ഇറ്റാലിയന്‍ സംവിധായകനായ പിയര്‍ പാവ്‌ലോ പാസോളിനിയുടെ ‘അറേബ്യന്‍ നൈറ്റ്‌സി’ന് അന്‍പതു വര്‍ഷം തികയുന്ന വേളയില്‍ 2024 ജൂണ്‍ 21 വെള്ളിയാഴ്ച കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ഈ ക്‌ളാസിക് ചിത്രത്തിന്റെ പുനരുദ്ധരിച്ച പതിപ്പ് പ്രദര്‍ശിപ്പിക്കും. ഫ്രൈഡേ ഫിലിം സ്‌ക്രീനിംഗിന്റെ ഭാഗമായി വൈകിട്ട് 6 മണിക്ക് തൈക്കാട് ഭാരത് ഭവനില്‍ നടക്കുന്ന പ്രദര്‍ശനത്തിന് പ്രവേശനം സൗജന്യമായിരിക്കും. 18 വയസ്സിനു മുകളിലുള്ളവര്‍ക്ക് മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂ.
1974 മെയിലെ കാന്‍ ചലച്ചിത്രമേളയില്‍ പാംദി ഓറിന് നാമനിര്‍ദേശം ചെയ്യപ്പെട്ട ഈ ചിത്രത്തിന് പ്രത്യേക ഗ്രാന്റ് പ്രി പുരസ്‌കാരം ലഭിച്ചിരുന്നു. പാസോളിനിയും ഫാസ് ബിന്ദറുമൊക്കെ മല്‍സരിച്ച മേളയില്‍ കൊപ്പോളയാണ് പാംദോര്‍ നേടിയത്. ആയിരത്തൊന്നു രാവുകളുടെ അനുവര്‍ത്തനമായ ‘അറേബ്യന്‍ നൈറ്റ്‌സ്’ 1974 ജൂണ്‍ 20ന് പ്രദര്‍ശനത്തിനത്തെി. ഡെക്കാമെറണ്‍, കാന്റര്‍ബെറി ടേയ്ല്‍സ് എന്നിവ ഉള്‍പ്പെട്ട പാസോളിനിയുടെ ‘ജീവിതത്രയങ്ങള്‍’ എന്ന ചലച്ചിത്രപരമ്പരയുടെ ഭാഗമാണിത്.
ഒരു അടിമപ്പെണ്‍കുട്ടിയുമായി പ്രണയത്തിലാവുന്ന നിഷ്‌കളങ്കനായ ഒരു യുവാവിന്റെ കഥയാണ് ചിത്രം പറയുന്നത്. ഒരു കള്ളന്‍ തട്ടിക്കൊണ്ടുപോയ അവളെത്തേടി അവന്‍ ഒരു യാത്ര നടത്തുന്നു. രക്ഷപ്പെട്ട അവള്‍ ഒരു പുരുഷനായി വേഷം മാറി ദൂരെ ഒരു രാജ്യത്തെ രാജാവാകുന്നു. ഇറ്റാലിയന്‍, അറബിക് ഭാഷകളിലുള്ള ചിത്രത്തിന്റെ ദൈര്‍ഘ്യം 130 മിനിറ്റാണ്.