ചര്‍മസംരക്ഷണത്തിന് ഏറ്റവും നല്ല ഔഷധമാണ് കറ്റാര്‍വാഴ. കറ്റാര്‍വാഴ ചര്‍മ്മത്തിന്റെ ഒരു സംരക്ഷിത പാളിയായി പ്രവര്‍ത്തിക്കുകയും ഈര്‍പ്പം നിറയ്ക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. കറ്റാര്‍വാഴയില്‍ ബീറ്റാ കരോട്ടിന്‍, വിറ്റാമിന്‍ സി, ഇ എന്നിവ ഉള്‍പ്പെടുന്ന ധാരാളം ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മ്മത്തിന്റെ സ്വാഭാവിക ദൃഢത മെച്ചപ്പെടുത്താനും കൂടുതല്‍ ജലാംശം നിലനിര്‍ത്താനും സഹായിക്കും.
കറ്റാര്‍വാഴ ചര്‍മ്മത്തെ ജലാംശം കൊണ്ട് നിറയ്ക്കുന്ന ഒരു മികച്ച മോയ്സ്ചറൈസിംഗ് ഘടകമാണ്. ഇതില്‍ ഉയര്‍ന്ന അളവില്‍ ജലാംശം അടങ്ങിയിരിക്കുന്നു, കൂടാതെ ചര്‍മ്മത്തെ പോഷിപ്പിക്കാന്‍ കഴിയുന്ന വിറ്റാമിന്‍ ഇയും അടങ്ങിയിട്ടുണ്ട്. കറ്റാര്‍വാഴയില്‍ സാലിസിലിക് ആസിഡും അടങ്ങിയിട്ടുണ്ട്. അതുകൊണ്ടാണ് മുഖക്കുരുവിനും പാടുകള്‍ക്കും ഇത് സാധാരണയായി നിര്‍ദ്ദേശിക്കപ്പെടുന്നത്. കൂടാതെ, ഈ ചെടിയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി നിറവ്യത്യാസം അഥവാ പിഗ്മെന്റേഷനും ചര്‍മ്മത്തില്‍ അവശേഷിക്കുന്ന അടയാളങ്ങളും പാടുകളും കുറയ്ക്കും.
കറ്റാര്‍വാഴ ചര്‍മ്മത്തില്‍ പുരട്ടുന്നത് സ്ട്രെച്ച് മാര്‍ക്കുകള്‍ കുറയ്ക്കാന്‍ സഹായിക്കും. കണ്ണിനു താഴെയുള്ള രക്തയോട്ടം കുറയുന്നതും ഉറക്കക്കുറവുമെല്ലാമാണ് കണ്ണിനടിയിലെ കറുപ്പിന് പ്രധാന കാരണം. കറ്റാര്‍ വാഴയിലെ പോഷകങ്ങളും വൈറ്റമിനുകളുമെല്ലാം ഈ പ്രശ്‌നത്തിനുള്ള നല്ലൊരു പരിഹാരമാണ്. ഇത് കണ്ണിനടിയിലെ കറുപ്പു മാറ്റാന്‍ സഹായിക്കുന്നു. ഇത് കണ്ണിനടിയില്‍ പുരട്ടി പതുക്കെ മസാജ് ചെയ്യാം.