1. സുഡാനിൽ ആശുപത്രിക്കു നേരെ ഡ്രോൺ ആക്രമണം. ദാർഫർ മേഖലയിലെ എൽ ഫാഷറിൽ പ്രവർത്തിക്കുന്ന ആശുപത്രിക്കു നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിൽ 70 പേർ കൊല്ലപ്പെട്ടു. ഒട്ടേറെ പേർക്ക് ഗുരുതരമായി പരുക്കേറ്റതായാണ് വിവരം. വെള്ളിയാഴ്ച സൗദി ആശുപത്രിക്കു നേരെയും ബോംബാക്രമണം നടന്നിരുന്നു. രാജ്യത്തുടനീളമുള്ള 80 ശതമാനത്തോളം ആരോഗ്യ കേന്ദ്രങ്ങളുടെയും പ്രവർത്തനം നിലച്ചിരിക്കുകയാണ്. ഇരുസേനകളുടെയും യുദ്ധത്തിൽ പതിനായിരക്കണക്കിന് ആളുകളാണ് കൊല്ലപ്പെട്ടത്. ഖാർത്തൂമിലെ സൈനിക തലസ്ഥാനത്ത് അർധസൈനിക സേന ഏർപ്പെടുത്തിയ ഉപരോധം സൈന്യം തകർത്തതോടെയാണ് എൽ ഫാഷർ മേഖലയിലെ ആശുപത്രിക്ക് നേരെ ആക്രമണമുണ്ടായത്. 2023 ഏപ്രിൽ മുതലാണ് സുഡാനീസ് സൈനിക – അർധസൈനിക വിഭാഗങ്ങൾ തമ്മിൽ യുദ്ധം പൊട്ടിപ്പുറപ്പെട്ടത്. ദാർഫർ പ്രദേശത്തിന്റെ പടിഞ്ഞാറൻ മേഖലയിലധികവും ആർഎസ്എഫ് പിടിച്ചെടുത്തിരുന്നു. വടക്കൻ ദാർഫറിന്റെ തലസ്ഥാനമായ എൽ ഫാഷർ മേഖലയിൽ ആർഎസ്എഫ് ഉപരോധം ഏർപ്പെടുത്തിയിരിക്കുകയാണ്.
2. വെടിനിർത്തലിനു ശേഷവും ഇസ്രയേലിന് 2,000 പൗണ്ട് ബോംബുകൾ നൽകാൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തീരുമാനം. ഇസ്രയേലിനു ബോംബുകൾ നൽകാൻ മുൻ പ്രസിഡന്റ് ജോ ബൈഡൻ ഏർപ്പെടുത്തിയ നിയന്ത്രണം ഒഴിവാക്കാൻ ട്രംപ് യുഎസ് സൈന്യത്തിനു നിർദേശം നൽകി. ഗാസയിലെ കൂട്ടക്കൊലയിൽ ആശങ്കപ്പെട്ടാണ് ബൈഡൻ നേരത്തെ ബോംബ് വിതരണം നിർത്തലാക്കിയത്. വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്നതിന്റെ ആശ്വാസത്തിനിടെയാണ് ട്രംപിന്റെ പുതിയ നീക്കം. ഇസ്രയേൽ തടവിലാക്കിയ പലസ്തീൻ തടവുകാർക്ക് പകരമായി ഹമാസ് ഗാസയിൽ ബന്ദികളാക്കിയവരെ മോചിപ്പിക്കുന്നത് പുരോഗമിക്കുകയാണ്. ജനുവരി 20നു താൻ പ്രസിഡന്റാകുന്നതിനു മുൻപു ഗാസയിൽ ഹമാസ് ബന്ദികളാക്കിയവരെ വിട്ടയച്ചില്ലെങ്കിൽ കടുത്ത നടപടി ഉണ്ടാകുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. ഇസ്രയേൽ ഓർഡർ ചെയ്തതും പണം നൽകിയതും എന്നാൽ ബൈഡൻ അയച്ചിട്ടില്ലാത്തതുമായ ഒരുപാട് കാര്യങ്ങൾ ഇപ്പോൾ ചെയ്യേണ്ടതായിട്ടുണ്ടെന്ന് ട്രംപ് തന്റെ ട്രൂത്ത് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ പറഞ്ഞു.
