ശരീരത്തിന് ആവശ്യമായ പോഷകങ്ങളുടെ ഏറ്റവും മികച്ച സ്രോതസ്സാണ് പാലും നെയ്യും. അപ്പോള്‍ ഇവ രണ്ടും ഒന്നിക്കുമ്പോള്‍ ആരോഗ്യം സമ്പന്നമാകുമെന്ന കാര്യത്തില്‍ സംശയം ഉണ്ടോ? ഗീ മില്‍ക്ക്, അഥവാ പാലില്‍ നെയ്യ് ചേര്‍ത്ത് കഴിക്കുന്നത് ഉറക്കം മെച്ചപ്പെടുത്തുന്നതടക്കം നിരവധി പ്രയോജനങ്ങള്‍ നല്‍കും.
വിറ്റാമിനുകള്‍, ആന്റിഓക്‌സിഡന്റ്‌സ്, ആരോഗ്യകരമായ കൊഴുപ്പുകള്‍ തുടങ്ങി ശരീരത്തിന് വേണ്ട നിരവധി ധാതുക്കള്‍ നിറഞ്ഞവയാണ് പാലും നെയ്യും. ശരീരത്തിന് നഷ്ടമാകുന്ന പോഷകങ്ങളെ തിരികെ സമ്മാനിക്കാന്‍ ഇവയ്ക്കാകും. ശരീരത്തെയും മനസിനെയും ശാന്തമാക്കി ഉറക്കത്തിന് തയ്യാറാക്കാന്‍ സഹായിക്കുന്നതുകൊണ്ട് പലരും ഉറങ്ങുന്നതിന് മുമ്പ് പാല് കുടിക്കുന്നത് പതിവാണ്.
നെയ്യ് അസിഡിറ്റി അടക്കമുള്ള ഉദരസംബന്ധമായ പ്രശ്‌നങ്ങള്‍ മറികടക്കാന്‍ സഹായിക്കുന്നതിനാല്‍ ഉറക്കചക്രം മെച്ചപ്പെടും. പാലിനൊപ്പം നെയ് ചേര്‍ത്ത് കുടിക്കുന്നത് ദഹനപ്രക്രിയ മെച്ചപ്പെടുത്തി ശരീരഭാരം കുറയ്ക്കാനും നല്ലതാണ്.
ദഹനവ്യവസ്ഥ താളംതെറ്റിക്കുന്ന പ്രശ്‌നങ്ങള്‍ ഒഴിവാക്കി പ്രതിരോധശേഷി കൂട്ടാനും ഊര്‍ജ്ജം വീണ്ടെടുക്കാനും ഇത് നല്ലതാണ്.
ആവശ്യത്തിന് കാല്‍സ്യവും ശരീരത്തിലെത്തുന്നതിനാല്‍ ഈ കോമ്പോ സന്ധി വേദന ലഘൂകരിച്ച് എല്ലുകളുടെ ആരോഗ്യത്തെ മെച്ചപ്പെടുത്തും. ഇവയിലെ ആന്റിവൈറല്‍ ആന്റിബാക്ടീരിയല്‍ ഗുണങ്ങള്‍ തൊണ്ടവേദന, ചുമ, തുമ്മല്‍ പോലുള്ള ബുദ്ധിമുട്ടുകളും അകറ്റും.