തലക്കെട്ട് വായിക്കുമ്പോൾ എല്ലാവരും വിചാരിക്കും ഏതോ ഉന്നത ഉദ്യോഗസ്ഥന് ഉള്ള യാത്രയയപ്പ് ആയിരിക്കുമെന്ന്. അതൊന്നുമല്ല പാവപ്പെട്ടവരിൽ പാവപ്പെട്ടവരായ ഒരു ദമ്പതികളുടെയും അവർ മക്കളെ പോലെ സ്നേഹിക്കുന്ന അവരുടെ ആടുകൾക്കും അന്നാട്ടിലെ വ്യാപാരികൾ കൊടുക്കുന്ന ഒരു യാത്രയയപ്പിന്റെ കഥയാണിത്.
ഇന്ന് ആ നാട്ടിലെ വ്യാപാരികളുടെ ഒക്കെ സന്തതസഹചാരിയായിരുന്ന കാദറും ഫാത്തിമയും അവിടം വിട്ടു പോവുകയാണ്. അവർ മക്കളെപ്പോലെ സ്നേഹിക്കുന്ന ഡോളി, മോളി, മുത്തു, അമ്മിണി, അഭി എന്നീ പേരുകളിലുള്ള രണ്ടുമൂന്നു തള്ള ആടുകളും ആട്ടിൻകുട്ടികളും.
100 വർഷത്തിലധികം പഴക്കമുള്ളതും ബലക്ഷയം വന്ന കെട്ടിടങ്ങളും പൊളിച്ചു നീക്കി അവിടെ കെട്ടിടസമുച്ചയങ്ങൾ പണിയാനുള്ള മുനിസിപ്പാലിറ്റി ഓർഡർ ആയി കിടക്കുകയാണ്. കോർപ്പറേഷന് ഇങ്ങനെ ഒരു നീക്കം ഉണ്ടെന്ന് അറിഞ്ഞു അവിടെ വാടകയ്ക്ക് ഇരുന്നിരുന്ന കടക്കാർ ഒക്കെ പലരും ഒഴിഞ്ഞുപോയിരുന്നു. ഉടമസ്ഥരിൽ പലരും യാതൊരുവിധത്തിലുള്ള അറ്റകുറ്റപ്പണികളും ചെയ്യാതെ അവർ തരുന്ന കാശുവാങ്ങി വേറെ എവിടെയെങ്കിലും സ്ഥലം വാങ്ങാം എന്ന മോഹത്തിൽ നിഷ്ക്രിയരായിട്ടാണ് ഇരുന്നിരുന്നത്. ഏതായാലും ആ നാൾ എത്തി.റോഡിലെ മേല്പറഞ്ഞ പ്രകാരമുള്ള കെട്ടിടങ്ങളുടെ ഉടമസ്ഥർക്ക് ഒക്കെ ആ നോട്ടീസ് ലഭിച്ചു. നോട്ടീസ് കിട്ടി ഒരുമാസത്തിനകം എല്ലാവരും സ്ഥലം വിട്ടു കൊള്ളണം. അതാണ്
മുനിസിപ്പാലിറ്റിയുടെ തീരുമാനം.
റോഡിലെ ആ ഒരു വരി മുഴുവൻ പല തരത്തിലുള്ള ബിസിനസ് ചെയ്യുന്നവർ ആണെങ്കിലും ആ റോഡിൻറെ അങ്ങേയറ്റത്ത് രണ്ട് സെൻറിൽ ഒരു കുടുംബം താമസം ഉണ്ട്. ആ ദമ്പതികളാണ് കാദറും ഫാത്തിമയും അവരുടെ ആടുകളും. വീടിനുമുമ്പിൽ മുറ്റം ഒന്നുമില്ല. റോഡിൽ നിന്ന് നേരെ 3 സ്റ്റെപ്പ് കയറിയാൽ വീടിനക ത്തേക്ക് പ്രവേശിക്കാം. എല്ലാംകൂടി മൂന്നോ നാലോ മുറികൾ പുറകിന് പുറകായി ഉണ്ട്. ഏറ്റവും പുറകിൽ കുറച്ചു മുറ്റം. അവിടെ ടാർപ്പോളിൻ അടിച്ചിട്ട് അവിടെയാണ് ആടുകളുടെ താമസം. അതിരാവിലെ ആടുകൾക്ക് വേണ്ട കാടിയും വെള്ളവും ഒക്കെ കൊടുത്ത് കാദറും ഫാത്തിമയും പ്രഭാത ഭക്ഷണവും കഴിച്ചു എല്ലാവരും കൂടി ഒന്നിച്ച് വീടുപൂട്ടി ഇറങ്ങും. തള്ള ആടുകളും ആട്ടിൻകുട്ടികളും മണികിലുക്കി റോഡിൻറെ ഒരു അരികുപറ്റി ആർക്കും ശല്യം ഉണ്ടാക്കാതെ ഏതാണ്ട് സ്കൂളിലേക്ക് പോകുന്നത് പോലെ അടുത്തുള്ള പള്ളി പറമ്പിലേക്ക് പോകും. ഉച്ച കഴിയുന്നതുവരെ അവിടെ പച്ചിലകൾ തിന്നും ആട്ടിൻകുട്ടികൾ കുത്തി മറിഞ്ഞുകളിച്ചും സമയം ചെലവാക്കും. കൃത്യം രണ്ടര യാകുമ്പോൾ തള്ള ആടുകളുടെ നേതൃത്വത്തിൽ എല്ലാവരും അവിടെ അടുത്തു തന്നെയുള്ള സ്കൂളിലേക്ക് എത്തും. അവിടെ കുട്ടികൾ കഴിച്ചു കഴിഞ്ഞ ചോറ്, പഴത്തൊലി.. തൊട്ടിയിലെ വെള്ളം ഒക്കെ വയറു നിറയെ കുടിച്ച് കഴിഞ്ഞു കുറച്ചുനേരം ആ ഗ്രൗണ്ടിൽ വിശ്രമിച്ച് നേരെ തൊട്ടടുത്തുള്ള ആശ്രമത്തിലേക്ക് വച്ച് പിടിക്കും. അവിടെയും കന്യാസ്ത്രീകൾ ഇവർക്ക് കഞ്ഞിവെള്ളവും പഴത്തൊലികളും ഒക്കെ കരുതി വച്ചിട്ടുണ്ടാകും.കയ്യിൽ വാച്ച് കെട്ടിയ പോലെയാണ് അമ്മിണിയുടെയും കൂട്ടരുടെയും ഈ പോക്ക്. ഏകദേശം വൈകുന്നേരത്തോടെ ഇവർ സ്വന്തം വീട്ടിൽ തിരിച്ചെത്തുമ്പോഴേക്കും ഫാത്തിമ അടുത്ത കടകളിലെ ജോലിയൊക്കെ കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തിയിട്ടുണ്ടാകും. ഇവരുടെ കഴുത്തിൽ ഒരു മണി അല്ലാതെ കയറില്ല എന്നതാണ് ഏറ്റവും രസകരം. അവർക്കറിയാം അവർ കാതറിന്റെയും ഫാത്തിമയുടെയും പിറക്കാതെ പോയ മക്കളാണെന്ന്. എല്ലാവരും കൂടി ചാരിയിരിക്കുന്ന മുൻവശത്തെ വാതിൽ തള്ളിത്തുറന്ന് അവരുടെ പുറകിലെ മുറ്റത്തെത്തി അവിടെ അവർക്കായി ഒരുക്കിവെച്ചിരിക്കുന്ന ഭക്ഷണം കഴിച്ച് മിണ്ടാതെ കിടന്നുറങ്ങിക്കോളും. അച്ഛൻമാർ സ്വന്തം കുട്ടികൾക്ക് പരിപ്പുവടയും ഉണ്ണിയപ്പവും വാങ്ങി കൊണ്ടുവരുന്നത് പോലെ കാദർ എന്നും എന്തെങ്കിലും ഇവർക്കായി പ്രത്യേകം കഴിക്കാൻ കൊണ്ടുവരാറുണ്ട്. അപ്പോൾ മാത്രം”മ്മേ മ്മേ…” എന്നൊരു ബഹളം കേൾക്കാം. പിന്നെ അവർ അവിടെ ഉണ്ടെന്നു പോലും അറിയില്ല. ഇതായിരുന്നു പതിവ്.
പാവപ്പെട്ടവരുടെ പശു എന്നറിയപ്പെടുന്ന ഈ ആടുകളുടെ പാൽ ഖാദറും ഫാത്തിമയും നല്ല വിലയ്ക്ക് വിൽക്കാറുണ്ട്. രോഗികളുള്ള വീട്ടിൽ നിന്നൊക്കെ പാലിന് ആവശ്യക്കാർ എത്തും. ചില ആയുർവേദ കടക്കാരും മരുന്നുണ്ടാക്കാൻ ആയി ഇവരെ സമീപിക്കാറുണ്ട്. അവരിൽ പ്രധാനികളായിരുന്നു പനക്കലെ താരു ചേട്ടനും പുലിക്കോട്ടിലെ ഇട്ട്യേരേട്ടനും. ആട്ടിൻപാൽ ഒരിക്കലും കടകളിൽ ലഭ്യമല്ലാത്തതുകൊണ്ട് ആട്ടിൻ പാൽ വേണമെങ്കിൽ എല്ലാവർക്കും ഇവരെ തന്നെ ആശ്രയിക്കണം. അവിടെയുള്ള എല്ലാവരും നല്ല സഹകരണത്തിൽ കഴിയുന്നതുകൊണ്ടു തന്നെ ആടുകൾക്ക് വലിയ തീറ്റച്ചെലവ് ഒന്നുമില്ലെന്ന് മാത്രമല്ല ആട്ടിൻകുട്ടികളെ ഒക്കെ എല്ലാ കടക്കാർക്കും ഇഷ്ടവുമാണ്. ആട്ടിൻ കുട്ടികൾക്ക് സ്റ്റേഷനറി കടക്കാർ ചരടിൽ കോർത്ത മുത്തുകൾ ഇവർക്ക് സമ്മാനമായി ഇട്ടു കൊടുക്കാറുണ്ട്. ഈ കടകളിലെ എല്ലാ ജോലികളും ചെയ്യുന്നതും ഈ ഭാര്യാഭർത്താക്കന്മാർ തന്നെയാണ്.
ഒരു ദിവസം സ്കൂളിൻറെ ഗേറ്റ് നേരത്തെ വാച്ചർ അടച്ചു. ഒരു ആട്ടിൻകുട്ടി ഗ്രൗണ്ടിൽ പെട്ട് പോയിരുന്നു. ബാക്കി ആടുകൾ എല്ലാവരും കൂടി ‘മ്മേ മ്മേ’ എന്ന കൂട്ടക്കരച്ചിൽ ഉയർത്തി ഗേറ്റ് കൊമ്പുകൊണ്ട് ഇടിച്ചു കൊണ്ടേയിരുന്നു. എന്തായാലും ആൾക്കാർ വാച്ചറെ വിവരമറിയിച്ച് ഗേറ്റ് തുറന്ന് ആ ആട്ടിൻകുട്ടി കൂടി പുറത്തു വന്നതിനു ശേഷമേ അന്ന് അവർ വീട്ടിലേക്ക് മടങ്ങിപ്പോയുള്ളൂ. അതുപോലെ തന്നെ മറ്റൊരു ദിവസം ഒരു ആട്ടിൻകുട്ടി ടെലിഫോണിനോ മറ്റോ കുഴിച്ചിട്ട കുഴിയിൽ വീണു. എല്ലാവരും കൂടി കുഴിയ്ക്ക് ചുറ്റും നിന്ന് അലറിവിളിച്ച് കരഞ്ഞ് ആൾക്കാരുടെ ശ്രദ്ധയിൽപ്പെടുത്തി. ആട്ടിൻകുട്ടിയെ ഒരാൾ കുഴിയിൽ ഇറങ്ങി എടുത്തുകൊടുത്തു. വിശേഷബുദ്ധിയുള്ള മനുഷ്യരേക്കാൾ ഇവരുടെ കൂടപ്പിറപ്പ് സ്നേഹം കണ്ട് ജനം അന്തംവിട്ടു.
മുനിസിപ്പാലിറ്റിയിൽ നിന്ന് കാശൊക്കെ കിട്ടി വരാൻ സമയമെടുക്കും അതുകൊണ്ട് തൽക്കാലം വാടകയ്ക്ക് ഒരു വീട് എടുത്തു മാറാൻ കാദറും ഫാത്തിമയും ശ്രമം തുടങ്ങി. അപ്പോഴാണ് അതിൻറെ ബുദ്ധിമുട്ട് മനസ്സിലാകുന്നത്. ഉടമസ്ഥർ ഒന്നും ആടുകളെ അവരുടെ വീട്ടിൽ കയറ്റാൻ സമ്മതിക്കില്ല. നിങ്ങൾക്ക് രണ്ടുപേർക്കും മാത്രമാണെങ്കിൽ വീട് തരാമെന്ന്. കാദറിനും ഫാത്തിമയ്ക്കും അത് സമ്മതമായിരുന്നില്ല. തങ്ങളുടെ മക്കൾക്ക് കൂടി ഇടം കിട്ടിയാലേ ഞങ്ങൾ വീടു മാറുകയുള്ളൂ അല്ലെങ്കിൽ ഇവിടെ തന്നെ കിടന്നു മരിക്കും. വീട്ടിൽ സ്ഥലം ഇല്ലെന്ന് പറഞ്ഞ് ആരെങ്കിലും സ്വന്തം മക്കളെ കളയുമോ?
ഈ ആടുകളെ ഒക്കെ നല്ല വിലയ്ക്ക് വിറ്റ് കാശാക്ക് എന്ന് പലരും കാദറിനെ ഉപദേശിച്ചു. അല്ലെങ്കിൽ ആശ്രമത്തിലെ കന്യാസ്ത്രീകൾ ആടുകളെ ഏറ്റെടുക്കാം എന്ന് പറഞ്ഞെങ്കിലും അതൊന്നും രണ്ടു പേർക്കും സമ്മതമായിരുന്നില്ല. വീട് ഒഴിഞ്ഞു കൊടുക്കേണ്ട ദിവസം അടുക്കുന്തോറും വ്യാപാരികൾക്ക് ഒക്കെ ഭയമായി തുടങ്ങി. കാദർ എന്തെങ്കിലും കടുംകൈ ചെയ്യുമോ? അവരെല്ലാവരും കൂടി ഊർജിതമായി വാടകവീട് അന്വേഷണം തുടങ്ങി.എല്ലാവരും തലകുത്തി മറിഞ്ഞ് അന്വേഷിച്ചിട്ടും വീടു മാത്രം ശരിയായില്ല.
കാദർ അക്ഷോഭ്യനായി കടകളിൽ വരും, ജോലി ചെയ്യും മടങ്ങും. വീട് അന്വേഷണം ഖാദർ നിർത്തി.എന്തോ തീരുമാനിച്ചുറപ്പിച്ചതു പോലെയാണ് നിർവികാരനായ കാദറിന്റെ നടപ്പ്. ചിരിയില്ല, കളിയില്ല, വർത്തമാനം ഇല്ല, എപ്പോഴും ചിന്തിച്ചിരിപ്പ് മാത്രം. വർഷങ്ങൾ ആയി അറിയാവുന്ന കാദറിന്റെ ഈ മാറ്റം കണ്ട് എല്ലാവർക്കും ഭയമായി. ഖാദറിനെ സംബന്ധിച്ചെടുത്തോളം വീട് ഒഴിഞ്ഞു കൊടുക്കാതിരിക്കുകയോ മുനിസിപ്പാലിറ്റി യുമായി കേസിനു പോവുകയോ ഒന്നും ചെയ്യില്ല എന്ന് എല്ലാവർക്കും നന്നായി അറിയാം.
കാദർ ഇല്ലാതെ വ്യാപാരികൾ സുഹൃത്തുക്കൾ ഈ വിഷയം ചർച്ച ചെയ്യാൻ ഒത്തുകൂടി. ആടുകൾക്ക് വിഷം കൊടുത്ത് അവരും മരിക്കാൻ തീരുമാനിച്ചു കാണും. അതാണ് അവൻ ഇങ്ങനെ യാതൊരു കൂസലുമില്ലാതെ നടക്കുന്നത്. അടിയന്തരമായി നമ്മൾ തന്നെ എന്തെങ്കിലും ചെയ്തേപറ്റൂ എന്ന തീരുമാനത്തിലെത്തി എല്ലാവരും കൂടി. എന്തെങ്കിലും സംഭവിച്ചു കഴിഞ്ഞിട്ട് മുതലക്കണ്ണീരൊഴുക്കിയിട്ട് കാര്യമില്ല. അതുകൊണ്ട് ഈ പ്രശ്നത്തിന് ഉടനടി പരിഹാരം കണ്ടുപിടിക്കണമെന്ന ആവശ്യം എല്ലാവരും ഒരേ സ്വരത്തിൽ ഉന്നയിച്ചു. എല്ലാവർക്കും കാദറിനെ സഹായിക്കണമെന്ന് ഉണ്ട്. പക്ഷേ എങ്ങനെ? അതിനുമാത്രം ഒരു ഉത്തരവും ആർക്കും കിട്ടിയില്ല. ചർച്ച എങ്ങുമെത്താതെ പിരിഞ്ഞു. എല്ലാവരും അവരവരുടെ വിശ്വാസം അനുസരിച്ച് പ്രാർത്ഥന ആരംഭിച്ചു. പലരും പലയിടത്തും പല നേർച്ചകൾ നേർന്നു. അവരിലൊരാളുടെ ഉദാരമനസ്കനായ ബന്ധുവിന്റെ അടുത്ത് കരഞ്ഞു കാലുപിടിച്ചു അവൻറെ വീടിൻറെ ഔട്ട് ഹൗസിൽ താമസിക്കാൻ അനുവദിക്കുമോ എന്ന് ചോദിച്ചു.പക്ഷേ ആടുകളുടെ വിവരമറിഞ്ഞപ്പോൾ അയാൾക്കും ഈ കാര്യത്തിൽ എതിർപ്പ് തന്നെ. ഔട്ട്ഹൌസ് ഒഴിഞ്ഞു കിടന്നാലും വേണ്ടില്ല ആടുകൾക്ക് അടക്കം വാടകയ്ക്ക് കൊടുക്കാൻ തയ്യാറല്ല എന്ന് പറഞ്ഞു.
അപേക്ഷിക്കുന്നവരെ ദൈവം പരീക്ഷിക്കും, പക്ഷേ ഒരിക്കലും ഉപേക്ഷിക്കില്ല എന്ന് പറയുന്നത് എത്രയോ ശരിയാണ്.അവസാനം ദൈവം കൊണ്ട് കൊടുത്തത് പോലെ ടൗണിൽനിന്ന് കുറച്ചു മാറി ആടുകൾക്ക് പ്രത്യേകം താമസിക്കാനുള്ള ഒരു ഷെഡ് അടക്കമുള്ള ഒരു വാടക വീട് അവർക്ക് ഒത്തു കിട്ടി.
മുൻസിപ്പാലിറ്റിക്കാർ പറഞ്ഞ ദിവസത്തിന് ഒരാഴ്ച മുമ്പേ അതിരാവിലെ എണീറ്റ് സുബ്ഹി നമസ്കരിച്ച് കാദറും ഫാത്തിമയും അവരുടെ മക്കളായ ആടുകളെ ഓരോരുത്തരെയായി പെട്ടി ഓട്ടോറിക്ഷയിൽ പിടിച്ചു കയറ്റി. നല്ലവരായ എല്ലാവരോടും ഒരിക്കൽ കൂടി യാത്ര പറഞ്ഞ് 50വർഷം ആയി തങ്ങൾ താമസിച്ചിരുന്ന വീടിനോടും യാത്ര പറഞ്ഞു അവർ പുതിയ വീട്ടിലേക്ക് പോയി.
നല്ല കഥ
നല്ല കഥ
ഇത്തരം നന്മ നിറഞ്ഞ കഥകൾ ഇന്ന് അപൂർവ്വം..