പരോപകാരായ ഫലന്തിവൃക്ഷ
പരോപകാരായ വഹന്തി നദ്യ
പരോപകാരായ ചരന്തി ഗാവ
പരോപകാരാർത്ഥ മിദം ശരീരം
ഭാരതീയ ദാർശനികരിൽ പ്രമുഖനായ ഭർത്തൃഹരിയുടെ ചിന്തോദ്ദീപകമായ “നീതിശതക “ത്തിൽനിന്നും ഉദ്ധരിച്ച വരികളാണ് മുകളിൽ കൊടുത്തിരിക്കുന്നത്. കായ്കളുടെ ഭാരത്താൽ വൃക്ഷങ്ങൾ തലകുനിച്ചു നിൽക്കുകയാണ്. പുതുമഴത്തുള്ളികളുമായി ആകാശത്തുകൂടി പോകുന്ന മേഘശകലങ്ങളും നമസ്ക്കരിക്കുന്നു – കൂടുതൽ താഴ്ന്നുവരുന്നു. ഒന്ന് മനസ്സിലാക്കുക, സജ്ജനങ്ങൾ ധനമോ പദവിയോകൊണ്ടോ അഹങ്കരിക്കുന്നില്ല. ഫലവൃക്ഷങ്ങളും മഴമേഘങ്ങളും ഒക്കെ പരോപകാരികളുടെ പ്രതീകങ്ങളാണെന്നും അവയിൽ നിന്നും സാധനാപാഠമുൾക്കൊണ്ട് പരോപകാരികളായി വർത്തിക്കണമെന്നും കവി നമ്മേ ഉപദേശിക്കുകയാണ്. വൃക്ഷങ്ങൾ അവയെ വെട്ടിമുറിക്കാൻ വരുന്നവനുപോലും താഴെവീഴുംവരെ തണലേകുന്നു. മാവുകൾ ഒറ്റ മാമ്പഴംപോലും സ്വന്തം ആവശ്യത്തിനെടുക്കാറില്ലെന്നുമാത്രമല്ല, വഴിയെ പോകുന്നവൻ്റെയൊക്കെ കല്ലേറും ഏറ്റുവാങ്ങുകയും ചെയ്യുന്നു. ഇതെല്ലാം എന്തിനുവേണ്ടി? മധുരമൂറുന്ന മാമ്പഴം ജനങ്ങൾക്കു നൽകുന്നതിനു വേണ്ടിയാണ്. തെളിനീർജലവുമായി സമുദ്രാഭിമുഖമായി ഒഴുകുന്ന നദിയാകട്ടെ, താൻ പോകുന്ന സ്ഥലത്തുള്ള ജനങ്ങൾക്കെല്ലാം കുളിർനീരു നൽകുന്നു. ഒരു തുള്ളി പോലും സ്വന്തം ആവശ്യത്തിനായി എടുക്കുന്നില്ല. പക്ഷിമൃഗാദികളും വായുവും മണ്ണും എല്ലാംതന്നെ പരോപകാരികളായി വർത്തിക്കുന്നുണ്ട്. എന്നാൽ ദൈവസൃഷ്ടികളിൽ വെച്ച് സമ്പൂർണ്ണ സൃഷ്ടിയെന്നഭിമാനിക്കുന്ന മനുഷ്യനോ? പ്രകൃതിയിലുള്ള സകല ചരാചരങ്ങളും തൻ്റെ സുഖത്തിനു വേണ്ടി നിലനിൽക്കണമെന്ന് വിചാരിച്ച് സ്വാർത്ഥമോഹിയായി പ്രവർത്തിക്കുകയാണ്. മണൽ വാരി നദീതടം ക്ഷയോന്മുഖമാക്കുന്നു. വനം മുഴുവനും വെട്ടിക്കളഞ്ഞ് പ്രകൃതിയുടെ സന്തുലിതാവസ്ഥതന്നെ നഷ്ടപ്പെടുത്തുകയാണ്. വന്യമൃഗങ്ങൾക്കോ വനവിഭവങ്ങൾ കൊണ്ട് കാലായാപനം കഴിക്കുന്ന ആദിവാസികൾക്കുപോലുമോ ജീവിക്കാൻ നിവൃത്തിയില്ലാത്തവിധം വനം കൈയ്യേറുകയാണ്. അതിന് ഭരണകൂടം ഒത്താശ ചെയ്തുകൊടുക്കുന്നു. ഒന്ന് മനസ്സിലാക്കുക വരും തലമുറയുടെ സുസ്ഥിതി ഉറപ്പു വരുത്തേണ്ട ചുമതല നമ്മുടേതാണെന്ന കാര്യം മറന്നു കൊണ്ടാണ് ഇന്നത്തെ അത്യാഗ്രഹിയായ മനുഷ്യർ പെരുമാറുന്നത്. നാം പ്രകൃതിക്കു അധീശരല്ല അധീനരാണ്. ധൂർത്തർ ആർത്തരായി മരിക്കും. മറ്റുള്ളവരെയും അർത്തരാക്കുകയും ചെയ്യും.
സജ്ജനങ്ങളുടെ ശരീരംപോലും പരോപകാരത്തിനു വേണ്ടി അർപ്പിക്കപ്പെട്ടതാണ്. അന്യജീവനുതകി സ്വജീവിതം ധന്യമാക്കു മമലേ വിവേകികൾ എന്ന ഒരു കവിവാക്യം ഞാൻ ഇവിടെ ഓർക്കുകയാണ്. എന്നാൽ സ്വന്തം കാര്യം നോക്കുന്നത് സ്വാർത്ഥതയല്ല. അന്യരുടെ കാര്യം അവഗണിക്കുന്നതാണ് സ്വാർത്ഥത. സ്വന്തം കാര്യം നോക്കാത്തവർ ലോകത്തിൽ ആരേങ്കിലും ഉണ്ടാകുമോ? “എനിക്ക് എങ്ങനെയും ജീവിക്കണം”” അവിടെയാണ് സ്വാർത്ഥത. എന്നാൽ ‘എനിക്കും ജീവിക്കണം’’ എന്നിയിടത്ത് സ്വാർത്ഥത ഇല്ല. അന്യജീവനുതകിജീവിക്കുമ്പോൾ കിട്ടുന്ന ആത്മസംതൃപ്തിയാണ് സ്വർഗ്ഗം. പരക്ലേശ വിവേചനമില്ലാത്തവനാണ് പിശാച്. അവൻ പെരുമാറുന്നിടം നരകമായിരിക്കും. അതുപോലെതന്നെ, ആരാണ് ബന്ധു? അന്യനാണെങ്കിലും ഹിതം അനുഷ്ഠിക്കുന്നവനാരോ അവനാണ് ബന്ധു. നമ്മുടെ നന്മയ്ക്കുതകുന്നത് നാം അപേക്ഷിക്കാതെയും പ്രത്യുപകാരമൊന്നും ആശിക്കാതെയും ആരു ചെയ്യുന്നുവോ അവനാണ് ഉത്തമബന്ധു. അയാൾ ചിലപ്പോൾ അന്യനോ അപരിചിതൻപോലുമോ ആയേക്കാം. എങ്കിലും ഉത്തമ ബന്ധുവായി സ്വീകരിക്കേണ്ടത് അവനെയാണ്. സ്വന്തം കാര്യം ഉപേക്ഷിച്ചും അന്യരുടെ കാര്യം ചെയ്യുന്നവൻ ഉത്തമൻ തന്നെയാണ്. സ്വാർത്ഥം വിടാതെ മറ്റുള്ളവർക്കുവേണ്ടിക്കൂടി പ്രവർത്തിക്കുന്നവൻ മദ്ധ്യമനാണ്. എന്നാൽ സ്വന്തം കാര്യസാധ്യത്തിനായി പരഹിതം ബലികഴിക്കുന്നവൻ അധമനാണ്.ഇനി ഇതിലും വിട്ട് വേറെ ഒരു കൂട്ടരുണ്ട്, പരഹിതത്തെ അനാവശ്യമായി ബലികഴിക്കുന്നവർ. അവരെ ഏതു വകുപ്പിൽ പെടുത്തണമെന്ന് എനിക്കറിയില്ല.
ഒന്ന് മനസ്സിലാക്കുക! ഉത്തമ സുഹൃത്ത് ആപത്തിൽ ഉപേക്ഷിക്കുകയില്ല. മാത്രമല്ല സന്ദർഭാനുസരണം സഹായിക്കുകയും ചെയ്യും. He alone lives who lives for others എന്ന സ്വാമി വിവേകാനന്ദ വചനം ഇന്നും ഏറെ പ്രസക്തമാണ്. മനസ്സ്, ശരീരം, വാക്ക് ഇവ കൊണ്ട് സൽക്കർമ്മം ചെയ്യുന്നതിൽ തത്പരതയും പരോപകാരത്താൽ അന്യരിൽ സന്തോഷം പകർന്നും ഹൃദയാഹ്ലാദത്തോടെ ജീവിക്കാൻ കഴിയുന്നവരാണ് സജ്ജനങ്ങൾ. ദു:ഖിതരിൽ ദയ കാണിക്കുകയും വിനയത്തോടെ പെരുമാറുകയും ശത്രുവിനെപ്പോലും വെറുക്കാതിരിക്കുകയും ക്ഷമപാലിക്കുകയും ചെയ്യുന്നവരും സജ്ജനങ്ങൾ തന്നെ. അവർ വസിക്കുന്നിടം സ്വർഗ്ഗവുമാണ്.
നന്നായിട്ടുണ്ട്
മികച്ച അവതരണം

പരോപകാരമേ പുണ്യം


അഭിപ്രായം പറഞ്ഞ സജി ,മേരി ,ഷീഫ ,സിതാര ക്കും നന്ദിയുണ്ട്
അതെ ഗുരുജി . ഈ ജഗത്ത് മുഴുവൻ പരോപകാരാർത്ഥമായ് സൃഷ്ടിക്കപ്പെട്ടതാണ്. അതിൽ സ്വാർത്ഥമതികളായ മനുഷ്യൻ മാത്രം പര ക്‌ളേശ വിവേചനമില്ലാതെ പിശാചിനെ പോലെ വർത്തിക്കുന്നു. നന്ദി ഗുരുജി.. നമസ്ക്കാരം
സരോജിനി അഭിപ്രായം വളരെ ഇഷ്ടപ്പെട്ടു. നന്ദി
മനോഹരം
Simasanker! അഭിപ്രായത്തിന് നന്ദിയുണ്ട്