Sunday, November 24, 2024
Homeഅമേരിക്ക"ലോകം പോയ വാരം" ✍സ്റ്റെഫി ദിപിൻ

“ലോകം പോയ വാരം” ✍സ്റ്റെഫി ദിപിൻ

സ്റ്റെഫി ദിപിൻ

1. സിറിൽ റാമഫോസ (71) രണ്ടാം തവണയും ദക്ഷിണാഫ്രിക്കൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹത്തിന്റെ ആഫ്രിക്കൻ നാഷനൽ കോൺഗ്രസും ഡെമോക്രാറ്റിക് അലയൻസും ചേർന്നുണ്ടാക്കിയ സഖ്യമാണു ഭരണത്തിൽ. പ്രസിഡന്റിനെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പിൽ ഇക്കണോമിക് ഫ്രീഡം ഫൈറ്റേഴ്സിന്റെ ജൂലിയസ് മലേമയ്ക്കെതിരെ വൻ ഭൂരിപക്ഷം റാമഫോസ നേടി (283–44). ധോക്കോ ദിദിസയാണു സ്പീക്കർ. 30 വർഷത്തിനിടെ ആദ്യമായാണ് ആഫ്രിക്കൻ നാഷനൽ കോൺഗ്രസിന് ഒറ്റയ്ക്കു ഭൂരിപക്ഷം നഷ്ടമാകുന്നത്. കഴിഞ്ഞ മാസമായിരുന്നു തിരഞ്ഞെടുപ്പ്.

2. യെമനിലെ ഹൂതികളുടെ താവളങ്ങളിൽ നടത്തിയ ആക്രമണങ്ങളിൽ 7 റഡാർ കേന്ദ്രങ്ങൾ തകർത്തെന്ന് യുഎസ് മിലിറ്ററി സെൻട്രൽ കമാൻഡ് അറിയിച്ചു. ഇക്കാര്യം ഹൂതികൾ സ്ഥിരീകരിച്ചിട്ടില്ല. ചെങ്കടലിലെ കപ്പൽനീക്കം അറിയാൻ ഹൂതികൾ ഉപയോഗിച്ചിരുന്ന റഡാറുകളാണു തകർത്തതെന്ന് യുഎസ് അവകാശപ്പെട്ടു. ചെങ്കടലിൽ ബോംബടങ്ങിയ 2 ഡ്രോൺ ബോട്ടുകളും യുഎസ് തകർത്തു. കഴിഞ്ഞ ബുധനാഴ്ച ഗ്രീക്ക് ചരക്കുകപ്പലിനുനേരെ ഹൂതികൾ നടത്തിയ ‌ആക്രമണത്തിൽ ഒരു ഫിലിപ്പീൻസുകാരനായ നാവികനെ കാണാതായിരുന്നു. കപ്പലിലെ മറ്റ് 21 ജീവനക്കാരെയും രക്ഷിച്ചു. ഡ്രോൺ ബോട്ട് ഉപയോഗിച്ചായിരുന്നു ചരക്കുകപ്പൽ ആക്രമിച്ചത്. 80,000 ടൺ കൽക്കരിയുമായി തീപിടിച്ച കപ്പൽ ചെങ്കടലിൽ നിയന്ത്രണമറ്റ് ഒഴുകുന്നുവെന്നാണു റിപ്പോർട്ട്. ഇസ്രയേൽ ഗാസ ആക്രമണം നിർത്തും വരെ ചരക്കുകപ്പലുകളെ ലക്ഷ്യമിടുമെന്നാണു ഹൂതികളുടെ നിലപാട്. 2014 മുതൽ യെമൻ തലസ്ഥാനമായ സനാ അടക്കം മേഖലകൾ ഇറാന്റെ പിന്തുണയുള്ള ഹൂതികളുടെ നിയന്ത്രണത്തിലാണ്.

3. ബ്രിട്ടനിൽ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ഋഷി സുനകിന്റെ കൺസർവേറ്റിവ് പാർട്ടി കനത്ത തിരിച്ചടി നേരിടുമെന്ന് സർവേ ഫലങ്ങൾ. ജൂലൈ നാലിന് നടക്കുന്ന തിരഞ്ഞെടുപ്പോടെ കൺസർവേറ്റിവ് പാർട്ടി ‘തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിൽനിന്ന് അപ്രസക്തമായേക്കും’ എന്നും ഒരു സർവേ മുന്നറിയിപ്പ് നൽകുന്നു. ബ്രിട്ടനിൽ സർക്കാരിന്റെ കാലാവധി പൂർത്തിയാകുന്നതിനു മുമ്പേ അപ്രതീക്ഷിതമായാണ് ജൂലൈയിൽ തിരഞ്ഞെടുപ്പ് നടത്തുമെന്ന് ഋഷി സുനക് മേയ് 22ന് പ്രഖ്യാപിച്ചത്. കൺസർവേറ്റിവ്, ലേബർ പാർട്ടികൾ തിരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കി ഒരാഴ്ചയ്ക്കുശേഷമാണ് എക്സിറ്റ് പോൾ ഫലങ്ങൾ വന്നത്. തിരഞ്ഞെടുപ്പിൽ ലേബർ പാർട്ടിക്ക് 46 % വോട്ടും കൺസർവേറ്റിവ് പാർട്ടിക്ക് 21% വോട്ടും ലഭിക്കുമെന്ന് മാർക്കറ്റ് റിസർച്ച് കമ്പനിയായി സവാന്തയുടെ സർവേ ഫലം വ്യക്തമാക്കുന്നു. സർവേഷൻ സൺഡേ ടൈംസിൽ പ്രസിദ്ധീകരിച്ച സർവേയിൽ 650 അംഗ ഹൗസ് ഓഫ് കോമൺസിൽ വെറും 72 സീറ്റ് മാത്രമേ ടോറികൾക്ക് ലഭിക്കൂവെന്നാണ് പ്രവചനം.

200 വർഷത്തെ കൺസർവേറ്റിവ് പാർട്ടിയുടെ ഏറ്റവും ദുർബല പ്രകടനമായിരിക്കും ഇത്. അതേസമയം 456 സീറ്റിൽ ലേബർ പാർട്ടി വിജയിക്കുമെന്നും സർവേ പ്രവചിക്കുന്നു. ലേബർ പാർട്ടിക്ക് 40 % വോട്ടും ടോറികൾക്ക് 23 % വോട്ടും ലഭിക്കുമെന്നാണ് സൺഡേ ഒബ്സർവറിനായി ഒപ്പീനിയം നടത്തിയ സർവേയുടെ ഫലം.

4. യുഎസിലെ മിഷിഗനിൽ കുട്ടികളുടെ വാട്ടർപാർക്കിലുണ്ടായ വെടിവയ്‌പിൽ പത്തോളം പേർക്ക് പരുക്ക്. പരുക്കേറ്റവരിൽ എട്ടുവയസുകാരിയടക്കം രണ്ട് കുട്ടികളും ഉൾപ്പെടുന്നു. ആക്രമണത്തിനുശേഷം സമീപത്തെ വീട്ടിൽ ഒളിച്ചിരിക്കുന്ന പ്രതിയെ പിടികൂടാൻ ശ്രമം തുടരുന്നതായി ഓക്‌ലാൻഡ് കൗണ്ടി ഷെരീഫ് മൈക്കിൾ ബൗചാർഡ് പറഞ്ഞു. റോക്സ്റ്റർ ഹിൽസിലെ ബ്രൂക്ക്‌ലാൻഡ്സ് പ്ലാസ സ്പ്ലാഷെന്ന പാർക്കിലാണ് വെടിവയ്പുണ്ടായത്. പരുക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു. പ്രദേശത്തെ ആളുകൾ വീടിനകത്ത് കഴിയണമെന്ന് പൊലീസ് നിർദേശം നൽകിയിട്ടുണ്ട്. ‌ശനിയാഴ്ച യുഎസ് സമയം വൈകിട്ട് 5 മണിക്കാണ് സംഭവം. 28 തവണ ഇയാൾ നിറയൊഴിച്ചതായി ബൗചാർഡ് പറഞ്ഞു. ആക്രമണത്തിന്റെ ഉദ്ദേശ്യം വ്യക്തമായിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു. തോക്ക് കുറ്റകൃത്യങ്ങൾ ഗുരുതരമായ യുഎസിൽ 2024ൽ ഇതുവരെ 215 വെടിവയ്പുകളാണുണ്ടായത്.

5. തെക്കൻ ഗാസാ മുനമ്പിൽ ദിവസവും 12 മണിക്കൂർ താൽകാലിക വെടിനിർത്തലുണ്ടാകുമെന്ന് ഇസ്രയേൽ സൈന്യത്തിന്റെ പ്രഖ്യാപനം. മേഖലയിലെ സാധാരണക്കാർക്കുള്ള സന്നദ്ധസംഘടനകളുടെ സഹായങ്ങൾ സുഗമമായി എത്തിക്കുന്നതിനു വേണ്ടിയാണിത്. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ദിവസവും രാവിലെ 8 മണിമുതൽ വൈകിട്ട് 7 മണിവരെ റഫയിൽ യുദ്ധം മരവിപ്പിക്കുമെന്നും സൈന്യം പറഞ്ഞു. മേഖലയിലേക്ക് സഹായവുമായെത്തുന്ന ട്രക്കുകൾക്ക് റഫയിലേക്കുള്ള പ്രധാന പ്രവേശനമാർഗമായ ‌കരേം ഷാലോം കടക്കാനും സലാ അ ദിൻ ദേശീയപാതയിലൂടെ പോകാനും സുരക്ഷ ഉറപ്പുവരുത്തുന്നതിനാണ് വെടിനിർത്തൽ. മേയിൽ ഇസ്രയേൽ സൈന്യം റഫയിലേക്ക് കടന്നതുമുതൽ കരേം ഷാലോം വഴിയുള്ള സഹായനീക്കം പ്രതിസന്ധിയിലായിരുന്നു. ദിവസവും 500 ട്രക്ക് സഹായം വേണ്ടിടത്ത് മേയ് 6 മുതൽ ജൂൺ 6 വരെ 68 ട്രക്കുകൾ മാത്രമാണെത്തിയത്. അതേസമയം ജീവകാരുണ്യ സഹായവിതരണത്തിനായി തെക്കൻ ഗാസയിലെ പ്രധാന പാതയിൽ പകൽ വെടിനിർത്തൽ ഇടവേള പ്രഖ്യാപിച്ച സൈന്യത്തിന്റെ തീരുമാനത്തെ വിമർശിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു രംഗത്തെത്തി. സൈനിക സെക്രട്ടറിയോടു തന്റെ വിയോജിപ്പ് നെതന്യാഹു അറിയിച്ചതായി ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. ദേശീയ സുരക്ഷാമന്ത്രിയും തീവ്രവലതുപക്ഷ നേതാവുമായ ഇതാമർ ബെൻഗവറും വെടിനിർത്തലിനോടു വിയോജിച്ചു. വെടിനിർത്തൽ തീരുമാനമെടുത്തയാളുടെ ജോലി തെറിക്കുമെന്നും പറഞ്ഞു. ഒൻപതാം മാസത്തിലെത്തിയ ഗാസ യുദ്ധത്തിൽ ഇസ്രയേലിലെ കൂട്ടുകക്ഷി സർക്കാരും സൈന്യവും തമ്മിലുള്ള ഭിന്നത ഇതോടെ പുറത്തായി.

6. [2:58 PM, 6/23/2024] +1 (215) 681-9852: 6. യുക്രെയ്ന്റെ ഭൂമിശാസ്ത്രപരമായ അഖണ്ഡതയെ അടിസ്ഥാനമാക്കിയുള്ളതാകണം റഷ്യയുമായുള്ള സമാധാനക്കരാർ എന്ന ആവശ്യമുയർത്തി രണ്ടു ദിവസത്തെ യുക്രെയ്ൻ സമാധാന ഉച്ചകോടി അവസാനിച്ചു. തൊണ്ണൂറിലേറെ രാജ്യങ്ങൾ പങ്കെടുത്ത ഉച്ചകോടിയുടെ സംയുക്ത പ്രസ്താവനയിൽ ഒപ്പു വയ്ക്കുന്നതിൽനിന്ന് ഇന്ത്യ, സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക, തായ്‌ലൻഡ്, ഇന്തൊനീഷ്യ, മെക്സിക്കോ, യുഎഇ തുടങ്ങി റഷ്യയുമായി അടുത്ത ബന്ധം പുലർത്തുന്ന രാജ്യങ്ങൾ വിട്ടുനിന്നു. നിരീക്ഷകരായി ഉച്ചകോടിയിൽ പങ്കെടുത്ത ബ്രസീലും സംയുക്ത പ്രസ്താവന അംഗീകരിച്ചില്ല. 79 രാജ്യങ്ങൾ ഒപ്പുവച്ചു. സാപൊറീഷ്യ ആണവനിലയത്തിന്റെ നിയന്ത്രണം യുക്രെയ്നു തിരിച്ചുനൽകണമെന്നും തുറമുഖങ്ങൾക്കും കപ്പലുകൾക്കും നേരെയുള്ള ആക്രമണം അവസാനിപ്പിക്കണമെന്നും പ്രസ്താവന ആവശ്യപ്പെട്ടു. ഉച്ചകോടിയിൽ ഇന്ത്യയുടെ പ്രതിനിധിയായി വിദേശകാര്യ സെക്രട്ടറി പവൻ കപൂറാണ് പങ്കെടുത്തത്. ഇരുവിഭാഗങ്ങൾക്കും സ്വീകാര്യമായ നിർദേശങ്ങളുടെ അടിസ്ഥാനത്തിലാണ് സമാധാനം പുനഃസ്ഥാപിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. മേഖലയിൽ സമാധാനത്തിനായി ബന്ധപ്പെട്ട രാജ്യങ്ങളുമായി ചർച്ച തുടരുമെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ജൂൺ 15, 16 തീയതികളിലായി സ്വിറ്റ്സർലൻഡിലെ ബർഗൻസ്റ്റോക്കിലാണ് ഉച്ചകോടി നടന്നത്. എന്നാൽ ഇതിലേക്ക് റഷ്യയ്ക്ക് ക്ഷണമുണ്ടായിരുന്നില്ല. ചൈനയെ യുക്രെയ്ൻ ക്ഷണിച്ചെങ്കിലും അവർ പ്രതിനിധിയെ അയയ്ക്കാതെ വിട്ടുനിന്നു. എന്നാൽ റഷ്യയുടെ പ്രധാന വ്യാപാര പങ്കാളിയായ തുർക്കി പ്രസ്താവനയിൽ ഒപ്പുവച്ചത് യുക്രെയ്ന് ആശ്വാസമായിട്ടുണ്ട്.

ഇപ്പോഴും ചിലർ ‘ബാലൻസിങ്ങിന്’ ശ്രമിക്കുന്നത് ദൗർഭാഗ്യകരമാണെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി പറഞ്ഞു. യുക്രെയ്നിൽനിന്ന് റഷ്യൻ സൈന്യം പിന്മാറിയാൽ നാളെത്തന്നെ ചർച്ചയ്ക്ക് തയ്യാറാണെന്നും സെലൻസ്കി കൂട്ടിച്ചേർത്തു.

7. യുഎസിലെ ടെക്സസിൽ സംഗീതപരിപാടിക്കിടെ ഉണ്ടായ വെടിവയ്‌പിൽ രണ്ടു പേർ മരിച്ചു. 14 പേർക്ക് പരുക്കേറ്റു. യുഎസിൽ അടിമത്തം അവസാനിപ്പിച്ചതിന്റെ ഭാഗമായി റൗണ്ട് റോക്കിലെ ഓൾഡ് സെറ്റ്‌ലേഴ്സ് പാർക്കിൽ ശനിയാഴ്ച രാത്രി നടന്ന വാർഷികാഘോഷങ്ങള്‍ക്കിടെയാണ് സംഭവം.

രണ്ടു വിഭാഗങ്ങൾ തമ്മിലുണ്ടായ തർക്കമാണ് വെടിവെയ്പിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. പ്രതിക്കായി തിരച്ചിൽ തുടരുകയാണെന്നും പൊലീസ് പറഞ്ഞു. മിഷിഗനിൽ കുട്ടികളുടെ പാർക്കിൽ വെടിവയ്പുണ്ടായ അതേ ദിവസമാണ് ടെക്സസിലും തോക്കാക്രമണമുണ്ടായത്. മിഷിഗനിൽ പത്തോളം പേർക്ക് പരുക്കേറ്റിരുന്നു.

8. ഇസ്രയേലിന്റെ ആറംഗ യുദ്ധ കാബിനറ്റ് പിരിച്ചുവിട്ടതായി പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പ്രഖ്യാപിച്ചു. ഇസ്രയേലിലെ മുതിർന്ന നേതാവും വാർ കാബിനറ്റ് അംഗവുമായിരുന്ന ബെനി ഗാന്‍സും സഖ്യകക്ഷിയായ ഗാഡി ഐസെൻകോട്ടും പിൻവാങ്ങി ഒരാഴ്ചക്കുള്ളിലാണ് തീരുമാനം. പലസ്തീനുമായുള്ള യുദ്ധം സംബന്ധിച്ച മന്ത്രിസഭാ തീരുമാനങ്ങൾ ഇനിമുതൽ ചെറിയ ഗ്രൂപ്പുകളായി കൂടിയാലോചിച്ച് തീരുമാനിക്കും.പുതിയ മാറ്റം സൈന്യത്തിന്റെ കമാൻഡിങ് ശൃംഖലയെ ബാധിക്കില്ലെന്ന് ഇസ്രയേൽ ഡിഫൻസ് ഫോഴ്‌സ് (ഐഡിഎഫ്) വക്താവ് അറിയിച്ചു. ‘‘പ്രതിപക്ഷനേതാവ് ബെനി ഗാൻസിന്റെ പ്രത്യേക ആവശ്യപ്രകാരം അദ്ദേഹത്തെ ഉൾപ്പെടുത്തിയാണ് കാബിനറ്റ് രൂപീകരിച്ചത്. അദ്ദേഹം ഒഴിഞ്ഞതോടെ ഇനി അതിന്റെ ആവശ്യമില്ല’’ –നെതന്യാഹു പ്രതികരിച്ചു.

9. ഇറ്റാലിയൻ തീരത്തിനു സമീപം 2 വ്യത്യസ്ത കപ്പൽ അപകടങ്ങളിൽ 11 മരണം. നിരവധിപ്പേരെ കാണാതായി. കുടിയേറ്റക്കാർ യാത്ര ചെയ്തിരുന്ന കപ്പലുകളാണ് അപകടത്തിൽപ്പെട്ടത്. തിങ്കളാഴ്ച നാദിർ എന്ന കപ്പലിൽ രക്ഷാപ്രവർത്തകർ 10 മൃതദേഹങ്ങൾ കണ്ടെത്തി. തുനീസിയയിൽനിന്നു പുറപ്പെട്ടതായി കരുതുന്ന ഈ കപ്പലിലെ 51 പേരെ രക്ഷിച്ചതായി ജർമൻ രക്ഷാപ്രവർത്തകരായ റെസ്ക്യുഷിപ് അറിയിച്ചു. ഇറ്റാലിയൻ ദ്വീപായ ലാംപെഡൂസയിൽനിന്ന് 40 മൈൽ തെക്ക് ഭാഗത്തായിരുന്നു അപകടം.

തെക്കൻ ഇറ്റലിയിലെ കാലാബ്രിയ തീരത്തുനിന്ന് 100 മൈൽ അകലെ അയോണിയൻ കടലിൽ തിങ്കളാഴ്ച ഉച്ചയ്ക്കുണ്ടായ മറ്റൊരു കപ്പൽ അപകടത്തിൽ 26 കുട്ടികളടക്കം 66 പേരെ കാണാതായി. 12 പേരെ ചരക്കുകപ്പൽ രക്ഷിച്ചു തുറമുഖത്തെത്തിച്ചു. ഇവരിൽ ഒരു സ്ത്രീ പിന്നീട് മരിച്ചു. തുർക്കിയിൽനിന്ന് പുറപ്പെട്ട കപ്പലായിരുന്നു ഇതെന്നാണു സൂചന.

10. യുഎസിൽ സ്ഥിരതാമസാനുമതിയും പൗരത്വവും ലഭിക്കാനായി കാത്തിരിക്കുന്ന കുടിയേറ്റക്കാരിൽ 5 ലക്ഷത്തോളം പേർ‍ക്കു പ്രയോജനപ്പെടുന്ന ഉദാരനടപടി യുഎസ് പ്രസിഡന്റ് ജോ ബൈ‍ഡൻ പ്രഖ്യാപിച്ചു. യുഎസ് പൗരത്വമുള്ളവരുടെ വിദേശികളായ പങ്കാളികൾക്ക് ഇനി സ്ഥിരതാമസാനുമതിക്ക് അപേക്ഷിക്കാം. സ്ഥിരതാമസാനുമതി ലഭിച്ചശേഷം പൗരത്വം ലഭിക്കും. പങ്കാളി 10 വർഷമെങ്കിലും യുഎസിൽ താമസിച്ചയാളായിരിക്കണം എന്നതാണ് പ്രധാന നിബന്ധന. കഴിഞ്ഞ തിങ്കളാഴ്ച വരെയുള്ള കണക്കനുസരിച്ചായിരിക്കണം ഇത്. യോഗ്യതാമാനദണ്ഡങ്ങളെല്ലാം അനുകൂലമായ അപേക്ഷകൻ/അപേക്ഷകയ്ക്ക് 3 വർഷത്തിനുള്ളിൽ ഗ്രീൻ കാർ‍ഡിന് അടുത്ത അപേക്ഷ നൽകാം. ഇക്കാലയളവിൽ‍ താൽക്കാലിക തൊഴിലനുമതി ലഭിക്കും. യുഎസിൽനിന്നു തിരിച്ചയയ്ക്കാതിരിക്കാനുള്ള പരിരക്ഷയും ലഭിക്കും.ഇത്തരം ദമ്പതികൾക്കു ജനിക്കുന്ന കുട്ടികൾക്കും ഇതുപോലെ ഗ്രീൻ‍ കാർഡ് ലഭിക്കും. ഏകദേശം അരലക്ഷം കുട്ടികൾക്ക് പദ്ധതി പ്രയോജനപ്പെടും. കുട്ടികളിലും കഴിഞ്ഞ തിങ്കളാഴ്ച വരെയുള്ളതാണു പരിഗണിക്കുക. കുടിയേറ്റക്കാരായ കുട്ടികൾക്ക് പൗരത്വം നൽകുന്നതിനായി ബറാക് ഒബാമ പ്രസിഡന്റായിരുന്നപ്പോൾ തുടക്കമിട്ട ജനകീയ പദ്ധതിയുടെ ചുവടുപിടിച്ചാണ് ബൈഡന്റെ പരിഷ്കാരം. നവംബറിലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പു മുന്നിൽക്കണ്ടാണു ബൈഡന്റെ ഉദാരനീക്കമെന്നതും ശ്രദ്ധേയം.

11. കുവൈത്തിലെ മംഗഫിൽ തൊഴിലാളികൾ താമസിച്ചിരുന്ന കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് കുവൈത്ത് സർക്കാർ 15,000 ഡോളർ (ഏകദേശം 12.5 ലക്ഷം രൂപ) വീതം ധനസഹായം നൽകുമെന്ന് അറബ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇന്ത്യക്കാരടക്കം 49 പേരാണ് ദുരന്തത്തിൽ മരിച്ചത്. 24 പേർ മലയാളികളാണ്. എംബസി വഴിയാകും തുക കൈമാറുക. തെക്കൻ കുവൈത്തിലെ മംഗഫിൽ വിദേശ തൊഴിലാളികൾ താമസിക്കുന്ന മേഖലയിലെ ആറു നില കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. അപകട സമയത്ത് കെട്ടിടത്തിൽ 176 പേർ ഉണ്ടായിരുന്നു. മലയാളി വ്യവസായിയുടെ ഉടമസ്ഥതയിലുള്ള കമ്പനി ജീവനക്കാരുടെ ഫ്ലാറ്റിൽ 12ന് പുലർച്ചെ നാലിനാണ് തീപിടിത്തമുണ്ടായത്. തൊഴിലാളികൾ ഉറക്കത്തിലായിരുന്നത് അപകടത്തിന്റെ ആഘാതം വർധിപ്പിച്ചു. പുക ശ്വസിച്ചാണ് കൂടുതൽ പേരും മരിച്ചത്. സെക്യൂരിറ്റി ജീവനക്കാരന്റെ മുറിയിലുണ്ടായ ഷോർട്ട് സർക്കീറ്റാണ് അപകട കാരണം. സംഭവത്തിന് പിന്നാലെ കെട്ടിട ഉടമയെയും സുരക്ഷാ ജീവനക്കാരനെയും അറസ്റ്റ് ചെയ്തിരുന്നു. കുവൈത്ത് സർക്കാരിനു പുറമേ കേന്ദ്ര, സംസ്ഥാന സർക്കാരുകളും പ്രവാസി വ്യവസായികളും ഉൾപ്പെടെയുള്ളവർ മരിച്ചവരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ചിരുന്നു. ജീവനക്കാർ ജോലി ചെയ്തിരുന്ന എൻബിടിസി കമ്പനിയും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

