Saturday, January 11, 2025
Homeസിനിമവരലക്ഷ്മി പേര് മാറ്റേണ്ട,ഞാനും മകളും പേരിനൊപ്പം വരലക്ഷ്മി ശരത്കുമാര്‍ എന്ന് ചേര്‍ക്കും;നിക്കോളായ്.

വരലക്ഷ്മി പേര് മാറ്റേണ്ട,ഞാനും മകളും പേരിനൊപ്പം വരലക്ഷ്മി ശരത്കുമാര്‍ എന്ന് ചേര്‍ക്കും;നിക്കോളായ്.

നടന്‍ ശരത്കുമാറിന്റെ മകളും നടിയുമായ വരലക്ഷ്മി ശരത്കുമാറും നിക്കോളായ് സച്ച്‌ദേവും നീണ്ട 14 വര്‍ഷമായി അടുത്ത സുഹൃത്തുക്കളായിരുന്നു. ഈ മാസമാദ്യം തായ്ലന്‍ഡില്‍ അടുത്ത ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും സാന്നിധ്യത്തില്‍ വിവാഹിതരായി. അതിനുശേഷം ചെന്നൈയില്‍ സിനിമാ മേഖലയിലെ സുഹൃത്തുക്കള്‍ക്കായി റിസപ്ഷനും ഒരുക്കിയിരുന്നു.

നിക്കോളായിയും വരലക്ഷ്മിയും 14 വര്‍ഷത്തിലേറെയായി പരസ്പരം അറിയാവുന്നവരാണ്. ദീര്‍ഘനാളത്തെ പ്രണയത്തിനു ശേഷമാണ് ഇവര്‍ വിവാഹിതരായത്. സോഷ്യല്‍ മീഡിയയിലൂടെ ഇവര്‍ വിവാഹിതരായ ചിത്രങ്ങള്‍ തരംഗമായിരുന്നു. വിവാഹത്തിന് തെന്നിന്ത്യയിലെ പ്രമുഖരായ താരങ്ങള്‍ എല്ലാം തന്നെ എത്തിയിരുന്നു.

ഇപ്പോഴിതാ വിവാഹ ആഘോഷങ്ങള്‍ക്ക് ശേഷം പിതാവ് ശരത് കുമാറിനൊപ്പം വരലക്ഷ്മി നിക്കോളായ് സച്ച്ദേവിനെയും കൂട്ടി ചെന്നൈയില്‍ ഒരു വാര്‍ത്ത സമ്മേളനം നടത്തുന്ന വീഡിയോയും അതില്‍ നിക്കോളായ് പറഞ്ഞ കാര്യങ്ങളുമാണ് വൈറലാകുന്നത്.

വരലക്ഷ്മി വിവാഹത്തിന് ശേഷം അഭിനയിക്കുമോ എന്ന ചോദ്യത്തിന് അതേ എന്നാണ് നിക്കോളായ് നല്‍കുന്ന ഉത്തരം. ”എന്നെയാണ് വരലക്ഷ്മി വിവാഹം കഴിച്ചത്. എനിക്ക് അവളെ വര്‍ഷങ്ങളായി അറിയാം. അവള്‍ എന്നെയാണ് വിവാഹം ചെയ്തതെങ്കിലും ആദ്യ പ്രണയം ഞാനല്ല. അവരുടെ പ്രിയപ്പെട്ട വ്യക്തിയും ഞാനല്ല. സിനിമയെയാണ് അവള്‍ ഏറ്റവും കൂടുതല്‍ സ്നേഹിക്കുന്നത്. അവളുടെ ആദ്യത്തെ പ്രണയം എന്നും സിനിമയോടാണ്. അത് തുടരും. ഞാന്‍ രണ്ടാമതേ വരൂ. നാളെ മുതല്‍ അവള്‍ അഭിനയിക്കുന്നത് തുടരും. ഒരു ഇടവേളയുമെടുക്കില്ല. ഞാന്‍ മുംബൈയില്‍ നിന്നും ചെന്നൈയിലേക്ക് താമസം മാറ്റും.

വിവാഹത്തിന് ശേഷം പേര് മാറ്റുമെന്ന് വരലക്ഷ്മി എന്നോട് പറഞ്ഞിരുന്നു. വരലക്ഷ്മി വരലക്ഷ്മി ശരത്കുമാര്‍ സച്ച്ദേവ് എന്ന് പേര് മാറ്റേണ്ട ആവശ്യമില്ല. ശരത്കുമാര്‍ എന്ന പേര് മധ്യത്തില്‍ നിലനിര്‍ത്തിക്കൊണ്ട് അവസാന ഭാഗത്ത് സച്ച്ദേവ് എന്ന് മാറ്റാനാണ് അവര്‍ ആഗ്രഹിക്കുന്നത്. പക്ഷേ എനിക്ക് അതിനോട് താത്പര്യമില്ല. അവര്‍ അവരുടെ പേര് വരലക്ഷ്മി ശരത്കുമാര്‍ എന്നുതന്നെ നിലനിര്‍ത്തണം. അവള്‍ പേര് മാറ്റുന്നതിന് പകരം ഞാന്‍ അവളുടെ പേര് സ്വീകരിക്കുകയാണ്.

ഞാന്‍ ഇനി മുതല്‍ നിക്കോളായ് വരലക്ഷ്മി ശരത്കുമാര്‍ സച്ച്ദേവ് എന്നാണ് ഇനി അറിയപ്പെടുക. അതുപോലെ എന്റെ മകളുടെ പേരിലും വരലക്ഷ്മി ശരത്കുമാര്‍ എന്ന് ചേര്‍ക്കും. അങ്ങനെ ശരത്കുമാറിന്റേയും എന്റെ ഭാര്യ വരലക്ഷ്മിയുടേയും പാരമ്പര്യം അതിലൂടെ നിലനില്‍ക്കും. അതാണ് ഞാന്‍ എന്റെ ഭാര്യയ്ക്കുവേണ്ടി ചെയ്യാന്‍ പോകുന്ന കാര്യം.

ശരത് കുമാര്‍ എന്നതാണ് വരലക്ഷ്മിയുടെയും ഇപ്പോള്‍ എന്റെയും ലെഗസി. വരലക്ഷ്മിയെ സ്‌നേഹിക്കുന്നവരോടും അവളുടെ സ്വപനങ്ങളെ പിന്തുണയ്ക്കുന്നവരോടും ഞാന്‍ നന്ദി പറയുന്നു…” നിക്കോളായ് പറഞ്ഞു.

നിക്കോളായിയുടെ രണ്ടാം വിവാഹമാണിത്. മുന്‍ ഭാര്യ കവിത സച്ച്ദേവില്‍ പതിനഞ്ചുകാരിയായ കഷ സച്ച്ദേവ് എന്നൊരു മകളുണ്ട്. പവര്‍ ലിഫ്റ്റിങ് താരമായ കഷ മുംബൈയില്‍ അമ്മയോടൊപ്പമാണ് താമസിക്കുന്നത്.
വിവാഹത്തിന് മുന്‍പ് വരലക്ഷ്മിയും വരന്റെ കൗമാരക്കാരിയായ മകള്‍ കഷയും അച്ഛന്‍ ശരത് കുമാറും ചേര്‍ന്ന് ദുബായില്‍ വിവാഹ ഷോപ്പിംഗ് നടത്തുന്ന വീഡിയോകള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.

കഴിഞ്ഞ മാര്‍ച്ചിലാണ് മുംബൈ നിവാസി നിക്കോളായ് സച്ച്ദേവുമായി വരലക്ഷ്മിയുടെ വിവാഹനിശ്ചയം നടത്തിയത്. പ്രശാന്ത് വര്‍മ്മയുടെ തേജ അഭിനയിച്ച ഹനുമാന്‍ എന്ന സിനിമയിലാണ് വരലക്ഷ്മി അവസാനം അഭിനയിച്ചത്. ധനുഷ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമായ രായണില്‍ സന്ദീപ് കിഷന്‍, കാളിദാസ് ജയറാം, എസ് ജെ സൂര്യ, സെല്‍വരാഘവന്‍, പ്രകാശ് രാജ്, അപര്‍ണ ബാലമുരളി എന്നിവര്‍ക്കൊപ്പം സ്‌ക്രീന്‍ പങ്കിടുന്നുണ്ട്. മുംബൈയില്‍ ഗാലറി 7 എന്ന ആര്‍ട്ട് ഗാലറി നടത്തുന്ന ഒരു ഗാലറിസ്റ്റാണ് നിക്കോളായ് സച്ച്‌ദേവ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments