* റഷ്യ-യുക്രൈൻ പോരാട്ടത്തിന്റെ രണ്ടാം വാർഷികദിനത്തിൽ റഷ്യയുടെ ഉരുക്കു ഫാക്ടറി ആക്രമിച്ചുകൊണ്ടു യുക്രെയ്ന്റെ തിരിച്ചടി. ഡ്രോൺ ഉപയോഗിച്ച് നടത്തിയ ആക്രമണത്തെ തുടർന്ന് ലിപ്റക് നഗരത്തിലെ ഫാക്ടറിയിൽ തീപിടിത്തമുണ്ടായി. ആളപായമില്ല. റഷ്യയ്ക്ക് ആവശ്യമായ ഉരുക്കിന്റെ 18% നിർമിക്കുന്നത് ഈ ഫാക്ടറിയിലാണ്. ഇവിടെ നിന്നുള്ള ഉരുക്കാണു പ്രധാനമായും ആയുധനിർമാണത്തിന് ഉപയോഗിക്കുന്നത്. തുടർന്ന് വിവിധ യുക്രെയ്ൻ നഗരങ്ങളിൽ റഷ്യയും മിസൈൽ ആക്രമണം നടത്തി.
നാറ്റോ അംഗത്വം സ്വീകരിച്ചതിന്റെ പേരിൽ ആക്രമിക്കപ്പെട്ട യുക്രെയ്ന് രണ്ടാം വാർഷികദിനത്തിൽ അംഗരാജ്യങ്ങൾ ഉറച്ച പിന്തുണ പ്രഖ്യാപിച്ചു. പോരാട്ടം തുടരുന്ന യുക്രെയ്നെ അഭിനന്ദിച്ച യുഎസ് പ്രസിഡന്റ് ജോ ബൈഡൻ നാറ്റോ മുൻപത്തേക്കാൾ ഒറ്റക്കെട്ടാണെന്നു പറഞ്ഞു. യുക്രെയ്നൊപ്പം ഉറച്ചുനിൽക്കുന്നതായി യൂറോപ്യൻ കമ്മിഷൻ പ്രസിഡന്റ് ഉർസുല വോൺ ദെർ ലെയെൻ പറഞ്ഞു. ഇന്നുമാത്രമല്ല, നാളെയും യുക്രെയ്ന് ഒപ്പം തന്നെയെന്ന് ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക് പറഞ്ഞു. പോളണ്ട്, റുമാനിയ, ഇറ്റലി തുടങ്ങിയ രാജ്യങ്ങളും പിന്തുണ ആവർത്തിച്ചു.
നമ്മൾ വിജയിക്കുക തന്നെ ചെയ്യും’ എന്ന് രണ്ടാം വാർഷികദിനത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി പറഞ്ഞു.
* ഒഴിയാതെ പട്ടിണിയും ക്ഷാമവും എങ്ങുമെത്താതെ ഗാസ ചർച്ചകൾ; വെടിനിർത്തൽ പ്രതീക്ഷകൾ അനന്തമായി നീളുന്നതിനിടെ ഇസ്രയേൽ സേനയും ഹമാസും തമ്മിലുള്ള പോരാട്ടം മൂലം ഗാസയിലെമ്പാടും ജനങ്ങൾ നേരിടുന്ന ദുരിതത്തിനും പട്ടിണിക്കും പരിഹാരമില്ല. വടക്കൻ ഗാസയിൽ പട്ടിണിയിലായ പലസ്തീൻ കുടുംബങ്ങളിലൊന്നിലെ നവജാത ശിശു മരിച്ചു. പട്ടിണിയുണ്ടാക്കുന്ന സാഹചര്യം സൃഷ്ടിക്കുന്നതും യുദ്ധതന്ത്രമാക്കുകയാണെന്ന് ഇസ്രയേലിനെതിരെ വിമർശനം ശക്തമായിരിക്കെയാണിത്.
അതിർത്തിക്കപ്പുറം ഭക്ഷണവുമായി ട്രക്കുകൾ കാത്തുകിടക്കുകയാണെന്നും യുദ്ധം മൂലം അവയ്ക്കു ഗാസയിൽ പ്രവേശിക്കാൻ ആകുന്നില്ലെന്നും യുഎന്നിന്റെ വേൾഡ് ഫുഡ് പ്രോഗ്രാം മേധാവി സമീർ അബ്ദുൽ ജാബീർ പറഞ്ഞു. ഇതിനിടെ, ഇസ്രയേലുകാരെ വെസ്റ്റ് ബാങ്കിൽ താമസിപ്പിക്കാനായി 3300 വീടുകൾ നിർമിക്കാനുള്ള പദ്ധതിയുമായി ഇസ്രയേൽ സർക്കാർ മുന്നോട്ടു നീങ്ങുകയാണെന്നു റിപ്പോർട്ടുകളുണ്ട്. വെടിനിർത്തൽ ചർച്ചകൾ വരുംദിവസങ്ങളിൽ ദോഹയിൽ തുടരും.
ഭക്ഷണവും വെള്ളവുമില്ലാതെ വലയുന്ന ഗാസയിലെ ജനങ്ങൾക്ക് ഭക്ഷണവും മറ്റും വിമാനത്തിൽ നിന്ന് വിതരണം ചെയ്യുന്നതിന് യുഎസ് സൈന്യം മാർച്ച് 2 ശനിയാഴ്ച തുടക്കമിട്ടു. മൂന്ന് സി–130 വിമാനങ്ങൾ 35000 ഭക്ഷണപ്പായ്ക്കറ്റുകൾ ഇട്ടുകൊടുത്തു.
ഗാസയിൽ വെടിനിർത്തലിനുള്ള സമാധാനചർച്ചകൾ ഇന്നു കയ്റോയിൽ പുനരാരംഭിക്കുമെന്ന് ഈജിപ്തിന്റെ സുരക്ഷാ ഏജൻസി അറിയിച്ചു. 10ന് റമസാൻ നോമ്പ് ആരംഭിക്കും മുൻപ് വെടിനിർത്തൽ യാഥാർഥ്യമാക്കാൻ ഖത്തർ, ഈജിപ്ത്, യുഎസ് എന്നീ രാഷ്ട്രങ്ങൾ കിണഞ്ഞുശ്രമിക്കുന്നുണ്ട്.
* പാക്കിസ്ഥാനിൽ മുൻ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ മകൾ മറിയം നവാസിനെ പഞ്ചാബ് പ്രവിശ്യയുടെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തു. ഈ പദവിയിൽ എത്തുന്ന ആദ്യ വനിതയാണ് മറിയം. 371 അംഗ അസംബ്ലിയിൽ 220 വോട്ട് നേടിയാണ് മറിയം വിജയിച്ചത്. പ്രതിപക്ഷം തിരഞ്ഞെടുപ്പ് ബഹിഷ്കരിച്ചു. പ്രധാനമന്ത്രി പദത്തിലേക്കുള്ള ചവിട്ടുപടിയായാണ് പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനം കരുതപ്പെടുന്നത്.
പഞ്ചാബ് പ്രവിശ്യയിൽ നിന്നുള്ളവരാണ് ഷരീഫ് കുടുംബം. നവാസ് ഷെരീഫിന് പുറമെ സഹോദരനും മുൻ പ്രധാനമന്ത്രിയുമായ ഷഹബാസ് ഷെരീഫ്, ഷഹബാസിന്റെ മകൻ ഹംസ ഷഹബാസ് എന്നിവർ ഈ പദവി വഹിച്ചിട്ടുണ്ട്. 2011 മുതൽ മറിയം സജീവ രാഷ്ട്രീയത്തിൽ ഉണ്ട്. ഇത്തവണ പാക്കിസ്ഥാൻ മുസ്ലീം ലീഗിന് വേണ്ടി പ്രചാരണം നയിച്ചത് മറിയം ആയിരുന്നു.
* ഗാസയിൽ ഇസ്രായേൽ നടത്തുന്ന അതിക്രമങ്ങളിൽ പ്രതിഷേധിച്ചു യുഎസ് സൈനികൻ ഇസ്രായേൽ എംബസിക്ക് മുന്നിൽ സ്വയം തീ കൊളുത്തി മരിച്ചു. ഈ സംഭവത്തിൽ സുരക്ഷ ഉദ്യോഗസ്ഥൻ തോക്ക് ചൂണ്ടി നിന്നത് ചർച്ചയാകുന്നു. വ്യോമസേനാംഗമായ ആരോൺ ബുഷ്നെൽ ആണ് മരിച്ചത്. പ്രാദേശികസമയം ഞായറാഴ്ച ഉച്ചയ്ക്ക് വാഷിംഗ്ടൺ ഡിസിയിലെ ഇസ്രായേൽ എംബസിക്ക് മുന്നിൽ അരങ്ങേറിയ നാടകീയ സംഭവങ്ങൾ സമൂഹമാധ്യമങ്ങൾ തൽസമയം സംരക്ഷണം ചെയ്തിരുന്നു.
* റഷ്യയിലെ പ്രമുഖ മനുഷ്യാവകാശ പ്രവർത്തകൻ ഒലേഗ് ഒർലോവിന് മോസ്കോ കോടതി രണ്ടര വർഷത്തെ തടവ് ശിക്ഷ വിധിച്ചു. റഷ്യൻ സായുധസേനയെ അപകീർത്തിപ്പെടുത്തിയെന്ന കേസിലാണ് നടപടി. 2022ൽ സമാധാന നോബൽ സമ്മാനം പങ്കിട്ട രാജ്യാന്തര സംഘടനയായ മനുഷ്യാവകാശ സംഘടനയായ മെമ്മോറിയലിന്റെ നേതാവായി 2 ദശകത്തിലേറെ പ്രവർത്തിച്ച ഓർലോവ് റഷ്യൻ പ്രസിഡണ്ട് വ്ലാഡിമിർ പുടിന്റെ ഭരണം ഫാഷിസമാണെന്ന് ആരോപിച്ചു എഴുതിയ ലേഖനമാണ് കേസിന് ആധാരം.
* തായ്‌വാൻ അതിർത്തിയോടടുത്ത് ചൈനീസ് യുദ്ധവിമാനങ്ങളും കപ്പലുകളും. ഫെബ്രുവരി 28-29 ദിവസങ്ങളിൽ 19 ചൈനീസ് സൈനിക വിമാനങ്ങളും 7 നാവിക കപ്പലുകളും രാജ്യത്തിന് സമീപം എത്തിയതായി തായ്‌വാൻ ദേശീയ പ്രതിരോധ മന്ത്രാലയം. ചൈനയുടെ നടപടിക്ക് ശേഷം പീപ്പിൾസ് ലിബറേഷൻ ആർമിയുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനായി തായ്‌വാൻ യുദ്ധവിമാനങ്ങളും നാവിക കപ്പലുകളും വ്യോമ പ്രതിരോധ മിസൈൽ സംവിധാനങ്ങളും വിന്യസിച്ചിരുന്നു. തായ്‌വാൻ ന്യൂസിന്റെ റിപ്പോർട്ട് അനുസരിച്ച് തായ്‌വാന് സമീപം ഫെബ്രുവരിയിൽ 253 തവണ ചൈനയുടെ യുദ്ധവിമാനവും 150 തവണ നാവിക കപ്പലുകളും തായ്‌വാൻ കണ്ടെത്തിയിരുന്നു. 2020 സെപ്റ്റംബർ മുതൽ ചൈന തായ്‌വാന് സമീപം ഗ്രേ സോൺ ബലപ്രയോഗം തുടരുകയാണ്.
* പാക്കിസ്ഥാനിൽ പുതുതായി തിരഞ്ഞെടുക്കപ്പെട്ട ദേശീയ അസംബ്ലിക്ക് പ്രതിപക്ഷത്തിന്റെ കനത്ത പ്രതിഷേധത്തെ തുടർന്ന് ഒരു മണിക്കൂർ വൈകി തുടക്കം. തിരഞ്ഞെടുപ്പിൽ കൃത്രിമം നടന്നുവെന്നും പരിശോധന വേണമെന്നും ആവശ്യപ്പെട്ട് മുൻ പ്രധാനമന്ത്രി ഇമ്രാൻഖാന്റെ പാക്കിസ്ഥാൻ തഹരിക്കെ ഇൻസാഫ് (പിടിഐ) പിന്തുണയോടെ മത്സരിച്ച് ജയിച്ച 93 സ്വതന്ത്രർ സുന്നി ഇത്തിഹാദ് കൗൺസിൽ പാർട്ടിയിൽ ചേർന്നാണ് പ്രതിഷേധിച്ചത്. ആർക്കും ഭൂരിപക്ഷം ലഭിക്കാതിരുന്ന തിരഞ്ഞെടുപ്പിൽ മുന്നിലെത്തിയത് പി ടി ഐ സ്വതന്ത്രരായിരുന്നു.
നിലവിലെ സ്പീക്കർ രാജാ പർവേശ് അഷ്റഫിന്റെ അധ്യക്ഷതയിൽ ചേർന്ന ദേശീയ അസംബ്ലിയുടെ ആദ്യ സമ്മേളനത്തിൽ പുതിയ അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു.