രാത്രി നല്ലപോലെ ഉറങ്ങിയതിന് ശേഷവും പകല്‍ ഉറക്കം വരുന്ന അവസ്ഥയെ അവഗണിക്കരുതെന്ന് പഠനം. എല്ലായ്പ്പോഴും ഉറക്കം വരുന്ന ഈ അവസ്ഥയെ ഹൈപ്പര്‍സോമ്‌നിയ എന്നാണ് വിളിക്കുന്നത്. ഈ അവസ്ഥയില്‍ രാത്രി ഉറങ്ങിയാലും പകല്‍ സമയത്ത് വീണ്ടും ഉറക്കം വരും. ഇത് നിങ്ങളുടെ ദൈനംദിന ജീവിതത്തെയും ജോലിയെയും വരെ ബാധിക്കാം.
അമിതമായ മദ്യപാനം, സമ്മര്‍ദ്ദം, വിഷാദം എന്നിവ മൂലവും ഈ പ്രശ്‌നം ഉണ്ടാകാം. ഈ പ്രശ്നമുള്ള ആളുകള്‍ ചിലപ്പോള്‍ ഉറക്കം ഒഴിവാക്കാന്‍ ചായയും കാപ്പിയുമൊക്കെ കൂടുതലായി കഴിക്കും. ഇതും പിന്നീട് കൂടുതല്‍ പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം.
അമിത ഉറക്കം മറികടക്കാനുള്ള ചില വഴികള്‍ നോക്കാം. ശരീരത്തിന്റെ കൃത്യമായ പ്രവര്‍ത്തനത്തിന് കുറഞ്ഞത് ഏഴ് മണിക്കൂര്‍ ഉറക്കം ആവശ്യമാണ്. ഓരോ വ്യക്തിയും രാത്രിയില്‍ ഏഴ് മുതല്‍ എട്ട് മണിക്കൂര്‍ വരെ ഉറങ്ങണം. ഉറങ്ങുന്നതിന് മുമ്പ് ടിവിയും മൊബൈലും ലാപ്ടോപ്പുകളുമൊക്കെ മാറ്റി വെക്കണം. പോഷകഗുണമുള്ള ഭക്ഷണങ്ങള്‍ പതിവായി കഴിക്കുക. ഇത് നിങ്ങളുടെ ശരീരത്തിലെ ഊര്‍ജനില മികച്ചതാക്കുന്നു. ഭക്ഷണത്തില്‍ പ്രോട്ടീന്‍, വിറ്റാമിനുകള്‍, കാര്‍ബോഹൈഡ്രേറ്റ് എന്നിവ ഉള്‍പ്പെടുത്തണം. ഉറങ്ങുന്നതിന് തൊട്ടുമുമ്പ് ഭക്ഷണങ്ങള്‍ കഴിക്കുന്നത് ഒഴിവാക്കുക.
ശരീരത്തില്‍ ജലാംശം നിലനിര്‍ത്തേണ്ടത് വളരെ അനിവാര്യമാണ്. അതിനാല്‍ പകല്‍ സമയത്ത് ആവശ്യത്തിന് വെള്ളം കുടിക്കുക.നിര്‍ജ്ജലീകരണം ഉണ്ടായാല്‍ അത് ശരീരത്തിന് ക്ഷീണം അനുഭവപ്പെടാന്‍ ഇടയാക്കും. പതിവായി വ്യായാമം ചെയ്യുന്നതിലൂടെ നിങ്ങളുടെ രക്തയോട്ടം മെച്ചപ്പെടും. ശരീരം ആരോഗ്യത്തോടെ നിലനിര്‍ത്തുന്നതിനൊപ്പം, സമ്മര്‍ദ്ദം ഒഴിവാക്കാനും ഇത് സഹായിക്കും.
രാവിലെ വ്യായാമം ചെയ്യുന്നത് രാത്രി നന്നായി ഉറങ്ങാന്‍ സഹായിക്കും. നിങ്ങളുടെ ഉറക്കത്തിന്റെ ഏറ്റവും വലിയ ശത്രു സമ്മര്‍ദ്ദമായിരിക്കാം. ഇതിനെ നേരിടാന്‍ മെഡിറ്റേഷന്‍ അഥവാ ധ്യാനം, യോഗ എന്നിവ ചെയ്യാവുന്നതാണ്. ഇതിലൂടെ ശരീരം ഫ്രഷ് ആയി നിലനില്‍ക്കുകയും മാനസിക പിരിമുറുക്കം ഒഴിവാകുകയും ചെയ്യും.