Wednesday, January 1, 2025
Homeഅമേരിക്കഈ കാരുണ്യസ്പർശം നിലച്ചിട്ട് ഇന്നേക്ക് ഒരു വർഷം..... 'ഉയർത്തെഴുന്നേറ്റവൻ' (നർമ്മകഥ) ✍ സുജ...

ഈ കാരുണ്യസ്പർശം നിലച്ചിട്ട് ഇന്നേക്ക് ഒരു വർഷം….. ‘ഉയർത്തെഴുന്നേറ്റവൻ’ (നർമ്മകഥ) ✍ സുജ പാറുകണ്ണിൽ

സുജ പാറുകണ്ണിൽ

നരകവാതിൽക്കൽ ശക്തിയായി മുട്ടുന്നത് കേട്ടാണ് ലൂസിഫർ വാതിൽ തുറന്നത്. മുന്നിൽ പാറിപ്പറന്ന മുടിയും കീറിയ ഷർട്ടുമിട്ട ഒരാൾ. ഇങ്ങനെ ഒരാൾ വരുന്ന അറിയിപ്പൊന്നും കിട്ടിയിരുന്നില്ലല്ലോ. ലൂസിഫർ അയാളെ സൂക്ഷിച്ചു നോക്കി. ആളെ തിരിച്ചറിഞ്ഞതും ചെകുത്താന്മാരുടെ രാജാവ് ഞെട്ടി.

ഇയാളെ ഇങ്ങോട്ട് കൊണ്ടുവരാൻ എന്തെല്ലാം പരിശ്രമങ്ങൾ നടത്തി. ഒന്നും ഫലം കണ്ടില്ല. അവസാനം സാരി ഉടുത്തു സ്ത്രീ രൂപത്തിൽ താൻ തന്നെ നേരിട്ടിറങ്ങി. എന്നിട്ടും കാര്യമുണ്ടായില്ല. തന്റെ പടയാളികൾ എല്ലാം കൂടി ഇയാളെ ഒന്നിച്ചാക്രമിച്ചു. അപമാനിച്ചു. മാധ്യമങ്ങളുടെ മുന്നിലേക്കിട്ടുകൊടുത്തു. കല്ലെറിഞ്ഞു. അധികാരത്തിൽ നിന്നും താഴെയിറക്കി. ഒന്നും അയാളെ ബാധിച്ചില്ല. ക്രൂശിതന്റെ മുന്നിൽ മുട്ടുകുത്തി ക്രൂശിതനോളം പീഡാസഹനം അയാൾ ഹൃദയത്തിൽ ഏറ്റുവാങ്ങി. നന്മകൾ മാത്രം ചെയ്ത് സഹജീവികളെ സ്നേഹിച്ച നസ്രായനെ പോലെ അയാൾ നടന്നുകൊണ്ടേയിരുന്നു. ആരേയും ദ്വേഷിച്ചില്ല. ആരോടും പകരം വീട്ടിയില്ല. ഒരു വൈരാഗ്യവും ഹൃദയത്തിൽ സൂക്ഷിച്ചില്ല. പാവങ്ങൾക്കിടയിലൂടെ അവരെക്കാൾ പാവപ്പെട്ടവനായി ഒന്നിനെക്കുറിച്ചും അവകാശവാദങ്ങളില്ലാതെ അയാൾ നടന്നുകൊണ്ടേയിരുന്നു.
“പുണ്യാളൻ” എന്ന് പരിഹസിച്ചവർ തന്നെ ഹൃദയത്തിൽ നിന്നും അയാളെ “പുണ്യാളാ” എന്ന് വിളിച്ചു.

താനും തന്റെ സൈന്യവും അയാൾക്കു മുൻപിൽ തോറ്റുമടങ്ങി. തന്റെ രാജസിംഹാസനം അയാളുടെ വ്യക്തിപ്രഭാവത്തിന് മുൻപിൽ ഒന്നുമല്ലാതെയായി. അയാളെ കാണുന്നവർ, അയാളുടെ സാന്ത്വനസ്പർശം ലഭിക്കുന്നവർ പതിന്മടങ്ങു ഊർജ്ജസ്വലരായി അയാളുടെ പിന്നാലെ നന്മയുടെ വഴിയേ നടന്നു.

അയാളുടെ മരണം, രാജാവായ തന്നെ, തോൽവിയുടെ അവസാനത്തെ പടുകുഴിയിലേക്ക് വീഴിച്ചു. കാരണം അയാൾക്കു ഉയർത്തെഴുന്നേൽക്കാൻ മൂന്ന് ദിവസം കാത്തിരിക്കേണ്ടി വന്നില്ല. മരിച്ച നിമിഷം തന്നെ ലക്ഷക്കണക്കിന് ജനഹൃദയങ്ങളിൽ അയാൾ ഉയർത്തെഴുന്നേറ്റു.

“ഇപ്പോഴെന്തിനാണ് കരുണയുള്ള കണ്ണുകളും നന്മ നിറഞ്ഞ പുഞ്ചിരിയുമായി നേരെ സ്വർഗത്തിലേക്ക് പോകാതെ ഇയാൾ ഇങ്ങോട്ട് വന്നിരിക്കുന്നത്?” വേറെ ആരെയും ഇങ്ങോട്ട് കൊണ്ടുവരാൻ ഇത്രയും പരിശ്രമം താൻ നടത്തിയിട്ടില്ല. ഇപ്പോഴിതാ വിളിക്കാതെ നരകവാതിൽക്കൽ പാറിപ്പറന്ന മുടിയും കീറിയ ഷർട്ടുമായി ആ രാഷ്ട്രീയക്കാരൻ.
“എന്തു വേണം?”
“ബ്ബ… ബ്ബ.. ബ്ബ..” അയാൾ എന്തോ പറയാൻ ശ്രമിച്ചു. ചെകുത്താന് കോപം ഇരച്ചു കയറി.
“നേരെ സ്വർഗത്തിലേക്ക് പൊയ്ക്കൂടായിരുന്നോ. എന്തിനാണ് ഇങ്ങോട്ട് വന്നത്?”
“അതല്ല സഹോദരാ… സ്വർഗത്തിൽ എല്ലാവരും സന്തുഷ്ടരാണ്. ഇവിടെ അങ്ങനെയല്ലല്ലോ. ഇവിടുള്ളവർക്ക് വേണ്ടി എന്തെങ്കിലും ചെയ്യാൻ കഴിഞ്ഞാലോ. അതുകൊണ്ടാണിങ്ങോട്ട് വന്നത്.”
അയാൾ പോക്കറ്റിൽ നിന്നു ഡയറിയും പേനയും എടുത്തു. കൂടുതൽ സമയം ഇയാളെ ഇവിടെ നിർത്തിയാൽ താനും ഇയാളുടെ ആരാധകനായി മാറുമോ എന്ന് ലൂസിഫർ ഭയന്നു. തന്റെ സാമ്രാജ്യമായ നരകം ഇയാളൊരു സ്വർഗമാക്കി മാറ്റുമോയെന്ന് ചെകുത്താൻ പേടിച്ചു. നരകവാസികൾക്കു വേണ്ടി തന്നോട് യാചിക്കുന്ന അയാളെ ഒരുവിധം പുറത്താക്കി ലൂസിഫർ കതകു ചേർത്തടച്ചു. അതിനു ശേഷം, ചതിച്ചും കുതികാൽ വെട്ടിയും പാര വച്ചും താൻ നേടിയെടുത്ത സിംഹാസനത്തിൽ ലൂസിഫർ അമർന്നിരുന്നു.

സുജ പാറുകണ്ണിൽ✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments