തിരഞ്ഞെടുപ്പ് കമ്മീഷണർമാരെ നിയമിക്കുന്നതിനുള്ള നിയമം സ്റ്റേ ചെയ്യാന്‍ വീണ്ടും വിസമ്മതിച്ച് സുപ്രീംകോടതി (Supreme Court). ഇത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിക്കാനാകില്ല എന്ന് സുപ്രീം കോടതി പറഞ്ഞു. ഈ ഘട്ടത്തില്‍ അങ്ങനെ ചെയ്യുന്നത് അരാജകത്വത്തിനും അനിശ്ചിതത്വത്തിനും കാരണമാകുമെന്ന് കോടതി നിരീക്ഷിച്ചു. പുതിയ നിയമപ്രകാരം സെലക്ഷന്‍ പാനലില്‍ മാറ്റങ്ങള്‍ വരുത്തി തിരഞ്ഞെടുത്ത പുതിയ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കതെിരെ ആരോപണങ്ങളൊന്നുമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
ഐ എ എസ് ഉദ്യോഗസ്ഥരായിരുന്ന ഗ്യാനേഷ് കുമാറിനേയും സുഖ്ബീര്‍ സിംഗ് സന്ധുവിനേയും തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായി നിയമിച്ചതിനെതിരെ ആയിരുന്നു ഹര്‍ജി. തിരഞ്ഞെടുപ്പ് കമ്മീഷന്‍ എക്സിക്യൂട്ടീവിന് കീഴിലാണെന്ന് പറയാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപങ്കര്‍ ദത്ത എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ നിയമം തെറ്റാണെന്ന് കരുതാനാവില്ലെന്നും ഹര്‍ജിക്കാരോട് കോടതി പറഞ്ഞു.
‘നിലവില്‍ നിയമിച്ച വ്യക്തികള്‍ക്കെതിരെ ആരോപണങ്ങളൊന്നുമില്ല. തിരഞ്ഞെടുപ്പ് അടുത്തിരിക്കുകയാണ്. സൗകര്യം കൂടി നോക്കുക എന്നത് പ്രധാനമാണ്,’ കോടതി പറഞ്ഞു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍, മറ്റ് തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ എന്നിവരുടെ നിയമനം സംബന്ധിച്ച ബില്‍ കഴിഞ്ഞ വര്‍ഷം പാര്‍ലമെന്റ് പാസാക്കുകയും തുടര്‍ന്ന് രാഷ്ട്രപതിയുടെ അംഗീകാരം നേടുകയും ചെയ്തിരുന്നു.
പുതിയ നിയമം ചീഫ് ജസ്റ്റിസിന് പകരം ഒരു കേന്ദ്ര കാബിനറ്റ് മന്ത്രിയെ ഉള്‍പ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ തിരഞ്ഞെടുക്കുന്നതിനുള്ള കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. കമ്മിറ്റിയില്‍ ഇപ്പോള്‍ പ്രധാനമന്ത്രിയും കേന്ദ്ര ക്യാബിനറ്റ് മന്ത്രിയും പ്രതിപക്ഷ നേതാവും ആണ് ഉള്ളത്. ഇത് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിയമനത്തിലെ നിഷ്പക്ഷതയെ വെല്ലുവിളിക്കുന്നതാണ് എന്നതാണ് ആരോപണം.
– – – – – – – – – – –