയതോടെയാണ് ജീവിതത്തിൽ അദ്ദേഹത്തിന് മുന്നോട്ട് പോകാൻ കഴിഞ്ഞതെന്നും സാമൂഹികപ്രവർത്തകർ പറഞ്ഞു.
2005-ൽ മുംബൈയിലെ പ്രത്യേക സിബിഐ കോടതിയിലാണ് മൊഴി നൽകുകയും, വിസ്താരത്തിനിടെ 11 പ്രതികളിൽ നാല് പേരെ തിരിച്ചറിയുകയും ചെയ്തതായി സാമൂഹികപ്രവർത്തകൻ കൂട്ടിച്ചേർത്തു. ഇപ്പോൾ 28 വയസ് പിന്നിട്ട ഇദ്ദേഹം ഭാര്യക്കും അഞ്ച് വയുസകാരൻ മകനുമൊപ്പം അഹമ്മദാബാദിലാണ് താമസിക്കുന്നത്.