Thursday, September 26, 2024
Homeസിനിമസിനിമ മനസിലാക്കാൻ ഹ്രസ്വചിത്രങ്ങൾ വേണം; സംവിധായകൻ വിനോദ് ലീല.

സിനിമ മനസിലാക്കാൻ ഹ്രസ്വചിത്രങ്ങൾ വേണം; സംവിധായകൻ വിനോദ് ലീല.

നാട്ടിൻപുറവും കല്യാണവും അതിനെ ചുറ്റിപ്പറ്റിയുണ്ടാകുന്ന ഒന്നര ദിവസത്തെ സംഭവങ്ങളും കോർത്തിണക്കിയ കോമഡി എന്റർടെയ്‌നറായ മന്ദാകിനി തിയറ്ററുകളിൽ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ്. മലയാളിക്ക് പരിചിതമായ കല്യാണവീടും അവിടെ നടക്കാൻ സാധ്യതയുള്ള റിയലസ്റ്റിക്ക് കാഴ്ചകളും മന്ദാകിനിയുടെ പ്രത്യേകത.  കോമഡി ചിത്രമെന്നതിനപ്പുറത്തേക്ക്‌ സ്ത്രീപക്ഷ സിനിമ എന്ന ലേബലിൽക്കൂടിയുള്ള കാഴ്ചാനുഭവം പ്രേക്ഷകർ ചർച്ച ചെയ്യുന്ന സാഹചര്യത്തിൽ മന്ദാകിനിയുടെ വിശേഷങ്ങളും സിനിമായാത്രയും പങ്കുവയ്‌ക്കുകയാണ് നവാഗത സംവിധായകനായ വിനോദ് ലീല.

കഥയുടെ ആലോചന പുരോഗമിക്കുന്ന സമയംമുതൽ നായകൻ അൽത്താഫാണ്. ആദ്യഘട്ട ചർച്ചയിൽ ചില പേരുകൾ വന്ന സമയത്ത് ഞാനാണ് അൽത്താഫിന്റെ പേര് മുന്നോട്ടു വച്ചത്. പിന്നീട് കേന്ദ്രകഥാപാത്രമായ ആരോമലിനെ അൽത്താഫിലൂടെ വിഷ്വലൈസ് ചെയ്ത് നോക്കിയപ്പോൾ നല്ല രീതിയിൽ വർക്കായി. അൽത്താഫിനോട് കഥ സംസാരിച്ചപ്പോൾ അദ്ദേഹവും താൽപ്പര്യം പ്രകടിപ്പിച്ചു. അൽത്താഫിന്റെ തമാശ രീതികൾ, ഡയലോഗ് ഡെലിവറികൾ പരിചയമായതിനാൽത്തന്നെ അതിനനുസരിച്ചുള്ള മാറ്റങ്ങൾകൂടി സ്ക്രീൻപ്ലേയിൽ ഉൾപ്പെടുത്തി. പഴയകാല ശ്രീനിവാസൻ കഥാപാത്രങ്ങളുടെ മാനറിസങ്ങൾ ചില കോമഡി രംഗങ്ങളിൽ അൽത്താഫ് സ്വീകരിച്ചിട്ടുണ്ട്. അൽത്താഫ് അങ്ങനൊരു നിർദേശം വച്ചശേഷം അത് പരീക്ഷിച്ച് നോക്കിയപ്പോൾ സംഭവം നന്നായിട്ടുണ്ടെന്ന് ഞങ്ങൾക്ക് തോന്നി. ഇമോഷണൽ ആകാനും
റൊമാന്റിക്കാകാനും തമാശ പറയാനുമെല്ലാം അനായാസം പറ്റുന്ന ആളാണ് അൽത്താഫ്. ഫഹദ് ചിത്രത്തിന്റെ പ്രീ പ്രൊഡക്‌ഷൻ വർക്കുകൾ നടക്കുന്നതിനാൽ ഞങ്ങൾ അൽത്താഫിനായി വെയിറ്റ് ചെയ്താണ് ചിത്രം ചെയ്തത്. അതിൽ സഹായകരമായതും നിർണായക പങ്കുവഹിച്ചതും നിർമാതാവായ സഞ്ജു ഉണ്ണിത്താനാണ്. വളരെ പോസ്റ്റിറ്റീവായിട്ട് നാം കാണേണ്ട ഒരു സമീപനമാണ് അദ്ദേഹം ഇക്കാര്യത്തിൽ സ്വീകരിച്ചത്. വാണിജ്യ വിജയം നേടാനുള്ള ശ്രമങ്ങൾക്കൊപ്പംതന്നെ പുതിയ നായകനെ അവതരിപ്പിക്കാനും അതിനായി വെയിറ്റ് ചെയ്യാനും വിയോജിപ്പുകളൊന്നുമില്ലാതെ അദ്ദേഹം കൂടെ നിന്നു. നായികയെ നോക്കിത്തുടങ്ങുന്ന സമയത്താണ്‌ സുലൈഖ മൻസിലിലെ അനാർക്കലിയുടെ വേഷം ശ്രദ്ധിക്കുന്നത്. അമ്പിളിയായി അനാർക്കലി വന്നാൽ നന്നാകുമെന്ന് അങ്ങനെയാണ് ഞങ്ങൾ ആലോചിച്ചത്.

ഹ്രസ്വചിത്രങ്ങൾ സിനിമയുടെ മിനിമൽ രൂപമാണ്. ഇതുകൊണ്ടുള്ള പ്രധാന ഗുണം ഹ്രസ്വചിത്രം ചെയ്യുന്നൊരാൾക്ക് അയാൾ പറയാൻ ഉദ്ദേശിച്ച കാര്യങ്ങൾ പ്രേക്ഷകരിലേക്ക് വിചാരിച്ച രീതിയിൽത്തന്നെ എത്തുന്നുണ്ടോയെന്ന് തിരിച്ചറിയാൻ സാധിക്കും. കുറച്ചുകൂടി ചുരുക്കി പറഞ്ഞാൽ സിനിമയാണോ നമ്മുടെ മേഖലയെന്ന് മനസ്സിലാക്കാൻ ഹ്രസ്വ ചിത്രങ്ങൾ സഹായിക്കും. ഞാൻ ഹ്രസ്വചിത്രങ്ങൾ ചെയ്യാൻ ഇഷ്ടപ്പെടുന്ന ഒരാളാണ്. വേൾഡ് ഓഫ് ലിറ്റിൽ തിങ്ങ്സ്, ഓൺ ദ സ്റ്റേജ് എന്നിങ്ങനെയുള്ള രണ്ട് ചിത്രങ്ങൾ ഐഡിഎസ്‌എഫ്കെയിൽ പ്രദർശിപ്പിച്ചത് ഇക്കാര്യത്തിൽ ലഭിച്ച അംഗീകാരമായി കാണുന്നു. മികച്ച കഥ തെരഞ്ഞെടുത്ത് ഹ്രസ്വചിത്രങ്ങൾ നിർമിക്കുന്ന ബജറ്റ് ലാബ് എന്നൊരു പ്ലാറ്റ്‌ഫോമുണ്ട്. ഞാൻ അതിന്റെ ഭാഗമായി പീനാറി എന്നൊരു പടം ചെയ്തു. അതും ഏകദേശം മന്ദാകിനി പോലെയായിരുന്നു. കല്യാണവും നാട്ടിൻപുറവും നാട്ടുകാരുമൊക്കെയാണ് അതിലുള്ളത്. അത് കണ്ടിട്ടാണ്
മന്ദാകിനിയുടെ തിരക്കഥാകൃത്തും ഛായാഗ്രാഹകനും കൂടിയായ ഷിജു എം ഭാസ്കർ കഥയുമായി സമീപിക്കുന്നത്. അങ്ങനെയാണ് ഞങ്ങളൊരുമിച്ച് സിനിമയിലേക്ക് നീങ്ങുന്നത്.

നായകൻ അൽത്താഫിന് പുറമെ വിവിധ വേഷങ്ങളിലായി ലാൽ ജോസ്, ജിയോ ബേബി, ജൂഡ് ആന്റണി, അജയ് വാസുദേവ് എന്നിവർ എത്തിയത് യാദൃച്ഛികമായാണ്. ഒരിക്കലും ഇങ്ങനെ മലയാളത്തിലെ പ്രഗത്ഭരായ അഞ്ചു സംവിധായകരെ നടന്മാരാക്കണമെന്നോ അതുവഴി കൂടി പ്രൊമോഷൻ നടത്തണമെന്നോ ഞങ്ങൾ ആലോചിച്ചിട്ടില്ല. കാസ്റ്റിങ്ങിന്റെ പലഘട്ടങ്ങളിലായി മന്ദാകിനിയിലേക്ക് എത്തിയവരാണിവർ. ഷൂട്ട് തുടങ്ങാനായപ്പോഴാണ് അഞ്ചു സംവിധായകരിവിടെ തന്നെയുണ്ടല്ലോ എന്നറിയുന്നത്. ഇത്രയും സീനിയറും ഹിറ്റ് മേക്കേഴ്‌സും ആയിട്ടുള്ള സംവിധായകരെ എങ്ങനെ ശ്രദ്ധിക്കണമെന്നും ഇടപെടണമെന്നും തുടക്കസമയത്ത് ആശങ്ക ഉണ്ടായിരുന്നു. എന്നാൽ, അതെല്ലാം എളുപ്പത്തിൽ നടന്നു. എത്ര സിമ്പിൾ ആകാമോ അത്രയും സിമ്പിളായാണ് അവർ ഓരോരുത്തരും സെറ്റിൽ ഇടപെട്ടത്. അജയ് വാസുദേവും ജിയോ ബേബിയും സാധാരണ കാണുന്ന വേഷത്തിലല്ല ഇത്തവണ എത്തുന്നത്. ആ ഒരു പുതുമ പിടിച്ചത് പ്രേക്ഷകർക്ക് രസിച്ചിട്ടുണ്ടെന്നാണ് തിയറ്റർ റെസ്പോൺസിൽനിന്ന് മനസ്സിലാകുന്നത്. ഇതിൽ എല്ലാവരുമായി മുമ്പുതന്നെ സൗഹൃദമുണ്ടെന്നതും മന്ദാകിനിയിൽ സഹായകരമായി മാറി.”

സിനിമയിൽ പ്രധാന ഗുണവും ഉപകാരവുമായ കാര്യം ഛായാഗ്രാഹകനായ എഴുത്തുകാരന്റെ സാന്നിധ്യമാണ്. എന്റെ അഭിപ്രായത്തിൽ ഛായാഗ്രാഹകനെന്നത് കഥയും സംഗീതവും വിഷ്വൽസുമായി ഇഴചേർന്ന് നിൽക്കേണ്ട ആളാണ്. ഓരോന്നിന്റെയും താളവും തലവും തട്ടും മനസ്സിലാക്കാൻ ഛായാഗ്രാഹകന് സാധിക്കണം. മന്ദാകിനിയിൽ അത് സംഭവിച്ചു. ഷിജുവിന്റെ കഥ ആയതിനാൽത്തന്നെ എല്ലാത്തിലും വ്യക്തമായ ധാരണ കാമറ ചലിപ്പിക്കുമ്പോൾ അദ്ദേഹത്തിനുണ്ടായിരുന്നു. എത്ര തീവ്രതയിൽ ഇമോഷൻസ് ഓരോ രംഗത്തിലും കാഴ്ചക്കാരിലേക്ക് എത്തണമെന്ന് പ്രത്യേകം സംസാരിക്കേണ്ടതായി വന്നില്ല. ചിത്രീകരണ സമയത്ത് ഞാൻ എന്താണ് ഉദ്ദേശിക്കുന്നതെന്ന് ഷിജുവിനും തിരിച്ചും ഞങ്ങൾക്ക് പെട്ടെന്ന് ഐഡിയ കിട്ടി.

കലാകാരന്മാർ രാഷ്ട്രീയം പറയേണ്ടതില്ല എന്നതിനോട് യോജിപ്പില്ല. എല്ലാവർക്കും അവരുടേതായ രാഷ്ട്രീയവുമുണ്ട്. അത് പ്രകടിപ്പിക്കുന്നതിൽ തെറ്റില്ല. സിനിമ മാത്രമായി നടക്കുന്ന ആളുകളുണ്ട്. അത് ശരിയല്ലെന്നും പറയുന്നില്ല. പക്ഷേ, നമ്മുടെ ചുറ്റുവട്ടത്തെ കാര്യങ്ങൾ നാം അറിയുകയും അതിൽ നിലപാട് പറയുകയും വേണമെന്നാണ് എന്റെ അഭിപ്രായം. നമ്മൾ സാമൂഹ്യ വിഷയങ്ങളിൽ ബോധവാന്മാരാകണം. നാടിന്റെ ജനാധിപത്യത്തിനും സമാധാനത്തിനും സന്തോഷത്തിനും വേണ്ടി സംസാരിക്കണമെന്നുതന്നെയാണ് ആഗ്രഹം. പല പൊതുവിഷയങ്ങളിലും നിലപാടുകൾ എടുക്കേണ്ടതായി വരും. ആ സമയത്ത് അത് പറയാൻ സാധിക്കണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments