Monday, December 23, 2024
Homeസിനിമസിനിമയുടെ ‘കാസർകോട്‌ പുരാണം’.

സിനിമയുടെ ‘കാസർകോട്‌ പുരാണം’.

വടക്കുനിന്നാണ്‌ ഇപ്പോൾ മലയാളി സിനിമയുടെ കാഴ്‌ചകൾ രൂപപ്പെടുന്നത്‌. സംവിധാനത്തിലും എഴുത്തിലും അഭിനയത്തിലുമെല്ലാം പുതിയ പ്രതിഭകൾ പിറവിയെടുക്കുന്നു. അതിലേക്കാണ്‌ നിറയെ കഥകളുമായി ഒരാൾ എത്തുന്നത്‌. വി സുധീഷ്‌കുമാർ. തിയറ്ററിൽ പ്രദർശനം തുടരുന്ന കുണ്ഡലപുരാണം എന്ന സിനിമയുടെ രചന സുധീഷ്‌കുമാറിന്റേതാണ്‌. സന്തോഷ്‌ പുതുക്കുന്ന്‌ സംവിധാനംചെയ്‌ത ചിത്രത്തിൽ ഇന്ദ്രൻസ്‌, രമ്യ സുരേഷ്‌, ഉണ്ണിരാജ എന്നിവരാണ്‌ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. കാസർകോട്‌ കുണ്ടംകുഴി സ്വദേശിയായ സുധീഷ്‌ ആവാഹനിയമം, ഐസീഞ്ഞാന്റെ അധോലോകം, ജർമനി, ഉമ്പുക്കനെക്കുറിച്ച രണ്ട്‌ അധ്യായങ്ങൾ എന്നീ ചെറുകഥകളും എഴുതിയിട്ടുണ്ട്‌. കുണ്ഡലപുരാണത്തെക്കുറിച്ചും പുതിയ സിനിമാരീതികളെക്കുറിച്ചും സുധീഷ്‌ കുമാർ സംസാരിക്കുന്നു.

ഒരുപറ്റം സാധാരണ മനുഷ്യരുടെ വിവിധങ്ങളായ സംഘർഷങ്ങളെ, സന്തോഷങ്ങളെ കാസർകോടൻ ഗ്രാമീണ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്ന സിനിമയാണ് കുണ്ഡലപുരാണം. സാർവത്രികമായ മാനുഷ്യാവസ്ഥയുടെ മിനിയേച്ചർ ഫോം എന്ന രീതിയിലും കുണ്ഡലപുരാണം കൈകാര്യം ചെയ്യുന്ന കഥയെയും സന്ദർഭങ്ങളെയും വായിക്കാവുന്നതാണ്. അധികാരം, വീതംവയ്‌പ്, കമ്പോള വ്യവസ്ഥിതിയോട് പരിപൂർണമായും കീഴടങ്ങിയ ലോക കാഴ്ചകൾ. അങ്ങനെ സാധാരണങ്ങളായ കഥാപാത്രങ്ങളിലൂടെ, കഥാസന്ദർഭങ്ങളിലൂടെ ആഗോളമായ മാനങ്ങളെ കുണ്ഡലപുരാണം കാട്ടിത്തരുന്നുണ്ട്.

സിനിമയടക്കമുള്ള ദൃശ്യമാധ്യമങ്ങളെ കൂടുതലായി അടുത്തറിയാൻ പരിമിതിയുണ്ടായിരുന്നു. ആ കാലഘട്ടംതന്നെയാണ് അതിനോടുള്ള അഭിനിവേശവും ആവേശവും വളർത്തിയെടുത്തത്. ആകാശവാണിയും ദൂരദർശനും വായനശാലയും നാടകങ്ങളും സി ക്ലാസ് തിയറ്ററുമൊക്കെ ആ ആവേശത്തിന് ആക്കംകൂട്ടി. സ്വദേശമായ കാസർകോട് ജില്ലയിലെ കുണ്ടംകുഴി എന്ന പ്രദേശത്തിന്റെ സാംസ്കാരിക പരമ്പര്യവും ഏറെ സ്വാധീനിച്ചിട്ടുണ്ട്. എന്റെ തലമുറയിലെ ഭൂരിപക്ഷം ആളുകളും അതിജീവനത്തിനുവേണ്ടി ഗൾഫുനാടുകളെ ആശ്രയിക്കുന്ന സമയത്ത് സിനിമയെന്ന മായികലോകത്തെ സ്വപ്നം കാണാനും മുന്നോട്ടു സഞ്ചരിക്കാനും ഒരുകൂട്ടം സുഹൃത്തുക്കളും കൂട്ടിനുണ്ടായിരുന്നു. അവിടെനിന്ന്‌ മാവേലിക്കരയിലുള്ള ഫൈൻ ആർട്സ് കോളേജിലേക്ക്‌ എത്തിയപ്പോൾ സിനിമയെന്ന മാധ്യമത്തിന്റെ വൈവിധ്യങ്ങളെപ്പറ്റി മനസ്സിലാക്കാൻ സാധിച്ചു. സിനിമാക്കാരനാകണമെന്ന ആഗ്രഹംകൊണ്ട് പിന്നീട് എറണാകുളത്ത് സ്ഥിരതാമസമാക്കിയ കാലഘട്ടത്തിൽ ആ ആഗ്രഹത്തിന്റെ സാധ്യതയെപ്പറ്റിയും പരിമിതികളെപ്പറ്റിയും വെല്ലുവിളികളെപ്പറ്റിയും മനസ്സിലാക്കി. എല്ലാ ജീവിതാവസ്ഥയിലും വിടാതെ പിന്തുടർന്ന “സിനിമാക്കാരനാകണം’ എന്ന ആഗ്രഹംതന്നെയാണ് ആത്യന്തികമായി സിനിമയിലേക്ക്‌ എത്തിച്ചത്.

സംഗീതം, സിനിമാട്ടോഗ്രഫി, എഡിറ്റിങ് തുടങ്ങി സിനിമയെന്ന മാധ്യമത്തിനകത്തു കൈകാര്യം ചെയ്യപ്പെടുന്ന എല്ലാ ഡിപ്പാർട്‌മെന്റുകളുടെയും സമർഥവും വിജയകരവുമായ ഇടപെടലുകൾ മലയാള സിനിമയിലും സംഭവിക്കുന്നുണ്ട്. സാഹിത്യത്തിന്റെ ഉപഘടകമെന്ന രീതിയിൽ കഥപറച്ചിലിനു മാത്രമായിരുന്നു ഒരുകാലത്ത്‌ തിരക്കഥ. ഇന്നത്‌ മാറി. എഴുത്ത്‌ സിനിമ എന്ന മാധ്യമത്തോട് കൂടുതലായി ചേർന്നുനിൽക്കുന്നു. നമുക്കു ചുറ്റിലും തലങ്ങുംവിലങ്ങും കണ്ടന്റുകൾ വന്നുപൊയ്ക്കൊണ്ടിരിക്കുന്ന കാലമാണ് ഇത്. എല്ലാവർക്കും അവരവരുടേതായ സിനിമാ സങ്കൽപ്പങ്ങളും കാഴ്ചപ്പാടുകളും അഭിരുചികളുമുണ്ട്. ഇത്തരം അഭിനിവേശപരമായ അഭിരുചികളെയും കാഴ്ചപ്പാടുകളെയും തൃപ്‌തിപ്പെടുത്തുക എന്നത് വലിയ വെല്ലുവിളിയാണ്. കഥാതന്തുവിനെ വികസിപ്പിച്ചെടുക്കാൻ എഴുത്തുകാരന് വലിയ കൂടിയാലോചനകളുടെ ഭാഗമാകേണ്ടിവരുന്നു. പലതരം അഭിപ്രായ സ്വരൂപീകരണത്തിലേർപ്പെടേണ്ടിവരുന്നു. എഴുത്തിനെ നവീകരിക്കാനും സൃഷ്ടിയെ ആസ്വാദ്യകരമാക്കാനും എഴുത്തുകാരന് മറ്റുള്ളവരുടെ അനുഭവലോകത്തോടും കാഴ്ചപ്പാടുകളോടും സഹകരിക്കേണ്ടിവരുന്നു.

സമീപകാലത്ത് മലയാളത്തിന്റെ ഫിലിം സിറ്റിയായി ഉത്തര മലബാർ മാറാനിടയായ സാഹചര്യത്തെ ആഹ്ലാദത്തോടെയാണ്‌ കാണുന്നത്‌. ഇവിടെനിന്ന്‌ ഉണ്ടാക്കിയെടുത്ത സിനിമകൾ മണ്ണിൽനിന്ന്‌ കുഴിച്ചെടുത്തതുപോലെയാണ് അനുഭവപ്പെട്ടത്. കാസർകോടിനും ഇവിടത്തെ ദേശങ്ങൾക്കും പറഞ്ഞാൽ തീരാത്ത കഥകളുണ്ട്. അതിലേക്ക് സിനിമ എത്താനിരിക്കുന്നതേയുള്ളൂ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments