തിരുവനന്തപുരം : നമ്മെ വിട്ടുപിരിഞ്ഞ അഞ്ച് ഇതിഹാസ ചലച്ചിത്ര പ്രവർത്തകർക്ക് 29-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ (IFFK) കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ആദരാഞ്ജലികൾ അർപ്പിച്ചു. ബന്ധുക്കളും സഹപ്രവർത്തകരും പ്രേക്ഷകരുമടങ്ങിയ വികാര നിർഭരമായ ചടങ്ങിൽ വെച്ച് എം മോഹൻ, കവിയൂർ പൊന്നമ്മ, ചെലവൂർ വേണു, ഹരികുമാർ, നെയ്യാറ്റിൻകര കോമളം എന്നിവരെക്കുറിച്ചുള്ള പുസ്തകങ്ങൾ അക്കാദമി പ്രകാശനം ചെയ്തു.
പ്രദീപ് നായർ എഡിറ്റ് ചെയ്ത സംവിധായകൻ എം മോഹനെക്കുറിച്ചുള്ള ദൃശ്യമോഹനം’ ,
ഭാഗ്യലക്ഷ്മി എഡിറ്റ് ചെയ്ത കവിയൂർ പൊന്നമ്മയെക്കുറിച്ചുള്ള ‘ഓർമ്മപ്പാട്ട്’,
പി എം ബിനുകുമാർ എഡിറ്റ് ചെയ്ത സംവിധായകൻ ഹരികുമാറിനെക്കുറിച്ചുള്ള ‘സുകൃതസ്മൃതി’ ,
ഒ പി സുരേഷ് എഡിറ്റ് ചെയ്‌ത ചെലവൂർ വേണുവിനെക്കുറിച്ചുള്ള ‘സിനിമയുടെ സഹയാത്രികൻ’ ,
ഡോ രശ്മി ജി യും ഡോ അനിൽ കെ എസും ചേർന്ന് എഡിറ്റ് ചെയ്ത നെയ്യാറ്റിൻകര കോമളത്തെക്കുറിച്ചുള്ള ‘ചരിത്രനായിക’ എന്നീ പുസ്തകങ്ങളുടെ പ്രകാശനകർമ്മമാണ് IFFK വേദിയിൽ വെച്ച് നടന്നത് .
സിബി മലയിൽ , കമൽ , ടി വി ചന്ദ്രൻ , ചെറിയാൻ കല്പകവാടി , ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ , സെക്രട്ടറി സി അജോയ് , പുസ്തകങ്ങളുടെ എഡിറ്റർമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു .