എൻറെ ‘ഒരു വ്യത്യസ്ത പാഷനും മറ്റു ചില കഥകളും’ എന്ന പുസ്തകത്തിന് അവതാരിക എഴുതി തന്നത് “ഇവർ വിവാഹിതരായാൽ”, “സകുടുംബം ശ്യാമള”, “ഹാപ്പി ഹസ്ബൻഡ് സ്”…… അങ്ങനെ പതിനഞ്ചോളം ചിത്രങ്ങൾക്ക് തിരക്കഥയൊരുക്കിയ പ്രശസ്ത തിരക്കഥാകൃത്തായ ശ്രീ കൃഷ്ണ പൂജപ്പുര ആയിരുന്നു.
അദ്ദേഹത്തിന്റെ ഭാര്യ ശ്രീലത എൻറെ സുഹൃത്ത് ജയശ്രീയുടെ സഹപാഠിയായിരുന്നു. അങ്ങനെയാണ് എൻറെ പുസ്തകത്തിന് അവതാരിക എഴുതി തരാൻ അദ്ദേഹം സന്മനസ്സ് കാണിച്ചത്.
ജയശ്രീയും ഞാനും ഭർത്താവും കൂടി എൻറെ പുസ്തകം നേരിട്ട് ഏൽപ്പിക്കാൻ പൂജപ്പുരയിൽ ഉള്ള അവരുടെ ഭവനത്തിൽ ചെന്നപ്പോൾ സിനിമക്കാരുടെ യാതൊരു ജാടയും ഇല്ലാതെ ഞങ്ങളെ ഹാർദ്ദവമായി സ്വീകരിച്ചു എന്ന് പ്രത്യേകം പറയാതെ വയ്യ. മടങ്ങുമ്പോൾ അദ്ദേഹത്തിൻറെ കയ്യൊപ്പ് ചാർത്തിയ “ഇത് നമ്മടെ സെൽഫി” എന്ന പുസ്തകം തരികയുണ്ടായി. ആമുഖം വായിച്ചപ്പോൾ തന്നെ ഒരു ആസ്വാദനം എഴുതിയാൽ ഉചിതമാകും എന്ന് തോന്നി.
25 കഥകളാൽ സമ്പന്നമാണ് ഈ പുസ്തകം. പതിവുശൈലിയിൽ ചിരിയുടെ മാലപ്പടക്കത്തിന് തിരികൊളുത്തി കൊണ്ടുള്ള ‘ചന്തുവിനെ തോൽപ്പിക്കാനാവില്ല’ എന്ന ആദ്യ കഥയിലേക്ക് മുഖവുര ഇല്ലാതെ പ്രവേശിക്കാം. പത്താം ക്ലാസിലെ പരീക്ഷയെക്കുറിച്ച് എഴുതിയാണ് അനുവാചകരെ ലേഖകൻ രസിപ്പിക്കുന്നത്. അമീബ ഇര പിടിക്കുന്ന വിധം വായിച്ചു ചിരിച്ചു മണ്ണ് കപ്പി.
അടുത്ത കഥയിലേക്ക് കടക്കുമ്പോൾ ലേഖകൻ രണ്ടുതരം സന്തോഷങ്ങളെ കുറിച്ചാണ് നമ്മോട് സംവദിക്കുന്നത്. ചിലരുടെ പാര വയ്ക്കൽ ലിസ്റ്റിൽ നിന്ന് നമ്മുടെ പേര് എങ്ങനെ വെട്ടിക്കാം എന്ന കൃത്യമായ അറിവ് ഇത് വായിക്കുമ്പോൾ നമുക്ക് ലഭിക്കും. നല്ല സൂപ്പർ പരദൂഷണങ്ങൾ വമ്പൻ ടോണിക്കിനേക്കാൾ നമ്മെ ഊർജിതപ്പെടുത്താൻ ഉള്ള ശക്തിയുണ്ട് എന്ന സാറിൻറെ കണ്ടുപിടുത്തത്തോട് 100% യോജിക്കുന്ന അനുഭവസ്ഥയാണീ ഈ എളിയ എഴുത്തുകാരി.
വെള്ള വസ്ത്രം ധരിച്ച യക്ഷികളും ചുവപ്പ് വേഷത്തിൽ വരുന്ന യക്ഷികളും തമ്മിലുള്ള അന്തരത്തെ കുറിച്ചാണ് പിന്നെ അടുത്ത കഥയിൽ ലേഖകൻ വിവരിക്കുന്നത്. ഇതിൽ വെള്ള യക്ഷികൾ റിബണും സ്ലൈടും ഒന്നും കിട്ടാത്തതു കൊണ്ട് ആകാം മുടി വിതിർത്തിട്ടു മുത്തുചിതറും പോലെ ചിരിച്ച് മധുരശബ്ദത്തിൽ പാടുന്നത്. പക്ഷേ ചുവന്ന യക്ഷികൾക്ക് പാട്ടും കൂത്തും ചിരിയും ഒന്നുമില്ല. വായ്ക്കുരവയോടൊയോ അലർച്ചയോടെയോ വന്ന് ഇരയെ കൊന്ന് രക്തം കുടിച്ചിട്ട് പിടി വിടുന്നതാണത്രേ പരമ്പരാഗത രീതി. വെള്ള യക്ഷിയ്ക്ക് കള്ളിപ്പാല; ചുവപ്പിന് കരിമ്പന; നമ്മുടെ തന്നെ കയ്യിലിരിപ്പ് കൊണ്ടും പിടിപ്പുകേട് കൊണ്ടും ഉണ്ടാകുന്ന പ്രശ്നങ്ങൾ വാസ്തുവിന്റെ തലയിൽ കെട്ടിവയ്ക്കുന്നത് ആണത്രേ ഇപ്പോഴത്തെ ട്രെൻഡ്.പ്രശ്നങ്ങളെഎവിടേക്ക് ചാരാം എന്ന് പറഞ്ഞ് കാത്തിരിക്കുന്നവർക്ക് ഒരു പിടിവള്ളി ആണ് വാസ്തു.
തൻറെ ഭക്തരെ കാണാൻ ആത്മീയ ആചാര്യൻ എത്തിയപ്പോൾ സ്വർണം കൊണ്ടുണ്ടാക്കിയ ചെകുത്താൻ പ്രതിമകളും തടികൊണ്ടുണ്ടാക്കിയ ദൈവത്തിൻറെ പ്രതിമകളും കൊണ്ടുവന്നിരുന്നു. ഏത് വേണമെന്ന് ഭക്തരോട് ചോദിച്ചപ്പോൾ ‘സമ്മർ ഇൻ ബത്‌ലഹേം’ എന്ന സിബിമലയിൽ ചിത്രത്തിലെ ജയറാമിന്റെ അവസ്ഥയായി പോയി ഭക്തർക്ക് എല്ലാം.
“കൺഫ്യൂഷൻ തീർക്കണമേ എൻറെ കൺഫ്യൂഷൻ തീർക്കണമേ തുങ്ക ജഡാതര ചന്ദ്രകലാധര ശങ്കര ഭഗവാനെ സങ്കടം ഈ വിധം എന്തിനു തന്നത്? സാംബ സദാശിവനേ ശിവശംഭോ ശിവശംഭോ…..’ എന്ന് പാടി പോയി കാണും ഭക്തർ.
ഒരു ബാലികേറാമലയായിരുന്ന കണക്കിന്റെ ഭീകരതയും എനിക്ക് നന്നേ ബോധിച്ചു. എഞ്ചുവടിയും വഴി കണക്കും, ലസാഘു, ഉസാഘു,ത്രികോണം, ലംബം,കോൺ, രേഖാഖണ്ഡം, പൈ, ജോമട്രി, ആൾജിബ്രാ, എ പ്ലസ് ബി ഓൾ സ്ക്വയർഡ്,X ഉം Y ഉം ഇതൊക്കെ എന്നെയും ഏറെ കഷ്ടത്തിൽ ആക്കിയിട്ടുണ്ട്. പ്രത്യേകിച്ചും ഒരു എൻജിനീയറുടെ മകളായ എനിക്ക് ഇതേക്കുറിച്ചൊന്നും വലിയ പിടി പാടില്ലാത്തതായിരുന്നു എൻറെ ഗുരുനാഥൻമാരുടെ സങ്കടം. എന്നെ കണക്കു പഠിപ്പിച്ച് ആയുസ്സ് എത്താതെ മരിക്കുമോ എന്ന് ഭയപ്പെട്ടു അച്ഛൻ ആ ശ്രമം പണ്ടേ ഉപേക്ഷിച്ചിരുന്നു. പത്താംക്ലാസ് വരെ ആ ഭാരം ഏറ്റെടു ത്തിരുന്നത് ട്യൂഷൻ ടീച്ചർമാരായിരുന്നു. കണക്കും ഭാഷയും രണ്ടുംകൂടി ഒരാൾക്ക് വഴങ്ങില്ല എന്ന് ഷഷ്ടിപൂർത്തി എത്തിയപ്പോൾ ഞാൻ ഒരു നർമ്മകഥ പുസ്തകമെഴുതി അച്ഛന് തെളിയിച്ചു കൊടുത്തു. പ്രസംഗം അധികപ്രസംഗം ആകുമ്പോൾ ഉള്ള ലേഖകന്റെ കുറിപ്പും മനോഹരവും ആസ്വാദ്യകരവും ആണ്.
ഉപ്പുമാങ്ങയും പിന്നെ മാവേലേറും എന്ന കുറിപ്പ് വായിച്ചപ്പോൾ അടുത്ത് കണ്ട ഒരു ട്രോൾ ചിത്രമാണ് ഓർമ്മ വന്നത്. മാങ്ങയിൽ എറിയേണ്ട ബാല്യങ്ങൾ ഒക്കെ ഇന്ന് മൊബൈലിൽ മുഖം പൂഴ്ത്തിയിരിക്കുന്നു. കുട്ടികളുടെ മാവിലേറ് ഭയന്ന് ഞങ്ങളുടെ വീട്ടിലെ എത്രയോ മാവുകൾ വെട്ടി കളഞ്ഞിരിക്കുന്നു. ഓട് മാറൽ തന്നെയായിരുന്നു വേനലവധിക്കാലത്ത് ജോലി. പക്ഷേ ഇന്ന് കൊലകൊലയായി മാങ്ങാ തൂങ്ങി കിടന്നാൽ പോലും അതൊന്ന് തിരിഞ്ഞുനോക്കാൻ ആരുമില്ല. ഇവർതന്നെ ആപ്പിൽ കുത്തി മാംഗോ ഷേക്ക് വരുത്തി കുടിക്കുന്നതും കാണാം. സദ്യയ്ക്ക് മാമ്പഴപുളിശ്ശേരി വിളമ്പുമ്പോൾ അത് എങ്ങനെ കഴിക്കണം എന്ന് അറിയാത്ത പുതുതലമുറ.
മുത്തശ്ശൻ മുത്തശ്ശി റീലോഡഡ് — കൂടുതൽ ആഹ്ലാദകരമായ കാര്യങ്ങളിൽ സജീവമാകുന്നത് വിശ്രമജീവിതം ഉല്ലാസകരമാക്കും. ചാർലി ചാപ്ലിൻ സിനിമ സിഡി കാണുക, നർമ്മകഥകൾ വായിക്കുക, നല്ല പാട്ട് കേൾക്കുക എന്നിങ്ങനെ ആകെ അടിപൊളി ആയാൽ ഊർജ്ജം കിട്ടുമെന്ന കഥാകൃത്തിന്‍റെ അഭിപ്രായത്തോട് ഞാൻ 100% യോജിക്കുന്നു. ഞാനും പ്രായത്തെ പിടിച്ചു കെട്ടുന്നത് ഇതൊക്കെ കൊണ്ട് തന്നെ.
എൻ.ബി. : മറുപടി അയച്ചില്ലേലും എം. ഒ. മറക്കരുത് വായിച്ചപ്പോൾ പണ്ട് വായിച്ച ഒരു ഫലിതബിന്ദു ആണ് ഓർമ്മ വന്നത്. ബോംബെയിൽനിന്ന് മകൻ നാട്ടിലേയ്ക്ക് കമ്പിയടിച്ചു. മ. പെ. കു. പെ. എന്താണ് മ. പെ. കു. പെ.?കമ്പി കിട്ടിയവർ അതിൻറെ അർത്ഥം അറിയാൻ പരക്കംപാഞ്ഞു. മറിയ പെറ്റു. കുട്ടി പെണ്ണ്. എന്നാണത്രേ അത്. അച്ഛൻ തന്നെ എങ്ങനെ കമ്പി അടിക്കണം എന്ന് മകനെ പറഞ്ഞു പഠിപ്പിച്ചു വിട്ടിരുന്നു. കാരണവരുടെ ഒരു ബുദ്ധിയേ!
കൗതുക പേരുകളും ആസ്വാദ്യകരം. സ്വന്തം സ്ക്രിപ്റ്റിൽ സ്വസ്ഥം സുഖം — 10 വയസ്സുള്ളപ്പോൾ കഥാകൃത്തിന്റെ ഗുരുവായിരുന്നു ജോസഫ്. തന്ത്രങ്ങൾ മെനയുന്നതിലെ അപാരമായ ജോസഫിൻറെ ജ്ഞാനമാണ് തന്നെ അദ്ദേഹത്തിൻറെ ഫാൻ ആക്കി മാറ്റിയത് എന്ന് പറയുന്നു. പക്ഷേ കുറച്ചു നാളുകൾക്കുള്ളിൽ തന്നെ ശിഷ്യൻ ഗുരുവിനെക്കാൾ കേമനായി തന്ത്രങ്ങൾ മെനയാൻ തുടങ്ങിയപ്പോൾ ഗുരു അതിൽ അഭിമാനം കൊണ്ടു. ‘ദൃശ്യം’ സിനിമയിൽ നാലുപേരെയും നാലിടത്ത് ഇരുത്തി ചോദ്യം ചെയ്യുന്ന രീതി ഒക്കെ ലേഖകൻ അന്നേ മനസ്സിൽ കണ്ടിരുന്നു എന്ന് നമുക്ക് മനസ്സിലാകും.
ശ്രീലങ്ക -അമേരിക്ക ചന്ദ്രൻ വഴി ചൊവ്വയിലേക്ക്—ചന്ദ്രനിലോ ചൊവ്വയിലോ ആണെങ്കിലും മലയാളിയുടെ അടിസ്ഥാനസ്വഭാവം മാറാൻ പോകുന്നില്ല. രാവിലെ 10 മണിയോടെ അടുക്കള വേസ്റ്റ് ഒക്കെ പ്ലാസ്റ്റിക് കിറ്റിൽ പൊതിഞ്ഞുകെട്ടി അപ്പുറത്തെ താമസക്കാരൻറെ വീട്ടിലേക്ക് റോക്കറ്റ് വേഗതയിൽ വിക്ഷേപിക്കാനുള്ള കഴിവ് നമുക്ക് മാത്രം സ്വന്തം. പക്ഷേ ഇതൊക്കെ സാധ്യമാകണമെങ്കിൽ ഒരു 750 വർഷമെങ്കിലും നമുക്ക് ആയുസ്സ് നീട്ടി കിട്ടണമെന്ന ലേഖകന്റെ സങ്കടം എൻറെയും സങ്കടം ആയി മാറി.
‘ഇല എടുത്തു ചാടിക്കോ’ വായിച്ചപ്പോൾ ഞാൻ ഒരു മുപ്പത്തിയഞ്ചു വർഷം പുറകോട്ട് പോയി. അച്ഛൻറെ സ്ഥലം മാറ്റത്തിന് അനുസരിച്ച് കേരളത്തിലെ വിവിധ ജില്ലകളിൽ ബാല്യകാലം കഴിഞ്ഞെങ്കിലും അവസാനം തിരുവനന്തപുരത്തെത്തിയപ്പോൾ അവിടെ കുറ്റിയടിച്ചത് പോലെ ആയി. താമസിയാതെ തിരോന്തരം ഭാഷ നന്നായി കൈകാര്യം ചെയ്യാനും പഠിച്ചു. വിവാഹം കഴിഞ്ഞ് ആലപ്പുഴയിൽ എത്തിയപ്പോൾ അവിടെ എല്ലാവരും അച്ചടി ഭാഷയിൽ ആണ് സംസാരിക്കുന്നത്. ഞാൻ ശരി എന്ന അർത്ഥത്തിൽ “ഓ “എന്ന് പറഞ്ഞാൽ ഉടനെ എൻറെ നല്ലപാതി ദേഷ്യപ്പെടും. എന്തു കോ….. കോ……പറഞ്ഞതങ്ങ് കേട്ടാൽ മതി. എന്നെ ഭരിക്കാൻ വരുന്നത് എനിക്കിഷ്ടമല്ല. ഞാൻ ആലപ്പുഴക്കാരൻ നസ്രാണി ആണ് എന്ന് ഒരു പറച്ചിലും.ഇതെന്തു പാട്? അതുപോലെ തേയില വെള്ളങ്ങൾ, എന്തര്,ഒരു അറമ്പതോം ഇല്ലാത്ത ഏർപ്പാടായി പോയി അപ്പി, അഴുക്ക പയൽ….ഇതൊക്കെ പുള്ളിക്ക് മനസ്സിലാക്കാൻ നമ്മുടെ സുരാജ് വെഞ്ഞാറമൂട് വരേണ്ടി വന്നു എന്നത് നഗ്നസത്യം.
പൊതുസ്ഥലങ്ങളിൽ തിയറ്ററിലും വിവാഹ സ്ഥലത്തും എങ്ങനെ മാന്യമായി പെരുമാറണമെന്ന് അറിഞ്ഞുകൂടാത്തവരെക്കുറിച്ചുള്ള ലേഖകന്റെ നിരീക്ഷണം നൂറല്ല നൂറ്റൊന്നു ശതമാനം ശരിയാണ്.
ഒരാളെ പോലെ അല്ല മറ്റൊരാൾ എന്ന സത്യം സരസമായി ലേഖകൻ ‘എങ്കിലും എൻറെ എപ്ലസേ ‘ യിൽ ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു.
വഴിയെ പോകുന്ന പ്ലിംഗ് നെ വലിച്ചു കയറ്റരുത് എന്ന ന്യൂജനറേഷൻ പദം വിവരിക്കാൻ ലേഖകൻ എഴുതിയ ഉദാഹരണങ്ങൾ വായിച്ച് തലയറഞ്ഞു ചിരിച്ചു. നിദ്രയ്ക്ക് ഭംഗം വരുത്തുന്ന പ്രശ്നങ്ങളും നന്നായി അവതരിപ്പിച്ചു.
‘മെച്ചത്തെ വെട്ടാൻ പുച്ഛം’ നല്ലൊരു കച്ചിത്തുരുമ്പാണ്. നമ്മളെ പോലുള്ള പാവങ്ങൾക്കും പിന്നെ ഈ നാട്ടിൽ ജീവിച്ചു പോകേണ്ടേ അതിന് ഈ ഒറ്റ വഴിയെ ഉള്ളൂ.
സൂസൻമുക്ക്– ഒരു നാടിൻറെ ആകെ പുരോഗതിയിൽ നിർണായക പങ്കുവഹിച്ച ലേഖകന്റെയും സുഹൃത്തിന്റെയും ആ കാഞ്ഞ ബുദ്ധി ഉണ്ടല്ലോ അത് വെയിലു കൊള്ളിയ്ക്കാതെ സൂക്ഷിക്കേണ്ടതാണ്.
സ്കൂൾ വേനലവധിക്ക് അടയ്ക്കുന്നത് അന്നും ഇന്നും എന്നും ഒരുപോലെ തന്നെ. പക്ഷേ ഒരു വ്യത്യാസമുണ്ട്. പണ്ട് രണ്ടു മാസവും കളിച്ചു തിമിർത്തിരുന്നുവെങ്കിൽ ഇന്ന് അത് ഒരു ദിവസത്തേക്ക് മാത്രം ആയിരിക്കും. പിറ്റേദിവസം മുതൽ തുടങ്ങും ട്യൂഷനുകൾ. മഷിപ്പേനയുമായുള്ള ലേഖകന്റെ കൂട്ടുകെട്ട് നർമ്മരസം വിളമ്പുന്നു.
‘ഒന്നു സഹായിക്കണേ’ യിൽ പണ്ടൊരാൾ വീഴുമ്പോൾ എല്ലാവരും കൂട്ടംകൂടി കാർ വിളിച്ച് ആശുപത്രിയിൽ കൊണ്ടുപോകാൻ ഒരുങ്ങുകയാണ് എങ്കിൽ ഇന്ന് അത് എത്രയും വേഗം മൊബൈലിൽ ഷൂട്ട് ചെയ്തു യൂട്യൂബ് വീഡിയോ ഉണ്ടാക്കി വൈറലാക്കി പത്ത് കാശുണ്ടാക്കാൻ ശ്രമിക്കുന്ന ആൾക്കാരെയാണ് നമുക്ക് കാണാൻ കഴിയുക.
ലേഖകന്റെയും ഭാര്യയുടെയും സത്യാന്വേഷണ പരീക്ഷണങ്ങളും തകർത്തുവാരി. 25 കഥകളും ലളിതമായ ആഖ്യാന ശൈലിയിലൂടെ വായനക്കാരെ അക്ഷര ലോകത്തിൻറെ ആനന്ദ സാഗരത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നു. ഈ കഥകൾക്ക് ഒക്കെയും കൂടുതൽ മിഴിവു നൽകാൻ ശ്രീ വാമനപുരം മണിയുടെ കാർട്ടൂണുകൾക്ക് കഴിയുന്നുണ്ടെന്നു നിസ്സംശയം പറയാം.
ലേഖകന്റെ ആഗ്രഹം പോലെ തന്നെ ഈ പുസ്തകം വാങ്ങാൻ വായനക്കാർ തള്ളി കയറട്ടെ! പുസ്തകം കിട്ടാതെ ജനക്കൂട്ടം അക്രമാസക്തരായി, ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പോലീസ് ലാത്തിചാർജ്ജ് നടത്തട്ടെ, പുസ്തകത്തിന് സംസ്ഥാന-കേന്ദ്ര വയലാർ ജ്ഞാന പീഠ നോബേൽ പുരസ്കാരങ്ങൾ ലഭിക്കട്ടെ എന്ന് ആശംസിച്ചു കൊണ്ട് നിർത്തുന്നു. നന്ദി. നമസ്കാരം.
സ്നേഹാദരവോടെ..