ഇതിനിടെ ഗാസ മുനമ്പിൽ നിന്നുള്ള അഭയാർഥികളെ ജോർദൻ, ഈജിപ്റ്റ് ഉൾപ്പടെയുള്ള അറബ് രാജ്യങ്ങൾ ഇനിയും ഏറ്റെടുക്കണമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അഭിപ്രായം. ഗാസ`വെടിപ്പാകണമെങ്കിൽ ജനങ്ങളെ മാറ്റിപ്പാർപ്പിക്കണം. കഴിഞ്ഞ ദിവസം ജോർദൻ രാജാവ് അബ്ദുല്ല രണ്ടാമനുമായി നടത്തിയ ഫോൺകോളിൽ ഇക്കാര്യം താൻ സംസാരിച്ചു. ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്ത അൽ-സിസിയുമായി ഇനി സംസാരിക്കുമെന്നും ട്രംപ് പറഞ്ഞു. ഗാസ നൂറ്റാണ്ടുകളായി നിരവധി സംഘർഷങ്ങൾ നടക്കുന്ന പ്രദേശമാണെന്നു ട്രംപ് പറഞ്ഞു. നിരവധി പേരാണു മരിച്ചു വീഴുന്നത്. ആകെ തകർക്കപ്പെട്ടിരിക്കുകയാണ്. ആളുകൾ അവിടെ ജീവിക്കുന്നത് സങ്കീർണമായ അവസ്ഥയിലാണ്. അവരെ മാറ്റിപ്പാർപ്പിക്കേണ്ടത് അനിവാര്യമായതിനാൽ അറബ് രാജ്യങ്ങളുമായി താൻ ചർച്ചകൾ നടത്തും. കുടിയേറ്റക്കാർക്കായി വീടുകൾ നിർമിക്കുമെന്നും ട്രംപ് പറഞ്ഞു.
3. യുഎസിലെ അനധികൃത കുടിയേറ്റക്കാരെ കൂട്ടത്തോടെ നാടുകടത്താനുള്ള പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നീക്കം വിമർശനം നേരിടുന്നതിനിടെ, പണച്ചെലവു സംബന്ധിച്ചും ആശങ്ക. പ്രതിരോധ വകുപ്പിന്റെ സൗകര്യങ്ങൾ ഉപയോഗിച്ചാണു കുടിയേറ്റക്കാരെ നാടുകടത്തുന്നത്. ഉപയോഗിക്കുന്നതാകട്ടെ സൈനിക വിമാനങ്ങളും. ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി (ഡിഎച്ച്എസ്) ചാർട്ടേഡ് ചെയ്യുന്ന വിമാനങ്ങളേക്കാൾ ഇതിനു ചെലവു കൂടുതലാണെന്നാണു റിപ്പോർട്ട്. സി-17, സി-130ഇ എന്നീ സേനാ വിമാനങ്ങളാണു കുടിയേറ്റക്കാരെ നാടുകടത്താൻ ഉപയോഗിക്കുന്നത് എന്നാണു വിവരം. സി–17 വിമാനത്തിനു മണിക്കൂറിന് ഏകദേശം 21,000 ഡോളറാണു ചെലവ്. അടുത്തിടെ ടെക്സസിലെ എൽപാസോയിൽനിന്നു ഗ്വാട്ടിമാല സിറ്റിയിലേക്ക് 80 കുടിയേറ്റക്കാരുമായി 12 മണിക്കൂർ യാത്രയ്ക്ക് 2.52 ലക്ഷം ഡോളറായി. എന്നാൽ, ഡിഎച്ച്എസിന്റെ ചാർട്ടേഡ് വിമാനമാണ് ഉപയോഗിച്ചതെങ്കിൽ ഇതേ യാത്രയ്ക്ക് 8577 ഡോളർ മാത്രമേ ചെലവാകൂ. അതിർത്തിയിൽ ട്രംപ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതും ചെലവ് കൂട്ടുന്നെന്നാണു വിലയിരുത്തൽ.
അതേസമയം യുഎസിൽനിന്നു നാടുകടത്തപ്പെട്ട് ബ്രസീലിലേക്കു തിരിച്ചയച്ച യാത്രക്കാരെത്തിയതു കൈവിലങ്ങുകൾ ധരിച്ച്, മനുഷ്യാവകാശങ്ങൾ ലംഘിക്കപ്പെട്ട നിലയിലെന്ന് റിപ്പോർട്ട്. പ്രതീക്ഷയോടെ കുടിയേറാനെത്തിയ രാജ്യത്തുനിന്നു തിരിച്ചയയ്ക്കുമ്പോൾ മനുഷ്യാവകാശങ്ങൾ എന്നത് യുഎസ് ‘പ്രത്യക്ഷമായി അവഗണിച്ചു’വെന്നാണ് ബ്രസീൽ വിദേശകാര്യമന്ത്രാലയം അറിയിച്ചത്. ഇങ്ങനെ നാടുകടത്തപ്പെട്ടവരുമായി ബ്രസീലിന്റെ വടക്കൻ നഗരമായ മനൗസിലെത്തിയ വിമാനത്തിലുണ്ടായിരുന്ന 88 പേരും കൈവിലങ്ങ് ധരിച്ചിരുന്നു. നാടുകടത്തുന്നതിനു മുൻപ് ഏഴു മാസത്തോളം യുഎസിൽ തടവിലായിരുന്നുവെന്ന് വിമാനത്തിലുണ്ടായിരുന്ന എഡ്ഗാർ ഡ സിൽവ മൗറ (31) പറഞ്ഞു. ‘‘വിമാനത്തിൽവച്ച് അവർ ഞങ്ങൾക്ക് വെള്ളംപോലും തന്നില്ല. കൈകളും കാലുകളും വിലങ്ങുകൊണ്ട് ബന്ധിച്ചിരിക്കുകയായിരുന്നു. ശുചിമുറി ഉപയോഗിക്കാൻപോലും അനുവദിച്ചില്ല. ഭയങ്കര ചൂടായിരുന്നു. ചിലർ ബോധംകെട്ടു വീഴുകപോലും ചെയ്തു’’ – മൗറ പറഞ്ഞു. അതേസമയം, ട്രംപിന്റെ ‘നാടുകടത്തൽ വിമാന’മല്ല ഇതെന്ന് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് രാജ്യാന്തര വാർത്താ ഏജൻസിയായ എഎഫ്പി റിപ്പോർട്ട് ചെയ്തു. 2017ലുണ്ടാക്കിയ ഉഭയകക്ഷി ധാരണ പ്രകാരമാണ് ഈ നാടുകടത്തലെന്നാണു വിവരം.
4. ഇസ്രയേൽ–ഹിസ്ബുല്ല യുദ്ധത്തിലെ വെടിനിർത്തൽ കരാർ വ്യവസ്ഥ പ്രകാരം തെക്കൻ ലബനനിൽ നിന്ന് ഇസ്രയേൽ സേന പിൻവാങ്ങുന്നതിനുള്ള സമയം ഫെബ്രുവരി 18 വരെ നീട്ടിയതായി യുഎസ് അറിയിച്ചു. കഴിഞ്ഞ നവംബറിൽ യുഎസ് മേൽനോട്ടത്തിൽ ഒപ്പുവച്ച കരാറിൽ 60 ദിവസത്തിനുള്ളിൽ തെക്കൻ ലബനനിൽ നിന്ന് ഇസ്രയേൽ സേന പൂർണമായും പിൻവാങ്ങുമെന്നു പറഞ്ഞിരുന്നു. തെക്കൻ ലബനനിൽ ലബനന്റെ പട്ടാളത്തെ വിന്യസിക്കാൻ വൈകുന്നത് ഹിസ്ബുല്ല ഇവിടം വീണ്ടും അധീനത്തിലാക്കാൻ ഇടയാക്കുമെന്ന ഇസ്രയേലിന്റെ വാദം അംഗീകരിച്ചാണു തീയതി നീട്ടിയതെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. 2023 ഒക്ടോബർ 7നു മുൻപ് ഇരുപക്ഷവും തടവിലാക്കിയവരുടെ മോചനം സംബന്ധിച്ച് ഇസ്രയേലും ലബനനും ചർച്ച പുനരാരംഭിക്കുമെന്നും പറഞ്ഞു. ഇതേസമയം, വെടിനിർത്തൽ കരാർ ഇസ്രയേൽ ലംഘിക്കുന്നതായി ആരോപിച്ച് ഞായറാഴ്ച തെക്കൻ ലബനനിൽ നടന്ന പ്രതിഷേധറാലിക്കു നേരെ ഇസ്രയേൽ സേന നടത്തിയ വെടിവയ്പിൽ 22 പേർ കൊല്ലപ്പെട്ടു. 124 പേർക്കു പരുക്കേറ്റു.
5. അരനൂറ്റാണ്ട് മുൻപ് തെക്കൻ വിയറ്റ്നാമിൽ നാപാം ബോംബാക്രമണത്തിൽ പൊള്ളലേറ്റു നഗ്നയായി നിലവിളിച്ചോടുന്ന പെൺകുട്ടിയെ ക്യാമറയിൽ പകർത്തിയത് അമേരിക്കൻ വാർത്താ ഏജൻസിയായ അസോഷ്യേറ്റ് പ്രസിന്റെ (എപി) ഫൊട്ടോഗ്രഫർ നിക്ക് ഊട്ട് അല്ലെന്ന് വാദിച്ച് ഡോക്യുമെന്ററി. യുഎസിലെ യൂട്ടായിൽ സൺഡാൻസ് ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ച ‘ദ് സ്ട്രിങ്ങർ’ എന്ന ഡോക്യൂമെന്ററിയാണ് ഫ്രീലാൻസ് ഫൊട്ടോഗ്രഫർ നോയൻ ടാൻ നെ ആണു ആ ചിത്രമെടുത്തതെന്ന് അവകാശപ്പെട്ടത്. വിയറ്റ്നാം യുദ്ധ പ്രതീകമായ ‘നാപാം പെൺകുട്ടി’ എന്ന ചിത്രത്തിന് പുലിറ്റ്സർ സമ്മാനം ലഭിച്ചിരുന്നു. ഗാരി നൈറ്റും സംഘവും തയാറാക്കിയ ഡോക്യുമെന്ററിയുടെ പ്രദർശനത്തിനുശേഷം നടന്ന വാർത്താസമ്മേളനത്തിൽ നോയൻ ടാൻ നെ പങ്കെടുത്തു. താനാണു നാപാം പെൺകുട്ടിയായ കിം ഫുക്കിന്റെ പടമെടുത്തതെന്ന് അദ്ദേഹം പറഞ്ഞു. 1972 ജൂൺ 8ന് ആണു ചിത്രമെടുത്തത്. എൻബിസി വാർത്താസംഘത്തിനൊപ്പമാണു ട്രാങ് ബാങ് നഗരത്തിൽ പോയത്. നിലവിളിച്ചോടി വന്ന 9 വയസ്സുകാരിയായ കിം ഫുക്കിന്റെ ചിത്രമെടുത്തത് അവിടെവച്ചാണ്. 20 ഡോളറിനു പടം എപിക്കു വിൽക്കുകയായിരുന്നു. സത്യം കണ്ടെത്താനായി 2 വർഷത്തിലേറെ നീണ്ട അന്വേഷണമാണു നടത്തിയതെന്ന് ഡോക്യുമെന്ററിയുടെ സംവിധായകൻ പറഞ്ഞു. എന്നാൽ, ഈ അവകാശവാദം വ്യാജമാണെന്നും ഡോക്യുമെന്ററിയോടു യോജിക്കുന്നില്ലെന്നും കാനഡയിലുള്ള കിം ഫുക് പ്രതികരിച്ചു
വിയറ്റ്നാം യുദ്ധകാലത്ത് എപിയുടെ ഫോട്ടോ എഡിറ്റർ ആയിരുന്ന കാൾ റോബിൻസനാണു (81) ഡോക്യുമെന്ററിയുടെ പ്രധാന സ്രോതസ്സുകളിലൊന്ന്. സ്ട്രിങ്ങറിൽനിന്ന് വില കൊടുത്തുവാങ്ങിയ ഫോട്ടോ എപി ഫോട്ടോഗ്രഫറുടേതായി അവതരിപ്പിക്കാൻ നിർദേശമുണ്ടായിരുന്നുവെന്ന് റോബിൻസൻ പറയുന്നു. ഫ്രഞ്ച് ഫൊറൻസിക് ടീം നടത്തിയ അന്വേഷണത്തിൽ, ഫോട്ടോ നിക്ക് ഊട്ട് എടുത്തതാകാൻ സാധ്യത വളരെ കുറവാണെന്നാണു കണ്ടെത്തിയതെന്നും ഡോക്യുമെന്ററി അവകാശപ്പെടുന്നു.
6. യുക്രെയ്‌നുമായി സമാധാന ചർച്ചകൾ നടത്താമെന്ന സൂചനകൾ നൽകി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ. മൂന്നു വർഷത്തോളം നീണ്ടു നിന്ന യുദ്ധത്തിനു ശേഷമാണ് സമാധാന ചർച്ചകൾക്കായി പുട്ടിൻ തയാറാകുന്നതെന്നു രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ നിയമവിരുദ്ധമായി പ്രസിഡന്റ് പദവിയിൽ ഇരിക്കുന്ന യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമർ സെലെൻസ്‌കിയുമായി നേരിട്ടു സംസാരിക്കുന്നതിന് താൻ തയാറല്ലെന്നും പുട്ടിൻ അറിയിച്ചിട്ടുണ്ട്. പുട്ടിന് ചർച്ചകളെ ഭയമാണെന്നും മൂന്നു വർഷത്തോളം നീണ്ടുനിൽക്കുന്ന സംഘർഷം തുടർന്നു കൊണ്ടുപോകാനുള്ള തന്ത്രമാണ് ഇപ്പോഴത്തെ നിലപാടെന്നുമാണ് വിഷയത്തിൽ യുക്രെയ്ന്റെ പ്രതികരണം. അതേസമയം, യുഎസ് പ്രസിഡന്റായി അധികാരമേറ്റ ഡോണൾഡ് ട്രംപ് യുദ്ധം അവസാനിപ്പിക്കാൻ ഇരുനേതാക്കളോടും സമ്മർദം ചെലുത്തിയെന്നാണ് സൂചന. യുദ്ധത്തിൽനിന്നും പിന്മാറിയില്ലെങ്കിൽ റഷ്യയ്‌ക്കെതിരെ കടുത്ത ഉപരോധം ഏർപ്പെടുത്തുമെന്നാണ് ട്രംപിന്റെ ഭീഷണി. ചർച്ചയ്ക്ക് താൻ തയാറാണെന്നു സെലെൻസ്കി അറിയിച്ചിട്ടുണ്ട്. സെലെൻസ്കി ചർച്ചകളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ താൻ അതിനായി ആളുകളെ അയയ്ക്കാമെന്നാണ് പുട്ടിന്റെ നിലപാട്. സെലെൻസ്കിയുടെ പ്രസിഡന്റ് പദവിയിലെ കാലാവധി അവസാനിച്ചതാണെന്നും അതിനാലാണ് നിയമവിരുദ്ധമെന്നു താൻ വിളിക്കുന്നതെന്നുമാണ് പുട്ടിൻ ചൂണ്ടിക്കാണിക്കുന്നത്. ചർച്ചകൾ നടത്താനും വിട്ടുവീഴ്ച ചെയ്യാനും കഴിയുമെങ്കിൽ ചർച്ചകൾക്ക് ആർക്കും നേതൃത്വം നൽകാമെന്നും പുട്ടിൻ പറയുന്നു. എന്നാൽ ചർച്ചയിൽ തങ്ങളുടെ താൽപര്യങ്ങളുമായി യോജിക്കുന്ന തീരുമാനങ്ങളെ അംഗീകരിക്കണമെന്നാണ് പുട്ടിൻ വ്യക്തമാക്കുന്നത്. പാശ്ചാത്യ രാജ്യങ്ങൾ യുക്രെയ്നു നൽകുന്ന സഹായം അവസാനിപ്പിക്കുകയാണെങ്കിൽ രണ്ടു മാസത്തിനകം യുദ്ധം നിർത്താമെന്നു പുട്ടിൻ നേരത്തേ അറിയിച്ചിരുന്നു.
7. പാക്കിസ്ഥാന് നൽകുന്ന ധനസഹായം താൽക്കാലികമായി നിർത്തിവയ്ക്കാൻ യുഎസ് ഉത്തരവിട്ടു. പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇതുസംബന്ധിച്ച എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവച്ചു. ഇതോടെ പാക്കിസ്ഥാനിലെ യുണൈറ്റഡ് സ്റ്റേറ്റ്സ് ഏജൻസി ഫോർ ഇന്റർനാഷനൽ ഡെവലപ്മെന്റിന്റെ (യുഎസ്എഐഡി) പല പദ്ധതികളും പൊടുന്നനെ നിർത്തിവച്ചു. സാംസ്കാരിക, പാരമ്പര്യ കേന്ദ്രങ്ങളുടെ സംരക്ഷണവും സുരക്ഷയും കൈകാര്യം ചെയ്യുന്ന അംബാസഡേഴ്സ് ഫണ്ട് ഫോർ കൾച്ചറൽ പ്രിസർവേഷന്റെ (എഎഫ്സിപി) കീഴിൽ വരുന്നവയും നിർത്തിവച്ചു.
പാക്കിസ്ഥാനു നൽകുന്ന വിദേശ സഹായം പുനഃപരിശോധിക്കുന്നതിനു വേണ്ടിയാണ് താൽക്കാലികമായി നിർത്തിവച്ചതെന്നാണ് കറാച്ചിയിലെ യുഎസ് കോൺസുലേറ്റ് വൃത്തങ്ങൾ പറയുന്നത്. ഊർജ മേഖലയിലേക്കുള്ള അഞ്ച് പദ്ധതികളും നിർത്തിവച്ചവയിൽ ഉൾപ്പെടുന്നു. സമ്പദ്‌വ്യവസ്ഥയുടെ വളർച്ചയ്ക്ക് ഉതകുന്ന പല പദ്ധതികളും നിർത്തലായവയിൽ ഉൾപ്പെടുന്നു.
ആരോഗ്യം, കൃഷി, കന്നുകാലിവളർത്തൽ, ഭക്ഷ്യസുരക്ഷ, പ്രളയം, കാലാവസ്ഥ, വിദ്യാഭ്യാസം, ജനാധിപത്യം, മനുഷ്യാവകാശം, ഭരണനിർവഹണം തുടങ്ങിയവയെ ട്രംപിന്റെ ഉത്തരവ് ബാധിക്കും. അതേസമയം, പാക്കിസ്ഥാന് യുഎസ് എത്ര തുകയാണ് നൽകുന്നതെന്നോ നിർത്തലാക്കിയ പദ്ധതികൾ എത്ര രൂപയുടെ മൂല്യമുള്ളതാണെന്നോ ഉള്ള വിവരങ്ങൾ പുറത്തുവന്നിട്ടില്ല. പാക്കിസ്ഥാൻ ഇക്കാര്യത്തെക്കുറിച്ചു പ്രതികരിച്ചിട്ടില്ല.
8. രാജ്യാന്തര ബഹിരാകാശ നിലയത്തിൽ കുടുങ്ങിയ യുഎസ് ബഹിരാകാശ സഞ്ചാരികളായ സുനിത വില്യംസിന്റെയും ബുച്ച് വിൽമോറിന്റെയും മടക്കയാത്രയ്ക്കായി പ്രസിഡന്റ് ഡോണൾഡ് ട്രംപ് സഹായം തേടിയതായി ഇലോൺ മസ്ക്. മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്പേസ് എക്സിനെ ഇരുവരെയും തിരികെ എത്തിക്കാനുള്ള ദൗത്യത്തിൽ നാസ പങ്കാളികളാക്കിയിരുന്നു.
അതേസമയം കൂടുതൽ സമയം ബഹിരകാശത്തു നടന്ന വനിത എന്ന റെക്കോർഡ് സ്വന്തമാക്കി സുനിത വില്യംസ്. കഴിഞ്ഞദിവസം രാജ്യാന്തര ബഹിരാകാശ നിലയത്തിനു ( ഐഎസ്എസ്) പുറത്ത് 5 മണിക്കൂർ 26 മിനിറ്റ് നടന്നതോടെ സുനിതയുടെ ബഹിരാകാശ നടത്തം ആകെ 62 മണിക്കൂർ 6 മിനിറ്റായി. 2017ൽ നാസയുടെ ബഹിരാകാശ സഞ്ചാരി പെഗ്ഗി വിറ്റ്‌സൻ സ്ഥാപിച്ച 60 മണിക്കൂറും 21 മിനിറ്റും എന്ന റെക്കോർഡാണു സുനിത മറികടന്നത്. സഹയാത്രികൻ ബുച്ച് വിൽമോറിനൊപ്പമായിരുന്നു സുനിതയുടെ നടത്തം. ബഹിരാകാശ നിലയത്തിലെ തകരാറുള്ള റേഡിയോ കമ്യൂണിക്കേഷൻ യൂണിറ്റ് ഇരുവരും വിജയകരമായി നീക്കി. നേരത്തേ 2 തവണ ശ്രമിച്ചിട്ടും ഈ ദൗത്യം പരാജയപ്പെട്ടിരുന്നു.
9. യുഎസിലെ വാഷിങ്ടൻ റീഗൽ നാഷനൽ വിമാനത്താവളത്തിൽ ലാൻഡിങ്ങിനിടെ യാത്രാ വിമാനം സൈനിക ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വിമാനത്തിൽ ആകെയുണ്ടായിരുന്ന 60 യാത്രക്കാരും 4 ജീവനക്കാരും പരിശീലന പറക്കലിലായിരുന്ന സൈനിക ഹെലികോപ്റ്ററിലെ ആകെ 3 പേരും മരിച്ചു. വിമാനത്തിന്റെ ബ്ലാക് ബോക്സ് മുങ്ങൽ വിദഗ്ധർ കണ്ടെത്തിയതായി സിബിഎസ് ന്യൂസിനെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. കൻസാസിൽനിന്നു പുറപ്പെട്ട അമേരിക്കൻ എയർലൈൻസിന്റെ 5342 എന്ന വിമാനം റൺവേയിലേക്ക് അടുക്കുന്നതിനിടെയാണു സൈന്യത്തിന്റെ ബ്ലാക്ക് ഹാക് ഹെലികോപ്റ്ററിൽ കൂട്ടിയിടിച്ച് കത്തി പൊട്ടോമാക് നദിയിൽ പതിച്ചത്. മുതിർന്ന സേനാ ഉദ്യോഗസ്ഥർ ഹെലികോപ്റ്ററിൽ ഇല്ലായിരുന്നെന്നാണു വിവരം. തുടർന്ന് വിമാനം നദിയിലേക്ക് വീഴുകയായിരുന്നു. വൈറ്റ് ഹൗസിൽനിന്ന് 5 കിലോമീറ്റർ ദൂരത്തായിരുന്നു അപകടം നടന്നത്. ഞെട്ടിപ്പിക്കുന്ന അപകടമെന്നാണ് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രതികരിച്ചത്. ഇതു നടക്കാന്‍ പാടില്ലായിരുന്നുവെന്ന് പറഞ്ഞ ട്രംപ്, വിമാനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതില്‍ കണ്‍ട്രോള്‍ ടവറുകളുടെ കാര്യക്ഷമതയിൽ സംശയവും പ്രകടിപ്പിച്ചു. 2009 ന് ശേഷം യുഎസിലുണ്ടാകുന്ന വലിയ വിമാനാപകടമാണ് ഇതെന്നാണ് റിപ്പോർട്ട്. 2009ൽ ന്യൂയോർക്കിലുണ്ടായ അപകടത്തിൽ 49 പേർക്കാണ് ജീവൻ നഷ്ടമായത്.
10. യുഎസ് ശതകോടീശ്വരൻ ജോർജ് സോറോസിന്റെ ഓപ്പൺ സൊസൈറ്റി ഫൗണ്ടേഷൻസ് ബംഗ്ലദേശിലെ പുതിയ ഭരണകൂടത്തിന് സാമ്പത്തിക പുനർനിർമാണത്തിനുള്ള എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു. വിദേശരാജ്യങ്ങൾക്കുള്ള യുഎസ് ധനസഹായം പുതിയ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നിർത്തലാക്കിയതിനു പിന്നാലെയാണ് സോറോസിന്റെ മകൻ അലക്സ് സോറോസ് ബംഗ്ലദേശ് ഇടക്കാല ഭരണകൂടത്തിന്റെ ചീഫ് അഡ്വൈസർ മുഹമ്മദ് യൂനുസിനെക്കണ്ട് പിന്തുണ അറിയിച്ചത്. ജോർജ് സോറോസ് സ്ഥാപിച്ച ഓപ്പൺ സൊസൈറ്റി ഫൗണ്ടേഷൻസിന്റെ (ഒഎസ്എഫ്) ചെയർപഴ്സനാണ് അലക്സ്. ധാക്കയിൽ ബുധനാഴ്ച നടന്ന കൂടിക്കാഴ്ചയുടെ വിവരങ്ങൾ യൂനുസിന്റെ ഓഫിസാണ് പുറത്തുവിട്ടത്. ഇടക്കാല സർക്കാരിന്റെ പരിഷ്കരണ അജൻഡയ്ക്ക് ഒഎസ്എഫ് പിന്തുണയുണ്ടെന്ന് യൂനുസ് അറിയിച്ചു.
11. രാജ്യാന്തര വ്യാപാരത്തിൽ യുഎസ് ഡോളർ ഒഴിവാക്കി സ്വന്തം കറൻസിക്കു ശ്രമിച്ചാൽ ഉൽപന്നങ്ങൾക്കു യുഎസ് 100% ഇറക്കുമതി തീരുവ ചുമത്തുമെന്ന് ഇന്ത്യയടങ്ങുന്ന ഒൻപതംഗ ബ്രിക്സ് രാജ്യങ്ങൾക്കു വീണ്ടും ട്രംപിന്റെ മുന്നറിയിപ്പ്. ബ്രിക്സ് കറൻസി നീക്കം നടത്തുന്ന രാജ്യങ്ങൾ ഇറക്കുമതിത്തീരുവയ്ക്കു ‘ഹലോ’ പറയുക, യുഎസ് വിപണിയോടു ‘ഗുഡ്ബൈ’യും– ട്രംപ് വ്യക്തമാക്കി. ഡോളറിനു പകരം മറ്റൊരു കറൻസി സ്വീകരിക്കാൻ ആലോചനയില്ലെന്ന് ഇന്ത്യ നേരത്തേ വ്യക്തമാക്കിയിരുന്നു. സ്വന്തം കറൻസി കൊണ്ടുവരാൻ പദ്ധതിയില്ലെന്നും ബ്രിക്സ് രാജ്യങ്ങൾ ഒരുമിച്ചു നടത്തുന്ന പൊതുനിക്ഷേപ പദ്ധതികളാണു ലക്ഷ്യമിടുന്നതെന്നും റഷ്യ കഴിഞ്ഞദിവസം വ്യക്തമാക്കി. ഡിസംബറിൽ ട്രംപ് നടത്തിയ പ്രഖ്യാപനത്തിനു പിന്നാലെ ഏഷ്യൻ കറൻസികളുടെ മൂല്യം ഇടിഞ്ഞിരുന്നു.
ഇതിനിടെ കാനഡ, മെക്‌സിക്കോ, ചൈന എന്നീ രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിക്ക് അധിക നികുതി ചുമത്തി ഡോണൾഡ് ട്രംപ്. കാനഡ, മെക്‌സിക്കോ എന്നിവിടങ്ങളില്‍ നിന്നുള്ള ഇറക്കുമതിക്ക് 25 ശതമാനമാണ് നികുതി ചുമത്തിയിരിക്കുന്നത്. ചൈനയില്‍ നിന്നുള്ള ഇറക്കുമതിക്ക് 10 ശതമാനവും നികുതി ചുമത്തി. അധികാരത്തിലെത്തിയാല്‍ അധിക നികുതി ചുമത്തുമെന്ന് ട്രംപ് നേരത്തെ പറഞ്ഞിരുന്നു. എന്നാൽ കാനഡയില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതിക്ക് 10 ശതമാനം മാത്രമേ നികുതി ചുമത്തുകയുള്ളൂ. വ്യാപാരത്തിന്‍റെ കാര്യത്തില്‍ മെക്സിക്കോയും കാനഡയും ഒരിക്കലും യുഎസുമായി നല്ല ബന്ധം പുലര്‍ത്തിയിട്ടില്ലെന്നു ട്രംപ് ആരോപിച്ചിരുന്നു. വ്യാപാരത്തിന്‍റെ കാര്യത്തില്‍ ഇരു രാജ്യങ്ങളും യുഎസിനോട് അന്യായമായാണ് പെരുമാറുന്നത്. കാനഡയുടേയും മെക്സിക്കോയുടേയും സാധനങ്ങള്‍ യുഎസിന് ആവശ്യമില്ല. ആവശ്യമായ എണ്ണ രാജ്യത്തിനുണ്ടെന്നും ട്രംപ് പറഞ്ഞു. ഇതേതുടർന്ന് യുഎസിനോട് അതെ നാണയത്തിൽ തിരിച്ചടിക്കാൻ ഈ മൂന്ന് രാജ്യങ്ങളും കച്ചക്കെട്ടിയിറങ്ങിയിരിക്കുകയാണ്. യുഎസിൽനിന്ന് ഇറക്കുമതി ചെയ്യുന്ന 15,500 കോടി കനേഡിയൻ ഡോളറിന്റെ ഉൽപന്നങ്ങൾക്ക് 25% ഇറക്കുമതി തീരുവ ചുമത്തുമെന്നു കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പ്രഖ്യാപിച്ചു. ഇതോടെ മേഖലയിൽ വ്യാപാരയുദ്ധത്തിനുള്ള സാധ്യത ഉച്ചസ്ഥായിയിലെത്തി. ആദ്യഘട്ടമായി 3000 കോടി ഡോളറിന്റെ ഉൽപന്നങ്ങൾക്കു ചുങ്കം ചുമത്തുമെന്നും വരും ആഴ്ചകളിൽ മറ്റു ഉൽപന്നങ്ങൾക്കും ഇത് ബാധകമാക്കുമെന്നും ട്രൂഡോ പറഞ്ഞു. അമേരിക്കൻ ബിയർ, വൈൻ, മദ്യം, പഴം, പച്ചക്കറി, പ്ലാസ്റ്റിക് തുടങ്ങി യുഎസിൽനിന്ന് ഇറക്കുമതി ചെയ്യുന്ന എല്ലാ ഉൽപന്നങ്ങൾക്കും തീരുവ ബാധകമായിരിക്കും. പ്രശ്നം വഷളാകാതിരിക്കാൻ തീർച്ചയായും ശ്രമിക്കുമെങ്കിലും കാനഡയ്ക്കും കനേഡിയൻ ജനതയ്ക്കും അവരുടെ തൊഴിലുകൾക്കും വേണ്ടി സർക്കാർ നിലകൊള്ളുമെന്നും ട്രൂഡോ പറഞ്ഞു. യുഎസിന്റെ ഇരുണ്ട നാളുകളിൽ കാനഡ അവർക്കൊപ്പം നിലകൊണ്ടിട്ടുണ്ട്. ഇറാനിലെ ബന്ദി പ്രതിസന്ധി, അഫ്ഗാൻ യുദ്ധം, കത്രീന കൊടുങ്കാറ്റ്, കലിഫോർണിയ കാട്ടുതീ ഉൾപ്പെടെയുള്ള പ്രതിസന്ധികളിൽ യുഎസിനൊപ്പം കാനഡ നിന്നു. യുഎസിന്റെ സുവർണയുഗമാണ് പ്രസിഡന്റ് ട്രംപ് ആഗ്രഹിക്കുന്നതെങ്കിൽ അതിന് കാനഡയുമായി മികച്ച സഹകരണമാണ് വേണ്ടത്. ഞങ്ങളെ ശിക്ഷിക്കുകയല്ലെന്നും ട്രൂഡോ കൂട്ടിച്ചേർത്തു. യുഎസിന് സമാനമായ തിരിച്ചടി നൽകുമെന്നാണു ചൈനയുടെയും പ്രതികരണം.
ലോക വാർത്തകളിൽ പോയവാരം നിറഞ്ഞുനിന്നത് അമേരിക്കയും ട്രംപും ആണ്..
മറ്റു വാർത്തകളും അറിയുവാൻ സാധിച്ചതിൽ ഒത്തിരി സന്തോഷം
നല്ല അവതരണം
ലോക വാർത്തകൾ ബഹുകേമം

