Friday, January 10, 2025
Homeഅമേരിക്കനക്ഷത്രക്കൂടാരം – (ബാലപംക്തി – 51) ✍അവതരണം: കടമക്കുടി മാഷ്

നക്ഷത്രക്കൂടാരം – (ബാലപംക്തി – 51) ✍അവതരണം: കടമക്കുടി മാഷ്

കടമക്കുടി മാഷ്

പ്രിയ കൂട്ടുകാരേ,

പഴയ മുഷിഞ്ഞ വസ്ത്രം മാറ്റി പുതിയവ ധരിക്കാറില്ലേ നമ്മൾ? അതുപോലെ ഇതാ പഴയ വർഷത്തെ ഉപേക്ഷിച്ച് കാലം പുതിയതിനെ സ്വീകരിച്ചിരിക്കയാണ്.

പുതുവത്സരാരംഭം ലോകമെങ്ങും ആഘോഷാരവങ്ങളുടേതാണ്. ആദിവസം അര്‍ദ്ധരാത്രിയോടെ പുത്തന്‍വര്‍ഷത്തിന് തുടക്കമാവുകയാണ്. കൊഴിഞ്ഞു പോകുന്ന പഴയവർഷത്തിൻ്റെ അവസാന നിമിഷത്തിനാെപ്പം പിറന്നുവീഴുന്നതാണ് ഓരോ പുതുവർഷവും. പുത്തനാണ്ടിനെ വരവേല്‍ക്കാന്‍ നാടും നാട്ടാരും ഒന്നിച്ച് അണിഞ്ഞൊരുങ്ങും. അര്‍ദ്ധരാത്രി ക്ലോക്കിൽ 12 മണി മുഴങ്ങുന്നതോടെ പാര്‍ട്ടികളും പടക്കങ്ങളുമായി ലോകമെങ്ങും പുതുവര്‍ഷത്തെ സ്വാഗതം ചെയ്യാൻ തുടങ്ങും.
വർണ്ണാഭവർണ്ണാഭമായ വസ്ത്രങ്ങൾ, ആശംസാസന്ദേശങ്ങൾ, നൃത്തം, പാട്ട്, ഗെയിമുകൾ, കരിമരുന്ന്, പാർട്ടികൾ എന്നു വേണ്ട ആഹ്ലാദകരമായവ
എല്ലാം പുതുദിനത്തിൻ്റെ പ്രത്യേകതകളാണ്. ഓരോ ജനതയ്ക്കും പുതുവര്‍ഷത്തെ വരവേല്‍ക്കുവിൻ പരമ്പരാഗത ആചാരങ്ങളും അനുഷ്ഠാനങ്ങളുണ്ട്.

പുതിയ പ്രതീക്ഷകൾ,പുതിയ തീരുമാനങ്ങൾ, പുതിയ സ്വപ്നങ്ങൾ – ഇതാ നമുക്കു മുന്നിൽ പുതിയൊരു വർഷം വന്നെത്തിക്കഴിഞ്ഞു.

പേരിന്നു മാത്രം പുതുതായിവത്സരം
പാരിന്നലത്തേ,തതിനില്ലൊരന്തരം.

മഹാകവി ജി. നമ്മുടെ മനസ്സും മനോഭാവവും തുറന്നുകാട്ടുകയാണ്.
വർഷം പുതുക്കപ്പെട്ടത് പേരിൽ മാത്രമാണ്. എന്നാൽ ലോകം പഴയതു തന്നെ. അങ്ങനെ അലസമായി പോയാൽ മതിയോ !
പോയവർഷത്തെ നേട്ടങ്ങളും കോട്ടങ്ങളും സന്തോഷവും സന്താപവും കണ്ണീരും ചിരിയും വേർതിരിക്കാം.. പുത്തനാണ്ടിൻ്റെ പടിപ്പുരയിലേക്കു കടക്കുംമുമ്പേ പരാജയങ്ങളെ ചവറ്റുകുട്ടയിൽ ഉപേക്ഷിക്കാം.വിജയങ്ങളെ സൂക്ഷ്മതയോടെ കാത്തുവയ്ക്കാം.
ഇടുങ്ങിയ സമൂഹത്തിൽ പങ്കുവെയ്ക്കലിൻ്റെ പ്രകാശം തെളിക്കാം. നമ്മുടെ വെളിച്ചം മറ്റുള്ളവരിലേക്കും പകരണം. ബൈബിൾ പറയുന്നുണ്ടല്ലോ,വിളക്ക് കത്തിച്ചു വെയ്ക്കേണ്ടത് പറയുടെ കീഴിലല്ല പീoത്തിലാണ്.

പുതുവർഷം നല്ലമാറ്റങ്ങളുടേതാവട്ടെ. എല്ലാവർക്കും നവവത്സരാശംസകൾ!

🌲🌲🌲🌲🌲🌲🌲🌲🌲🌲🌲🌲🌲🌲🌲🌲

ഇനി പുതുവർഷത്തെ വരവേല്ക്കാനായി മാഷ് എഴുതിയ ഒരു ഗാനം പാടിയാലോ |

🎏🎏🎏🎏🎏🎏🎏🎏🎏🎏🎏🎏🎏🎏🎏🎏

🧁🧁🧁🧁🧁🧁🧁🧁🧁🧁🧁🧁🧁🧁🧁🧁
പുതുവർഷത്തെ എതിരേല്ക്കാനായി ഒരു പാട്ട് .
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
ഒത്തുചേർന്നു പാട്ടു പാടാം- സ്നേഹ
മുത്തുകളേ ആർത്തു പാടാം
കൂട്ടുകാരേ…. നാട്ടുകാരേ…..!
കൂട്ടുകൂടി നൃത്തമാടാം
വന്നുപോയി പുത്തനാണ്ട് – ഇന്നു
പൊന്നു പൂശിയെത്തുമാണ്ട്.
താംതക്കിട തെയ്യരതോ താംതക്കിട
തെയ്യരതോ …..
താംതക്കിട താംതക്കിട താംതക്കിട
തെയ്യരതോം……

( ഒത്തുചേർന്നു…. )
പോയതൊക്കെ പോയകാലം മുന്നി-
ലുള്ളതെല്ലാം നല്ലകാലം
തപ്പുതകിൽത്താളമാർന്നുവാ
ഒപ്പമാടിയൊത്തുചേന്നുവാ
കല്പനകൾ പൂത്തുലഞ്ഞുപോയ്
സ്വപ്ന-
മൊപ്പനയും പാടിവന്നുപോയ്
മണ്ണിനും വിണ്ണിനും മധുരഹർഷം
ഇന്നിതാ വന്നുപോയ് പുതിയവർഷം.

( ഒത്തുചേർന്നു……)
തുമ്പമെന്ന കമ്പിളി നീക്കൂ – നിങ്ങൾ
ഇമ്പമോടെ തമ്പുരു മീട്ടൂ
തുമ്പിപോലെ പാറിത്തുള്ളിവാ
അമ്പിളിപ്പൊൻ തോണിയേറിവാ
മാനസങ്ങൾ മാധവങ്ങളായ് -ഉള്ളിൽ
മാരിവില്ലുപൂത്തുലഞ്ഞുപോയ്
മണ്ണിനും വിണ്ണിനും മധുരഹർഷം
ഇന്നിതാ വന്നുപോയ് പുതിയവർഷം.

(ഒത്തുചേർന്നു……..
🛟🛟🛟🛟🛟🛟🛟🛟🛟🛟🛟🛟🛟🛟

മലയാളബാലസാഹിത്യരംഗത്തെ അതികായനായ
ശ്രീ.സിപ്പി പള്ളിപ്പുറം സാറിൻ്റെ ഒരു കഥയാണ് താഴെ കൊടുക്കുന്നത്.
സിപ്പിസാറിനെ പരിചയപ്പെടുത്തേണ്ട കാര്യം തന്നെയില്ല. ഏതുകുട്ടിയുടെ നാവിൻ തുമ്പിലുമുണ്ടാവും അദ്ദേഹത്തിൻ്റെ കവിത, മനസ്സിൽ കുളിർമ്മ പെയ്യുന്നുണ്ടാവും എതെങ്കിലുമൊരു ബാലകഥ. ബാലസാഹിത്യകാരന്മാരിലെ ഈ ചക്രവർത്തി, എനിക്ക് ഗുരുതുല്യനായ സ്നേഹിതനാണ്. എറണാകുളം ജില്ലയിൽ അടുത്തടുത്ത പ്രദേശങ്ങളിലാണ് ഞങ്ങൾ ജനിച്ചുവളർന്നത് എന്നതിനാൽ എഴുത്തിൻ്റെ ആദ്യഘട്ടങ്ങളിൽ മുതൽ കാണാനും ആശയങ്ങൾ കൈമാറാനും കഴിഞ്ഞിട്ടുണ്ട്.
1943 മെയ് 18-നു എറണാകുളം ജില്ലയിൽ വൈപ്പിൻദ്വീപിലെ പള്ളിപ്പുറത്താണ് ശ്രീ.സിപ്പി പള്ളിപ്പുറം ജനിച്ചത്.
1966 മുതൽ പള്ളിപ്പുറം സെന്റ്. മേരീസ് ഹൈസ്കൂളിൽ അദ്ധ്യാപകനായിരുന്നു. കഴിഞ്ഞ അഞ്ചിലേറെ ദശകങ്ങളായി മലയാള ബാലസാഹിത്യരംഗത്ത് പ്രവർത്തിച്ചുവരുന്നു. ഇതിനകം 200 ൽ അധികം ബാലസാഹിത്യകൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇപ്പോൾ പുഴ മാസികയുടെ എഡിറ്ററായി പ്രവർത്തിക്കുന്നു.

‘കാട്ടിലെ കഥകൾ’ ഇംഗ്ലീഷിലേക്കും, “തത്തകളുടെ ഗ്രാമം” തമിഴ്- ഗുജറാത്തി, തെലുങ്ക് എന്നീ ഭാഷകളിലേക്കും ക്രേന്ദ്രസാഹിത്യ അക്കാദമി വിവർത്തനം ചെയ്തു പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കേരളയുവത, ചെറുപുഷ്പം, ദിദിമുസ് എന്നി മാസികകളുടെ പത്രാധിപസമിതി അംഗമാണ്.

സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഗവേണിംഗ് ബോഡി അംഗമായി നാലു തവണ പ്രവർത്തിച്ചിട്ടുണ്ട്. സമസ്ത കേരള സാഹിത്യ പരിഷത്തിൻ്റെ എക്‌സിക്യൂട്ടിവ് അംഗം എന്ന നിലയിലും പ്രവർത്തിച്ചുവരുന്നു.

ഇപ്പോൾ സഹോദരൻ അയ്യപ്പൻ സ്മാരകക്കമ്മിറ്റിയുടെ വൈസ് ചെയർമാനായും കൊടുങ്ങല്ലൂർ ബാലസാഹിത്യ സമിതി പ്രസിഡൻ്റായും പ്രവർത്തിക്കുന്നുണ്ട്. കുട്ടികളിൽ പ്രകൃതിസ്നേഹം, ദേശഭക്തി, ഗുരുഭക്തി, മാതാപിതാക്കളോടുള്ള ബഹുമാനം, സത്യസന്ധത, ആത്മാർത്ഥത, കാരുണ്യശീലം തുടങ്ങിയ സദ്ഗുണങ്ങൾ വളർത്തിയെടുക്കന്നവയാണ് സിപ്പി സാറിൻ്റെ കൃതികൾ.
കേരളസാഹിത്യ അക്കാദമി, കേന്ദ്രസാഹിത്യ അക്കാദമി തുടങ്ങി നിരവധി പുരസ്കാരങ്ങൾ ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.

കുടുംബം
ഭാര്യ : മേരിസെലിൻ, മക്കൾ : ശാരിക, നവനീത്.
ശ്രീ. സിപ്പി പള്ളിപ്പുറം എഴുതിയ കഥയാണ് താഴെ കൊടുക്കുന്നത്.

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

💐💐💐💐💐💐💐💐💐💐💐💐💐💐

മഴവിൽപ്പക്ഷിയും ദയാലുരാജകുമാരനും: സിപ്പി പള്ളിപ്പുറം

മഞ്ഞണിക്കുന്നിലെ പൊന്നരളിമരത്തിൽ ഒരു സുന്ദരിപ്പക്ഷി കൂടുകെട്ടി പാർത്തിരുന്നു. അവളുടെ പൂമേനിക്ക് ഒന്നല്ല; രണ്ടല്ല; വർണ്ണങ്ങൾ ഏഴായിരുന്നു . അതുകൊണ്ട് എല്ലാവരും അവളെ ‘മഴവിൽപ്പക്ഷി’ എന്നാണ് വിളിച്ചിരുന്നത്.

” ഹായ് ! എന്തൊരു ഭംഗിയാണ് ഈ പക്ഷിയെ കാണാൻ ദൈവത്തിന്റെ അനുഗ്രഹം കിട്ടിയ കൊച്ചുമിടുക്കി !” –എന്ന് കാണുന്നവരൊക്കെ അവളെ പുകഴ്ത്തി.

പക്ഷേ എന്തു കാര്യം ? മിടുക്കിയാണെന്ന കാരണത്താൽ മഞ്ഞണിക്കുന്നിലെ മറ്റു പക്ഷികൾക്കൊക്കെ മഴവിൽപ്പക്ഷിയോട് കടുത്ത അസൂയയായിരുന്നു. തരം കിട്ടുമ്പോഴൊക്കെ അവളെ കൊത്താനും മാന്താനും ഞോടാനും അവർ മടിച്ചില്ല. അതിന്റെ പേരിൽ ആ പാവം പക്ഷി വല്ലാതെ സങ്കടപ്പെട്ടു.

ഒരിക്കൽ അവിടത്തെ ദയാലുരാജകുമാരൻ മഞ്ഞണിക്കുന്നിൽ പൂ പറിക്കാൻ വന്നു. പൂങ്കൊമ്പിലിരിക്കുന്ന മഴവിൽപ്പക്ഷിയെ കണ്ട് കുമാരന് എന്തെന്നില്ലാത്ത കൊതിതോന്നി.

“ഈ പക്ഷിയെ എന്നും എനിക്ക് ഓമനിക്കണം .നല്ല ഐശ്വര്യമുള്ള പക്ഷി !”– കുമാരൻ അതിനെപ്പിടിച്ച് കൊട്ടാരപ്പൂന്തോട്ടത്തിലേക്ക് കൊണ്ടുപോയി.

ഇതറിഞ്ഞ് അസൂയക്കാരായ കിളികൾ പരിഹാസത്തോടെ പറഞ്ഞു : ” സുന്ദരിക്കുട്ടീടെ കഥ ഇതോടെ തീരും. അവളിനി കൊട്ടാരത്തിലെ പക്ഷിക്കൂട്ടിൽക്കിടന്ന് ചത്തോളും; ഹായ് ഹഹ്ഹ!”

പക്ഷേ രാജകുമാരൻ പേരുപോലെതന്നെ നല്ലവനും ദയാലു വുമായിരുന്നു. കൊട്ടാരത്തിൽ എത്തിയ ഉടനെ കുമാരൻ മഴവിൽപ്പക്ഷിയെ അവിടത്തെ പൂന്തോട്ടത്തിലേക്ക് പറത്തിവിട്ടു.

കുമാരൻ പറഞ്ഞു :

” പക്ഷിയമ്മേ നിനക്ക് എവിടെ വേണമെങ്കിലും പോകാം.അതിനുള്ള സ്വാതന്ത്ര്യം നിനക്കുണ്ട്. എങ്കിലും എനിക്ക് കാണാനായി എന്നും നീ ഇവിടെ വരണം. നിനക്കുവേണ്ട ആഹാരം കൊട്ടാരത്തിൽ എപ്പോഴും കരുതിവച്ചിട്ടുണ്ടാകും .”

ദയാലുരാജകുമാര ൻ്റെ വാക്കുകൾ മഴവിൽപ്പക്ഷിയെ ഏറെ സന്തോഷിപ്പിച്ചു. അവൾ പറഞ്ഞു: ” കുമാരാ, അങ്ങയുടെ ദയാവായ്പ്പിനും സ്നേഹത്തിനും നന്ദി ! ഞാനെന്നും അങ്ങയെത്തേടി കൊട്ടാരത്തിലെത്തിക്കൊള്ളാം. ഇപ്പോൾ ഞാനെന്റെ കൂട്ടുകാരുടെ പക്കലേക്ക് പോകെട്ടെ.”

“ശരി; നിന്റെ ഇഷ്ടമനുസരിച്ച് പോവുകയും വരുകയും ചെയ്യോളൂ” — രാജകുമാരൻ കൈകൾ വീശി അവൾക്ക് അനുവാദം നല്കി.

മഴവിൽപ്പക്ഷി സന്തോഷത്തോടെ പറന്ന് മഞ്ഞണിക്കുന്നിലെത്തി. അവൾ തിരിച്ചെത്തിയതുകണ്ട് മറ്റു പക്ഷികൾ വല്ലാതെ അത്ഭുതപ്പെട്ടു.

“എന്താ, നിന്നെ രാജകുമാരന് ഇഷ്ടമായില്ലെ ? ” — അവർ ചോദിച്ചു.

” വളരെ ഇഷ്ടമായി കുമാരൻ വലിയ ദയാലുവാണ്. അദ്ദേഹത്തെ കാണാനും തീറ്റതിന്നാനും മാത്രമേ ഞാനിനി കൊട്ടാരത്തിൽ പോവുകയുള്ളു. ബാക്കി സമയം ഞാൻ നിങ്ങളോടൊപ്പമായിരിക്കും. നിങ്ങളാണ് എൻ്റെ കൂടപ്പിറപ്പുകൾ | അതിനാൽ നിങ്ങളെ വിട്ടുപോകാൻ എനിക്കു കഴിയില്ല .”

മഴവിൽപ്പക്ഷിയുടെ വാക്കുകൾ കേട്ട് എല്ലാ പക്ഷികളുടേയും കണ്ണുകൾ നിറഞ്ഞു. അവർ പറഞ്ഞു: “മഴവിൽപ്പക്ഷീ, നിന്നെ ഞങ്ങൾ ഇനി ഒരിക്കലും ഉപദ്രവിക്കില്ല; പരിഹസിക്കുകയില്ല. നീ ഭാഗ്യവതിയാണ്. നീ എന്നും ഞങ്ങളുടെ പൊന്നോമനയായിരി ക്കും . ചെയ്ത തെറ്റിന് ഞങ്ങൾ മാപ്പു ചോദിക്കുന്നു .” മഞ്ഞണിക്കുന്നിലെ ചങ്ങാതിമാർ ഒന്നടങ്കം അവളെ കെട്ടിപ്പുണർന്നു.

🦜🦜🦜🦜🦜🦜🦜🦜🦜🦜🦜🦜🦜🦜🦜🦜

മഴവിൽപ്പക്ഷിയുടെ കഥ വളരെ ഇഷ്ടമായി അല്ലേ? പുറത്തും അകത്തും വേണം സൗന്ദര്യം. അങ്ങനെയുള്ളവരെ മറ്റുള്ളവർ സ്നേഹിക്കും.

കഥയ്ക്കു ശേഷം ഒരു ചെറിയ കവിതയുമായി നിങ്ങളെ സന്തോഷിപ്പിക്കാൻ
ഒരു അധ്യാപിക എത്തിയിട്ടുണ്ട്.
ശ്രീമതി.വിജയ വാസുദേവൻ.
സ്കൂൾ പഠനകാലം മുതൽ ടീച്ചർ എഴുത്തിന്റെ ലോകത്തുണ്ട്. ആനുകാലികങ്ങളിൽ പല രചനകളും പ്രസിദ്ധീകരിച്ചു വന്നിട്ടുണ്ട്.

ഗവൺമെന്റ് ദേവദാർ ഹൈസ്കൂൾ, PSMO college തിരൂരങ്ങാടി, ഡയറ്റ് മലപ്പുറം എന്നിവിടങ്ങളിൽ നിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം എടപ്പാളിനടുത്ത് വട്ടംകുളം സി.പി.എൻ യു.പി.സ്കൂളിൽ അധ്യാപികയായി ജോലി ചെയ്യുകയാണ്.

പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ

1.മാഞ്ഞു പോകുന്ന പുഴ.( കഥാ സമാഹാരം ).
2.ബാല്യം.( കുട്ടിക്കവിതകൾ ).
3.കൗതുകം കൊണ്ട് കണ്ണെഴുതിയവൾ.( കഥാസമാഹാരം ).
4. എട്ടുകാലിവല ( കുട്ടിക്കവിതകൾ )

അധ്യാപകനായ ഭർത്താവ് ശ്രീ.പി. വാസുദേവനോടും മകൻ ശ്രീറാമിനോടുമൊപ്പം
എടപ്പാൾ അയിലക്കാടു പറയം വളപ്പിലാണ് വിജയവാസുദേവൻ താമസിക്കുന്നത്. ടീച്ചറെഴുതിയ കവിത വായിക്കാം.

🌐🌐🌐🌐🌐🌐🌐🌐🌐🌐🌐🌐🌐🌐🌐🌐

🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿

പൂവാലി പശു
〰️〰️〰️〰️〰️〰️

പാലുണ്ട്,
വാലുണ്ട് ,
ചേലുണ്ട്,
നമ്മുടെ
പൂവാലി പശുവിന്
മറുകുമുണ്ട്.

കൊമ്പുണ്ട് ,
കുളമ്പുണ്ട്,
കുറുമ്പുണ്ട് ,
നമ്മുടെ
പൂവാലി പശുവിന്
കുഞ്ഞുമുണ്ട്.
☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️

നല്ലൊരു കുഞ്ഞുകവിത. എല്ലാവരും പാടി നോക്കിയില്ലേ. ഈ കുഞ്ഞിക്കവിതയ്ക്കു ശേഷമൊരു നല്ല കഥയുമായി എത്തുന്നത് ബാലസാഹിത്യ രംഗത്തെ മറ്റാെരു അതികായകനായ . ശ്രീ. എ.ബി.വി കാവിൽപ്പാട് സാറാണ്

കുട്ടികളായ കുട്ടികൾക്കെല്ലാം പരിചയമുള്ള അധ്യാപകനാണ് കഥയുമായി എത്തുന്ന ശ്രീ. എ.ബി.വി.കാവിൽപ്പാട് പാലക്കാട് ജില്ലയിലെ കാവിൽപ്പാട് സ്വദേശി. റിട്ടയേർഡ് അധ്യാപകൻ. ബാലസാഹിത്യകാരൻ . കുട്ടികൾക്കു വേണ്ടി ഇത്രയധികം നല്ല പുസ്തകങ്ങൾ രചിച്ചിട്ടുള്ള ബാലസാഹിത്യപ്രതിഭ മലയാളത്തിൽ അപൂർവ്വമാണ്. പുരാണേതിഹാസങ്ങളിലെയും മുത്തശ്ശിച്ചൊല്ലുകളിലെയും കഥകൾ മാത്രമല്ല വിദേശബാലസാഹിത്യ കഥകളും ധാരാളമായി പുനരാഖ്യാനം ചെയ്തിട്ടുണ്ട്. ബാലകവിതകളിലും തന്റെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. മലയാളത്തിലെ വളർന്നു വരുന്ന ബാലസാഹിത്യപ്രതിഭകളെ കണ്ടെത്തി വളർത്തിയെടുക്കുന്ന സാഹിത്യഗുരുനാഥൻ കൂടിയാണ് ശ്രീ. കാവിൽപ്പാട് മാഷ്.

🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸


🍅🍅🍅🍅🍅🍅🍅🍅🍅🍅🍅🍅🍅🍅🍅🍅

അദ്ദേഹമെഴുതിയ ഒരു കഥയാണ് ഇനി നിങ്ങൾക്കായി വിളമ്പുന്നത്.

കഷണ്ടിക്കു മരുന്ന്!
〰️〰️〰️〰️〰️〰️〰️〰️〰️

ഇതൊരു കഷണ്ടിക്കാരന്റെ കഥയാണ്, കേട്ടോളൂ. ഈ കഷണ്ടിക്കാരൻ കേളു നല്ല പണക്കാരനായിരുന്നു. കഷണ്ടിയുള്ളത് അയാൾക്കൊരു ക്ഷീണമായി തോന്നി. തന്റെ കഷണ്ടിയിൽ മുടി വളർത്താനെന്താ വഴി? കേളു ആലാേചിച്ച് തല പുകയ്ക്കാൻ തുടങ്ങി. ദിനം തോറും തലമുടിയുണ്ടാവാനുള്ള കൊതി കൂടിക്കൂടി വരികയുമാണ്.

അതു മനസ്സിലാക്കിയ നാട്ടുകാരൻ കോമു കേളുവിനെ മുതലെടുക്കാമെന്നുറപ്പിച്ചു.
കോമു കേളുവിനെക്കണ്ട് പറഞ്ഞു
”തലയിൽ രോമം ഉണ്ടാക്കി കൊടുക്കുന്ന ഒരു വൈദ്യനെ എനിക്കറിയാം”
കേളുവിനു സന്തോഷമായി. അയാൾ ആവശ്യപ്പെട്ടു
” കോമൂ താൻ അയാളെ കൂട്ടിക്കൊണ്ടു വരൂ.”
”കൂട്ടിക്കൊണ്ടു വരാം പക്ഷേ കുറേ പണം ചെലവാകും”
കോമു പറഞ്ഞതു കേട്ട് കേളുവിന് ഉത്സാഹമായി
”പണം എത്ര ചെലവായാലെന്താ? മുടി വളരുന്ന കാര്യമല്ലേ? ”
ധനവാനായ കഷണ്ടിക്കാരൻ കോളു കോമുവിന് യഥേഷ്ടം പണം കൊടുത്തു.

കഷണ്ടിക്കാരനോട് പറഞ്ഞ വാക്കു പാലിക്കാനായി അയാൾ വഴിയിൽ കണ്ട ഒരാളെ വാടകയ്ക്കെ‌ടുത്തു
” ഇന്നത്തെ കൂലി തരും. വൈദ്യരായി ഒന്നഭിനയിച്ചാൽ മതി”
.അയാൾ സമ്മതിച്ചു. കാേമുവിനോടൊപ്പം വൈദ്യരായി അഭിനയിക്കാൻ വേണ്ടി പുറപ്പെട്ടു

വളരെ വേഗത്തിൽ കോമു ‘വൈദ്യരേയും’ കൊണ്ട് കഷണ്ടിക്കാരൻ കേളുവിന്റെ മുമ്പിൽച്ചെന്നു. ‘വൈദ്യർ’ ഒരു തലപ്പാവു ധരിച്ചിരുന്നു.

കഷണ്ടിയിൽ മുടി കൃഷിചെയ്‌തു തരുന്ന വലിയ ആളല്ലേ! ധനവാനായ കഷണ്ടിക്കാരൻ ‘വൈദ്യരെ’ രാജോചിതമായി സൽക്കരിച്ചു. കൂട്ടത്തിൽ വൈദ്യരെ കൊണ്ടുവന്ന കോമുവിനെയും വേണ്ടവണ്ണം സൽക്കാരിച്ചു.

മൃഷ്‌ടാന്ന ഭോജനം കഴിഞ്ഞ് ചികിത്സയ്ക്കായി കാത്തു കാത്തിരുന്ന കേളുവിൻ്റെ മുന്നിൽ’വൈദ്യർ’ ഇരുന്നു. കേളു ആകാംക്ഷയോടെ വൈദ്യർ ചെയ്യുന്നതെന്താണന്ന് ശ്രദ്ധിച്ചു കൊണ്ടിരുന്നു.
ലേശംനേരം കഴിഞ്ഞു. വൈദ്യർ പതുക്കെ തൻ്റെ തലപ്പാവ് എടുത്തു മാറ്റി. അത്ഭുതം! ‘വൈദ്യരുടെ’ തല ധനവാനായ കേളുവിൻ്റെ കഷണ്ടിയേയും വെല്ലുന്ന തരത്തിൽ മിന്നിത്തിളങ്ങുന്നു!

ധനികൻ കേളു ഭവ്യതയോടെ വൈദ്യരോട് കഷണ്ടിക്കുള്ള മരുന്നു ചോദിച്ചു. അപ്പോൾ ‘വൈദ്യർ’ ചിരിച്ചുകൊണ്ടുപറഞ്ഞു,

“ഞാൻ തലപ്പാവ് അഴിച്ചു മാറ്റിയശേഷവും നിങ്ങൾക്കു മനസ്സിലായില്ലേ? കഷണ്ടിക്കുള്ള മരുന്നുണ്ടായിരുന്നെങ്കിൽ ഞാൻ എന്റെ തല പണ്ടേ നന്നാക്കുമായിരുന്നില്ലേ?”

ധനികനായ കേളു ഒന്നും പറയാനാകാതെ കോമുവിനെയും രാമുവൈദ്യരെയും മാറി മാറി നോക്കി.
🎋🎋🎋🎋🎋🎋🎋🎋🎋🎋🎋🎋🎋🎋🎋🎋

പണക്കാരനായ മണ്ടൻ കേളുവിനെ പറ്റിക്കുന്ന കോമുവും വൈദ്യരായി അഭിനയിച്ച രാമുവുമെല്ലാം നമ്മുടെ മനസ്സിൽ തങ്ങി നില്ക്കും.

ഇനി നമുക്കൊരു കുഞ്ഞു കവിത കേൾക്കാം. ഇംഗ്ലീഷിൽ കുട്ടികൾക്കു വേണ്ടി ധാരാളം കവിതകളും കഥകളും എഴുതുന്ന ഒരു ബാലസാഹിത്യകാരനാണ് ഇന്ന് നിങ്ങൾക്കു വേണ്ടി കവിത ചൊല്ലുന്നത് – ശ്രീ.മുരളി.ടി.വി.

രാജി വിശ്വനാഥിന്റെയും, ടി.സി.വിശ്വനാഥൻ നായരുടെയും മകനായി എറണാകുളം ജില്ലയിലെ അങ്കമാലിയിൽ ജനിച്ച ശ്രീ.മുരളി.ടി.വി ഇപ്പോൾ ബംഗളൂരുവിലാണ് സ്ഥിരതാമസം..

കേരളം, ഉത്തർപ്രദേശ്, രാജസ്ഥാൻ, ഡൽഹി, കർണ്ണാടക സംസ്ഥാനങ്ങളിൽ വിദ്യാഭ്യാസം. ലൈബ്രറി ഇൻഫൊർമേഷൻസ് സയൻസിൽ പോസ്റ്റ്ഗ്രാജുവേറ്റ് ബിരുദവും, ബിസിനസ്സ് അഡ്മിനിസ്ട്രേഷനിലും, കമ്പ്യൂട്ടർ സയൻസിലും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. 1986 തുടങ്ങി 2006 വരെ ഇന്ത്യൻ വ്യോമസേനയിൽ സേവനം അനുഷ്ഠിച്ചു. ശേഷം 2012 വരെ മൾട്ടിനാഷണൽ കമ്പനിയിൽ അഡ്മിനിസ്ട്രേഷൻ മാനേജരായി ജോലി ചെയ്തു. മികച്ച സേവനത്തിന് വ്യോമസേനാ ചീഫിന്റെയും , വൈസ് ചീഫിന്റെയും കമണ്ടേഷൻസ്, എയർ ഓഫീസർ കമാണ്ടിംഗിന്റെ ബഹുമതിപത്രവും ലഭിച്ചിട്ടുണ്ട്.

സാഹിത്യവും, സാഹസിക സൈക്ലിംഗിലൂടെ സാമൂഹ്യസേവനവുമാണ് മുതൽക്കൂട്ട്. തെന്നിന്ത്യയിലെ വിവിധ പ്രദേശങ്ങളിലൂടെ ഏകനായി ആയിരത്തിൽപ്പരം കിലോമീറ്ററുകൾ സൈക്കിൾ യജ്ഞങ്ങൾ നടത്തി. വിവിധകാരുണ്യ പ്രവർത്തനങ്ങൾക്ക് കരസേന, നാവികസേന, വ്യോമസേന കാര്യാലയങ്ങളിൽ നിന്നും, ബി.ഇ.എൽ. ബെംഗളൂരു, ഐ ബാങ്ക് അസ്സോസിയേഷൻ കേരളം, സ്റ്റാർ ഇന്ത്യ, നവോജ്വൽ ഫൌണ്ടേഷൻ മഥുര, വേൾഡ് റെക്കോർഡ്സ് ബൈനാലേ ഫൗണ്ടേഷൻ, മൈത്രി പീസ് ഫൗണ്ടേഷൻ, യു.പി. കൂടാതെ നിരവധി എൻ.ജി.ഒ.കളിൽ നിന്നും ബഹുമതിപത്രങ്ങൾ ലഭിച്ചിട്ടുണ്ട്. ബെംഗളൂരുവിലെ ചാൻ-കി മാർഷ്യൽ ആർട്സ് ട്രസ്റ്റിന്റെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്, ശൗര്യകലാരത്ന പുരസ്കാരം എന്നീ അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.

ആനുകാലികങ്ങളിൽ നൂറോളം ബാലസാഹിത്യ കൃതികൾ പ്രസിദ്ധീകരിച്ചു.
മുരളി ടി.വി. എഴുതിയ ഒരു കുഞ്ഞിക്കവിതയാണ് താഴെ കൊടുക്കുന്നത്.

🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀

🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈

പഞ്ചാരേം ശർക്കരേം.
〰️〰️〰️〰️〰️〰️〰️〰️〰️

പഞ്ചാരേം ശർക്കരേം ശണ്ഠകൂടി
തങ്ങളിലേറ്റവും മധുരമാർക്ക് ?
ശണ്ഠയോ മൂത്ത് കലഹമായി
പിന്നതു കൈയാങ്കളിയുമായി !
തമ്മിലടിച്ചു തകർന്നു രണ്ടും താഴെ
തറയിൽ ചിതറിവീണു ചെമ്പനുറുമ്പും
കൂട്ടുകാരും പഞ്ചാരേം ശർക്കരേം
തിന്നുതീർത്തു !
🐜🐜🐜🐜🐜🐜🐜🐜🐜🐜🐜🐜🐜🐜🐜🐜🐜🐜🐜🐜🐜🐜🐜🐜🐜🐜🐜🐜🐜🐜🐜🐜
ഈ കൊച്ചു മധുരക്കവിത നുണയാൻ നല്ല രസമാണല്ലോ.

ഇത്തവണത്തെ വിഭവങ്ങളൊക്കെ ഇഷ്ടമായോ? വായിക്കുന്ന കൂട്ടുകാർ ഇത് മറ്റു ചങ്ങാതിമാർക്കു കൂടെ ഷെയർ ചെയ്തു കൊടുക്കണേ . അങ്ങനെ അവരും സന്തോഷിക്കട്ടെ .

പ്രിയമുള്ള പുതിയ വിഭവങ്ങളുമായി നമുക്കിനി നക്ഷത്രക്കൂടാരത്തിന്റെ പുതിയവാതിൽ തുറക്കാനെത്തുമ്പോൾ കാണാം കുട്ടുകാരേ……!!.

സ്നേഹത്തോടെ,
നിങ്ങളുടെ സ്വന്തം..

കടമക്കുടി മാഷ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments