ഹൂസ്റ്റൺ: സുവർണ ജൂബിലി നിറവിലായിരിക്കുന്ന ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമാ ഇടവകയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന “ട്രിനിറ്റി ഫെസ്റ്റ്” വിജയകരമായി നടത്തുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ഗോൾഡൻ ജൂബിലി കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
ഏപ്രിൽ 6 നു ശനിയാഴ്ച ട്രിനിറ്റി മാർത്തോമാ ദേവാലയത്തിലും ദേവാലയാങ്കണത്തിലും ട്രിനിറ്റി സെന്ററിലും സൺഡേ സ്കൂൾ ഹാളിലുമായി നടക്കുന്ന പരിപാടികൾ ഉച്ചകഴിഞ്ഞു 1.30നു ആരംഭിക്കും.ഏകദേശം 8 മണിക്കൂർ നീണ്ടുനിൽക്കുന്ന വൈവിധ്യമാർന്ന പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്.
1.30 മുതൽ 4.30 വരെ വിവിധ സെമിനാറുകൾ നടക്കും. ഡോ.ജോസഫ് ഉമ്മനും ഡോ.സ്മിത ഉമ്മനും മെഡിക്കൽ സെമിനാറിനു നേതൃത്വം നൽകും. നിഷ ആൻ മാത്യൂസ് എസ്റ്റേറ്റ് പ്ലാനിംഗ് ആൻഡ് പ്രോബെറ്റ് സെഷനും, വി.വി.ബാബുക്കുട്ടി സി.പി.എ ഇൻവെസ്റ്റ്മെന്റ് ആൻഡ് റിട്ടയർമെൻറ് സെഷനും നേതൃത്വം നൽകും .
4.30 മുതൽ നടക്കുന്ന ഒരു മണിക്കൂർ സ്ട്രീറ്റ് ലൈവ് മ്യൂസിക്ക് പ്രോഗ്രാമിൽ ഇടവകയിലെ ഗായകരും കവികളും ശ്രുതിമധുരമായ ഗാനങ്ങളും കവിതകളും അവതരിപ്പിയ്ക്കും. തുടർന്ന് കലാ സാംസ്‌കാരിക പരിപാടികൾ ആരംഭിക്കും. ഇടവകയിലെ നിരവധി കലാകാരന്മാരും കലാകാരികളും അണിനിരന്നു അവതരിപ്പിക്കുന്ന വര്ണപ്പകിട്ടാർന്ന പരിപാടികൾ 5.30 മുതൽ ആരംഭിക്കും. ബിൻസി കൊച്ചമ്മ രചന നിർവഹിച്ച് വിജു വര്ഗീസിന്റെ സംവിധാന മികവിൽ അവതരിപ്പിയ്ക്കുന്ന “അമൃതം ഗമയ” ലഘു നാടകത്തിൽ ഇടവകയിലെ 25 കലാപ്രതിഭകൾ തകർത്തഭിനയിക്കും. യുവജനങ്ങൾക്കു വേണ്ടി ബാസ്കറ്റ് ബോൾ ഫ്രീ ത്രോ മത്സരവും ഉണ്ടായിരിക്കും.
നാടൻ രുചിക്കൂട്ടുകളുടെ കലവറ ഒരുക്കി വിവിധ ഭക്ഷണ ശാലകൾ ട്രിനിറ്റി ഫെസ്റ്റിനെ മികവുറ്റതാക്കും. കപ്പ മീൻ കറി, പൊറോട്ട, ബീഫ് കറി, മസാല ദോശ, ഓംലെറ്റ് തുടങ്ങി വിവിധ ഫുഡ് കൗണ്ടറുകൾ ഒരുങ്ങി കഴിഞ്ഞു. തട്ടുകടയുടെ ഒരുക്കങ്ങളും തുടങ്ങികഴിഞ്ഞു മെഡിറ്ററേനിയൻ ഭക്ഷണശാലയും ഐസ്ക്രീം കൗണ്ടറും ഉണ്ടായിരിക്കും. 4.30 മുതൽ ഹൂസ്റ്റണിലെ മാധ്യമപ്രവർത്തകരെ പങ്കെടുപ്പിച്ചു കൊണ്ട് പത്രസമ്മേളനവും ക്രമീകരിച്ചിട്ടുണ്ട്.
1974 ൽ സ്ഥാപിതമായ ഇടവകയിൽ ഇപ്പോൾ 400 ൽ പരം കുടുംബങ്ങളുണ്ട് . വികാരി റവ.സാം കെ.ഈശോ (പ്രസിഡണ്ട്), അസി. വികാരി റവ.ജീവൻ ജോൺ (വൈസ് പ്രസിഡണ്ട്) എന്നിവരുടെ നേതൃത്വത്തിൽ ഷാജൻ ജോർജ് ജന.കൺവീനറും തോമസ് മാത്യു (ജീമോൻ റാന്നി) കോ.കൺവീനറും ജോജി ജേക്കബ് (പ്രോഗ്രാം) ടി.എ. മാത്യു (പ്രയർ സെൽ) റജി ജോർജ് (സുവനീർ) പുളിന്തിട്ട ജോർജ് (ഫിനാൻസ്) ജോൺ ചാക്കോ (ഫുഡ്) എബ്രഹാം ഇടിക്കുള (മിഷൻസ് – ഇന്ത്യ/ലോക്കൽ) രാജൻ ഗീവർഗീസ് (റിസപ്ഷൻ) എം.ടി.മത്തായി (മീഡിയ ആൻഡ് പബ്ലിക് റിലേഷൻസ്) റോജിൻ ഉമ്മൻ (ക്വയർ) സബ് കമ്മിറ്റ കൺവീനർമാരുമായി 100 ൽ പരം അംഗങ്ങൾ വിവിധ കമ്മിറ്റികളിലായി സുവർണ ജൂബിലി പരിപാടികളുടെ വിജയത്തിനായി പ്രവർത്തിച്ചു വരുന്നു.
മെയ് 19 നു മാർത്തോമാ സഭാദ്ധ്യക്ഷൻ അഭിവന്ദ്യ ഡോ.തിയോഡോഷ്യസ് മാർ തോമ മെത്രാപോലിത്ത ഇടവക സന്ദർശിക്കും. ഓഗസ്റ്റ് 10 നു ശനിയാഴ്ച ജൂബിലി ഗ്രാൻഡ് ഫിനാലെ നടക്കും. ഓഗസ്റ്റ് 11 നു ഞായറാഴ്ച 50 – മത് ഇടവകദിനവും വിശുദ്ധകുര്ബാനയും നടക്കും. നോർത്ത് അമേരിക്ക ഭദ്രാസന അദ്ധ്യക്ഷൻ അഭിവന്ദ്യ എബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പ ശുശ്രൂഷകൾക്കു നേതൃത്വം നൽകും.