Thursday, December 26, 2024
Homeസിനിമഗൾഫിൽ വിലക്ക് നേരിട്ട ബോളിവുഡ് ചിത്രങ്ങൾ.

ഗൾഫിൽ വിലക്ക് നേരിട്ട ബോളിവുഡ് ചിത്രങ്ങൾ.

ജിദ്ദ- സൗദി അറേബ്യ അടക്കം എല്ലാ രാജ്യങ്ങളിലും ഇന്ന് സിനിമ തീയറ്ററുകളുണ്ട്. ബോളിവുഡും മലയാളവുമടക്കം ഇന്ത്യൻ സിനിമകളുടെ ഏറ്റവും പ്രധാനപ്പെട്ട വിദേശ വിപണികളിലൊന്നാണ് ഇപ്പോൾ ഗൾഫ്. ബോളിവുഡ് ചിത്രങ്ങൾക്കാവട്ടെ ഗൾഫ് രാജ്യങ്ങളിൽ സ്വദേശികളും വിദേശികളുമായി വലിയൊരു പ്രേക്ഷക സമൂഹവമുണ്ട്. ഷാരൂഖ് ഖാനും, സൽമാൻ ഖാനും, ഋത്വിക് റോഷനുമെല്ലാം അറബ് സമൂഹത്തിനും സൂപ്പർ താരങ്ങൾ തന്നെ.

എങ്കിലും ഇതേ സൂപ്പർ താരങ്ങളുടേതടക്കം ചിത്രങ്ങൾ ഗൾഫിൽ വിലക്ക് നേരിടുന്നുമുണ്ട്. ഋത്വിക് റോഷൻ നായകനായ ഫൈറ്റർ ആണ് ഏറ്റവും ഒടുവിലത്തെ ഉദാഹണം. യാഥാർഥ്യങ്ങളെ വളച്ചൊടിക്കുന്നതും, അമിതമായ സെക്‌സും, മുസ്‌ലിം സമൂഹത്തെ മോശമായി ചിത്രീകരിക്കുന്നതുമെല്ലാമാണ് വിലക്ക് വരാൻ കാരണം. സമീപ വർഷങ്ങളിൽ വിലക്ക് നേരിട്ട ബോളിവുഡ് ചിത്രങ്ങൾ ചുവടെ.

1. ഫൈറ്റർ- ഋത്വിക് റോഷൻ ഇന്ത്യൻ വ്യോമസേന പൈലറ്റായി വേഷമിടുന്ന ചിത്രം എല്ലാ ഗൾഫ് രാജ്യങ്ങളിലും വിലക്ക് നേരിട്ടു. അവഹേളനപരമായ ഉള്ളടക്കം എന്ന കാരണം പറഞ്ഞായിരുന്നു വിലക്ക്. സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്ത ഫൈറ്ററിൽ ദീപിക പദുക്കോണും പ്രധാന വേഷത്തിലെത്തിയിരുന്നു. ഗൾഫിലെ വിലക്ക് ചിത്രത്തിന് സാമ്പത്തികമായി തിരിച്ചടി ആയെങ്കിലും ഇന്ത്യയിൽ ബോക്‌സോഫീസ് വിജയമായിരുന്നു ഫൈറ്റർ.

2. ഡേർട്ടി പിക്ചർ- അന്തരിച്ച ഗ്ലാമർ നായിക സിൽക് സ്മിതയുടെ ജീവിതകഥ പറഞ്ഞ ഡേർട്ടി പിക്ചർ അമിതമായ ശരീര പ്രദർശനത്തിന്റെ പേരിലാണ് കുവൈത്തിൽ വിലക്ക് നേരിട്ടത്. 2011ൽ പുറത്തിറങ്ങിയ ചിത്രത്തിൽ വിദ്യാ ബാലനാണ് സിൽക് സ്മിതയുടെ വേഷത്തിലെത്തിയത്. ഇന്ത്യയിലും ഏറെ വിവാദം ക്ഷണിച്ചുവരുത്തിയിരുന്നെങ്കിലും ചിത്രം വൻ കളക്ഷൻ നേടി. ചിത്രം റിലീസ് ചെയ്യുമ്പോൾ സൗദിയിൽ സിനിമകൾക്ക് പ്രദർശനാനുമതി ഉണ്ടായിരുന്നില്ല.

3. കശ്മീർ ഫയൽസ്- വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത കശ്മീർ ഫയൽസ് യാഥാർഥ്യങ്ങളെ വളച്ചൊടിച്ചുവെന്ന ആരോപണം ഇന്ത്യയിലടക്കം നേരിട്ടു. മുസ്‌ലിം വിരുദ്ധത പരത്തുന്ന ചിത്രമെന്നായിരുന്നു പ്രധാന ആക്ഷേപം.
സമൂഹത്തിൽ ഭിന്നത സൃഷ്ടിക്കുന്ന ചിത്രമെന്ന കാരണത്താൽ കുവൈത്താണ് കശ്മീർ ഫയൽസിന് ആദ്യം വിലക്കേർപ്പെടുത്തിയത്. യു.എ.ഇയും വിലക്കിയെങ്കിലും പിന്നീട് നീക്കി. 1990കളിൽ കശ്മീരി പണ്ഡിറ്റുകൾ നേരിട്ട പീഡനങ്ങൾ എന്ന പേരിൽ ഇറക്കിയ ചിത്രം യാഥാർഥ്യവുമായ ബന്ധമില്ലാത്തതും ഇല്ലാക്കഥകൾ നിറച്ചതുമാണെന്നും അതിനെ അംഗീകരിക്കാൻ കഴിയില്ലെന്നും ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ ജൂറി ചെയർമാനായ ഇസ്രായിലി സംവിധായകൻ നദാവ് ലാപിഡ് പോലും പറഞ്ഞു. എങ്കിലും കശ്മീർ ഫയൽസ് ഇന്ത്യയിൽ സാമ്പത്തിക വിജയമായിരുന്നു.

4. ടൈഗർ 3- സൽമാൻ ഖാനും കത്രീന കൈഫും പ്രധാന വേഷങ്ങളിലെത്തിയ ആക്ഷൻ ത്രില്ലറായ ടൈഗർ 3, കുവൈത്ത്, ഖത്തർ, ഒമാൻ എന്നിവിടങ്ങളിൽ വിലക്ക് നേരിട്ടു. മുസ്‌ലിംകളെ മോശമായി ചിത്രീകരിക്കുന്നു എന്നതായിരുന്നു കാരണം പറഞ്ഞത്. ബോളിവുഡ് ചിത്രങ്ങൾക്ക് മിഡിൽ ഈസ്റ്റ് റിലീസിനുമുമ്പ് കർശന സെൻസറിംഗിന് കാരണമായ ചിത്രം കൂടിയാണിത്. എങ്കിലും ടൈഗർ 3 ഇന്ത്യയിൽ സാമ്പത്തിക വിജയമായിരുന്നു.

5. ബെൽബോട്ടം- അക്ഷയ് കുമാർ നായകനായ ബെൽബോട്ടം സൗദി അറേബ്യയിലും, കുവൈത്തിലും, ഖത്തറിലും വിലക്ക് നേരിട്ടു. ലാഹോറിൽനിന്ന് പുറപ്പട്ട വിമാനം റാഞ്ചികൾ ദുബായിലേക്ക് കൊണ്ടുവരുന്ന കഥയാണ് ചിത്രത്തിൽ. എന്നാൽ ചരിത്ര വസ്തുകളെ വളച്ചൊടിക്കുന്ന രംഗങ്ങൾ ചിത്രത്തിലുണ്ടെന്ന് പറഞ്ഞാണ് വിലക്ക് ഏർപ്പെടുത്തിയത്. ചരിത്രവസ്തുതകൾ സംവിധായകർ തോന്നുംപോലെ വളച്ചൊടിക്കുന്നതിനെതിരെ ഇന്ത്യയിലും വിമർശകർ രംഗത്തുവന്നിരുന്നു. വിവാദങ്ങളുണ്ടായിട്ടും ബെൽബോട്ടം ബോക്‌സോഫീസിൽ പരാജയമായി.

RELATED ARTICLES

Most Popular

Recent Comments