ലോകമെമ്പാടും സ്ത്രീകളുടെ അവകാശങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി 1995 ൽ 189 ഗവൺമെൻറുകൾ അംഗീകരിച്ച ചരിത്രപരമായ അജണ്ടയായ ബീജിങ് പ്രഖ്യാപനത്തിന്റെയും പ്ലാറ്റ്ഫോം ഫോർ ആക്ഷൻന്റെയും മുപ്പതാം വാർഷികം ആണ് ഇന്ന്.
2025 മാർച്ച് 8ന് “എല്ലാ സ്ത്രീകൾക്കും പെൺകുട്ടികൾക്കും അവകാശങ്ങൾ,സമത്വം, ശാക്തീകരണം” എന്നതായിരിക്കും പ്രമേയം.
മറ്റൊരു അന്താരാഷ്ട്ര വനിതാദിനം കൂടി എത്തുമ്പോൾ ഞാൻ എഴുതാൻ ആഗ്രഹിക്കുന്നത് എന്നെ തിരുവനന്തപുരം ഓൾ സെയിന്റ്സ് കോളേജിൽ പ്രീഡിഗ്രിക്ക് ഇംഗ്ലീഷ് പഠിപ്പിച്ച ചന്ദ്രമതി ടീച്ചറെ കുറിച്ചാണ്. സ്കൂളിൻറെ പതിവ് ചട്ടക്കൂടുകളിൽ നിന്ന് വ്യത്യസ്തമായ സ്ഥലത്ത് ഭയാശങ്കകളോടെയാണ് കാലുകുത്തിയത് എങ്കിലും അവിടുത്തെ സൗഹാർദ്ദവും സ്വാതന്ത്ര്യവുമുള്ള അന്തരീക്ഷം പെട്ടെന്നുതന്നെ എനിക്കിഷ്ടപ്പെട്ടു. പ്രീഡിഗ്രിക്ക് ഇംഗ്ലീഷ് പഠിപ്പിക്കാൻ എത്തിയ ബീറ്റാ മാഡത്തിന്റെയും വിക്ടോറിയ മാഡത്തിന്റെയും ഇംഗ്ലീഷ് ഉച്ചാരണത്തിന്റെ സ്റ്റൈൽ കാരണം പലതും മനസ്സിലായില്ലെങ്കിലും ചന്ദ്രമതി ടീച്ചർ പഠിപ്പിക്കാൻ എത്തിയപ്പോൾ ആശ്വാസമായി. കേരളത്തിലെ കുട്ടികൾ ഇംഗ്ലീഷ് പഠിക്കുന്നത് മലയാളത്തിൽ ആണെന്ന് ഒരു ആക്ഷേപം ഉണ്ടെങ്കിലും ചന്ദ്രമതി ടീച്ചറിൻറെ ക്ലാസ്സുകൾ ആസ്വാദ്യകരമായി തോന്നി.
ഇംഗ്ലീഷ് സാഹിത്യത്തിൽ എം. എ. യും പി.എച്ച്. ഡി.യും നേടിയിട്ടുള്ള ടീച്ചർ മലയാളത്തിലെ പ്രശസ്തയായ എഴുത്തുകാരി ആണ്. ഈ കോളേജിലെ തന്നെ പൂർവ്വ വിദ്യാർത്ഥിനിയായിരുന്ന ടീച്ചർ കുമാരി ചന്ദ്രിക എന്ന നാമത്തിൽ ആയിരുന്നു ആദ്യ കഥയായ ‘സ്വയം:സ്വന്തം’ എഴുതിയത്.’ദേവി ഗ്രാമം’, ‘ദൈവം സ്വർഗ്ഗത്തിൽ’, ‘വേതാള കഥകൾ’, ‘പേരില്ലാ പ്രശ്നങ്ങൾ’,’ആര്യാവർത്തനം ‘റെയിൻഡിയർ, ‘തട്ടാരം കുന്നിലെ വിഗ്രഹങ്ങൾ’, ‘അന്നയുടെ അത്താഴ വിരുന്ന്’,’മധ്യകാല മലയാള കവിത’ ‘ഇവിടെ ഒരു ടെക്കി’, ‘ഷെർലക് ഹോംസ് ‘നിങ്ങൾ നിരീക്ഷണത്തിലാണ്’, ഇവയാണ് ടീച്ചറുടെ പ്രധാനകൃതികൾ.
നിരവധി ഗവേഷണ ലേഖനങ്ങളും ഇംഗ്ലീഷിലും മലയാളത്തിലുമുള്ള വിവർത്തനങ്ങളും ദേശീയ-അന്തർദേശീയ പ്രസിദ്ധീകരണങ്ങളിൽ അച്ചടിമഷി പുരണ്ടിട്ടുണ്ട്. 1998 ൽ സാഹിത്യഅക്കാദമിയുടെ സാംസ്കാരിക വിനിമയ പരിപാടിക്ക് കീഴിൽ 10 ഇന്ത്യൻ എഴുത്തുകാരുടെ സംഘത്തോടൊപ്പം ടീച്ചർ സ്വീഡൻ സന്ദർശിക്കുകയുണ്ടായി. ‘റെയിൻഡിയർ’ എന്ന ചെറുകഥ എഴുതാൻ പ്രേരിപ്പിച്ചത് ആ സന്ദർശനമായിരുന്നു എന്ന് ടീച്ചർ പറഞ്ഞിട്ടുണ്ട്.
1995 ൽ തോപ്പിൽ രവി അവാർഡ്, 97 ൽ വി.പി. ശിവകുമാർ അവാർഡ്, 98 ൽ ഓടക്കുഴൽ അവാർഡ്,99 ൽ കേരള സാഹിത്യ അക്കാദമി അവാർഡ്, പത്മരാജൻ പുരസ്കാരം, ഒ.വി.വിജയൻ പുരസ്‌കാരം ….. അങ്ങനെ നിരവധി പുരസ്കാരങ്ങൾ ടീച്ചറെ തേടിയെത്തിയിട്ടുണ്ട്.
ക്യാൻസറിനെ മുഖാമുഖം കണ്ട ഒരു എഴുത്തുകാരിയുടെ അനുഭവങ്ങൾ ‘ഞണ്ടുകളുടെ നാട്ടിൽ ഇടവേള ‘ എന്ന കൃതിയെ ആസ്പദമാക്കി അതേ പേരിൽ മലയാള സിനിമ നിർമ്മിക്കപ്പെട്ടിരുന്നു.
പ്രഗത്ഭയായ കോളേജ് അദ്ധ്യാപികയ്ക്കുള്ള സെയിന്റ് ബെർക്മാൻസ് അവാർഡും ശിവപ്രസാദ് ഫൗണ്ടേഷൻ അവാർഡും ലഭിച്ചിട്ടുണ്ട്.മലയാള ചെറുകഥയ്ക്ക് ആഖ്യാനത്തിന്റെ പുതിയ വഴികൾ തുറന്നിട്ടത് ടീച്ചർ ആണെന്ന് നിസ്സംശയം പറയാം.
അന്താരാഷ്ട്ര വനിതാദിനം എന്ന ഒരു ചെറുകഥ തന്നെ ടീച്ചർ എഴുതിയിട്ടുണ്ട്. പീഡനം അനുഭവിച്ചിരുന്ന ഗിരിജ എന്ന ഒരു വീട്ടു ജോലിക്കാരി ആണ് അതിലെ കഥാപാത്രം. അവസാനം പൊതു സമൂഹത്തെ വെല്ലുവിളിച്ചുകൊണ്ട് ആ സ്ത്രീ കഥാപാത്രം മുന്നോട്ട് വരുന്നത് ആയിട്ടാണ് കാണുന്നത്.
അഭ്യസ്തവിദ്യരായ സ്ത്രീകൾ പോലും സ്ത്രീ ശാക്തീകരണത്തിന് വേണ്ടി മുറവിളി കൂട്ടുന്നതും പുരുഷാധിപത്യ വ്യവസ്ഥയെ ചെറുക്കുന്നതും മൈക്കിന് മുന്നിലെ പ്രസംഗത്തിൽ മാത്രമാണെന്ന സത്യം ടീച്ചർ പലയിടത്തും തുറന്നു പറഞ്ഞിട്ടുണ്ട്.
ധീരതയോടെയും സഹിഷ്ണുതയോടെയും ഓരോ പ്രതിസന്ധികളെയും നേരിടുന്ന ശക്തയായ സ്ത്രീകൾക്കെല്ലാം വനിതാദിന ആശംസകൾ!
നന്നായിട്ടുണ്ട്
നല്ല അവതരണം
കൃത്യമായ നിരീക്ഷണം
വനിതാ ദിന ആശംസകൾ മാഡം


