കൺവൻഷൻ: 7,8,9 ( വ്യാഴം, വെള്ളി, ശനി )
വലിയപെരുന്നാൾ: 10,11 ( ഞായർ, തിങ്കൾ )
ഞാലിയാകുഴി: വാകത്താനം പുതുശ്ശേരി സെന്റ് സൈമൺസ് ക്നാനായ പള്ളി ഇടവകയുടെ കാവൽ പിതാവായ മോർ ശെമവൂൻ ശ്ലീഹായുടെ മദ്ധ്യസ്ഥതതയിൽ അഭയപ്പെട്ടുകൊണ്ടു നടത്തപ്പെടുന്ന വലിയ പെരുന്നാളിന് നവംബർ 3-ാം തീയതി കൂദോശ് ഈത്തൊ ഞായറാഴ്ച വെരി റവ. സ്ലീബ പോൾ വട്ടവേലിൽ കോർ എപ്പിസ്കോപ്പ വിശുദ്ധ കുർബ്ബാനാനന്തരം കൊടിയേറ്റിയതോടു കൂടി ആരംഭം കുറിച്ചു.
7,8,9 എന്നീ തീയതികളിൽ വൈകിട്ട് 6.30 ന് സന്ധ്യാ പ്രാർത്ഥനയോടും ഗാനശുശ്രൂഷയോടും കൂടി ആരംഭിക്കുന്ന വചന ശുശ്രൂഷയിൽ ഫാ. ജോൺസൺ ഫ്രാൻസിസ് കുര്യാനിപ്പാടം (റിഡംപ്റ്റിറിസ്റ്റ് കോൺഗ്രിഗേഷൻ കാഞ്ഞിരപ്പള്ളി ) വചന പ്രഘോഷണം നടത്തും.
10 -ാം ഞായറാഴ്ച രാവിലെ 7 ന് പ്രഭാത പ്രാർത്ഥനയെ തുടർന്ന് 8 AM ന് വന്ദ്യ ബർശീമോൻ റമ്പാൻ വിശുദ്ധ കുർബ്ബാന അർപ്പിക്കും.
അന്നേ ദിവസം വൈകുന്നേരം 6 മണിക്ക് സന്ധ്യാ പ്രാർത്ഥന, 7 PM ന് പെരുന്നാൾ സന്ദേശം, 7.15 ന് ഭക്തിനിർഭരമായ റാസ, 8.45 PM ന് സൂത്താറ, ആശീർവാദം, 9 PM ന് ടീം എൻ.ആർ.സി. അവതരിപ്പിക്കുന്ന ഫ്യൂഷൻ, 9.30 PM ന് ആകാശ വിസ്മയം എന്നിവയും ഉണ്ടായിരിക്കും.
11-ാം തീയതി തിങ്കളാഴ്ച രാവിലെ 8 മണിക്ക് പ്രഭാത പ്രാർത്ഥനയും 9 ന് അഭിവന്ദ്യ കുറിയാക്കോസ് മോർ സേവേറിയോസ് വലിയ മെത്രാപ്പോലീത്തായുടെ പ്രധാന കാർമ്മികത്വത്തിൽ വിശുദ്ധ അഞ്ചിൻമേൽ കുർബ്ബാനയും നടത്തപ്പെടും. 11.30 ന് കൈമുത്ത്, നേർച്ച വിളമ്പ്, സെമിത്തേരിയിൽ ധൂപ പ്രാർത്ഥന എന്നിവയും നടത്തപ്പെടും.
ഉച്ചകഴിഞ്ഞ് 3.30 ന് റാസ, ധൂപപ്രാർത്ഥന, ആശീർവാദം എന്നിവയെ തുടർന്ന് കൊടിയിറക്കുന്നതോടുകൂടി പരിശുദ്ധൻ്റെ പെരുന്നാൾ ചടങ്ങുകൾ സമാപിക്കും.
ഭക്ത ജനങ്ങൾക്ക് കല്ലും തുവാല, അടിമ വെപ്പ് തുടങ്ങിയ നേർച്ചകൾക്കുള്ള സൗകര്യവും ഉണ്ടായിരിക്കുന്നതാണ്.
പള്ളിയിൽ നിന്നും ആരംഭിച്ച് പഠിഞ്ഞാറ്, കിഴക്ക്, കവല എന്നിവിടങ്ങളിലുള്ള കുരിശ്ശടികളിൽ ധൂപം വെച്ച് ഞാലിയാകുഴി കവല ചുറ്റി പള്ളിയിൽ തിരികെ എത്തിച്ചേരുന്ന റാസയിലുടനീളം റോഡിന്റെ ഇരുവശങ്ങളിലുമുള്ള സ്ഥാപനങ്ങും ഭവനങ്ങളും ജാതിമത ഭേദമെന്യേ പരിശുദ്ധന്റെ മദ്ധ്യസ്ഥതയിൽ അഭയപ്പെട്ടു കൊണ്ട് വർണ്ണങ്ങൾ വിതറുന്ന ലൈറ്റുകളും വിളക്കുതിരികളും മെഴുകുതിരികളും തെളിയിച്ച് റാസയെ വരവേൽക്കുന്നത് മനോഹരവും ഭക്തിനിർഭരവുമായ കാഴ്ചകളാണ്.
പെരുന്നാൾ ഏറ്റെടുത്ത് നടത്തുന്നവർക്ക് വർഷങ്ങൾക്കു ശേഷമുള്ള പെരുന്നാൾ
ആണ് ബുക്കു ചെയ്യുവാൻ സാധിക്കുന്നത്.
കാരണം ഓരോ വർഷത്തെയും തിരുന്നാൾ നടത്തുവാൻ വർഷങ്ങൾക്കു മുമ്പേ ബുക്കു ചെയ്തവരുടെ ഊഴം കഴിയുന്നതുവരെ കാത്തിരിക്കണ്ടിയതായി വരുന്നു എന്നുള്ളത് മോർ ശെമവൂൻ ശ്ലീഹായോടുള്ള മാദ്ധ്യസ്ഥതയിലൂടെ അനുഗ്രഹം അനേകർക്ക് ലഭിക്കുന്നു എന്നുള്ളതിന്റെ ഉദാത്തമായ തെളിവാണ്.
നാനാജാതി മതസ്ഥർ പങ്കെടുക്കുന്ന ഈ മദ്ധ്യസ്ഥന്റെ തിരുന്നാളിൽ ആദിയോടന്ത്യം വിദേശത്തും സ്വദേശത്തും ഉള്ള ഇടവക ജനങ്ങളെ കൂടാതെ സമീപ പ്രദേശങ്ങളിലുള്ള ഇടവകകളിലെ വിശ്വാസികളുടെയും നാനാ ദേശങ്ങളിൽ നിന്നുള്ള അനേകം ബന്ധുമിത്രാദികളുടെയും മറ്റും ജനസാന്നിധ്യം കൊണ്ട് ഏറെ പ്രശസ്തമാണ് കോട്ടയം ടൗണിൽ നിന്നും 12 കിലോമീറ്റർ കിഴക്കുമാറി വാകത്താനം ഞാലിയാകുഴി കവലക്കു സമീപം സ്ഥിതി ചെയ്യുന്ന പുതുശ്ശേരി സെന്റ് സൈമൺസ് ക്നാനായ ദൈവാലയം.
വികാരി – ഫാ. മോനായി കെ. ഫിലിപ്പ് കർക്കടകംപള്ളിൽ, ട്രസ്റ്റി – ബോബൻ കുരുവിള കിഴക്കേകാഞ്ഞിരക്കാട്ട്, സെക്രട്ടറി – സിബി ഏബ്രഹാം പന്ത്രണ്ടാംകുഴിയിൽ തുടങ്ങിയവർ പെരുന്നാൾ പരിപാടികൾ വിശദീകരിച്ചു.