ഫിലഡൽഫിയ – ഫിലഡൽഫിയയിലെ ഹോംസ്ബർഗ് സെക്ഷനിൽ വെള്ളിയാഴ്ച രാത്രി മൂന്ന് കാറുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഷിബിൻ സോണി എന്ന പതിനേഴുകാരൻ മരിക്കുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
വെള്ളിയാഴ്ച രാത്രി സിനിമ കാണാൻ സുഹൃത്തുക്കളോടൊപ്പം പോയ 17 വയസ്സുള്ള നോർത്ത് ഈസ്റ്റ് ഹൈസ്‌കൂൾ വിദ്യാർത്ഥി ഷിബിൻ സോണി ഹോംസ്ബർഗിൽ വാഹനാപകടത്തിൽ കൊല്ലപ്പെട്ടതായി പോലീസ് അറിയിച്ചു. കൂട്ടിയിടിയിൽ മറ്റ് അഞ്ച് പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നും ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണെന്നും പോലീസ് പറഞ്ഞു.
രാത്രി 9 മണിക്ക് ശേഷമാണ് അപകടമുണ്ടായതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു, സ്റ്റേറ്റ് റോഡിൽ നിന്നും വന്ന നിസ്സാൻ എസ്‌യുവി ആഷ്‌ബേർണർ സ്ട്രീറ്റിലേക്ക് ഇടത്തേക്ക് തിരിയാൻ ശ്രമിച്ചപ്പോൾ സ്റ്റേറ്റ് റോഡിൽ എതിർദിശയിൽ വേഗതയിൽ വന്ന ഹോണ്ടയിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട ഹോണ്ട ഒരു ഫോർഡ് എസ്കേപ്പ് കാറിൽ ഇടിച്ചു. ഫോർഡ് എസ്കേപ്പിൽ ഇടിക്കുന്നതിന് മുമ്പ് യൂട്ടിലിറ്റി തൂണിൽ ഇടിച്ചു. 17 കാരനായ ഷിബിൻ സോണി എന്ന യാത്രക്കാരൻ ഉൾപ്പെടെ മൂന്ന് പേർ ഹോണ്ടയ്ക്കുള്ളിൽ ഉണ്ടായിരുന്നു. ഷിബിൻ സംഭവസ്ഥലത്ത് തന്നെ മരിച്ചതായി സ്ഥിരീകരിച്ചു. ഹോണ്ടയുടെ ഡ്രൈവറെയും മറ്റൊരു യാത്രക്കാരനെയും ജെഫേഴ്സൺ ടോറസ്‌ഡെയ്ൽ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി, അവരുടെ നില “അങ്ങേയറ്റം ഗുരുതരാവസ്ഥയിൽ” എന്ന് പോലീസ് പറഞ്ഞു.
ഫോർഡ് എസ്‌കേപ്പിലെ മൂന്ന് പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പോലീസ് അറിയിച്ചു. ആ കാറിലുണ്ടായിരുന്ന ആളുകളുടെ പ്രായമോ ലിംഗഭേദമോ പോലീസ് നൽകിയിട്ടില്ല. അതേസമയം, ഹോണ്ടയിൽ ഇടിച്ച നിസാൻ എസ്‌യുവി, അധികൃതർ എത്തുന്നതിന് മുമ്പ് സംഭവസ്ഥലത്ത് നിന്ന് ഓടിച്ചുപോയി, കാറിൽ എത്രപേരുണ്ടെന്നോ എവിടേക്കാണ് പോയതെന്നോ വ്യക്തമായിട്ടില്ല. അപകടത്തെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.