Wednesday, December 25, 2024
Homeപുസ്തകങ്ങൾഷെഹ്നായ് മുഴങ്ങുമ്പോൾ (നോവൽ ആസ്വാദനം) ✍ഇന്ദിരാ ബാലൻ

ഷെഹ്നായ് മുഴങ്ങുമ്പോൾ (നോവൽ ആസ്വാദനം) ✍ഇന്ദിരാ ബാലൻ

ഇന്ദിരാ ബാലൻ

മനുഷ്യജീവിതം അതിന്റെ സമസ്തശക്തിചൈതന്യങ്ങളോടെ ആവിഷ്ക്കരിയ്ക്കുന്ന സാഹിത്യമാധ്യമമാണ് നോവൽ. നോവലിന്റെ അർത്ഥവ്യാപ്തി കേവലം നിർവ്വചനത്തിൽ ഒതുക്കി നിർത്താനാവില്ല.ഉൾക്കനമുള്ള ഒരു കഥ നോവലിന് ആവശ്യമാണ്.

നവഭാവുകത്വസമീപനങ്ങൾ വർത്തമാനകാലകൃതികളിൽ കാണാം. നിയതമായ ചട്ടക്കൂട്ടിൽ നിന്നും എഴുത്ത് പുറത്തു കടന്നു. തന്റേതായ ശൈലിയിൽ സ്വതന്ത്രമായ ആവിഷ്ക്കരണ ഇടങ്ങളായി മാറിത്തുടങ്ങി ഓരോ സാഹിത്യശാഖയും.നവീനമായ ആഖ്യാനരീതികളെന്നും പറയാം. ജീവിതത്തിന്റെ ബൃഹത്തായ ഈ ക്യാൻ വാസിലൂടെത്തന്നെയാണ് കെ.കെ.പ്രേമ്രാജിന്റെ ഷഹ്നായ് മുഴങ്ങുമ്പോൾ എന്ന നോവലിന്റേയും സഞ്ചാരം. എൺപത് കാലത്തിലെ തിരക്കു നിറഞ്ഞ ബോബെനഗരവും ജനജീവിതസ്പന്ദനങ്ങളുമാണ് ഈ നോവലിന്റെ പശ്ച്ചാത്തലം. സൌരാഷ്ട്ര- അഥവാ പാഴ്സി കുടുംബത്തിന്റെ കഥയിലൂടെ പ്രമേയം വികസിയ്ക്കുന്നു.

വായു ഉപയോഗിച്ച് വായിയ്ക്കുന്ന ഉപകരണസ്ംഗീതമാണ് ഷഹനായ്. ഈ വാദനം ഇത്രയും പ്രചാരത്തിലായത് ഉസ്താദ്ബിസ്മില്ലാഖാനിലൂടെയാണ്. ഇത് കുടുതലും വായിക്കുന്നതും ഉത്തരേന്ത്യയിലാണ്. മൂന്നു തലമുറയിലൂടെ ഇതിലെ കഥ കടന്നുപോകുന്നു. പ്രധാനമായും ബെഹറോസ് നവാബിയും മൂന്നു ഭാര്യമാരും മക്കളും അവരുടെ മക്കളും പുറമേ സംഗീതപ്രിയനും വയലിനിസ്റ്റുമായ തോമസ്, അർബിന്ദ്, തുടങ്ങിയവരും കഥാപാത്രങ്ങളായി രംഗത്തു വരുന്നു. നഗരം ബോംബെ ആയതിനാലും വ്യത്യസ്തഭാഷക്കാർ ജീവിയ്ക്കുന്ന ഇടമായതിനാലും അടയാളപ്പെടുത്തുമ്പോൾ സംഭാഷണങ്ങളിൽ നാടകീയത കൈവരുന്നു.
ജീവിതാവസ്ഥകൾ, പ്രണയം, സംഘർഷം, സംഗീതം, അതിജീവനം, പാഴ്സികുടുംബത്തിന്റെ ജീവിതരീതികൾ, ആചാരങ്ങൾ, ആഘോഷങ്ങൾ തുടങ്ങി നിരവധി വിഷയങ്ങളാൽ സമ്പന്നമാണ് ഉള്ളടക്കം. മരണാനന്തരം ശവശരീരം പ്രകൃതിക്കു നല്കുന്നുവെന്ന സങ്കല്പ്ത്തിൽ കഴുകന്മാർക്ക് വിട്ടുകൊടുക്കുന്നു. അതിന് പ്രത്യേകമായി ഇടങ്ങളും സജ്ജമാണ്. പുരുഷന്മാർക്കും,സ്ത്രീകൾക്കും കുട്ടികൾക്കും വെവ്വേറെ. ആ സന്ദർഭങ്ങൾക്ക് സംഘർഷത്തിൻ്റേയും വൈകാരികതയുടേയും മുറുക്കം കൂടുന്നു. നോവലിസ്റ്റിന് കഥ വെറുതെ പറയാനുള്ളതല്ല, അതോടൊപ്പം പലഭൂമിശാസ്ത്രങ്ങളിലേയ്ക്കും രീതികളിലേയ്ക്കും ഒരു ചരിത്രാന്വേഷകന്റെ ഗവേഷണ ത്വരയോടെ തൂലിക ചലിയ്ക്കുന്നു. സർഗ്ഗാത്മകതയുള്ളവരിൽ കുടിപ്പകയോ, സ്വാർത്ഥതയോ ഉണ്ടാവില്ലെന്നാണ് പൊതുവായ ഒരു ധാരണ. എന്നാൽ അതിനെ തിരുത്തികുറിയ്ക്കുന്നതാണ് ഇതിലെ ഫാജിസ് നവാബി എന്ന ഷെഹനായ് വാദകന്റെ പ്രവൃത്തികൾ. സ്വന്തം കുടുംബത്തിന്റെ ഭദ്രതക്കായുള്ള ചെയ്തികൾ അയാളെ ഒരു കലാകാരനെന്നതിലുപരി മനുഷ്യത്വം ഇല്ലാത്ത പ്രതിനായകന്റെ പരിവേഷത്തിലേക്കെത്തിക്കുന്നു. ഒരു കുറ്റാന്വേഷണനോവലിന്റെ രചനാരീതി ഇവിടെ പ്രകടമാവുന്നു. നാം പുറമേ കാണുന്നത് മാത്രമല്ല ജീവിതവും മനുഷ്യരും എന്ന യാഥാർത്ഥ്യത്തിന്റെ ബഹിർസ്ഫുരണമാണിവിടെ അനാവൃതമാകുന്നത്. വർത്തമാനക്കാലത്ത് സർഗ്ഗാത്മകതയുള്ളവരെല്ലാം മാനവികതയുടെ മകുടങ്ങളാണെന്ന ധാരണ തിരുത്തേണ്ടതും ആവശ്യമാണെന്ന് എഴുത്തുകാരൻ ഈ കഥാപാത്രത്തിലൂടെ ധ്വനിപ്പിയ്ക്കുന്നു. എഴുത്ത് എന്നത് കാലത്തെ അടയാളപ്പെടുത്തുന്നത് കൂടിയാണല്ലൊ.

ഭാര്യയിൽ സംശയം വന്ന് മൂന്നാമത്തെ ഭാര്യയെയും കുട്ടിയേയും നിഷ്ക്കരുണം ഉപേക്ഷിക്കുന്ന ബെഹറോസ് നവാബി ആണധികാരത്തിന്റെ പ്രതീകമാണ്. പിന്നീട് ആകുഞ്ഞ് വളർന്ന് വലുതായി തന്റെ അവകാശങ്ങൾക്കായി ആ കുടുംബത്തിൽ എത്തുന്നത് പല സന്ദർഭങ്ങളിലൂടെ സംഘർഷഭരിതമായി അവതരിപ്പിച്ചിരിയ്ക്കുന്നു . നിരവധി കർണ്ണന്മാർ ഇന്നും അനാഥരായി അലയുന്നുണ്ട്.  അവിടെയൊക്കെ നന്മയുടെ മൂർത്തിയായി നില്ക്കുന്ന ഫാജിസ്സിനെ നമുക്ക കാണാം. ഒരു നടന്റെ അനായാസതയോടെയാണ് അയാളുടെ പരകായപ്രവേശങ്ങൾ.

നഗരത്തിൽ സംഗീതത്തെ കൂടുതൽ അറിയാനെത്തുന്ന തോമസ് ആസ്വാദകമനസ്സിൽ ഇടം പിടിയ്ക്കുന്നു. സംഗീതവും പ്രണയവും അയാളെ ഉന്മാദിയാക്കുന്നു. അനാഹിതയുമായുള്ള പ്രണയം മനസ്സിലാക്കിയ വീട്ടുകരിൽ പ്രധാമായും വലിയച്ഛനായ ഫാജിസ് എതിർക്കുകയും തോമസ്സിന്റെ സംഗീതാവസരങ്ങളെയെല്ലാം ഇല്ലാതാക്കുകയും ചെയ്യുന്നു. കഴിവുള്ളവരെ ഇല്ലാതാക്കുകയെന്നത് സമൂഹത്തിന്റെ സ്വഭാവമാണല്ലൊ. ഇവിടെ മകളെപ്പോലെ സ്നേഹിയ്ക്കുന്ന അനാഹിതയെ തോമസ് പ്രണയിക്കരുതെന്ന നിർബന്ധമനസ്ഥിതിയും ഇതരമതസ്ഥർ തമ്മിലുള്ള വിവാഹം അനുപേക്ഷണീയമല്ലെന്നുള്ള കടുത്ത വിശ്വാസവും അയാളെ കലാകാരനെന്നതിന്നപ്പുറം കേവലം ചിന്താശേഷിയില്ലാത്ത ഒരു സാധാരണമനുഷ്യൻ്റെ നിലയിലേക്ക് എത്തിക്കുന്നു.

ദുരഭിമാനക്കൊലകൾ ഇന്നും മാഞ്ഞുപോയിട്ടില്ല. ജാതിക്കും മതത്തിന്നുമപ്പുറം മനുഷ്യനെന്ന മതത്തിലൂന്നിയുള്ള സ്നേഹം ഇന്നും വിദൂരമാണ്.
കൂടാതെ അർബിന്ദ്, കമ്രാൻ, വിരാഫ്, ജലേ തുടങ്ങിയ നിരവധികഥാപാത്രങ്ങൾ നോവലിൽ ഒരു മാലയിലെന്ന പോലെ അണിനിരക്കുന്നു. സത്വരജോസ്തമോഗുണപ്രധാനങ്ങളായ നിരവധി കഥാപാത്രങ്ങൾ ഈ രംഗവേദിയിലെത്തുന്നു. ആസ്വാദനാനുഭൂതിയെ ഉത്തേജിപ്പിയ്ക്കുന്നവിധം ചിത്രരചനകൾ, സംഗീതവിരുന്നുകൾ, വ്യത്യസ്തഭക്ഷണപദാർത്ഥങ്ങൾ തുടങ്ങിയവയുടെ വിവരണം, ഗല്ലികൾ, മറൈൻഡ്രൈവ്, ചർച്ച് ഗേറ്റ് സ്തേഷൻ തുടങ്ങിയവയുടെ ഭൂമിശാസ്ത്രം, ഹോളികെ എന്ന രാക്ഷസിയെ പ്രഹ്ളാദൻ വധിക്കുന്നതുമായി ബന്ധപ്പെട്ട് ആഘോഷിക്കുന്ന നിറങ്ങളിൽ മുങ്ങുന്ന ഹോളി എന്നിവയൊക്കെ അഭ്രപാളിയിലെന്നതുപോലെ ഈ വായനയിലനുഭവപ്പെടാം.
സ്ത്രീ സ്വത്വവും നിലപാടുകളും മനുഷ്യത്വവും ഉള്ള കഥാപാത്രങ്ങളാണ് ജലേയും .വളർത്തുമകളുമായ അനാഹിതയും. ഭർത്താവിന് കാമുകിയിലുണ്ടായ മകളെ കാമുകിയുടെ മരണശേഷം സ്വന്തം മകളെപ്പോലെ നോക്കി വളർത്തുന്ന ജലേ വിശാലമനസ്ഥിതിയുടെ പ്രതീകമാണ്.

തോമസ്സിന്റെ സംഗീതവും പ്രണയവും തകർച്ചയും വിഷാദവും അതിജീവനവും തിരിച്ചുവരവും പ്രധാന പ്രമേയമെങ്കിലും അതോടൊപ്പം സൌരാഷ്ട്രിയൻ ജീവിതത്തിന്റെയും, മനുഷ്യസ്വഭാവത്തിന്റെ വിഭിന്നാവസ്ഥകളിലൂടേയും, സംഘർഷങ്ങളിലൂടെയും നോവലിന്റെ കഥാന്ത്യത്തിലേക്കെത്തുമ്പോൾ നമുക്കുള്ളിലും ഷെഹ്നാ യുടെ വിഷാദഭാവം തിരയടിയ്ക്കാം. ആത്യന്തികമായി എവിടെയാണ് മാനവികത എന്ന് തന്നെയാണ് നോവലിസ്റ്റ് അന്വേഷിച്ചു കൊണ്ടിരിയ്ക്കുന്നത്.

ഇന്ദിരാ ബാലൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments