സെൻട്രൽ ഫ്ലോറിഡ: സെൻട്രൽ ഫ്ലോറിഡയിലെ വെസ്റ്റ് ഹൈവേ 40ൽ 53 കർഷക തൊഴിലാളികളുമായി തണ്ണിമത്തൻ വിളവെടുപ്പ് നടത്തുന്ന ഡുനെലോണിലെ കാനൺ ഫാമിലേക്ക് പോയ ബസ് ഇടിച്ച് മറിഞ്ഞ് എട്ട് പേർ മരിച്ചു. മുപ്പത്തിയെട്ട് പേർക്ക് പരിക്കേറ്റു, അവരിൽ എട്ട് പേർ ഗുരുതരാവസ്ഥയിലാണ്, 30 പേർക്ക് ജീവൻ അപകടത്തിലാവാത്ത പരിക്കുകളുണ്ടെന്ന് മരിയോൺ കൗണ്ടി ഫയർ റെസ്ക്യൂ അറിയിച്ചു. ഗുരുതരമായി പരിക്കേറ്റ ബസ് യാത്രക്കാരുടെ അവസ്ഥ കാരണം മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് ഹൈവേ പട്രോളിംഗ് പറഞ്ഞു.
രാവിലെ 6:35 ഓടെ, 2010 ലെ ഇൻ്റർനാഷണൽ ബസും 2001 ലെ ഫോർഡ് റേഞ്ചർ ട്രക്കും എതിർദിശയിലേക്ക് പോകുമ്പോൾ ട്രക്ക് മധ്യരേഖയിലേക്ക് തിരിയുകയും വാഹനങ്ങൾ “സൈഡ്സ്വൈപ്പ് രീതിയിൽ” കൂട്ടിയിടിക്കുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
ബസ് വെസ്റ്റ് ഹൈവേ 40-ൽ നിന്ന് തെന്നിമാറി, വേലിയിലൂടെ കടന്ന് മറിയുകയായിരുന്നുവെന്ന് അധികൃതർ പറഞ്ഞു. ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ കഴിയുന്നവരിൽ ട്രക്ക് ഡ്രൈവറും ഉൾപ്പെടുന്നു.
മെക്സിക്കൻ വിദേശകാര്യ സെക്രട്ടറി അലിസിയ ബാർസെനയുടെ അഭിപ്രായത്തിൽ, അപകടത്തിൽപ്പെട്ട ഫാം തൊഴിലാളികളിൽ ചിലർ മെക്സിക്കൻ വംശജരാണ്. ദുരിതബാധിതരെ സഹായിക്കുകയാണെന്ന് ഒർലാൻഡോയിലെ മെക്സിക്കൻ കോൺസുലേറ്റ് അറിയിച്ചു.