12. 24 വർഷത്തിനു ശേഷം ഉത്തരകൊറിയ സന്ദർശിച്ച് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻ. ഉത്തര കൊറിയൻ പ്രസിഡന്റ് കിം ജോങ് ഉന്നുമായി കൂടിക്കാഴ്ച നടത്തും. ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാനമായ പങ്കാളിത്തം സംബന്ധിച്ച് ഇവർ ചർച്ച നടത്തും. റഷ്യൻ പ്രതിരോധ മന്ത്രി ആൻഡ്രി ബെലോസോവിനും വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവിനും ഉപപ്രധാനമന്ത്രി അലക്സാണ്ടർ നൊവാക്കിനുമൊപ്പമാണ് പുട്ടിൻ ഉത്തര കൊറിയൻ തലസ്ഥാനമായ പ്യോങ്യാങിൽ എത്തിയത്. പാശ്ചാത്യ ലോകത്തോടുള്ള ഇരുനേതാക്കളുടെയും സമീപനത്തിന്റെ പശ്ചാത്തലത്തിൽ പുട്ടിന്റെ സന്ദർശനത്തെ ആശങ്കയോടെയാണ് ലോകം നോക്കിക്കാണുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ആയുധ കൈമാറ്റത്തെ യുഎസും ദക്ഷിണ കൊറിയയും ഉൾപ്പെടെയുള്ളവർ വിമർശിച്ചിരുന്നു. എന്നാൽ ആയുധ കൈമാറ്റം നടന്നിട്ടില്ലെന്ന നിലപാടാണ് ഇരുരാജ്യങ്ങളും സ്വീകരിച്ചത്. ഉത്തരകൊറിയയുമായി ആയുധക്കരാറിൽ ഏർപ്പെടാൻ യുഎന്നിന്റെ വിലക്കുള്ളതാണ്. 2023 സെപ്റ്റംബറിൽ കിം റഷ്യയിൽ സന്ദർശനം നടത്തിയിരുന്നു. റഷ്യയുടെ സൈനിക സാങ്കേതിക വിദ്യയും ആണവ മുങ്ങിക്കപ്പലും ലക്ഷ്യമിട്ടായിരുന്നു കിമ്മിന്റെ സന്ദർശനം. യുക്രെയ്നിൽ റഷ്യക്ക് ലഭ്യതക്കുറവുള്ള പടക്കോപ്പുകൾ ഉത്തര കൊറിയ പകരം നൽകുമെന്നും അന്ന് റിപ്പോർട്ടുണ്ടായിരുന്നു. കിമ്മിന്റെ റഷ്യൻ സന്ദർശനം പാശ്ചാത്യ രാജ്യങ്ങളെ അസ്വസ്ഥരാക്കിയിരുന്നു.
യുക്രെയ്ൻ അധിനിവേശത്തിന് ശേഷം വിരളമായാണ് പുട്ടിൻ വിദേശ രാജ്യങ്ങളിൽ സന്ദർശനം നടത്തുന്നത്. കോവിഡ് മഹാമാരിക്ക് ശേഷം ഇതാദ്യമായാണ് ഒരു ലോകനേതാവിന് ഉത്തര കൊറിയയും ആതിഥ്യമരുളുന്നത്. 2000 ജൂലൈയിലാണ് പുട്ടിൻ ഇതിനുമുൻപ് തലസ്ഥാനമായ പ്യോങ്യാങ് സന്ദർശിച്ചത്. റഷ്യൻ പ്രസിഡന്റായി പുട്ടിൻ ആദ്യമായി അധികാരത്തിലെത്തിയ വർഷമായിരുന്നു ഇത്. അന്ന് ഉത്തര കൊറിയയുടെ പരമോന്നത നേതാവ് കിം ജോങ് ഇൽ ആയിരുന്നു.

13. ദലൈലാമയുടെ പിൻഗാമിയെ തിരഞ്ഞെടുക്കുന്നതിൽ സ്വാധീനം ചെലുത്താൻ ചൈനയെ അനുവദിക്കില്ലെന്നു യുഎസ് കോൺഗ്രസംഗങ്ങളുടെ സംഘം. ടിബറ്റൻ ആത്മീയ നേതാവിനെ സന്ദർശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു അവർ. യുഎസ് കോൺഗ്രസ് മുൻ സ്പീക്കർ നാൻസി പെലോസി ഉൾപ്പെടെയുള്ള 7 ജനപ്രതിനിധികളാണ് ബുധനാഴ്ച ഹിമാചൽ പ്രദേശിലെ ധർമശാലയിലെത്തി ദലൈലാമയെ കണ്ടത്. ദലൈലാമയുടെ പിൻഗാമിയെ തിരഞ്ഞെടുക്കുന്നതിൽ ബെയ്ജിങ് ഇടപെടുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ ഏറെനാളായി നടന്നുവരുന്നെന്നും എന്നാൽ യുഎസ് അതിന് അനുവദിക്കില്ലെന്നും യുഎസ് വിദേശകാര്യ കമ്മിറ്റി ചെയർമാൻ മൈക്കിൾ മക്‌കോൾ പറഞ്ഞു. ഒരു ദിവസം ദലൈലാമയും ജനങ്ങളും ടിബറ്റിലേക്ക് സമാധാനത്തോടെ തിരികെപ്പോകുമെന്ന് തന്നെയാണ് വിശ്വാസമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദലൈലാമയും അദ്ദേഹം പകരുന്ന സ്നേഹത്തിന്റെയും പാരമ്പര്യത്തിന്റെയും സഹാനുഭൂതിയുടെയും സന്ദേശവും അദ്ദേഹത്തിന്റെ പാരമ്പര്യവും എക്കാലവും നിലനിൽക്കുമെന്നും എന്നാൽ ചൈനീസ് പ്രസിഡന്റിനെ അദ്ദേഹത്തിന്റെ കാലശേഷം ഒരാളും ഓർക്കില്ലെന്നും നാൻസി പറഞ്ഞു. തന്റെ ഈ വാക്കുകളെ ഒരിക്കലും ദലൈലാമ അംഗീകരിക്കില്ലെന്നും പകരം നെഗറ്റീവ് ചിന്തകളിൽനിന്ന് നാൻസിക്ക് മോചനമുണ്ടാകാൻ പ്രാർഥിക്കാമെന്നാകും അദ്ദേഹത്തിന്റെ പ്രതികരണമെന്നും അവർ പറഞ്ഞു.

14. ബഹിരാകാശത്തുനിന്ന് സുനിതാ വില്യംസും സഹയാത്രികൻ ബാരി യൂജിൻ ബുഷ് വിൽമോറും തിരിച്ചെത്താൻ ഇനിയും വൈകുമെന്ന് യുഎസ് ബഹിരാകാശ ഏജൻസിയായ നാസ. 18ന് തിരിച്ചെത്തുമെന്നായിരുന്നു ആദ്യം പറഞ്ഞിരുന്നത്. പിന്നീട് ഈ തീയതി 22 ആക്കി. എന്നാൽ ഇവർ യാത്ര ചെയ്ത ബോയിങ്ങിന്റെ സ്റ്റാർലൈനർ ബഹിരാകാശപേടകം ജൂൺ 26ന് മാത്രമേ തിരിച്ചെത്തൂവെന്നാണു പുതിയ അറിയിപ്പ്.
ബോയിങ് സ്റ്റാർലൈനർ രാജ്യാന്തര ബഹിരാകാശ നിലയത്തിന് (ഐഎസ്എസ്) അരികിലെത്തിയപ്പോൾ പേടകത്തിൽനിന്നു ഹീലിയം വാതകച്ചോർച്ചയുണ്ടായി. ചില യന്ത്രഭാഗങ്ങൾ പ്രവർത്തിപ്പിക്കാൻ കഴിയാതിരുന്നതു ദൗത്യം ദുഷ്കരമാക്കിയിരുന്നു. ഇക്കാര്യങ്ങളെല്ലാം വിശദമായി പരിശോധിച്ചശേഷമേ തിരിച്ചുവരവുണ്ടാകൂയെന്ന് നാസയുടെ കൊമേഴ്സ്യൽ ക്രൂ പദ്ധതി മാനേജർ സ്റ്റീവ് സ്റ്റിച്ച് അറിയിച്ചു. നാസയുടെ കൊമേഴ്സ്യല്‍ ക്രൂ പദ്ധതിയുടെ ഭാഗമായുള്ളതാണ് സ്റ്റാര്‍ലൈനര്‍ വിക്ഷേപണം. ബഹിരാകാശത്തേക്കുള്ള പരീക്ഷണ ദൗത്യത്തിൽ പേടകം പറത്തുന്ന ആദ്യ വനിതയാണു സുനിത. നിലവിൽ 322 ദിവസം സുനിത ബഹിരാകാശത്ത് ചെലവഴിച്ചിട്ടുണ്ട്. യുഎസ് നേവൽ അക്കാദമിയിൽ പഠിച്ചിറങ്ങിയ സുനിത 1998ലാണു നാസയുടെ ബഹിരാകാശ സഞ്ചാരത്തിനു തിരഞ്ഞെടുക്കപ്പെട്ടത്. സുനിതയുടെ മൂന്നാമത്തെ ബഹിരാകാശ യാത്രയാണിത്.

15. അങ്ങനെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തിരഞ്ഞെടുപ്പിലും എത്തുന്നു. ജൂലൈ നാലിനു ബ്രിട്ടനിൽ നടക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ സ്റ്റീവ് എൻഡക്കോട്ട് (59) എന്ന വ്യവസായിയുടെ എഐ അപരവ്യക്തിത്വമായ ‘എഐ സ്റ്റീവ്’ സ്ഥാനാർഥിയാവുന്നു. ബ്രൈറ്റൻ പവിലിയൻ എന്ന മണ്ഡലത്തിൽനിന്ന് സ്വതന്ത്രനായാണ് മത്സരം. ‌

ഒരു എഐ ചാറ്റ്ബോട്ട് ആണ് എഐ സ്റ്റീവ്. വോയ്സ് ചാറ്റ് അവലംബിക്കുന്ന ഈ എഐ പ്ലാറ്റ്ഫോം തയാറാക്കിയത് സ്റ്റീവ് എൻഡക്കോട്ടിന്റെ ന്യൂറൽ വോയ്സ് എന്ന കമ്പനിയാണ്. ഒരേസമയം 10,000 പേരോട് സംവദിക്കാൻ ചാറ്റ്ബോട്ടിനു കഴിയും. വോട്ടർമാർക്കു തിരിച്ചും വർത്തമാനം പറയാം. നിലവിലുള്ള രാഷ്ട്രീയത്തിലും ഭരണരീതികളിലുമൊക്കെ വിശ്വാസം നഷ്ടപ്പെട്ടതാണു പുതിയ നീക്കത്തിനു കാരണമെന്ന് സ്റ്റീവ് പറയുന്നു. എന്നാൽ ജയിക്കുകയാണെങ്കിൽ എഐ അല്ല മറിച്ച് സ്റ്റീവ് തന്നെയാകും പാർലമെന്റംഗം ആകുകയെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കി. 2022 ൽ കൺസർവേറ്റീവ് പാർട്ടി സ്ഥാനാർഥിയായി മൽസരിച്ചപ്പോൾ എട്ടുനിലയിൽ പൊട്ടിയ സ്റ്റീവിനു കിട്ടിയത് വെറും 487 വോട്ടാണ്.

16. തെക്കൻ ഗാസയിലെ റഫയിൽ വിവിധ മേഖലകളിൽ ഹമാസും ഇസ്രയേൽ സൈന്യവും തമ്മിലുളള നേർക്കുനേർ ഏറ്റുമുട്ടൽ രൂക്ഷമായി. മവാസിയിലെ അഭയാർഥികൂടാരങ്ങൾക്കു നേരെ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 18 പേർ അടക്കം 35 പലസ്തീൻകാർ കൊല്ലപ്പെട്ടു. റഫയുടെ തെക്കു കിഴക്കൻ മേഖലകൾക്കു പിന്നാലെ, പടിഞ്ഞാറൻ മേഖലയും ഇസ്രയേൽ ടാങ്കുകൾ വളഞ്ഞു. കനത്ത ബോംബാക്രമണവും തുടരുന്നു. 10 ലക്ഷത്തിലേറെ പലസ്തീൻകാർ അഭയം തേടിയിരുന്ന റഫയിൽ ഇപ്പോൾ ഒരുലക്ഷത്തോളം പേർ മാത്രമേ അവശേഷിക്കുന്നുള്ളുവെന്ന് യുഎൻ ഏജൻസികൾ അറിയിച്ചു. ഖാൻ യൂനിസ്, ഗാസ സിറ്റി എന്നിവിടങ്ങളിലും ഒട്ടേറെ വീടുകൾ ബോംബാക്രമണത്തിൽ തകർന്നു. അതിനിടെ, റഫയിലെ ശബൂര ക്യാംപിനു സമീപം 2 ഇസ്രയേൽ ടാങ്കുകൾ തകർത്തതായും സൈനികരെ വധിച്ചതായും ഹമാസ് അവകാശപ്പെട്ടു. അതേസമയം, ഇസ്രയേലിന് ആയുധം നൽകുന്നതിൽ യുഎസ് ഏർപ്പെടുത്തിയ നിയന്ത്രണത്തെ വിമർശിച്ച പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ നടപടിയിൽ ബൈഡൻ ഭരണകൂടം അതൃപ്തി രേഖപ്പെടുത്തി. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനുമായുള്ള ചർച്ചയിൽ ഇക്കാര്യം സൂചിപ്പിച്ചെന്നാണു നെതന്യാഹു കഴിഞ്ഞദിവസം പറഞ്ഞത്.

നയതന്ത്രതല ചർച്ച പതിവിനു വിരുദ്ധമായി നെതന്യാഹു പരസ്യപ്പെടുത്തിയതിലുള്ള അതൃപ്തി ഇസ്രയേൽ സർക്കാരിനെ അറിയിച്ചെന്ന് യുഎസ് സുരക്ഷാ ഉപദേഷ്ടാവ് ജോൺ കിർബി പറഞ്ഞു.

✍സ്റ്റെഫി ദിപിൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments