മുംബൈ: രാജ്യത്തെ ഏറ്റവും നീളമേറിയ കടല്‍പ്പാലമായ മുംബൈ ട്രാന്‍സ് ഹാര്‍ബര്‍ ലിങ്ക് (അടല്‍ ബിഹാരി വാജ്പേയി സ്മൃതി നാവസേവ അടല്‍ സേതു) പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. വെള്ളിയാഴ്ച വൈകീട്ട് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്ദേ, ഉപമുഖ്യമന്ത്രിമാരായ ദേവേന്ദ്ര ഫഡ്‌നാവിസ്, അജിത് പവാര്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് പ്രധാനമന്ത്രി പാലത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്.
താനെ കടലിടുക്കിന് കുറുകേ മുബൈയേയും നവിമുംബൈയേയും ബന്ധിപ്പിച്ചുള്ളതാണ് പുതിയ അടല്‍ സേതു കടല്‍പ്പാലം. രാജ്യത്തെ ഏറ്റവും തിരക്കേറിയ നഗരങ്ങളില്‍ ഒന്നായ മുബൈയിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകാന്‍ അടല്‍ സേതുവിന് സാധിക്കുമന്നാണ് കണക്കാക്കുന്നത്. മുംബൈ രാജ്യാന്തര വിമാനത്താവളം, നവി മുംബൈ രാജ്യാന്തര വിമാനത്താവളം എന്നിവിടങ്ങളിലേക്ക് വേഗത്തില്‍ ഇനി മുതല്‍ യാത്ര സാധ്യമാകും. പുതിയ പാലം വന്നതോടെ മുംബൈയില്‍നിന്ന് നവി മുംബൈയിലേക്ക് എത്താനുള്ള സമയം ഒന്നര മണിക്കൂറില്‍നിന്ന് 20 മിനിറ്റായി ചുരുങ്ങും. ലോകത്തെ തന്നെ ഏറ്റവും നീളമേറിയ 12-ാമത്തെ പാലവും ഇതാണ്. 21.8 കിലോമീറ്ററാണ് പാലത്തിന്റെ നീളം.
മധ്യ മുംബൈയിലെ ശിവ്രരിയില്‍ തുടങ്ങുന്ന പാലം നവിമുംബൈയിലെ ചിര്‍ലെയിലാണ് അവസാനിക്കുന്നത്. ആകെയുള്ള 21.8 കിലോമീറ്റര്‍ ദൂരത്തില്‍ 16.5 കിലോമീറ്റര്‍ കടലിലും 5.5 കിലോമീറ്റര്‍ കരയിലുമായാണ് കടല്‍പ്പാലം സ്ഥിതിചെയ്യുന്നത്. 27 മീറ്ററാണ് പാലത്തിന്റെ വീതി. 177903 മെട്രിക് ടണ്‍ സ്റ്റീലും 504253 മെട്രിക് ടണ്‍ സിമന്റും പാലത്തിന്റെ നിര്‍മാണത്തിനായി ഉപയോഗിച്ചുവെന്നാണ് കണക്ക്. ആകെ 70 ഓര്‍ത്തോട്രോഫിക് സ്റ്റീല്‍ ഡെഡ്ജ് ഗിര്‍ഡറുകളാണ് പാലത്തിനുള്ളത്. ഇന്ത്യയില്‍ ആദ്യമായി ഓര്‍ത്തോട്രോപിക് ഡെക്കുകള്‍ ഉപയോഗിച്ച് നിര്‍മിച്ച പാലവും ഇതാണ്.
നവി മുംബൈയില്‍നിന്ന് മുബൈയിലേക്കുള്ള ഗതാഗത ബന്ധം മെച്ചപ്പെടുത്തി നഗരത്തിലെ തിരക്ക് കുറയ്ക്കുന്നത് ലക്ഷ്യമിട്ട് മൂന്ന് പതിറ്റാണ്ട് മുമ്പ് വിഭാവനം ചെയ്ത പദ്ധതിയാണ് ഈ കടല്‍പ്പാലം. മുംബൈയ്ക്കും നവി മുംബൈയ്ക്കും ഇടയിലുള്ള ഗതാഗതം വേഗത്തിലാക്കാനും മുംബൈയില്‍നിന്ന് പുണെ, ഗോവ എന്നിവിടങ്ങളിലേക്കുള്ള ഗതാഗതം സുഗമമാക്കാനും മുംബൈയിലെ ശിവ്രരിയ്ക്കും നവി മുംബൈയിലെ നാവയ്ക്കും ഇടയില്‍ ഒരു പാലം നിര്‍മിക്കാനാണ് പദ്ധതിയിട്ടിരുന്നത്. നിരവധി തടസങ്ങള്‍ മറികടന്ന് അഞ്ചര വര്‍ഷങ്ങള്‍ക്ക് മുമ്പ്, 2018 പകുതിയോടെയാണ് പാലത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. ജപ്പാന്‍ ഇന്റര്‍നാഷണല്‍ കോര്‍പ്പറേഷന്‍ ഏജന്‍സിയുടെ സാമ്പത്തിക സഹായത്തോടെയാണ് പദ്ധതി നടപ്പാക്കിയത്. മുംബൈ മെട്രോപൊളിറ്റന്‍ റീജന്‍ ഡെവലപ്പ്മെന്റ് അതോറിറ്റിക്കായിരുന്നു പാലത്തിന്റെ നിര്‍മാണ ചുമതല. ഏതാണ്ട് 18,000 കോടി രൂപ ചെലവിലാണ് പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്.