Friday, December 27, 2024
Homeഅമേരിക്ക"ലോകം പോയ വാരം" ✍സ്റ്റെഫി ദിപിൻ

“ലോകം പോയ വാരം” ✍സ്റ്റെഫി ദിപിൻ

സ്റ്റെഫി ദിപിൻ

1. കിമ്മിനു പുട്ടിൻ സമ്മാനിച്ച കാറിൽ ദക്ഷിണ കൊറിയൻ സെൻസറുകൾ.
റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുട്ടിൻ ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉന്നിനു സമ്മാനിച്ച കാറാണ് ഇപ്പോൾ രാജ്യാന്തര മാധ്യമങ്ങളുടെ ചർച്ചാ വിഷയങ്ങളിലൊന്ന്. ജൂൺ 18,19 തീയതികളിൽ ഉത്തര കൊറിയയിൽ നടത്തിയ സന്ദർശനത്തിലാണ് പുട്ടിൻ കിമ്മിന് റഷ്യൻ നിർമിത ആഡംബര കാറായ ഔറസ് സെനറ്റ് ലിമസീൻ സമ്മാനിച്ചത്. പോങ്യാങിലെ കൊട്ടാരവളപ്പിലെ പൂന്തോട്ടത്തിലൂടെ കിമ്മും പുട്ടിനും ഈ കാർ ഓടിച്ചു നോക്കിയിരുന്നു. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയും ചെയ്തു.

എന്നാൽ ഇപ്പോൾ കാർ വീണ്ടും വാർത്തയായത് അതിന്റെ ദക്ഷിണ കൊറിയൻ ‘ബന്ധം’ മൂലമാണ്. റഷ്യ‌യിൽ നിർമിച്ച കാറിൽ ഉപയോഗിച്ചിട്ടുള്ള പല സാമഗ്രികളും ദക്ഷിണ കൊറിയയിൽനിന്നാണെന്നു റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. കാറിലെ പ്രധാനപ്പെട്ട സെൻസറുകളും സ്വിച്ചുകളും മുതൽ ബോഡിയുടെ ലോഹഭാഗങ്ങൾ വരെ ദക്ഷിണ കൊറിയയിൽനിന്ന് ഇറക്കുമതി ചെയ്തതാണത്രേ. ഔറസ് സെനറ്റ് ലിമസീൻ കാറിന്റെ നിർമാണത്തിനുള്ളവ അടക്കം 3.4 കോടി ‍ഡോളറിന്റെ സാധനങ്ങളാണ് റഷ്യ 2018-’23 കാലത്ത് ഇറക്കുമതി ചെയ്തത്. ഇതിൽ 1.55 കോടി ഡോളറിന്റെ സാധനങ്ങൾ ദക്ഷിണ കൊറിയയിൽ നിന്നാണ്. ഇന്ത്യ, ചൈന, തുർക്കി, യൂറോപ്പ് എന്നിവിടങ്ങളിൽ നിന്നും റഷ്യ ഇത്തരത്തിൽ വാഹന നിർമാണ സാമഗ്രികൾ ഇറക്കുമതി ചെയ്തിരുന്നു.

നേരത്തേ, യുഎൻ രക്ഷാസമിതി ഉത്തര കൊറിയയിലേക്കുള്ള ആഡംബര കാറുകളുടെ കയറ്റുമതി നിരോധിച്ചിരുന്നു. ഇതോടെയാണ് കാറുകൾക്കായി ഉത്തര കൊറിയ റഷ്യയെ ആശ്രയിച്ചു തുടങ്ങിയത്. റഷ്യയും ഉത്തര കൊറിയയും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കുന്നതിനാണ് പുട്ടിൻ കിമ്മിന് കാർ സമ്മാനിച്ചതെങ്കിലും, ലിമസീൻ കാർ പുട്ടിന്റെ ചതി പ്രയോഗമാണോ എന്ന ചർച്ചയും കൊടുമ്പിരി കൊള്ളുന്നുണ്ട്. വിമാനത്തിൽ പോലും കയറാൻ പേടിയുള്ള കിംങ് ജോങ് ഉൻ, ദക്ഷിണ കൊറിയൻ സെൻസറുകളുള്ള ഔറസ് സെനറ്റ് ലിമസീൻ ഉപയോ​ഗിക്കുമോയെന്ന് കണ്ടുതന്നെ അറിയണം.

2. ഇന്ത്യൻ വംശജയായ ബഹിരാകാശ യാത്രിക സുനിത വില്യംസ് ബഹിരാകാശ നിലയത്തിൽ അകപ്പെട്ട അവസ്ഥയിലാണ്. 45 ദിവസമാണ് സ്റ്റാർലൈനറിന്റെ ഡോക്കിങ് കാലാവധി. അതായത് 45 ദിവസങ്ങൾ ഇതു സുരക്ഷിതമായി നിലയവുമായി ബന്ധപ്പെട്ട് സ്ഥിതി ചെയ്യും. ഈ കാലാവധി 90 ദിവസമാക്കാനാണ് ഇപ്പോൾ നാസ അധികൃതരുടെ ശ്രമം. ന്യൂമെക്‌സിക്കോയിൽ സ്റ്റാർലൈനറിന്റെ ത്രസ്റ്റർ തകരാർ പരിഹരിക്കുന്നതു സംബന്ധിച്ച പഠനങ്ങൾ നടക്കുന്നുണ്ട്. എന്താണ് പ്രശ്‌നമെന്നു കണ്ടെത്താനായുള്ള പരീക്ഷണമാണ് ഇത്. 3 ആഴ്ചകളെടുത്താകും പരീക്ഷണം പൂർത്തിയാകുകയെന്നാണു കരുതുന്നത്. പരീക്ഷണത്തിനു തന്നെ ഇത്രയും കാലമെടുക്കുന്ന സ്ഥിതിക്കു യഥാർഥ ദൗത്യം വരാനും സുനിത ഭൂമിയിലെത്താനും കാലതാമസം എടുക്കും. ജൂൺ ആറിന് രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് ഡോക്ക് ചെയ്യാൻ സാധാരണയിലും ഒരു മണിക്കൂർ സമയം അധികമെടുത്തിരുന്നു. സ്റ്റാർലൈനറിന്റെ 28 ത്രസ്റ്ററുകളിൽ 5 എണ്ണത്തിനു തകരാർ നേരിട്ടതുകൊണ്ടാണ് വൈകിയത്. ബോയിങ് നടത്തിയ ശ്രമങ്ങളുടെ ഭാഗമായി പ്രൊപ്പൾഷൻ സംവിധാനത്തിൽ മാറ്റങ്ങൾ വരുത്തി ഇതിൽ നാലു ത്രസ്റ്ററുകൾ പ്രവർത്തനക്ഷമമാക്കി. ഒരു ത്രസ്റ്റർ ഇതുവരെ പ്രവർത്തനക്ഷമമായിട്ടില്ല. 8 ദിവസമായിരുന്നു ഈ ത്രസ്റ്ററിന്റെ കാലാവധി. നിലയത്തിലേക്ക് ആദ്യമായി എത്തിയ ബോയിങ് സ്റ്റാർലൈനർ പേടകത്തിലാണു സുനിതയും എത്തിയത്. എന്നാൽ പേടകത്തിന്റെ ത്രസ്റ്ററുകൾ തകരാറിലായതോടെ സുനിത ഇതിനുള്ളിൽ കുടുങ്ങുകയായിരുന്നു. ഏതായാലും സുനിതയുടെ തിരിച്ചുവരവ് സംഭവിക്കാൻ ഇനി മാസങ്ങളെടുത്തേക്കുമെന്നാണ് നാസയുടെ ഇപ്പോഴത്തെ പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്. എന്നാൽ ഇക്കാര്യങ്ങളിലൊന്നും പേടിക്കേണ്ട യാതൊരു കാര്യവുമില്ലെന്നു നാസ പറയുന്നു. ബഹിരാകാശനിലയത്തിൽ ഇവർക്കുള്ള ഭക്ഷണമുൾപ്പെടെ സകലസാമഗ്രികളും സ്റ്റോക്കുണ്ട്. ഇത്രയും ദിവസങ്ങൾ അവിടെ തള്ളിനീക്കുന്നത് അത്ര പ്രശ്‌നമുള്ള കാര്യമല്ല. സുനിതയെ തിരിച്ചെത്തിക്കാനായി ഇലോൺ മസ്‌കിന്‌റെ ഉടമസ്ഥതയിലുള്ള സ്‌പേസ് എക്‌സ് കമ്പനിയുടെ സഹായം നാസ തേടുമെന്ന അഭ്യൂഹം ശക്തമായിരുന്നെങ്കിലും തൽക്കാലം അതിനു സാധ്യതയില്ലെന്നാണു നാസയുടെ പ്രതികരണം സൂചിപ്പിക്കുന്നത്. സ്‌പേസ് എക്‌സിന്റെ സഹായം തൽക്കാലം തേടേണ്ട കാര്യമില്ലെന്നാണു നാസയുടെയും സ്റ്റാർലൈനറിന്റെ മാതൃകമ്പനിയായ ബോയിങ്ങിന്റെയും തീരുമാനം.

3. തെക്കൻ ഗാസയിൽ റഫയുടെ ഉൾമേഖലകളും വടക്കൻ ഗാസയിലെ ഷെജയ്യ പ്രദേശവും കേന്ദ്രീകരിച്ച് ഇസ്രയേൽ സൈന്യം ആക്രമണം ശക്തമാക്കി. ഇവിടങ്ങളിൽ ഷെല്ലാക്രമണങ്ങളിൽ ഒട്ടേറെ വീടുകൾ തകർന്നു. റഫയിലെ ഷബൂര പട്ടണത്തിൽ കുട്ടികളടക്കം ഒരു വീട്ടിലെ 6 പേർ കൊല്ലപ്പെട്ടു. സെൻട്രൽ റഫയിലെ അൽ ഔദ പള്ളിക്ക് സൈന്യം തീയിട്ടു. 2 ദിവസത്തിനകം ഇന്ധനമെത്തിയില്ലെങ്കിൽ ഗാസയിലെ ശേഷിക്കുന്ന ആശുപത്രികളുടെയും പ്രവർത്തനം നിലയ്ക്കുമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പു നൽകി. ഹമാസിന്റെ ഉന്മൂലനമല്ലാതെ മറ്റൊന്നും മുന്നിലില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു നിലപാട് ആവർത്തിച്ചു. ഡസൻ കണക്കിനു ഹമാസുകാരെ ദിവസവും കൊന്നൊടുക്കുന്നതായും അന്തിമ വിജയം നേടാതെ പിന്മാറ്റമില്ലെന്നും നെതന്യാഹു കാബിനറ്റ് യോഗത്തിൽ പറഞ്ഞു. ഷെജയ്യയിലും റഫയിലും ചെറുത്തുനിൽപു ശക്തമായി തുടരുന്നുവെന്ന് ഹമാസും പ്രസ്താവിച്ചു. കഴിഞ്ഞ മാസമാദ്യം യുദ്ധം അവസാനിപ്പിക്കാനായി യുഎസ് നേതൃത്വത്തിൽ ആരംഭിച്ച മധ്യസ്ഥശ്രമങ്ങൾ പരാജയപ്പെട്ട നിലയിലാണ്. താൽക്കാലിക വെടിനിർത്തലാവാമെങ്കിലും 2007 മുതൽ ഗാസ ഭരിക്കുന്ന ഹമാസിനെ ഇല്ലാതാക്കും വരെ യുദ്ധം തുടരുമെന്നാണു ഇസ്രയേൽ നിലപാട്.
ഇതേസമയം ഗാസയിലുള്ള ബന്ദികളെ മോചിപ്പിക്കാനായി ഹമാസുമായി ചർച്ച പുനരാരംഭിക്കാൻ ഇസ്രയേൽ തീരുമാനിച്ചു. ഇതിനായി പ്രതിനിധി സംഘത്തെ അയയ്ക്കുമെന്നു പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പറഞ്ഞു. യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി ഫോണിൽ ചർച്ച നടത്തിയശേഷമാണ് ഇക്കാര്യമറിയിച്ചത്. വെടിനിർത്തിയാൽ 120 ബന്ദികളെയും മോചിപ്പിക്കാമെന്ന സൂചന ഹമാസ് നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് യുഎസ്, ഖത്തർ, ഈജിപ്ത് എന്നീ രാജ്യങ്ങളുടെ മധ്യസ്ഥതയിൽ സമാധാനചർച്ച പുനരാരംഭിക്കുന്നത്. ചർച്ചയ്ക്ക് ഹമാസ് അംഗീകാരം നൽകി. ഘട്ടം ഘട്ടമായ വെടിനിർത്തലിനു യുഎസ് വച്ച വ്യവസ്ഥകൾക്ക‍ാണ് ഹമാസ് പ്രാഥമിക അംഗീകാരം നൽകിയത്. കരാർ ഒപ്പിടും മുൻപേ സ്ഥിരം വെടിനിർത്തലിന് ഇസ്രയേൽ സമ്മതിക്കണമെന്ന സുപ്രധാന ആവശ്യം ഒഴിവാക്കാനും ഹമാസ് സമ്മതിച്ചു. പകരം 6 ആഴ്ച നീളുന്ന ആദ്യഘട്ട വെടിനിർത്തലിനിടെ ചർച്ചകളിലൂടെ സ്ഥിരം വെടിനിർത്തലിലേക്ക് എത്താമെന്ന ധാരണയുടെ അടിസ്ഥാനത്തിലാവും സമാധാനശ്രമം ആരംഭിക്കുക. ദോഹയിലെ പ്രാരംഭ ചർച്ചയിൽ ഇക്കാര്യത്തിൽ ഇരുപക്ഷവും ധാരണയായി. ഗാസ യുദ്ധം അവസാനിപ്പിക്കാനായി ഖത്തർ, ഈജിപ്ത്, യുഎസ് എന്നിവരുടെ മധ്യസ്ഥതയിൽ നടന്ന കഴിഞ്ഞ 2 ചർച്ചകളിലും ഹമാസ് വച്ച സ്ഥിരം വെടിനിർത്തൽ ആദ്യം എന്ന വ്യവസ്ഥ ആയിരുന്നു ഇസ്രയേൽ ഉന്നയിച്ച പ്രധാന തടസ്സം. ഇതാണ്ണ് ഇപ്പോൾ നീങ്ങുന്നത്. ദോഹയിലെ പ്രാരംഭ ചർച്ചകൾക്കുശേഷം മൊസാദ് തലവൻ ഇസ്രയേലിലേക്കു മടങ്ങി. അടുത്തയാഴ്ച ചർച്ച തുടരുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ ഓഫിസ് വ്യക്തമാക്കി. നവംബറിലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിനു മുൻപേ സമാധാനക്കരാറിലെത്തുകയെന്നതാണ് ബൈഡൻ ഭരണകൂടത്തിന്റെ ലക്ഷ്യം. 42 ദിവസം നീളുന്ന ആദ്യഘട്ട വെടിനിർത്തലിൽ ഗാസയിൽനിന്ന് ഇസ്രയേൽ സൈന്യം പിൻവാങ്ങും. സഹായവിതരണത്തിന് അവസരമൊരുക്കും. ഈ കാലയളവിൽ ഹമാസ്–ഇസ്രയേൽ ചർച്ചകളിലൂടെ രണ്ടാം ഘട്ടത്തിൽ ബന്ദികളെ മോചിപ്പിക്കാൻ ധാരണയുണ്ടാക്കും. പകരം ഇസ്രയേൽ പലസ്തീൻ തടവുകാരെയും മോചിപ്പിക്കും. ഇതിനിടെ സ്ഥിരം വെടിനിർത്തൽ ചർച്ചയും ആരംഭിക്കും–ഇതാണു നിലവിൽ യുഎസ് മുന്നോട്ടുവച്ചിട്ടുള്ളത്. ഇതിന്റെ അടിസ്ഥാനത്തിലാണു സമാധാനചർച്ച നടക്കുക.

4. യുഎസിൽ പൊലീസിനുനേരെ കളിത്തോക്കു ചൂണ്ടിയ പതിമൂന്നു വയസ്സുകാരനെ പിടികൂടി നിലത്തുവീഴ്ത്തിയശേഷം വെടിവച്ചുകൊന്നു. മൻഹാറ്റനിൽനിന്നു 400 കിലോമീറ്റർ അകലെ യൂട്ടക്ക നഗരത്തിൽ വെള്ളിയാഴ്ചയാണു സംഭവം. പൊലീസിന്റെ വസ്ത്രത്തിൽ ഘടിപ്പിച്ച ക്യാമറയിലെ വിഡിയോ അധികൃതർ പുറത്തുവിട്ടു. മോഷണവുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെ സംശയം തോന്നിയാണു മ്യാൻമറിൽനിന്നുള്ള അഭയാർഥികളായ കരെൻ ഗോത്രവിഭാഗത്തിലെ 2 കുട്ടികളെ (13) വഴിയിൽ തടഞ്ഞതെന്നു പൊലീസ് പറയുന്നു. ഇതിനിടെയാണു കുട്ടികളിലൊരാളായ നയാ എംവേ പൊലീസിനെ വെട്ടിച്ച് ഓടിയത്. പിന്തുടർന്ന പൊലീസിനുനേരെ തോക്കു ചൂണ്ടുന്നതു വിഡിയോയിൽ കാണാം. എന്നാൽ ഇത് കളിത്തോക്കാണെന്നു പിന്നീടു തെളിഞ്ഞു. കുട്ടിയെ പിടികൂടി നിലത്തുവീഴ്ത്തി കീഴ്‌പ്പെടുത്താൻ ശ്രമിക്കുന്നതിനിടെ പൊലീസ് ഓഫിസർ വെടിയുതിർക്കുകയായിരുന്നു. നെഞ്ചിലാണു വെടിയേറ്റത്. സംഭവം കണ്ടുനിന്ന ഒരാൾ ചിത്രീകരിച്ച വിഡിയോയും സമൂഹമാധ്യമത്തിൽ പ്രത്യക്ഷപ്പെട്ടു. നയാ എംവേയെ നിലത്തുവീഴ്ത്തിയ ഓഫിസർ അവന്റെ മുഖത്ത് ഇടിക്കുന്നുണ്ട്. മറ്റു രണ്ടു ഓഫിസർമാർ കൂടി എത്തുന്നതിനിടെ വെടിശബ്ദം ഉയരുന്നതു കേൾക്കാം. കൊല്ലപ്പെട്ട നയാ എംവേ എട്ടാം ക്ലാസ് വിദ്യാർഥിയാണ്. വൻപ്രതിഷേധം ഉയർന്നതോടെയാണു പൊലീസ് ക്യാമറ ദൃശ്യം പുറത്തുവിട്ടത്. സംഭവം വിശദീകരിക്കാൻ വിളിച്ച വാർത്താസമ്മേളനത്തിൽ കരെൻ ഗോത്രവിഭാഗ അംഗങ്ങളും കുട്ടികളുടെ ബന്ധുക്കളും ഉയർത്തിയ ചോദ്യങ്ങൾക്കു പൊലീസ് തൃപ്തികരമായ മറുപടി നൽകിയില്ല. യൂട്ടക്ക നഗരത്തിൽ 4200 മ്യാൻമർ അഭയാർഥികളുണ്ട്. വെടിവച്ച ഓഫിസർ പാട്രിക് ഹസ്നെ, ഒപ്പമുണ്ടായിരുന്ന ബ്രിസ് പാറ്റേഴ്സൻ, ആൻഡ്രൂ ഷിട്രിനീടി എന്നിവർ നിർബന്ധിത അവധിയിൽ പ്രവേശിച്ചു. വകുപ്പുതല അന്വേഷണവും ആരംഭിച്ചു.

5. ജൂണ്‍ 26 ബുധനാഴ്ച… ബൊളീവിയയില്‍ പ്രസിഡന്റ് ലൂയിസ് ആര്‍സെയുടെ കൊട്ടാരത്തിന്റെ പ്രവേശനകവാടം ഇടിച്ചുതുറന്ന് സൈനികവാഹനം അകത്തേക്കു കടന്നു. നിമിഷങ്ങള്‍ക്കുള്ളില്‍ പ്രസിഡന്റിന്റെ കൊട്ടാരവും സമീപപ്രദേശങ്ങളും പട്ടാളത്തിന്റെ നിയന്ത്രണത്തില്‍. പിന്നാലെ കൊട്ടാരമുറ്റത്തേക്കു കുതിച്ചെത്തിയ മാധ്യമപ്രവര്‍ത്തകരോട് അട്ടിമറിക്കു നേതൃത്വം നല്‍കിയ സൈനിക ജനറല്‍ കമാന്‍ഡര്‍ ഹുവാൻ ഹോസെ സുനിഗ പറഞ്ഞു–‘‘ഉടന്‍ തന്നെ രാജ്യത്തു പുതിയ മന്ത്രിസഭയുണ്ടാകും. നമ്മുടെ രാജ്യം ഈ രീതിയില്‍ മുന്നോട്ടുപോകാന്‍ അനുവദിക്കില്ല.’’ രാജ്യത്ത് ജനാധിപത്യം പുനഃസ്ഥാപിക്കുമെന്നും രാഷ്ട്രീയത്തടവുകാരെ വിട്ടയയ്ക്കുമെന്നും തുടര്‍ന്നു സുനിഗ പ്രഖ്യാപിച്ചു. എന്നാല്‍ സുനിഗ പ്രതീക്ഷിച്ചപോലെ ആര്‍സെ, പട്ടാളത്തെ ഭയന്ന് അകത്ത് ഒളിച്ചിരിക്കുകയായിരുന്നില്ല. ധൈര്യത്തോടെ പുറത്തുവന്നു മാധ്യമപ്പടയുടെയും സൈനികരുടെയും നടുവിൽ സുനിഗയ്ക്കു മുഖാമുഖം നിന്നു പറഞ്ഞു– ‘‘ഞാനാണു നിങ്ങളുടെ ക്യാപ്റ്റന്‍. നിങ്ങളുടെ സൈനികരെ പിന്‍വലിക്കാൻ ഞാന്‍ ഉത്തരവിടുന്നു. ഇത്തരം അനുസരണക്കേട് ഞാന്‍ വച്ചുപൊറുപ്പിക്കില്ല’’. സുനിഗയെ കമാന്‍ഡര്‍ സ്ഥാനത്തുനിന്നു പുറത്താക്കാനും ആര്‍സെ ഉത്തരവിട്ടു. പുതിയ സൈനികമേധാവിയെയും പ്രഖ്യാപിച്ചു. ഇതു കേട്ടയുടന്‍ സൈനികര്‍ അട്ടിമറി ശ്രമത്തില്‍നിന്നു പിന്മാറി ആയുധംവച്ചു കീഴടങ്ങി. ഇതിനിടെ അട്ടിമറിക്കെതിരെ പോരാടാനും ജനാധിപത്യം വിജയിപ്പിക്കാനും ജനങ്ങള്‍ തെരുവിലിറങ്ങണമെന്ന് ആര്‍സെ ആഹ്വാനവും ചെയ്തു. ഏതാനും നിമിഷങ്ങള്‍ക്കകം നൂറോളം വരുന്ന ജനങ്ങള്‍ കൊട്ടാരത്തിനു പുറത്തെ ചത്വരത്തില്‍ ആര്‍സെയ്ക്കു പിന്തുണയുമായെത്തി. വെറും മൂന്നു മണിക്കൂറിനുള്ളില്‍ മല പോലെ വന്ന അട്ടിമറി ഭീഷണി എലി പോലെ മടങ്ങി. സംഭവത്തില്‍ അറ്റോര്‍ണി ജനറല്‍ അന്വേഷണം തുടങ്ങിയതിനു പിന്നാലെ സുനിഗയെ പൊലീസ് അറസ്റ്റ് ചെയ്തു.
പൊലീസ് അറസ്റ്റ് ചെയ്യുന്നതിനു മുമ്പ് സുനിഗ മാധ്യമപ്രവര്‍ത്തകര്‍ക്കുമുന്നില്‍ ഒരു വെടിപൊട്ടിച്ചു. അട്ടിമറി ശ്രമം പ്രസിഡന്റിനു വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞിട്ടാണു താനിതൊക്കെ ചെയ്തത് എന്നുമായിരുന്നു സുനിഗയുടെ തുറന്നുപറച്ചില്‍. ‘‘നിലവിലെ സാഹചര്യം വളരെ മോശമാണെന്നും തന്റെ പ്രശസ്തി വര്‍ധിപ്പിക്കുന്നതിനുവേണ്ടി എന്തെങ്കിലും ചെയ്‌തേ പറ്റൂവെന്നും പ്രസിഡന്റ് എന്നോടു പറഞ്ഞു. സൈനികവാഹനങ്ങള്‍ പുറത്തെടുക്കട്ടേയെന്നു ചോദിച്ചപ്പോള്‍ ആയിക്കോളൂ എന്നു പറഞ്ഞതും ആര്‍സെയാണ്’’- സുനിഗ പറഞ്ഞു. ഇതോടെ ബൊളീവിയന്‍ ‘അട്ടിമറി’ വെറും നാടകമായിരുന്നെന്ന് ഏറക്കുറെ ഉറപ്പാക്കപ്പെട്ടു. ആര്‍സെ ആവര്‍ത്തിച്ചു നിഷേധിക്കുന്നുവെങ്കിലും, അട്ടിമറി ശ്രമത്തിന്റെ വിശ്വാസ്യതയെക്കുറിച്ചു തുടക്കംമുതല്‍ തന്നെ സംശയങ്ങളുയര്‍ന്നിരുന്നു. ആ സംശയം നിലനിര്‍ത്തിത്തന്നെയാണു രാജ്യാന്തര മാധ്യമങ്ങളടക്കം വാര്‍ത്ത പുറത്തുവിട്ടതും. വലിയ സൈനിക അട്ടിമറി നടക്കുമ്പോള്‍ പ്രസിഡന്റ് ആര്‍സെ വളരെ ലാഘവത്തോടെ പുറത്തേക്കുവന്നതും സൈന്യത്തെ നേര്‍ക്കുനേര്‍നിന്നു വെല്ലുവിളിച്ചതുമെല്ലാം അവിശ്വസനീയതയോടെയാണു ലോകം കണ്ടത്. ഇത്ര കുറഞ്ഞ സമയത്തിനുള്ളില്‍ എങ്ങനെ അട്ടിമറി സാധ്യമായെന്ന സംശയവും തുടക്കം മുതലേയുണ്ട്. ഇതുമായി ബന്ധപ്പെട്ടു യാതൊരു സൈനികനീക്കങ്ങളും അടുത്ത ദിവസങ്ങളില്‍ ഒരു സൈനിക വിഭാഗങ്ങളിലോ ലാ പാസിലെ മറ്റു പ്രവിശ്യകളിലോ നടന്നിട്ടുമില്ല.
പ്രസിഡന്റാകുന്നതിനു മുമ്പ് ഒരു പതിറ്റാണ്ടോളം രാജ്യത്തിന്റെ ധനമന്ത്രിയായിരുന്നു ആര്‍സെ. 2019ല്‍ പ്രതിഷേധത്തെത്തുടര്‍ന്നു മുന്‍ പ്രസിഡന്റ് ഇവോ മൊറാലസ് രാജിവച്ചതിനു പിന്നാലെയാണു അദ്ദേഹത്തിന്റെ മൂവ്‌മെന്റ് ഫോര്‍ സോഷ്യലിസം എന്ന പാർട്ടിയുടെ മറ്റൊരു നേതാവായ ആര്‍സെ പ്രസിഡന്റാകുന്നത്. ആര്‍സെയുടെ ഭരണത്തില്‍ രാജ്യം കനത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയും അദ്ദേഹത്തിന്റെ ജനപ്രീതിയില്‍ ഇടിവുണ്ടാകുകയും ചെയ്തിരുന്നു. ഇതിനിടെ, വിദേശത്തു കഴിയുകയായിരുന്ന മൊറാലസ് ബൊളീവിയയില്‍ തിരിച്ചെത്തി 2025ല്‍ നടക്കാനിരിക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചു. ഇതോടെ മൊറാലസിനെ ശത്രുസ്ഥാനത്തു നിര്‍ത്തിയിരിക്കുകയാണ് ആര്‍സെ. അടുത്തിടെ മൊറാലസിനെ അധിക്ഷേപിച്ചു സുനിഗ പലതവണ പ്രസ്താവനകള്‍ നടത്തുകയും ചെയ്തു. മൊറാലസിനെ അധികാരത്തിലെത്താന്‍ അനുവദിക്കില്ലെന്നായിരുന്നു സുനിഗ പറഞ്ഞത്. ഇതൊക്കെയാകണം ജനപ്രീതി വര്‍ധിപ്പിക്കാന്‍ ആര്‍സെ വളഞ്ഞ വഴി തിരഞ്ഞെടുക്കാനുള്ള കാരണം. സുനിഗ പറഞ്ഞതിനെ വിശ്വസിക്കുന്നുണ്ടെങ്കിലും ആര്‍സെയെ അവിശ്വസനീയതയോടെ പിന്തുണയ്ക്കുകയാണു ബൊളീവിയയും ലോകവും.

6. വിശ്രുത അൽബേനിയൻ നോവലിസ്റ്റ് ഇസ്മായിൽ കദാരെ (88) അന്തരിച്ചു. ഇംഗ്ലിഷിലേക്കു വിവർത്തനം ചെയ്യപ്പെടുന്ന കൃതികൾക്കു നൽകുന്ന ഇന്റർനാഷനൽ ബുക്കർ പ്രൈസ് പ്രഥമ ജേതാവാണ് (2005). ദീർഘകാലം സാഹിത്യ നൊബേൽ സമ്മാനത്തിന്റെ ഊഹപ്പട്ടികയിൽ ഉൾപ്പെട്ടിരുന്നു. 6 ദശകം നീണ്ട സാഹിത്യജീവിതത്തിൽ ബാൾക്കൻ മേഖലയുടെ ചരിത്രവും സംസ്കാരവും പ്രതിഫലിപ്പിക്കുന്നതും മനഃശാസ്ത്രപരമായ ആഴമുള്ളതുമായ കൃതികളെഴുതി. അൽബേനിയ കമ്യൂണിസ്റ്റ് സ്വേച്ഛാധികാരത്തിനു കീഴിലായിരുന്ന കാലത്തു പ്രസിദ്ധീകരിച്ച ‘ദ് ജനറൽ ഓഫ് ദ് ഡെഡ് ആർമി’ (1962) യുടെ ഇംഗ്ലിഷ് പരിഭാഷ (1970) യാണു കദാരെയെ ലോകപ്രശസ്തനാക്കിയത്. ഏകാധിപത്യ ഭരണകൂടവുമായി ഒത്തുപോയെന്ന ആക്ഷേപം നേരിട്ടെങ്കിലും ‘ദ് പാലസ് ഓഫ് ഡ്രീംസ്’ (1981) പോലെയുള്ള കൃതികളിലൂടെ സ്വേഛാധികാരത്തെ വിമർശിച്ചു. കമ്യൂണിസ്റ്റ് ഭരണം തകരുന്നതിന് ഏതാനും മാസം മുൻപ് 1990 ൽ കദാരെ ഫ്രാൻസിലേക്കു കുടിയേറി. ദീർഘകാല പാരിസ് വാസത്തിനുശേഷം സമീപകാലത്താണു നാട്ടിലേക്കു മടങ്ങിയെത്തിയത്.

നോവൽ, നാടകം, തിരക്കഥ, ലേഖനം, കഥ എന്നിങ്ങനെ എൺപതിലേറെ കൃതികൾ അൽബേനിയൻ ഭാഷയിൽ പ്രസിദ്ധീകരിച്ചു. മലയാളം അടക്കം 45 ലോകഭാഷകളിലേക്കും വിവർത്തനം ചെയ്തു. മറ്റ് പ്രധാന കൃതികൾ: ദ് ഗ്രേറ്റ് വിന്റർ, ക്രോണിക്കിൾസ് ഇൻ സ്റ്റോൺ, ദ് ത്രീ ആർച്ഡ് ബ്രിജ്, അഗമെന്നൻസ് ഡോട്ടർ, ദ് പിരമിഡ്, എ ഡിക്ടേറ്റർ കോൾസ്. കഴിഞ്ഞ വർഷം ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ അൽബേനിയ സന്ദർശിച്ചപ്പോൾ ഫ്രാൻസിന്റെ ഉന്നത ബഹുമതി നൽകി ആദരിച്ചു.

7. ജോർജിയ സംസ്ഥാന സെനറ്റിലേക്കുള്ള തിരഞ്ഞെടുപ്പിൽ ഡമോക്രാറ്റ് സ്ഥാനാർഥിയാകുന്ന പുതുതലമുറ ഇന്ത്യൻ വംശജൻ അശ്വിൻ രാമസ്വാമിയുടെ പ്രചാരണത്തിന് പുത്തനുണർവ്. അശ്വിന് (24) വോട്ട് ചെയ്യണമെന്ന ആഹ്വാനവുമായി യുഎസ് സെനറ്റർ ജോൻ ഓസൊഫ് രംഗത്തെത്തി. റിപ്പബ്ലിക്കൻ സിറ്റിങ് സീറ്റായ ഡിസ്ട്രിക്ട് 48ലാണ് കംപ്യൂട്ടർ സയന്റിസ്റ്റും തിരഞ്ഞെടുപ്പു സുരക്ഷാവിദഗ്ധനുമായ അശ്വിൻ മത്സരിക്കുന്നത്. 2020 ലെ തിരഞ്ഞെടുപ്പിൽ ജോർജിയയിൽ ക്രമക്കേടു നടന്നെന്നു വാദിച്ച റിപ്പബ്ലിക്കൻ നേതാവ് ഷോൺ സ്റ്റി‍ൽ ആണ് എതിരാളി. ജയിച്ചാൽ, ജോർജിയ സെനറ്റ് അംഗമാകുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാകും അശ്വിൻ. തമിഴ്നാട് സ്വദേശികളുടെ മകനാണ്.

8. ഗാസയിലെ ഏറ്റവും വലിയ ആശുപത്രിയായ അൽ ഫിഷയുടെ ഡയറക്ടർ മുഹമ്മദ് അബു സൽമിയ അടക്കം 55 പലസ്തീൻ തടവുകാരെ ഇസ്രയേൽ മോചിപ്പിച്ചു. വിചാരണയോ കുറ്റപത്രമോ ഇല്ലാതെ 7 മാസം തടവിൽ വച്ചശേഷമാണു വിട്ടയച്ചത്. ഹമാസ് താവളമായി അൽ ഷിഫ ആശുപത്രി ഉപയോഗിച്ചെന്ന് ആരോപിച്ചായിരുന്നു ഡോ. സൽമിയയെ സൈന്യം അറസ്റ്റ് ചെയ്തത്. തടവിൽ ക്രൂരമായ പീഡനമേറ്റതായി മോചിതരായവർ പറഞ്ഞു. ഇസ്രയേലിലെ ജയിലിൽ പലസ്തീൻ തടവുകാരുടെ എണ്ണം കൂടിയതോടെ സ്ഥലമില്ലാത്തതുമൂലമാണു മോചനമെന്നാണു സൂചന. ഡോ. സൽമിയ അടക്കമുള്ളവർക്കെതിരെ ഉയർത്തിയ ആരോപണങ്ങൾ തെളിയിക്കാനും ഇസ്രയേലിനു കഴിഞ്ഞിട്ടില്ല. തടവിൽ രാവും പകലും പീഡനങ്ങൾക്ക് ഇരയായെന്നു ഡോ. സൽമിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ജയിൽ ഗാർഡുമാർ തന്റെ വിരലുകളൊടിച്ചു. ലാത്തി വച്ച് അടിച്ചു തലപൊട്ടിച്ചു. നായ്ക്കളെക്കൊണ്ടു കടിപ്പിച്ചു– അദ്ദേഹം പറഞ്ഞു. നവംബറിലാണു ഇസ്രയേൽ സൈന്യം അൽ ഷിഫ ആശുപത്രി സമുച്ചയം ആക്രമിച്ചത്. ഐക്യരാഷ്ട്ര സംഘടന (യുഎൻ) ഏജൻസിയുടെ നേതൃത്വത്തിൽ ആശുപത്രിയിൽനിന്ന് ഒഴിപ്പിച്ച രോഗികളുമായി പോകുമ്പോൾ നവംബർ 22നു ഡോ. സൽമിയ അറസ്റ്റിലായി.

അതേസമയം, തെക്കൻ ഗാസയിലെ റഫയിലും മധ്യഗാസയിലെ ഷെജയ്യയിലും ഇസ്രയേൽ സൈന്യവും ഹമാസും തമ്മിൽ രൂക്ഷമായ തെരുവുയുദ്ധം തുടരുകയാണ്. ഇതുവരെ ഇസ്രയേൽ ആക്രമണങ്ങളിൽ ഗാസയിൽ 37,900 പേർ കൊല്ലപ്പെട്ടു. 80,060 പേർക്കു പരുക്കേറ്റു. അധിനിവേശ വെസ്റ്റ്ബാങ്കിലെ 5 കുടിയേറ്റമേഖലകൾ നിയമവിധേയമാക്കാൻ ഇസ്രയേൽ സർക്കാർ തീരുമാനിച്ചതിനെതിരായ പലസ്തീൻപ്രതിഷേധവും ശക്തമായിട്ടുണ്ട്.
തെക്കൻ ഗാസയിൽനിന്നു പലസ്തീൻ ഇസ്‌ലാമിക് ജിഹാദ്, ഇസ്രയേൽ അതിർത്തിമേഖലകളിലേക്ക് ഇരുപതിലേറെ റോക്കറ്റുകൾ തൊടുത്തു. തിരിച്ചടിയായി ഖാൻ യൂനിസിൽ ആക്രമണമുണ്ടാകുമെന്ന് ഇസ്രയേൽ സൈന്യം മുന്നറിയിപ്പു നൽകി.

ഹിസ്ബുല്ലയുമായി സംഘർഷമുള്ള ലബനൻ അതിർത്തിയോടു ചേർന്ന അധിനിവേശ ഗോലാൻ കുന്നിൽ ഡ്രോൺ ആക്രമണത്തിൽ 18 ഇസ്രയേൽ സൈനികർക്കു പരുക്കേറ്റു. അതിനിടെ, യൂറോപ്പിലെ അമേരിക്കൻ സൈനികത്താവളങ്ങളിൽ യുഎസ് സൈന്യം അതീവ ജാഗ്രതാ നിർദേശം നൽകി. ആക്രമണഭീഷണി ശക്തമായതാണു കാരണം.

9. കൂട്ടത്തിൽ ഒരുറുമ്പിനു പരുക്കേറ്റാൽ ഇട്ടേച്ചുപോകാൻ അത്ര ‘മനുഷ്യത്വമില്ലാത്ത’വരാണ് ഉറുമ്പുകൾ എന്നു കരുതിയോ? എങ്കിൽ നമുക്കു തെറ്റി. ഉറുമ്പുകൾ കൂട്ടത്തിൽ പരുക്കേറ്റവരെ എടുത്തുകൊണ്ടുപോകും. കൂട്ടിൽ ‘അഡ്മിറ്റ് ചെയ്യും’, ചികിത്സിക്കും. എന്തിന് കാൽ മുറിക്കൽ ശസ്ത്രക്രിയ (ആംബ്യൂട്ടേഷൻ സർജറി) വരെ നടത്തും. ഉറുമ്പുകോളനികളിലെ കഠിനാധ്വാനികൾ പെൺ ഉറുമ്പുകളായതിനാൽ ‘ഡോക്ടർമാരും’ വനിതകൾത്തന്നെ. ജർമനിയിലെ വേട്സ്‌ബേഗ് സർവകലാശാലയിലെ പ്രാണീപഠന വിദഗ്ധൻ എറിക് ഫ്രാങ്ക് കറന്റ് ബയോളജി ജേണലിൽ ഇതിന്റെ പഠനം പ്രസിദ്ധീകരിച്ചു. ഉറുമ്പുകൾക്കിടയിൽ വീടുകൾ കയ്യടക്കാനും ഭക്ഷണംതേടാനും നടക്കുന്ന സംഘർഷങ്ങളിൽ, പരുക്കേൽക്കുന്നവയെ കൂട്ടാളികൾ കൂട്ടിലെത്തിക്കും. കാലിന്റെ അഗ്രഭാഗത്താണു മുറിവുപറ്റുന്നതെങ്കിൽ വായിലെ സ്രവം ഉപയോഗിച്ച് നനച്ചുകൊടുത്താണു ചികിത്സ. ഗവേഷണസംഘം അമ്പരന്നത് ഉറുമ്പുകളുടെ കാൽമുറിക്കൽ ശസ്ത്രക്രിയ കണ്ടാണ്. കാലുകളുടെ മേ‍ൽപാതിയിൽ (അപ്പർ ലെഗ്) സാരമായ പരുക്കുണ്ടെങ്കിൽ ശസ്ത്രക്രിയയിലേക്കു കടക്കും. കടിച്ചു കടിച്ചാണു കാലുകൾ മുറിച്ചു നീക്കുക. 40 മിനിറ്റു മുതൽ 3 മണിക്കൂർ വരെ നീളുന്ന ഇത്തരം ശസ്ത്രക്രിയകൾ ഫ്രാങ്കിന്റെ സംഘം നിരീക്ഷിച്ചു. ശസ്ത്രക്രിയയ്ക്കു വിധേയമാകുന്ന ഉറുമ്പുകൾ 95% വരെ ജീവൻ നിലനിർത്തുന്നു. വായിലെ സ്രവം ഉപയോഗിച്ചുള്ള പരിചരണം 75% ഉറുമ്പുകളെ ജീവനിലേക്കു തിരികെ കൊണ്ടുവരുന്നതായും കണ്ടെത്തി. ആന്റിബയോട്ടിക് ആയാണ് ഉറുമ്പ് ഈ തുപ്പൽ ഉപയോഗിക്കുന്നത്. ശസ്ത്രക്രിയവേണോ എന്ന തീരുമാനം ഇവ എങ്ങനെ എടുക്കുന്നുവെന്നതും വിചിത്രം. ഉറുമ്പുകൾ സഹജീവിയോടുള്ള സഹതാപം കൊണ്ടാണ് ഈ ശസ്ത്രക്രിയ ചെയ്യുന്നതെന്നു കരുതുന്നില്ലെന്നു ഫ്രാങ്ക് പറയുന്നു. സാരമായ പരുക്കുണ്ടെങ്കിൽ അവ ഉപേക്ഷിച്ചു പോവുകയാണു പതിവ്. അതായത് ഈ ശസ്ത്രക്രിയ കോളനിയിലെ ജോലിചെയ്യുന്ന ഉറുമ്പിനെ തിരികെ ജോലിയിലെത്തിക്കാനുള്ള നടപടിയാണ്. അശേഷം സഹതാപമില്ലാത്ത ‘വർക് മാനേജ്മെന്റ് സർജറി’.

10. തോഷഖാന കേസുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളുടെ പേരിൽ ചുമത്തിയ കേസുകളിൽ പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെയും മുതിർന്ന പാർട്ടി നേതാക്കളെയും കോടതി കുറ്റവിമുക്തരാക്കി. പ്രധാനമന്ത്രി ആയിരുന്നപ്പോൾ ഔദ്യോഗിക സന്ദർശനത്തിനിടെ വിദേശരാജ്യങ്ങളിൽനിന്നു ലഭിച്ച ഉപഹാരങ്ങൾ കുറഞ്ഞ വിലയ്ക്കു സ്വന്തമാക്കിയതുമായി ബന്ധപ്പെട്ടതാണ് തോഷഖാന കേസ്. ഈ കേസിൽ ശിക്ഷിക്കപ്പെട്ടതിനെ തുടർന്ന് തിരഞ്ഞെടുപ്പു കമ്മിഷൻ ഇമ്രാൻ ഖാനെ അയോഗ്യനാക്കി. ഇതിൽ പ്രതിഷേധിച്ചതിനാണ് ഇമ്രാനും പാക്കിസ്ഥാൻ തെഹ്‌രികെ ഇൻസാഫ് പാർട്ടിയിലെ (പിടിഐ) മുതിർന്ന നേതാക്കൾക്കുമെതിരെ കേസ് റജിസ്റ്റർ ചെയ്തത്. ഇമ്രാൻഖാൻ (71) കഴിഞ്ഞ വർഷം ഓഗസ്റ്റ് മുതൽ ജയിലിൽ കഴിയുകയാണ്.

11. ബ്രിട്ടിഷ് പൊതുതിരഞ്ഞെടുപ്പില്‍ 14 വര്‍ഷത്തെ കണ്‍സര്‍വേറ്റിവ് പാര്‍ട്ടി ഭരണം അവസാനിപ്പിച്ച് ലേബര്‍ പാര്‍ട്ടി വന്‍ ഭൂരിപക്ഷത്തില്‍ അധികാരത്തിലേക്ക്. 650 അംഗ പാര്‍ലമെന്റിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ മൂന്നിലൊന്ന് സീറ്റുകളിലെ ഫലം പ്രഖ്യാപിച്ചപ്പോഴേക്കും കേവലഭൂരിപക്ഷത്തിനുവേണ്ട 325 സീറ്റ് ലേബർ പാർട്ടി മറികടന്നു.‌ നിലവിൽ 359 സീറ്റുമായി ലേബർ പാർട്ടി മുന്നേറുകയാണ്. കൺസർവേറ്റീവ് പാർട്ടി വെറും 72 സീറ്റിൽ ഒതുങ്ങി. 2019 ലേതിനെക്കാൾ 172 സീറ്റാണ് കൺസർവേറ്റീവ് പാർട്ടിക്ക് നഷ്ടമായത്. 46 സീറ്റുമായി ലിബറൽ ഡെമോക്രാറ്റ് പാർട്ടി മൂന്നാമതെത്തി. ലേബർ പാർട്ടിയുടെ കെയ്ർ സ്റ്റാർമർ പ്രധാനമന്ത്രിയാകും. ഹോൽബോൺ ആൻഡ് സെന്റ് പാൻക്രാസ് സീറ്റിൽനിന്നാണ് സ്റ്റാർമറുടെ വിജയം. ലേബർ പാർട്ടിയിൽ വിശ്വാസമർപ്പിച്ച് വോട്ടു ചെയ്തവരോട് കെയ്ർ സ്റ്റാർമർ നന്ദി അറിയിച്ചു. പ്രധാനമന്ത്രി ഋഷി സുനക് കൺസർവേറ്റീവ് പാർട്ടിയുടെ തോൽവി സമ്മതിച്ചു. സ്റ്റാർമറെ ഫോണിൽ വിളിച്ച് സുനക് അഭിനന്ദനമറിച്ചു. റിച്ച്മണ്ട് ആൻഡ് നോർതലേർട്ടൻ സീറ്റ് സുനക് നിലനിർത്തി. 23,059 വോട്ടാണു ഭൂരിപക്ഷം.ലേബർ പാർട്ടിയുടെ സ്ഥാനാർഥിയായ മലയാളി സോജൻ ജോസഫ് ആഷ്ഫെ‌ഡ് മണ്ഡലത്തിൽ വിജയിച്ചു. ബ്രിട്ടിഷ് പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ മലയാളിയാണ് സോജൻ. ആഷ്ഫെ‌ഡ് ബറോ കൗൺസിലിലെ കൗൺസിലറും എൻഎച്ച്എസിൽ മെന്റൽ ഹെൽത്ത് നഴ്സിങ് മേധാവിയുമാണ് സാജൻ ജോസഫ്. 650 അംഗ പാർലമെന്റിൽ 410 സീറ്റും ലേബർ പാർട്ടി നേടുമെന്നായിരുന്നു എക്സിറ്റ് പോൾ പ്രവചനങ്ങൾ. കൺസർവേറ്റിവ് പാർട്ടി 131 സീറ്റിലൊതുങ്ങുമെന്നും ലിബറൽ ഡെമോക്രാറ്റുകൾ 61 സീറ്റ് നേടുമെന്നും നൈജൽ ഫരാജിന്റെ റിഫോം യുകെ പാർട്ടി 13 സീറ്റ് നേടുമെന്നുമായിരുന്നു പ്രവചനം. തീവ്ര ദേശീയവാദി പാർട്ടിയായ യുകെ റിഫോം പാർട്ടി 4 സീറ്റ് നേടി. നേതാവ് നൈജൽ ഫരാജ് ആദ്യമായി വിജയിച്ചു. ക്ലാക്ടൺ മണ്ഡലത്തിൽനിന്നാണ് ഫരാജിന്റെ വിജയം. 2019ലെ തിരഞ്ഞെടുപ്പിൽ യുകെ റിഫോമിന് ഒരു സീറ്റുപോലും ലഭിച്ചിരുന്നില്ല. 2010 ൽ കൺസർവേറ്റീവ് പാർട്ടി ബ്രിട്ടനിൽ അധികാരത്തിലെത്തിയശേഷം, 14 വർഷത്തിനിടെ 5 പ്രധാനമന്ത്രിമാർ ഭരിച്ചു. 4 തിരഞ്ഞെടുപ്പുകളും 2 ഹിതപരിശോധനകളും നടന്നു. ഇത്തവണ ലേബർ വിജയം ഉറപ്പിച്ചാൽ, ഇന്ത്യൻ വംശജർ (നിലവിൽ 15 പേർ) ഉൾപ്പെടെ വംശീയ ന്യൂനപക്ഷക്കാരായ എംപിമാരുടെ എണ്ണം വർധിച്ചേക്കുമെന്നു നിരീക്ഷകർ പറയുന്നു.

12. ‘തൊഴിലാളി വർഗ’ത്തിന്റെ പ്രതിനിധിയെന്നു സ്വയം വിശേഷിപ്പിക്കുന്ന കെയ്ർ സ്റ്റാർമറെന്ന 61കാരൻ മുൻ അഭിഭാഷകനും പബ്ലിക് പ്രോസിക്യൂട്ടറുമാണ്. അരനൂറ്റാണ്ടിനിടെ ബ്രിട്ടിഷ് പ്രധാനമന്ത്രിയായവരിൽ ഏറ്റവും പ്രായംകൂടിയ ആളാണ് സ്റ്റാർമർ. ബ്രിട്ടിഷ് ചരിത്രത്തിലെ ഏറ്റവും പ്രായംകുറഞ്ഞ പ്രധാനമന്ത്രിയായ ഋഷി സുനകിന് പിൻഗാമിയാകുന്നത് ഏറ്റവും പ്രായംകൂടിയ പ്രധാനമന്ത്രിയെന്ന കൗതുകവുമുണ്ട്. സറി ജില്ലയിലെ ഓക്സറ്റഡിൽ ജനിച്ച സ്റ്റാർമറുടെ ബാല്യം അത്ര സമ്പന്നമായിരുന്നില്ല. മരപ്പണിക്കാരനായിരുന്നു സ്റ്റാർമറുടെ പിതാവ്. അമ്മ നഴ്സും. പ്രതിരോധശേഷി ഇല്ലാതാകുന്ന അപൂർവരോഗം ബാധിച്ച് മാതാവിന്റെ സംസാര, ചലന ശേഷി പൂർണമായി നഷ്ടപ്പെട്ടതോടെ കുടുംബം ദാരിദ്ര്യത്തിലേക്ക് വീണു. സ്റ്റാർമറുടെ 16 വയസ്സുവരെ ലോക്കൽ കൗൺസിലാണ് അദ്ദേഹത്തിന്റെ പഠനത്തിനുള്ള ഫീസ് നൽകിയിരുന്നത്. പഠനത്തിൽ മിടുക്കനായ അദ്ദേഹമാണ് കുടുംബത്തിൽ ആദ്യമായി സർവകലാശാലയിൽ പഠിക്കാൻ കഴിഞ്ഞയാൾ. സ്കൂൾ വിദ്യാഭ്യാസത്തിനുശേഷം ലീഡ്സിൽ നിയമ ബിരുദം നേടിയ അദ്ദേഹം പിന്നീട് പ്രശസ്തമായ ഓക്സഫഡ് സർവകശാലയിൽനിന്ന് മനുഷ്യാവകാശ നിയമത്തിൽ ബിരുദാനന്തര ബിരുദം നേടി. ആഫ്രിക്കൻ രാജ്യങ്ങളിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട തടവുകാർക്കുവേണ്ടി വാദിച്ചു വിജയിച്ചാണ് അഭിഭാഷകവൃത്തിയിൽ സ്റ്റാർമർ പ്രശസ്തനായത്. 2008ൽ ഇംഗ്ലണ്ടിന്റെയും വെയ്ൽസിന്റെയും പബ്ലിക് പ്രോസിക്യൂഷൻസ് ഡയറക്ടറായി.

2003 മുതൽത്തന്നെ സ്റ്റാർമർ രാഷ്ട്രീയാഭിമുഖ്യം പുലർത്തിയെങ്കിലും ബ്രിട്ടിഷ് പാർലമെന്റിലേക്ക് ആദ്യമായി തിരഞ്ഞെടുക്കപ്പെടുന്നത് 2015ൽ ഹോൽബോൻ ആൻഡ് സെന്റ് പാൻക്രാസ് മണ്ഡലത്തിൽനിന്നാണ്. അന്നുമുതൽ 9 വർഷമായി ഇതേ മണ്ഡലത്തിൽനിന്നുള്ള എംപിയാണ് അദ്ദേഹം. 2019ൽ ലേബർ പാർട്ടി കനത്ത തോൽവി നേരിട്ടതിനു പിന്നാലെ 2020ൽ നടന്ന പാർട്ടിയുടെ ആഭ്യന്തര തിരഞ്ഞെടുപ്പിൽ നേതൃസ്ഥാനത്തേക്ക് മത്സരിച്ച് സ്റ്റാർമർ ജയിച്ചു. ആത്മവിശ്വാസത്തിന്റെയും പ്രതീക്ഷയുടെയും പുതിയ യുഗത്തിലേക്ക് ലേബർ പാർട്ടിയെ നയിക്കുമെന്നാണ് അന്ന് സ്റ്റാർമർ പ്രതികരിച്ചത്. ആ വാക്കുകൾ സത്യമായിരിക്കുകയാണ് ഇന്ന്.

13. ബ്രിട്ടന്‍ ആവശ്യപ്പെടുന്ന മാറ്റത്തിന്റെ ഏജന്റാകുമെന്നായിരുന്നു തിരഞ്ഞെടുപ്പു പ്രചാരണവേളയില്‍ ലേബര്‍ പാര്‍ട്ടി നേതാവ് കെയ്ര്‍ സ്റ്റാര്‍മര്‍ വോട്ടർമാർക്കു നല്‍കിയ ഉറപ്പ്. ബ്രെക്‌സിറ്റിനു പിന്നാലെ തകര്‍ന്നടിഞ്ഞ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുകയാണ് തങ്ങളുടെ പ്രഥമ ലക്ഷ്യമെന്നായിരുന്നു ലേബര്‍ പാര്‍ട്ടിയുടെ പ്രഖ്യാപനം. തൊഴിലെടുക്കുന്നവര്‍ക്ക് നികുതിവര്‍ധന ഉണ്ടാവില്ലെന്നു വാഗ്ദാനവുമനുണ്ടായിരുന്നു. നികുതി വർധനയാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ ജനപ്രീതി ഇടിയാനുള്ള പ്രധാന കാരണമെന്ന തിരിച്ചറിവിൽനിന്നുണ്ടായ നീക്കമായിരുന്നു അത്. ആദായ നികുതിയിലോ ഇന്‍ഷുറന്‍സിലോ മൂല്യവര്‍ധിത നികുതിയിലോ വര്‍ധനയുണ്ടാവില്ലെന്നും കോര്‍പറേഷന്‍ നികുതി 25% ആയി നിലനിര്‍ത്തുമെന്നും ഉറപ്പു നല്‍കി. രാജ്യത്തെ ആരോഗ്യക്ഷേമ സംവിധാനങ്ങളുടെ ദൗര്‍ബല്യവും അതേക്കുറിച്ചുള്ള പരാതികളുമായിരുന്നു കൺസർവേറ്റീവ് പാര്‍ട്ടി നേരിട്ട മറ്റൊരു തിരിച്ചടി. ഇവിടെയും ലേബര്‍ പാര്‍ട്ടി വാഗ്ദാനങ്ങള്‍ കൊണ്ട് വോട്ടു കൊയ്തു. ദേശീയ ആരോഗ്യ സംവിധാനത്തിലേക്ക് (എന്‍എച്ച്എസ്) ഓരോ ആഴ്ചയും 40,000 ആരോഗ്യപ്രവര്‍ത്തകരെ നിയമിക്കുമെന്നും ഇവര്‍ക്ക് മെച്ചപ്പെട്ട ആനുകൂല്യങ്ങള്‍ നല്‍കുമെന്നും സ്റ്റാർമറും സംഘവും പ്രകടനപത്രികയില്‍ അവകാശപ്പെട്ടിരുന്നു. കുട്ടികളെയും മുതിര്‍ന്ന പൗരന്മാരെയും ചികിത്സിക്കാന്‍ 8,500 പുതിയ ജീവനക്കാരെക്കൂടി നിയമിക്കുമെന്നും പ്രകടന പത്രിക പറയുന്നു. കുടിയേറ്റ വിഷയത്തില്‍ ഋഷി സുനകിന്റെയും കൺസർവേറ്റീവ് പാര്‍ട്ടിയുടെയും തീവ്ര നയങ്ങളോട് പ്രതിപത്തിയില്ലെങ്കിലും വീസ നിയന്ത്രണം ഏര്‍പ്പെടുത്തി കുടിയേറ്റക്കാരുടെ എണ്ണം കുറയ്ക്കുമെന്ന് ലേബര്‍ പാര്‍ട്ടിയും വാഗ്ദാനം നല്‍കിയിട്ടുണ്ട്. കുടിയേറ്റ തൊഴിലാളികള്‍ കൂടുതല്‍ ജോലിയെടുക്കുന്ന മേഖലയില്‍ തദ്ദേശീയര്‍ക്ക് പരിശീലനം നല്‍കി നിയമിക്കണമെന്നാണ് ലേബര്‍ പാര്‍ട്ടിയുടെ നിലപാട്. അതേസമയം, അനധികൃത കുടിയേറ്റക്കാരെ ആഫ്രിക്കന്‍ രാജ്യമായ റുവാണ്ടയിലേക്ക് അയയ്ക്കുമെന്ന സുനക്കിന്റെ വിവാദ പദ്ധതി നിർത്തലാക്കുമെന്നു പ്രഖ്യാപിച്ചും ലേബര്‍ പാര്‍ട്ടി ജനപ്രീതി നേടി.

14. തെക്കൻ ഗാസയിൽ ബോംബാക്രമണം കടുപ്പിച്ച ഇസ്രയേൽ വീണ്ടും ആളുകളെ ഒഴിപ്പിക്കുന്നു. ഖാൻ യൂനിസിലും റഫയിലും ഉള്ളവർ പ്രയോജനപ്പെടുത്തിയിരുന്ന യൂറോപ്യൻ ഗാസ ഹോസ്പിറ്റൽ ഉൾപ്പെടെ കേന്ദ്രങ്ങളിൽനിന്ന് ഒഴിഞ്ഞു പോകാനാണ് രണ്ടരലക്ഷം പലസ്തീൻകാരോട് ഇസ്രയേൽ ആവശ്യപ്പെട്ടത്. ഖാൻ യൂനിസിനു സമീപം അൽ ഖരാര, ബാനി സുഹൈല പ്രദേശങ്ങളിൽനിന്ന് പലായനം തുടങ്ങി.
തെക്കൻ ഗാസയിലെ ഇപ്പോഴത്തെ നടപടികളോടെ യുദ്ധത്തിന്റെ രൂക്ഷഘട്ടം അവസാനിക്കുകയാണെന്നും ഹമാസ് വീണ്ടും സംഘടിക്കുന്നത് ഒഴിവാക്കാനുള്ള പോരാട്ടത്തിലേക്കു മാത്രമായി സൈനികനീക്കം ഒതുങ്ങുമെന്നും ഇസ്രയേൽ പറയുന്നു. ഹമാസിന്റെ ആയുധക്ഷമതയും പോരാട്ടശേഷിയും തകർക്കാനായെന്നാണ് ‌ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ അവകാശവാദം. എന്നാൽ, ഇനിയും വർഷങ്ങളോളം യുദ്ധം ചെയ്യാനാകുമെന്ന് ഹമാസ് പറയുന്നു. യുഎസ്, യുകെ, ഇസ്രയേൽ എന്നീ രാജ്യങ്ങളുമായി ബന്ധപ്പെട്ട 4 കപ്പലുകൾ ആക്രമിച്ചതായി യെമനിലെ ഹൂതികൾ പറഞ്ഞു.

ചെങ്കടലിലും അറബിക്കടലിലും മെഡിറ്ററേനിയൻ കടലിലുമായാണ് ആക്രമണം നടത്തിയത്. ഇതിനിടെ, ഗാസ യുദ്ധത്തിനു കാരണമായ ഹമാസിന്റെ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെയ‌ും പരുക്കേറ്റവരുടെയും ബന്ധുക്കൾ 400 കോടി ഡോളർ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഇറാനും സിറിയയ്ക്കും ഉത്തര കൊറിയയ്ക്കും എതിരെ യുഎസ് കോടതിയിൽ കേസു കൊടുത്തു.
അതേസമയം മുതിർന്ന കമാൻഡർ മുഹമ്മദ് നാമിഹ് നാസറിനെ കൊലപ്പെടുത്തിയതിന് പ്രതികാരമായി ഇസ്രയേലിലേക്ക് ഹിസ്ബുല്ല ശക്തമായ ആക്രമണം നടത്തി. 10 സൈനിക കേന്ദ്രങ്ങളിലേക്ക് ഇരുനൂറിലധികം റോക്കറ്റുകൾ അയച്ചെങ്കിലും ആളപായമില്ല. തിരിച്ചടിയായി ബെയ്റൂട്ടിലെയും മറ്റും ഹിസ്ബുല്ല കേന്ദ്രങ്ങളിൽ ഇസ്രയേൽ യുദ്ധവിമാനങ്ങളും ആക്രമണം നടത്തി. ഇസ്രയേലിന്റെ കൂടുതൽ മേഖലകൾ ആക്രമിക്കുമെന്നും ഗാസയിൽ നടത്തുന്ന അക്രമം അവസാനിപ്പിക്കാതെ പിന്മാറില്ലെന്നുമുള്ള നിലപാടിലാണ് ഹിസ്ബുല്ല. മാസങ്ങളായി മൂർച്ഛിച്ചു വന്ന ഇസ്രയേൽ– ഹിസ്ബുല്ല സംഘർഷം ഇതോടെ പൂർണ യുദ്ധത്തിലേക്കു കടക്കാനുള്ള സാധ്യതയേറി. സംഘർഷം ഒഴിവാക്കാൻ ഐക്യരാഷ്ട്ര സംഘടനയുടെ (യുഎൻ) നേതൃത്വത്തിൽ ശ്രമം തുടരുന്നു. ഗാസയിലെ വെടിനിർത്തൽ ചർച്ച ചെയ്യാനായി പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ നേതൃത്വത്തിൽ ഇസ്രയേൽ കാബിനറ്റ് യോഗം ചേർന്നിരുന്നു. തെക്കൻ ഗാസയിലെ ഇപ്പോഴത്തെ നടപടികളോടെ യുദ്ധത്തിന്റെ രൂക്ഷഘട്ടം അവസാനിക്കുകയാണെന്നും ഹമാസ് വീണ്ടും സംഘടിക്കുന്നത് ഒഴിവാക്കാനുള്ള പോരാട്ടത്തിലേക്കു മാത്രമായി സൈനികനീക്കം ഒതുങ്ങുമെന്നുമാണ് ഇസ്രയേൽ പറയുന്നത്. ഇസ്രയേൽ യുദ്ധം അവസാനിപ്പിക്കാത്തതിനെതിരെ പല രാജ്യങ്ങളിലും പ്രതിഷേധ സമരങ്ങൾ തുടരുകയാണ്. ഓസ്ട്രേലിയയിൽ നടന്ന സമരത്തിൽ പ്രക്ഷോഭകർ പാർലമെന്റ് കെട്ടിടത്തിനു മുകളിൽ ബാനർ ഉയർത്തി. ഭരണകക്ഷിയായ ലേബർ പാർട്ടിയുടെ സെനറ്റർ ഫാത്തിമ പെയ്മാൻ പാർട്ടിയുടെ നിലപാടിൽ പ്രതിഷേധിച്ച് അംഗത്വം രാജിവച്ചിരുന്നു.

15. ഇറാൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റിഫോമിസ്റ്റ് സ്ഥാനാർഥിയായ മസൂദ് പെസെസ്കിയാനു വിജയം. ജൂൺ 28നു നടന്ന വോട്ടെടുപ്പിൽ ഒരു സ്ഥാനാർഥിക്കും ജയത്തിനാവശ്യമായ 50% വോട്ടു കിട്ടാത്തതിനെ തുടർന്നാണ് ഇന്നലെ വീണ്ടും വോട്ടെടുപ്പ് നടത്തിയത്. വോട്ടെടുപ്പിൽ മിതവാദിയായ പാർലമെന്റ് അംഗം മസൂദ് പെസസ്കിയാന് 1.6 കോടി വോട്ടുകളും യാഥാസ്ഥിതികപക്ഷ സ്ഥാനാർഥി സയീദ് ജലീലിക്ക് 1.3 കോടി വോട്ടുകളും ലഭിച്ചു. പ്രസിഡന്റ് ഇബ്രാഹിം റഈസി കഴിഞ്ഞ മാസം ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചതിനെ തുടർന്നാണ് ഇറാനിൽ ഇടക്കാല തിരഞ്ഞെടുപ്പ് വേണ്ടിവന്നത്. ഹൃദയശസ്ത്രക്രിയ വിദഗ്ധനും ദീർഘകാല എംപിയുമാണ് പെസെസ്കിയാൻ. ഗാസയിലെ ഇസ്രയേൽ – ഹമാസ് യുദ്ധം, ഇറാന്റെ ആണവ പദ്ധതി, ഇറാൻ – യുഎസ് ബന്ധം തുടങ്ങിയവയാണു പുതിയ പ്രസിഡന്റിനെ കാത്തിരിക്കുന്ന വെല്ലുവിളികൾ.
പെസെസ്കിയാനെ പിന്തുണച്ച് ഇറാനിയൻ തെരുവുകളിൽ നടക്കുന്ന ആഘോഷപ്രകടനത്തിന്റെ വിഡിയോകൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവരുന്നുണ്ട്. കുറച്ചുവർഷങ്ങളായി ഇറാനിലെ തിരഞ്ഞെടുപ്പുകളിൽ വോട്ടു ചെയ്യുന്നവരുടെ എണ്ണം വളരെ കുറഞ്ഞുവരികയാണ്. ജൂൺ 28ന് നടന്ന വോട്ടെടുപ്പിലേത് 1979ലെ ഇസ്‌ലാമിക വിപ്ലവത്തിനുശേഷം രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന വോട്ടിങ് ശതമാനമെന്ന നിലയിലാണ് കാണപ്പെടുന്നത്. 2021ലെ തിരഞ്ഞെടുപ്പിൽ 48% പേർ മാത്രമാണ് വോട്ടു രേഖപ്പെടുത്തിയത്. ഈ മാർച്ചിൽ നടന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്തത് വെറും 41% പേർ മാത്രമായിരുന്നു.
16. ദക്ഷിണ കൊറിയയിലെ ഗുമി സിറ്റി കൗൺസിലിനായി വിവിധ ജോലികൾ ചെയ്യുന്ന റോബട് ഓഫിസ് കെട്ടിടത്തിന്റെ കോണിപ്പടിയിൽനിന്നു താഴെ വീണ് പ്രവർത്തനരഹിതമായതിന്റെ പേരിൽ ചർച്ചകൾ കൊഴുക്കുന്നു. രാജ്യത്തെ ആദ്യത്തെ ‘റോബട് ആത്മഹത്യ’ എന്നാണ് സംഭവത്തെ മാധ്യമങ്ങളടക്കം വിശേഷിപ്പിക്കുന്നത്. റോബട് സൂപ്പർ വൈസർ എന്നു വിളിക്കപ്പടുന്ന റോബട്ടിന് അമിത ജോലിഭാരം മൂലമുണ്ടായ തകരാർ മൂലം നിയന്ത്രണം നഷ്ടപ്പെതാണെന്നാണ് വിലയിരുത്തൽ. വ്യാഴാഴ്ച നടന്ന സംഭവം കഴിഞ്ഞ ദിവസമാണ് രാജ്യാന്തര മാധ്യമങ്ങളിലടക്കം വാർത്തയായത്. കൗൺസിൽ കെട്ടിടത്തിന്റെ ഒന്നും രണ്ടും നിലകൾക്കിടയിലുള്ള കോണിപ്പടിയിൽ തകർന്നു കിടക്കുന്ന നിലയിലാണ് റോബട്ടിനെ കണ്ടെത്തിയത്. കോണിപ്പടിയിൽനിന്നു വീഴുന്നതിനു മുൻപ്, നിയന്ത്രണം നഷ്ടപ്പെട്ട നിലയിൽ അത് വട്ടം ചുറ്റുന്നുണ്ടായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞതായി പ്രാദേശിത മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. റോബട്ടിന്റെ ഭാഗങ്ങൾ ശേഖരിച്ചിട്ടുണ്ടെന്നും തകർച്ചയെപ്പറ്റി നിർമാണ കമ്പനി വിശകലനം ചെയ്യുമെന്നും സിറ്റി കൗൺസിൽ ഉദ്യോഗസ്ഥൻ പറഞ്ഞു. അതേസമയം, റോബട്ടിന്റെ വീഴ്ചയുടെ പശ്ചാത്തലത്തിൽ പ്രാദേശിക മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും മനുഷ്യരുടെയും യന്ത്രങ്ങളുടെയും ജോലിഭാരത്തെപ്പറ്റി ചർച്ചകൾ നടക്കുന്നുണ്ട്. ഓദ്യോഗിക രേഖകളുടെ വിതരണം, പ്രദേശവാസികൾക്ക് വിവരങ്ങൾ നൽകൽ എന്നിവയായിരുന്നു റോബട്ടിന്റെ ജോലി.

കഴിഞ്ഞ വർഷമാണ് റോബട്ടിനെ ഇതിനായി നിയോഗിച്ചത്. രാവിലെ 9 മുതൽ വൈകിട്ട് 6 വരെയായിരുന്നു പ്രവർത്തന സ‌മയം. ഉദ്യോഗസ്ഥരുടെ കാർഡും റോബട്ടിനുണ്ടായിരുന്നു. എലവേറ്ററിലൂടെ വിവിധ നിലകളിലേക്ക് സഞ്ചരിക്കാനും കഴിയുമായിരുന്നു. വിവിധ ജോലികൾക്കായി റോബട്ടുകളെ ഉപയോഗിക്കുന്നതിൽ മുന്നിലാണ് ദക്ഷിണ കൊറിയ.

15 ലക്ഷം പുതിയ വീടുകള്‍, മികച്ച റോഡുകള്‍, എന്‍എച്ച്എസിന് 160 കോടി ഡോളര്‍ സഹായം, പീഡനക്കേസുകള്‍ കൈകാര്യം ചെയ്യാന്‍ മാത്രം 80 കോടതികള്‍, 16 വയസ്സില്‍ വോട്ടവകാശം, കൂടുതല്‍പേരെ പൊലീസിലേക്ക് റിക്രൂട്ട് ചെയ്യല്‍ തുടങ്ങി ജനപ്രിയ പ്രഖ്യാപനങ്ങളുടെ വലിയ പട്ടികയാണ് ലേബര്‍ പാര്‍ട്ടി വോട്ടർമാർക്കു മുന്നിലേക്കു വച്ചത്. അത് അവർ മുഖവിലയ്ക്കെടുത്തുവെന്നതിനു തെളിവാണ് സ്റ്റാര്‍മറും പാർ‌ട്ടിയും നേടിയ തിളങ്ങുന്ന വിജയം തെളിയിക്കുന്നത്.
ബ്രിട്ടനിലെ ലേബർ പാർട്ടിയുടെ വിജയം ഇന്ത്യ–യുകെ ബന്ധത്തിൽ വലിയ ചലനങ്ങൾക്കു കാരണമായേക്കില്ല. ഇന്ത്യയുമായുള്ള ബന്ധം ശക്തമാക്കുന്നതിൽ എല്ലാ പിന്തുണയുമുണ്ടാകുമെന്ന് കെയ്ർ സ്റ്റാർമറുടെ നേതൃത്വത്തിലുള്ള ലേബർ പാർട്ടി തിരഞ്ഞെടുപ്പ് പ്രചാരണ സമയത്തുതന്നെ വ്യക്തമാക്കിയിരുന്നു. സാങ്കേതികവിദ്യ, കാലാവസ്ഥാമാറ്റം, വിദ്യാഭ്യാസം, സൈബർ സുരക്ഷ എന്നീ മേഖലകളിൽ ഇന്ത്യയുമായുള്ള സഹകരണം മെച്ചപ്പെടുത്തുമെന്ന് സ്റ്റാർമർ തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. 2022ൽ സുനക് സർക്കാരിന്റെ കാലത്ത് മുന്നോട്ടുവയ്ക്കപ്പെട്ട ഇന്ത്യ–യുകെ സ്വതന്ത്ര വ്യാപാരക്കരാറിന്റെ (എഫ്ടിഎ) ഭാവി എന്താകുമെന്നതായിരുന്നു ബ്രിട്ടനിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതു മുതൽ ഇന്ത്യയ്ക്കുള്ള ആശങ്ക. എന്നാൽ കരാർ യാഥാർഥ്യമാക്കുന്നതിൽ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും ചർച്ച തുടരുമെന്നും ലേബർ പാർട്ടി വ്യക്തമാക്കിയിട്ടുണ്ട്. സ്വതന്ത്ര വ്യാപാരക്കരാറിൽ അന്തിമ തീരുമാനമെടുക്കുമെന്നും ഇന്ത്യയുമായി സാങ്കേതികവിദ്യ, പ്രതിരോധ മേഖലകളിൽ തന്ത്രപ്രധാന പങ്കാളിത്തം തുടരുമെന്നുമാണ് തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ ലേബർ പാർട്ടി അവകാശപ്പെട്ടിട്ടുള്ളത്.

✍സ്റ്റെഫി ദിപിൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments