Thursday, December 26, 2024
Homeഅമേരിക്കറെക്സ് റോയിയുടെ നോവൽ ആരംഭിക്കുന്നു .. ‘വ്യവസായിയും നോവലിസ്റ്റും’ (ഭാഗം - 1)

റെക്സ് റോയിയുടെ നോവൽ ആരംഭിക്കുന്നു .. ‘വ്യവസായിയും നോവലിസ്റ്റും’ (ഭാഗം – 1)

റെക്സ് റോയി

അദ്ധ്യായം 1

തടങ്കലിൽ

“ഹേയ്, ആരാ നിങ്ങൾ ? ” ഞാൻ കട്ടിലിൽ നിന്ന് ചാടി എണീറ്റു കൊണ്ട് ചോദിച്ചു.
ക്രൂര മുഖമുള്ള രണ്ടു തടിയന്മാർ . അവർ പരസ്പരം ഒന്നു നോക്കി , ഭാവഭേദം ഒന്നും കൂടാതെ മുറിക്കുള്ളിലേക്ക് കയറി. ഒരാളുടെ കയ്യിൽ ഉള്ള ട്രേയിൽ എന്തൊക്കെയോ ഇരിക്കുന്നു.
” ആരാ നിങ്ങൾ ? നിങ്ങൾക്ക് എന്താ വേണ്ടത് ? എന്തിനാ എന്നെ ഈ മുറിയിൽ പൂട്ടിയിട്ടിരിക്കുന്നത് ? ” ഞാൻ വിറയലോടെ ചോദിച്ചു.
ട്രേയുമായി വന്ന തടിയൻ മേശയ്ക്ക് അരികിലേക്ക് ചെന്ന് ട്രേ മേശമേൽ വച്ചു. മറ്റേ തടിയൻ വാതിക്കൽ തന്നെ നിൽക്കുകയാണ്. ഞാൻ വാതിലിനു നേരെ കുതിച്ചു. ഒരു നിമിഷം, എന്തോ ശക്തിയായി എൻറെ നെഞ്ചത്ത് ഇടിക്കുകയും ഞാൻ കട്ടിലിലേക്ക് തെറിച്ചു വീഴുകയും ചെയ്തു. വാതിൽക്കൽ നിന്ന തടിയൻ എന്നെ കട്ടിലിലേക്ക് തള്ളിയിട്ടതാണ്.
” എടുത്ത് തിന്നെടാ ” ട്രേയുമായി വന്ന തടിയൻ മേശയിലേക്ക് ചൂണ്ടി ആക്രോശിച്ചു.
എന്നിട്ട് മുറിയിൽ നിന്ന് ഇറങ്ങി വാതിൽ ശക്തിയായി അടച്ചു .
ആരാണവർ ? എന്തിനാണ് എന്നെ ഇവിടെ പൂട്ടിയിട്ടിരിക്കുന്നത് ? ഇത് എവിടെയാണ് ?
ഞാൻ വാതിലിന്റെ അടുത്തേക്ക് ചെന്ന് അത് തുറക്കാൻ നോക്കി. അത് പുറത്തുനിന്ന് പൂട്ടിയിരിക്കുന്നു. ഞാൻ വാതിലിൽ ശക്തിയായി ഇടിക്കുകയും ഒച്ചയുണ്ടാക്കുകയും ചെയ്തു. ബലവത്തായ വാതിൽ. എൻറെ ശബ്ദമല്ലാതെ മറ്റൊന്നും കേൾക്കാനുമില്ല. എനിക്ക് തല ചുറ്റുന്നത് പോലെ തോന്നി. ഞാൻ തിരികെ കട്ടിലിൽ ചെന്ന് കിടന്നു. ഞാൻ കണ്ടിട്ടുള്ള അധോലോക സിനിമകളിലെ ചില രംഗങ്ങൾ പോലെയുണ്ട്. ഞാൻ സ്വപ്നം കാണുകയാണോ ?

ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞു കാണും . വാതിൽ വീണ്ടും തുറന്നു . നേരത്തെ വന്ന രണ്ടു തടിയൻമാർ വീണ്ടും വന്നിരിക്കുന്നു.
” എടുത്തു കഴിക്കെടാ” ഒരാൾ മേശയിലേക്ക് വിരൽ ചൂണ്ടി ആക്രോശിച്ചു. ആ ശബ്ദത്തിന്റെ തീവ്രതയിൽ ഞാൻ ഒരു നിമിഷം സ്തംഭിച്ച് നിന്നുപോയി.
അവർ പോകാനായി തിരിഞ്ഞു.
” ആരാ നിങ്ങൾ ? എന്താ നിങ്ങൾക്ക് വേണ്ടത് ?” അവർ വാതിൽ അടച്ച് പോയി കഴിഞ്ഞിരുന്നു.
ഞാൻ വാതിലിൽ ശക്തിയായി ഇടിച്ചു. ” ഹേയ് , ആരാ നിങ്ങൾ ? എന്തിനാ എന്നെ ഇവിടെ പൂട്ടിയിട്ടിരിക്കുന്നത് ? എന്താ നിങ്ങൾക്ക് വേണ്ടത് ? ” മറുപടിയായി എൻറെ ശബ്ദത്തിന്റെ മാറ്റൊലികൾ മാത്രം.

ഞാൻ ആ മുറിയുടെ ചുറ്റും നോക്കി. അവർ മേശപ്പുറത്ത് കൊണ്ടുവെച്ച ട്രേയിൽ ഒരു കുപ്പി വെള്ളം ഇരിക്കുന്നു. എൻറെ നാവും തൊണ്ടയും വരളുന്നത് എനിക്ക് അനുഭവപ്പെട്ടു. ഞാൻ മുന്നോട്ടു ചെന്ന് ആ കുപ്പിയെടുത്ത് വെള്ളം വായിലേക്ക് ഒഴിച്ചു. നല്ല തണുത്ത വെള്ളം . അല്പം ആശ്വാസം തോന്നി. ആ ട്രേയിൽ ഒരു പാത്രത്തിൽ ജാം പുരട്ടിയ ഏതാനും പീസ് ബ്രഡ് ഇരിക്കുന്നത് ഞാൻ കണ്ടു. അത് കഴിക്കാൻ എനിക്ക് തോന്നുന്നില്ല. വിശപ്പല്ല, ഭയവും ആശങ്കയും ആണ് അപ്പോൾ എന്റെ മനസ്സിൽ നിറഞ്ഞുനിന്നത്. ഒരു കവിൾ വെള്ളം കൂടി കുടിച്ച ശേഷം ഞാൻ ആ കട്ടിലിൽ തിരികെ ചെന്നിരുന്നു. ഞാൻ ഇവിടെയെത്തുന്നതിനുമുമ്പ് നടന്ന കാര്യങ്ങൾ ഓരോന്നായി ഓർത്തെടുക്കുവാൻ ശ്രമിച്ചു.

ഞാൻ എന്തെടുക്കുകയായിരുന്നു. അതെ , ഗൗതം റസിഡൻസി ഇൻറർനാഷണൽ ഹോട്ടലിന്റെ ലോഞ്ച് ബാറിൽ ഇരുന്ന് ബിയർ കുടിക്കുകയല്ലായിരുന്നോ ? പിന്നെയെങ്ങനെയാണ് ഞാൻ ഇവിടെ എത്തിയത് ? എന്താണ് സംഭവിച്ചത് ?

സ്യൂട്ട് അണിഞ്ഞ രണ്ടുപേർ എന്റെ എതിർവശത്തുള്ള കസേരയിൽ വന്നിരുന്നത് ഞാൻ ഓർക്കുന്നു. അവർ ബിയർ ഓർഡർ ചെയ്തു. പിന്നെ എന്താണ് സംഭവിച്ചത് ? ദൈവമേ , ഒന്നും മനസ്സിലാകുന്നില്ലല്ലോ! ഞാൻ എങ്ങനെ ഈ മുറിയിൽ എത്തപ്പെട്ടു?
അവരുടെ കണ്ണുകളിൽ ഞാൻ എന്തോ ഒന്ന് ശ്രദ്ധിച്ചിരുന്നു. മനസ്സിനെ അലട്ടുന്ന എന്തോ ഒന്ന് . അവരിൽ ഒരാളുടെ കൈ തട്ടി ഒരു ഫോർക്ക് നിലത്ത് വീണത് ഞാൻ ഓർക്കുന്നു. ഞാനത് നിലത്തുനിന്ന് എടുത്തുകൊടുത്തു. എന്ത് മാന്യമായാണ് അവർ പെരുമാറിയത്. പക്ഷേ അവരുടെ കണ്ണുകളിൽ കണ്ട എന്തോ ഒന്ന് ഇപ്പോഴും എന്നെ അലട്ടുന്നു. ഞാൻ ഫോർക്ക് എടുക്കാൻ കുനിഞ്ഞപ്പോൾ എൻറെ ബിയറിൽ എന്തെങ്കിലും ചേർത്തിരിക്കുമോ ? ഞാൻ കുറേക്കൂടി ജാഗ്രത പാലിക്കേണ്ടിയിരുന്നു.

ഞാൻ മറ്റാരെയെങ്കിലും കണ്ടിരുന്നോ ? ഇല്ല , മറ്റൊന്നും ഓർമ്മിക്കാൻ കഴിയുന്നില്ല. ഞാൻ ആ ബാറിൽ ബിയർ നുണഞ്ഞു കൊണ്ടിരിക്കുകയായിരുന്നു. പിന്നീട് എന്ത് സംഭവിച്ചു? ഞാൻ എങ്ങനെ ഇവിടെ എത്തി? അവർ ബിയറിൽ മയക്കുമരുന്ന് കലർത്തി എന്നെ മയക്കി. എന്നാലും , ആ തിരക്കേറിയ ബാറിൽ നിന്നും എന്നെ എങ്ങനെ ഇവിടെ എത്തിച്ചു ? അവർ ബിയറിൽ മയക്കുമരുന്ന് കലർത്തിയതു തന്നെയാണ്. ഉറപ്പാണ്. അതുകൊണ്ടാണ് എനിക്ക് ഇപ്പോൾ ഇത്രയും ശക്തമായ തലവേദന അനുഭവപ്പെടുന്നത്. പക്ഷേ, എന്തിന് ? എന്തിനാണ് എന്നെ ഇവിടെ തടവിലിട്ടിരിക്കുന്നത് ?

പണത്തിനു വേണ്ടിയാണോ ? പക്ഷേ ഞാൻ ഒരു പണക്കാരൻ അല്ലല്ലോ! നിത്യജീവിതത്തിന് ബുദ്ധിമുട്ടുന്ന ഒരു പാവപ്പെട്ട എഴുത്തുകാരൻ ! ആരുടെയും കയ്യിൽ നിന്ന് പണം കടം വാങ്ങിയിട്ടില്ല. എൻറെ ഓർമ്മയിൽ ആരെയും ഞാൻ ദ്രോഹിച്ചിട്ടില്ല. സമൂഹത്തിലെ ഒരു പ്രമുഖ വ്യക്തിയോ നേതാവോ ഒന്നുമല്ല. പിന്നെ ?
പൈങ്കിളി സാഹിത്യം എഴുതിക്കൊണ്ടിരുന്ന എന്നോട് ബാലസാഹിത്യത്തിൽ ഒരു കൈ നോക്കാൻ പ്രസാധകർ ആവശ്യപ്പെട്ടു. ഇപ്പോൾ അതിനാണത്രേ കൂടുതൽ ഡിമാൻഡ് ! കുട്ടികൾക്ക് വേണ്ടിയുള്ള ഒരു നോവൽ എഴുതുന്നതിന്റെ ബദ്ധപാടിൽ ആയിരുന്നു ഞാൻ . പൈങ്കിളി വിട്ട് ബാലസാഹിത്യത്തിലേക്ക് ചുവട് മാറിയതിന്റെ ബുദ്ധിമുട്ട് ചില്ലറ ഒന്നുമല്ലായിരുന്നു. പൈങ്കിളി എഴുതിക്കൊണ്ടിരുന്നപ്പോൾ കിട്ടിയിരുന്ന ഒഴുക്ക് ഇപ്പോൾ കിട്ടുന്നില്ല. രണ്ടുദിവസമായി തുടരുന്ന രചനാ ശൂന്യത മറികടക്കാൻ ആണ് ഗൗതം റസിഡൻസി ഹോട്ടലിലെ ബാറിലേക്ക് പോയത്. എനിക്ക് വളരെ ഇഷ്ടപ്പെട്ട ഒരു സ്ഥലമാണത്. അവിടുത്തെ വിലനിലവാരം എനിക്ക് താങ്ങാവുന്നതിനപ്പുറമാണ്. പക്ഷേ ഒരു ബിയറും നുണഞ്ഞു കൊണ്ട് എത്ര നേരം വേണമെങ്കിലും ഇരിക്കാം. ആരും ശല്യപ്പെടുത്തുകയില്ല. ഹൈ ക്ലാസ് ആൾക്കാർ മാത്രം വരുന്ന സ്ഥലം ആയതുകൊണ്ട് ഒച്ചയും ബഹളവും ഇല്ലാത്ത വളരെ ശാന്തമായ സ്ഥലം. സമൂഹത്തിലെ ഉന്നതരായ ആൾക്കാർ ഒത്തുകൂടി തങ്ങളുടെ ബിസിനസ് കാര്യങ്ങൾ സംസാരിച്ചു ശാന്തരായി പിരിഞ്ഞു പോകുന്നു. അവിടെ ഒഴിഞ്ഞ മൂലയ്ക്ക് എത്ര നേരം ഇരുന്നാലും ആരും ശല്യപ്പെടുത്താൻ വരികയില്ല. അവിടുത്തെ വെയിറ്റർമാർ എല്ലാവരും എൻറെ സുഹൃത്തുക്കളും എൻറെ ആവശ്യങ്ങൾ അറിയുന്നവരുമാണ് . പിന്നെയെങ്ങനെ ? !!

എന്നെ യഥാർത്ഥത്തിൽ തട്ടിക്കൊണ്ടുവന്ന് തടവിലിട്ടിരിക്കുക തന്നെയാണോ ? അതോ ? !!

ഇനി ഞാൻ എഴുതിയ കഥകളിൽ ആരെയെങ്കിലും ഞാൻ വേദനിപ്പിച്ചോ? എൻറെ കഥകൾ മൂലം ആരുടെയെങ്കിലും ജീവിതമോ ബിസിനസ്സോ തകരാറിലായോ ? എൻറെ ചുറ്റുവട്ടത്തുള്ളവരിൽ നിന്നു തന്നെയാണ് എൻറെ കഥകൾക്കുള്ള പ്രചോദനം ഞാൻ ഉൾക്കൊണ്ടിരുന്നത് എന്നത് സത്യമാണ്. പക്ഷേ ആരുടെയും ജീവിതം തകർക്കുന്ന വിധത്തിൽ ഒന്നും ഞാൻ എഴുതിയതായിട്ട് ഓർക്കുന്നില്ല. എൻറെ കഥാപാത്രങ്ങൾ ആയിട്ടുള്ളവരിൽ ആരും എന്നോട് പിണക്കമോ പരിഭവമോ കാണിച്ചിട്ടുമില്ല. മനപ്പൂർവ്വം ആരെയും ദ്രോഹിച്ചിട്ടില്ല. പിന്നെ ?

ഞാൻ ചുറ്റും നോക്കി. ആ മുറിക്ക് ജനാലകൾ ഇല്ലായിരുന്നു. ഒരു ഭിത്തിയിൽ ഏറ്റവും മുകളിലായി ദീർഘചതുരാകൃതിയിലുള്ള ഒരു തുള എൻറെ ശ്രദ്ധയിൽപ്പെട്ടു. ഒരു കട്ടില് , ഒരു മേശ , ഒരു കസേര – ഇത്രയുമാണ് ആ ചെറിയ മുറിയിൽ ഉണ്ടായിരുന്നത്. വെളിച്ചം പകർന്നുകൊണ്ട് ഒരു ട്യൂബ് ലൈറ്റും , നല്ല വേഗതയിൽ കറങ്ങുന്ന ഒരു സീലിംഗ് ഫാനും .

ആ മേശ വലിച്ച് ആ ദ്വാരം കാണുന്ന ഭിത്തിയോട് ചേർത്തിട്ടശേഷം അതിൻറെ മുകളിൽ ആ കസേര എടുത്തുവച്ചാൽ അതിൽ കയറി എനിക്ക് തുളയിലൂടെ വെളിയിലേക്ക് നോക്കാൻ സാധിക്കുമായിരിക്കും. വേണ്ട. ഈ അവസ്ഥയിൽ അതിൻറെ മുകളിൽ കയറാൻ പറ്റുമെന്ന് തോന്നുന്നില്ല. മാത്രമല്ല, അതിൻറെ മുകളിൽ നിന്നെങ്ങാനും വീണുപോയാൽ ആരുണ്ട് സഹായിക്കാൻ . ആ ഗുണ്ടകൾ എന്നെ ആശുപത്രിയിൽ എത്തിക്കുന്നതിനു പകരം കൊന്ന് കുഴിച്ചുമൂടുകയായിരിക്കും ചെയ്യുക.
എന്നാലും ആരായിരിക്കും അവർ ? എന്നിൽ നിന്ന് എന്താണ് അവർക്ക് വേണ്ടത് ? ദൈവമേ, അവയവ കള്ളക്കടത്തുകാർ വല്ലോം ആയിരിക്കുമോ ? എൻറെ കിഡ്നിയും കരളുമൊക്കെ !!
ദാഹിച്ചിട്ട് വയ്യ ! കുപ്പിയിൽ അവശേഷിക്കുന്ന വെള്ളം ഞാൻ വായിലേക്ക് ഒഴിച്ചു.

ടക്ക് !!
എന്തെങ്കിലും ശബ്ദം കേട്ടോ ? ഞാൻ ചെവിയോർത്തു. പരിപൂർണ്ണ നിശബ്ദത . എനിക്ക് തോന്നിയതായിരിക്കും അല്ലേ ?

നിഗൂഢതയുടെ ഭയം……..
.
പേടിപ്പെടുത്തുന്ന നിശബ്ദത …….
ഏകാന്തത…….

തുടരും..

റെക്സ് റോയി✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments