Logo Below Image
Saturday, May 3, 2025
Logo Below Image
Homeഅമേരിക്കആ വെളിച്ചവും അണഞ്ഞു, സിസ്റ്റര്‍ മേരി ഹാമില്‍ട്ടണ്‍ ഓര്‍മ്മയാകുമ്പോള്‍ (വിന്‍സെന്റ് ഇമ്മാനുവല്‍)

ആ വെളിച്ചവും അണഞ്ഞു, സിസ്റ്റര്‍ മേരി ഹാമില്‍ട്ടണ്‍ ഓര്‍മ്മയാകുമ്പോള്‍ (വിന്‍സെന്റ് ഇമ്മാനുവല്‍)

വിന്‍സെന്റ് ഇമ്മാനുവല്‍

ആയുസ്സിന്റെ പകുതിയും ഇന്ത്യയില്‍ ജീവിച്ച്, ആതുരസേവനരംഗത്തിന് പുതിയ മാനങ്ങള്‍ നല്‍കിയ അമേരിക്കന്‍ നഴ്‌സിങ് അധ്യാപിക സിസ്റ്റര്‍ മേരി ഹാമില്‍ട്ടണ്‍ (സിസ്റ്റര്‍ മേരി അക്വിനാസ് എംഎംഎസ്) ഓര്‍മ്മയായിരിക്കുന്നു. വിദേശരാജ്യങ്ങളിലേക്ക് കുടിയേറിയ മലയാളി നഴ്‌സുമാരുടെ ആദ്യതലമുറയ്ക്ക് സിസ്റ്റര്‍ മേരി ഹാമില്‍ട്ടണുമായി അഭേദ്യമായൊരു ബന്ധമുണ്ട്. അവര്‍ക്കു വഴിയൊരുക്കിയ യഥാര്‍ത്ഥ നൈറ്റിംഗേല്‍ തന്നെയായിരുന്നു സിസ്റ്റര്‍ മേരി ഹാമില്‍ട്ടണ്‍. കേരളത്തേയും മലയാളികളേയും ഏറെ സ്‌നേഹിക്കുകയും ആതുരസേവനത്തിനായി ജീവിതം സമര്‍പ്പിക്കുകയും ചെയ്ത സിസ്റ്റര്‍ യാത്രയാകുമ്പോള്‍ അവസാനിക്കുന്നത് ആ ഗൃഹാതുരതയാണ്. ഇന്ന് അമേരിക്കയില്‍ മെഡിക്കല്‍ രംഗത്ത് സംജീവമായി ഇടപെടുന്ന തലമുതിര്‍ന്ന നിരവധി നഴ്‌സുമാര്‍ക്ക് നഷ്ടമാകുന്നത് ഈ മണ്ണില്‍ കാലുറച്ചു നില്‍ക്കാന്‍ അവരെ പഠിപ്പിച്ച പ്രീയപ്പെട്ട അധ്യാപികയെയയാണ്. സ്‌നേഹത്തിന്റേയും സേവനത്തിന്റേയും അണയാത്ത ഓര്‍മ്മകള്‍ ബാക്കിവെച്ച് സിസ്റ്റര്‍ കടന്നു പോയിരിക്കുന്നു.

ഇന്ത്യയില്‍ നീണ്ട നാലു പതിറ്റാണ്ടു കാലത്തെ സേവനപ്രവര്‍ത്തനങ്ങള്‍ക്കിടെ സിസ്റ്റര്‍ മേരി ഹാമില്‍ട്ടണ്‍ ഈ രാജ്യത്തിന്റെ ഭാഗം തന്നെയായി മാറി. 1950കളുടെ തുടക്കത്തില്‍ മിഷനറി പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് സിസ്റ്റര്‍ മേരി ഹാമില്‍ട്ടണ്‍ ഇന്ത്യയിലെത്തുന്നത്. ഭരണങ്ങാനം, കൊടൈക്കനാല്‍, ഡല്‍ഹി, ബീഹാര്‍ തുടങ്ങി ഇന്ത്യയില്‍ വിവിധ സ്ഥലങ്ങളില്‍ സിസ്റ്റര്‍ സേവനമനുഷ്ഠിച്ചു. നീണ്ട 43 വര്‍ക്കാലമാണ് സിസ്റ്റര്‍ ഇന്ത്യയിലുണ്ടായിരുന്നത്. ജോലി ചെയ്ത ഇടങ്ങളിലെല്ലാം തന്റെതായ ഇടമൊരുക്കാനും കൂടെയുള്ളവരെ ചേര്‍ത്തു പിടിക്കാനും സിസ്റ്ററിനു സാധിച്ചു. നഴ്‌സിങ് പഠിക്കാനായി എത്തിയ നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്ക് സിസ്റ്റര്‍ എല്ലാ രീതിയിലും അഭയമായി. നഴ്‌സിങ്ങിന്റെ ആദ്യാപാഠങ്ങള്‍ക്കൊപ്പം പൊതു സമൂഹത്തില്‍ എങ്ങനെ ഇടപെടണമെന്നും സാമൂഹിക മര്യാദകള്‍ എന്തൊക്കെയാണെന്നും എങ്ങനെ പെരുമാറണമെന്നും കൂടി സിസ്റ്റര്‍ തന്റെ വിദ്യാര്‍ത്ഥികളെ പഠിപ്പിച്ചു. ഉള്‍നാടുകളില്‍ നിന്ന് അന്നത്തെക്കാലത്ത് നഴ്‌സിങ് പഠിക്കാനായി എത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് സിസ്റ്റര്‍ പഠിപ്പിച്ചതെല്ലാം പുതുമയുള്ളവയായിയിരുന്നു. സിസ്റ്റര്‍ ഹാമില്‍ട്ടണ്‍ അവര്‍ക്ക് വഴികാട്ടിയായി. തന്റെ സ്‌നേഹശിക്ഷണം സ്വീകരിച്ച ആയിരക്കണക്കിന് ഇന്ത്യന്‍ നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് സിസ്റ്റര്‍ പാശ്ചാത്യ നഴ്‌സിംഗ് രീതികളില്‍ വിദഗ്ധ പരിശീലനം നല്‍കി.

ഫിലാഡല്‍ഫിയയില്‍ വിശ്രമജീവിതം നയിക്കുന്ന സമയത്ത് തന്നെ കാണാനെത്തുന്നവരോട് ഇന്ത്യയെക്കുറിച്ചും പ്രത്യേകിച്ച് കേരളത്തെക്കുറിച്ചും മലയാളികളെക്കുറിച്ചുമെല്ലാം സിസ്റ്റര്‍ വാചാലയാകുമായിരുന്നു. താന്‍ ഏറെക്കാലം ജോലി ചെയ്ത കേരളത്തോട് സിസ്റ്റര്‍ ഹാമില്‍ട്ടണ് ഒരു പ്രത്യേക ഇഷ്ടമുണ്ടായിരുന്നു. കേരളത്തിലെ ജീവിതം തനിക്കൊരിക്കലും മറക്കാനാകില്ലെന്നാണ് സിസ്റ്റര്‍ പലപ്പോഴും പറഞ്ഞിട്ടുള്ളത്. മലയാളി നഴ്‌സുമാരോടുള്ള തന്റെ പ്രത്യേക ഇഷ്ടത്തിന്റെ കാരണമായി സിസ്റ്റര്‍ പറയാറുള്ളത് അവരുടെ ജോലിയിലെ മികവും അര്‍പ്പണബോധവുമായിരുന്നു. ആരോഗ്യം അനുവദിക്കുമെങ്കില്‍ ഒരിക്കല്‍ കൂടി കേരളത്തിലെത്തണമെന്ന് സിസ്റ്റര്‍ ഏറെ ആഗ്രഹിച്ചിരുന്നു. എന്നാല്‍ അതു സാധിക്കാനാകാതെ മേരി ഹാമില്‍ട്ടണ്‍ വിട പറഞ്ഞിരിക്കുന്നു. ആതുരസേവനത്തിന്റെ ബാലപാഠം പകര്‍ന്നു നല്‍കി സിസ്റ്റര്‍ ഹാമില്‍ട്ടണ്‍ വാര്‍ത്തെടുത്ത നിരവധി പേരാണ് ഇന്ന് അമേരിക്കയില്‍ മെഡിക്കല്‍ രംഗത്ത് ഉന്നത സ്ഥാനങ്ങളിലിരിക്കുന്നത്. പെന്‍സില്‍വാനിയ ഇന്ത്യന്‍ അമേരിക്കന്‍ നഴ്‌സിങ് ഓര്‍ഗനൈസേഷന്‍ സ്ഥാപക പ്രസിഡന്റ് ബ്രിജിറ്റ് വിന്‍സെന്റ് അവരില്‍ ഒരാളാണ്. സിസ്റ്റര്‍ ഹാമില്‍ട്ടണുമായി എല്ലാക്കാലത്തും ഏറെ ഹൃദയബന്ധം പുലര്‍ത്തിയിരുന്ന വ്യക്തിയാണ് മുന്‍ ശിഷ്യ കൂടിയായ ബ്രിജിറ്റ്.

ഒരു ജന്മം മുഴുവന്‍ ഇന്ത്യക്കാര്‍ക്കു വേണ്ടി ഉഴിഞ്ഞുവെച്ച മഹത്വ്യക്തിയാണ് സിസ്റ്റര്‍ അക്വിനാസ് എന്ന മേരി ഹാമില്‍ട്ടന്‍ എന്ന് അമേരിക്കന്‍ മലയാളിയും ബിസിനസുകാരനുമായ വിന്‍സെന്റ് ഇമ്മാനുവല്‍ പറഞ്ഞു. ”ഫിലാഡല്‍ഫിയ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ മിഷന്‍ സിസ്റ്റേഴ്‌സിന് ലോകമെമ്പാടും ആശുപത്രികളും മറ്റു സ്ഥാപനങ്ങളുമുണ്ട്. മറ്റെല്ലാവരില്‍ നിന്നും വ്യത്യസ്ഥയായി ഒരു ജനകീയ നഴ്‌സിങ് ഡയറക്ടര്‍ ആയിരുന്നു സിസ്റ്റര്‍ അക്വിനാസ്. എളിമയോടും സ്‌നേഹത്തോടും പുഞ്ചിരിക്കുന്ന മുഖത്തോടുമല്ലാതെ സിസ്റ്റര്‍ അക്വിനാസിനെ കാണാന്‍ കഴിയില്ല. അങ്ങേയറ്റം ആത്മാര്‍ത്ഥയോടും ഉത്തരവാദിത്വത്തോടെയുമായിരുന്നു സിസ്റ്ററിന്റെ പ്രവര്‍ത്തനങ്ങളെല്ലാം. ഒരിക്കല്‍ക്കൂടി ഇന്ത്യ സന്ദര്‍ശിക്കണമെന്ന ആഗ്രഹം ബാക്കിയാക്കിയാണ് സിസ്റ്റര്‍ ഈ ഭൂമിയില്‍ നിന്നു വിട പറഞ്ഞത്.” എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഏപ്രില്‍ 13 ഞായറാഴ്ച ഫിലാഡല്‍ഫിയയിലായിരുന്നു സിസ്റ്റര്‍ മേരി ഹാമില്‍ട്ടന്റെ അന്ത്യം. ഏപ്രില്‍ 22 ചൊവ്വാഴ്ച ഫിലാഡല്‍ഫിയയിലെ 8400 പൈന്‍ റോഡിലുള്ള മെഡിക്കല്‍ മിഷന്‍ സിസ്റ്റേഴ്‌സ് ചാപ്പലില്‍ സംസ്‌കാര ശുശ്രൂഷ നടന്നു. രാവിലെ 8:45-ന് ചാപ്പലില്‍ കൊണ്ടുവന്ന സിസ്റ്ററുടെ ഭൗതികശരീരം കാണാനും പ്രാര്‍ത്ഥനകള്‍ അര്‍പ്പിക്കുവാനുമായി പ്രീയപ്പെട്ടവരെല്ലാവരുംതന്നെ എത്തിച്ചേര്‍ന്നിരുന്നു. 9 മണിയോടെ അനുസ്മരണ പ്രാര്‍ത്ഥന നടന്നു. 10.30നായിരുന്നു സംസ്‌കാര ദിവ്യബലി. റവ. ബര്‍ണാഡ് ഫാര്‍ലിയുടെ കാര്‍മ്മികത്വത്തിലാണ് ചടങ്ങുകള്‍ നടന്നത്. ആദരാജ്ഞലികളര്‍പ്പിച്ചു സംസാരിക്കവെ പ്രീയപ്പെട്ടവരോരുത്തരും സിസ്റ്റര്‍ മേരിഹില്‍ട്ടന്‍ തങ്ങളുടെ ജീവിതത്തില്‍ നടത്തിയ ഇടപെടലുകളെക്കുറിച്ചും സ്വന്തം ജീവിതത്തില്‍ സിസ്റ്റര്‍ കാണിച്ച ഉത്തരവാദിത്വത്തേയും അര്‍പ്പണ മനോഭാവത്തെക്കുറിച്ചും സംസാരിച്ചു. ഹോളി ഫാമിലി മെഡിക്കല്‍ മിഷനില്‍ നിന്നുള്ള സിസ്റ്റര്‍ ലൊറൈന്‍, സിസ്റ്റര്‍ ബാര്‍ബറ ആന്‍ എന്നിവര്‍ സിസ്റ്റര്‍ മേരി ഹാമില്‍ട്ടനൊപ്പമുള്ള തങ്ങളുടെ അനുഭവങ്ങള്‍ ഓര്‍ത്തെടുത്തു.

എംഎംഎസ് സിസ്റ്റേഴ്സിന് പുറമെ, പെന്‍സില്‍വാനിയ, ന്യൂജേഴ്സി, ന്യൂയോര്‍ക്ക്, ടെക്‌സാസ്, ഫ്‌ലോറിഡ, വാഷിംഗ്ടണ്‍ ഡിസി തുടങ്ങി അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള സിസ്റ്റര്‍ മേരി ഹാമില്‍ട്ടന്‌റെ നിരവധി ബന്ധുക്കളും സുഹൃത്തുക്കളും വിദ്യാര്‍ത്ഥികളും സംസ്‌കാരച്ചടങ്ങില്‍ പങ്കെടുത്തു. ഹോളി ഫാമിലി മെഡിക്കല്‍ മിഷന്‍ ഇന്‍ ഇന്ത്യ അലുമ്നിയെ (HFMMIA) പ്രതിനിധീകരിച്ച് അനുശോചന സന്ദേശം നടത്തിയ ബ്രിജിറ്റ് വിന്‍സെന്റ്, സിസ്റ്റര്‍ മേരിഹില്‍ട്ടനൊപ്പം പങ്കിട്ട നല്ല നിമിഷങ്ങളെക്കുറിച്ച് വൈകാരികമായി സംസാരിച്ചു. HFMMIA പ്രസിഡന്റ് ആഗ്‌നസ് മാത്യു, വൈസ് പ്രസിഡന്റ് തോമസ് തറയില്‍, സെക്രട്ടറി ഷേര്‍ലി നെല്ലമറ്റം, ട്രഷറര്‍ ജോയി തട്ടാര്‍കുന്നേല്‍ തുടങ്ങിയവര്‍ സിസ്റ്റര്‍ മേരി ഹാമില്‍ട്ടന്റെ വേര്‍പാടില്‍ അനുശോചനമറിയിച്ചു.

വിന്‍സെന്റ് ഇമ്മാനുവല്‍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