ഇങ്ങള് പടച്ചോനെ കണ്ടിട്ടൊണ്ടാ. ചില മനുഷ്യരിലൂടെ , വേദനകളിൽ ആണ്ട് പോകുമ്പോൾ ചില വാക്കുകളിലൂടെയൊക്കെ നമ്മുക്ക് പടച്ചോനേ കാണാംന്നേ . എവിടെയൊക്കെയോ പതിഞ്ഞ് പതുങ്ങി പോകുമായിരുന്ന ഞാനെന്ന സ്ത്രീയെ ചേർത്ത് പിടിച്ച കരങ്ങളുടെ ഉടമകളായ ഒരോരുത്തരിലും പടച്ചോനുണ്ടായിരുന്നു. സുഹ്റയെന്ന ന്റെ ഉമ്മച്ചിയിൽ , പീരു മുഹമ്മദെന്ന ന്റെ ഭർത്താവിൽ , മക്കൾ ,രാജ് ഡോക്ടർ, ഡോ. കുസുമകുമാരി മാഡം, അജിത്തേട്ടൻ, ബിന്ദൂസ് , ലത പുളിക്കമാലിയിൽ, നിഫി റഷീദിൽ, തോമസ് കെയൽ മാഷ് കൂടാതെ എഴുത്തിടങ്ങളിലെ ചങ്കത്തിമാരെ പോലെയും പടച്ചോന്റെ സാന്നിധ്യം ഞാൻ കണ്ടിട്ടുണ്ട്.
മനസ്സ് വല്ലാതെ നിറഞ്ഞ് തുളുമ്പിയ ഒരു ദിവസമായിരുന്നു ഈ ജനുവരി 13. ഇപ്പോഴും ഞാനും എന്റെ കുടുംബവും ആ ഒരു സന്തോഷത്തിൽ നിന്ന് നാല് ദിവസമായിട്ടും പുറത്ത് വന്നിട്ടില്ല.തെണ്ണൂറ്റിഒൻപത് ശതമാനവും പ്രോഗ്രാം വിജയിക്കുമെന്ന് ഉറപ്പായിരുന്നെങ്കിലും , വേദിയിൽ എനിക്ക് നന്നായി സംസാരിക്കാൻ പറ്റുമോന്ന് മാത്രമേ ടെൻഷൻ ഉണ്ടായിരുന്നോളു. എല്ലാം വളരെ മനോഹരമായി നടന്നു.
2015 ൽ ഗായത്രി പറയുന്ന ഒരു വാചകത്തിൽ നിന്നാണ് ഇരുപത്തിമൂന്ന് വർഷം മറന്ന് വെച്ച എന്റെ എഴുത്തിന്റെ വഴികളെ വെട്ടി വെടിപ്പാക്കി ചെത്തി ഒരുക്കാൻ ഞാൻ തയ്യാറാകുന്നത്. അവിടുന്നിങ്ങോട്ട് അജിത്തേട്ടനും സുധാ പയ്യന്നൂരും മുഖപുസ്തക എഴുത്തിടങ്ങൾ കാണിച്ചു തരുകയായിരുന്നു.നീണ്ട ഒൻപത് വർഷത്തെ യാത്ര എത്തിനിൽക്കുന്നത് ഫായിസ എന്ന ഈ നോവലിലാണ്.
ഒന്ന് പറഞ്ഞോട്ടെ, ഈ നോവൽ എന്റെ ജീവിത കഥയല്ല. എന്നാൽ ഞാൻ നടന്ന വഴികളിൽ കണ്ടും കേട്ടും നൊന്തും, വെന്തും തീർന്ന ഒത്തിരി കാര്യങ്ങൾക്ക് കാലവും പേരുകളും നൽകി വലിയൊരു കുടുംബ ബന്ധത്തിന്റെ അകത്തളങ്ങളിലേക്ക് വായനക്കാരായ പ്രിയപ്പെട്ടവരെ സ്നേഹത്തോടെ കൂട്ടികൊണ്ട് പോവുകയാണ്. എന്റെ രീതിയിൽ പറഞ്ഞാൽ കൽക്കണ്ട മാഞ്ചോട്ടിലെ ഒരു പിടി മൈലാഞ്ചി പൂക്കളുടെ കഥകളെന്നതാണ് സത്യം.
മൂന്ന് വർഷം മുൻപാണ് സംസാരമദ്ധ്യേ ബിന്ദു ജോൺ മാലം,ലതാ പുളിക്കമാലി, നിഫി റഷീദ് എന്നീ എഴുത്തിടത്തിലെ കൂട്ടുകാരികളോട് ഞാൻ എഴുതിയ കഥയെക്കുറിച്ച് പറയുന്നു. അവർ അതിനെ മനോഹരമായി മുന്നോട്ടെഴുതാൻ പ്രേരിപ്പിക്കുന്നു. ഒപ്പമുള്ള ലത പുളിക്കമാലിയോട് എനിക്ക് വലിച്ച് നീട്ടിയെഴുതിയാണ് ശീലം എന്ന് പറഞ്ഞപ്പോൾ സത്യത്തിൽ അതാണ് വേണ്ടതെന്ന പ്രോത്സാഹനവും. ഇരുപത്തേഴ് ഭാഗം വീണ്ടും നീണ്ട് അവസാനം മുപ്പത്തിയൊന്ന് ഭാഗം എത്തി ,പി.ഡി.എഫ് നാന്നൂറ് പേജ് കടന്നു.
ഒരു സുപ്രഭാതത്തിൽ ബിന്ദൂസിന്റെ ഫോൺ അതേയ് , സന്നക്കുട്ടീ… ഈ കഥ കാച്ചിക്കുറുക്കി മിനുക്കി ഒതുക്കി എടുക്കണമെന്ന്. സത്യത്തിൽ അതായിരുന്നു എനിക്ക് നേരിടേണ്ടി വന്ന ഏറ്റവും വലിയ വെല്ലുവിളി. അങ്ങനെ കഥയെ ഒതുക്കി ഒരുക്കിത്തുടങ്ങി. പിന്നെ ബിന്ദൂസ് പ്രസാധകരെ അന്വേഷിക്കാൻ തുടങ്ങി. മനസ്സിന് തൃപ്തി തോന്നത്തത് കൊണ്ട് തന്നെ ആരും സെറ്റായില്ല. ഞാൻ പലവട്ടം പറഞ്ഞു വിഷമിക്കണ്ട പുസ്തകം എന്ന ചിന്ത നമ്മുക്ക് വിടാം എന്ന്. പക്ഷെ ബിന്ദൂസ് വീണ്ടും ശ്രമിച്ചു കൊണ്ടേയിരുന്നു.
അങ്ങനെ ഒരു ദിവസം ബിന്ദൂസ് മലയാളം ബുക്സിന്റെ തോമസ് മാഷിനോട് സംസാരിക്കുന്നു.അദ്ദേഹം നോവൽ വായിച്ച ശേഷം പുസ്തകമാക്കാം എന്ന് പറയുന്നു.
പിന്നങ്ങോട്ട് എല്ലാം ചടപടാന്നായിരുന്നു. പറയുന്ന സമയത്തിന് മുന്നേ കാര്യങ്ങൾ മാഷ് ചെയ്ത് തീർത്തു.
ഈ ഡിസംബർ മുപ്പത്തിയൊന്ന് രാത്രി പുസ്തകം പ്രിന്റ് ചെയ്തു വെച്ചിരിക്കുന്നത് കണ്ടപ്പോൾ ശരിക്കും കണ്ണു നിറഞ്ഞു. ഒരു കട്ടൻ ചായയുമായി സിറ്റൗട്ടിലിരിക്കുമ്പോൾ ഞാൻ മച്ചാടുത്ത് പറയുന്നുണ്ടായിരുന്നു , “പുസ്തകം പ്രിന്റ് ചെയ്ത് വെച്ചിരിക്കുന്നത് കണ്ടപ്പോൾ സത്യം പറഞ്ഞാൽ എന്റെ മനസ്സിലുണ്ടായിരുന്ന ഈ കഥാപാത്രങ്ങൾ ഒരോരുത്തരായി വീടിന്റെ ഗേറ്റ് കടന്ന് പല വീടുകളിലേക്ക് പോയ ഫീൽ തോന്നുന്നു ” എന്ന്.
ജനുവരി 13 ന്റെ പ്രോഗ്രാം വിശേഷം പറയാം. സിമി പരിപാടി അവതരിപ്പിച്ചാൽ പ്രോഗ്രാം വിജയിക്കും മെന്നത് ഉറപ്പായിരുന്നു. സ്വാഗതം പറയാൻ അഞ്ജന ഓകെ പറഞ്ഞു. പ്രകാശനത്തിന് ഡോ. കുസുമകുമാരി മാഡം വരാമെന്ന് സമ്മതിച്ചു.ശാന്താ തുളസീധരൻ ടീച്ചറും സന്തോഷത്തോടെ വന്നു.തോമസ് മാഷും, ബ്ലാഹേത്തച്ഛനും , തേവൻ മാഷും, ഹൈമുവും സ്റ്റേജിൽ. മനോഹരമായ കവർ ചിത്രമായിരുന്നു ഷിനിൽ കടയ്ക്കൽ ഫായിസയ്ക്ക് സമ്മാനിച്ചത്.
എന്റെ സുധകുട്ടിയും ലത പുളിക്കമാലി, ലയോള ചേച്ചി, എന്റെ കൂട്ടുകാരികൾ, കുടുംബങ്ങൾ , സ്നേഹവീട് കൂട്ടായ്മയിലെ ആൾക്കാർ ,നാട്ടുകാർ, പ്രത്യാശയിലെ ,പാലിയം ഇന്ത്യയിലെ പ്രിയപ്പെട്ടവർ, തോമസ് മാഷിനൊപ്പം സുമേഷ് ജീയും പ്രസന്നടീച്ചറും ഉണ്ടായിരുന്നു . കുറെ മക്കൾസ് ഓടി നടന്നു കാര്യങ്ങൾക്ക് ഒപ്പം കൂടി. എന്നെ ഏറ്റവും അതിശയിപ്പിച്ച കാര്യം എന്റെ നിഫിയും കുടുംബവും ഓസ്ട്രേലിയയിൽ നിന്നും എത്തിയതാണ്. ഒരു തരത്തിലും സംശയം തോന്നാത്ത രീതിയിൽ തന്ത്രപൂർവ്വം എനിക്ക് സർപ്രൈസ് തരുകയായിരുന്നു. റഷീദിക്കാക്കും കുടുംബത്തിനും ഒരു ബിഗ് സല്യൂട്ട്.
അങ്ങനെ നിറഞ്ഞ സദസ്സിൽ ഫായിസ നോവൽ പ്രകാശനം ചെയ്തു. തോമസ് മാഷ് വന്നയുടനെ സന്ന പുസ്തകം കണ്ടില്ലല്ലോന്ന് ചോദിച്ച് ഒരു പുസ്തകം എന്റെ കൈയിൽ തന്നു. പുസ്തകം കൈയിലെടുത്താൽ ഒന്ന് മറിച്ച് ,ഒന്ന് മണത്ത് നോക്കി വായിക്കുന്നത് ന്റെ ശീലമായിരുന്നു. ഞാൻ പുസ്തകം മുഖത്തോട് ചേർത്തപ്പോൾ മാഷിന്റെ മുഖത്തും ഒരു ഫീലിങ് ഞാൻ കണ്ടു. ഒന്ന് പറഞ്ഞോട്ടെ എന്റെ കണ്ണുകൾ നിറയരുതെന്നത് എന്റെ നിർബന്ധമായിരുന്നു. വളരെ സ്നേഹത്തോടെ പറയുന്നു ,നന്ദി മാഷേ.
സംസാരിച്ചവരൊക്കെ എഴുത്തുകാരി എന്ന് എന്നെ സൂചിപ്പിച്ചപ്പോൾ ശരിക്കും ഞാനെന്ന സാധാരണക്കാരിയായ സ്ത്രീയുടെ അടയാളപ്പെടുത്തൽ തന്നെയാണിത്. നിങ്ങൾക്കും ഫായിസ ഒരു നല്ല അനുഭവമായിരിക്കും. അപ്പോ എല്ലാരും ഈ നോവൽ വാങ്ങണം.വായിക്കണം.
പുസ്തകം വേണ്ടവർ
പുസ്തകവില 250 + തപാൽ ചാർജ് 25
Total = 275 രൂപ
ഗൂഗിൾ pay No :
Thomas Keyal
83 01 82 40 52