Thursday, December 12, 2024
Homeഅമേരിക്കകുരുക്ഷേത്രത്തിൽ കണ്ണൂർ സിംഹം ✍ സുനിൽ വല്ലാത്തറ ഫ്ലോറിഡാ

കുരുക്ഷേത്രത്തിൽ കണ്ണൂർ സിംഹം ✍ സുനിൽ വല്ലാത്തറ ഫ്ലോറിഡാ

സുനിൽ വല്ലാത്തറ ഫ്ലോറിഡാ

കേരളത്തിലെ കോൺഗ്രസിന്റെ സംഘടന തെരഞ്ഞെടുപ്പു നടക്കുവാൻ പോകുന്ന പശ്ചാത്തലത്തിൽ കഴിഞ്ഞ മൂന്നര വർഷമായി കെ പി സി സി പ്രസിഡന്റ് ആയ കെ സുധാകരന്റെ രക്തത്തിനായി മുറവിളി കൂട്ടുകയാണ് കോൺഗ്രസിലെ ഒരു വിഭാഗം

കുറച്ചു സീനിയർ നേതാക്കളുടെ ആശീർവാദത്തോടെ കുറച്ചു യുവ നേതാക്കൾ മാറ്റം ആവശ്യപ്പെടുമ്പോൾ തല മുതിർന്ന നേതാക്കളായ രമേശ്‌ ചെന്നിത്തലയും കെ മുരളീധരനും ശശി തരൂരും സുധാകരനെ സംരക്ഷിക്കാൻ പരസ്യമായി രംഗത്ത് ഇറങ്ങിയിരിക്കുകയാണ്

ആന്റണി കരുണാകരൻ കാലം മുതൽ ഗ്രൂപ്പുകൾക്ക് വീതം വച്ചിരുന്ന കെ പി സി സി പ്രസിഡന്റു പദവിക്കു മാറ്റം വന്നത് 2005 ൽ രമേശ്‌ ചെന്നിത്തല പ്രസിഡന്റ് ആയ ശേഷം ആണ്. തുടർന്ന് ആദർശ ധീരനായ വി എം സുധീരനും പിന്നീട് മുല്ലപ്പള്ളിയും കെ പി സി സി പ്രസിഡന്റ് പദവി അലങ്കരിച്ചു. 2021 ലെ നിയമസഭ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് ശേഷം ആണ് മുല്ലപ്പള്ളിക്ക് പകരം സുധാകരൻ പ്രസിഡന്റ് ആകുന്നത്

79 ൽ യൂ ഡി ഫ് രൂപീകരിച്ച വേളയിൽ ലീഡർ കെ കരുണാകരൻ ആണ് അന്ന് സോഷ്യലിസ്റ്റ് പാർട്ടിക്കാരൻ ആയിരുന്ന കെ സുധാകരനെ കോൺഗ്രസിൽ എത്തിക്കുന്നത്

അക്കാലത്തു കണ്ണൂർ രാഷ്ട്രീയത്തിൽ പിടി മുറുക്കിയിരുന്ന സി പി എം നെ ആദർശത്തെ ആദർശം കൊണ്ടും അക്രമത്തെ അക്രമം കൊണ്ടും നേരിട്ട് കണ്ണൂരിലെ കോൺഗ്രസ്‌ പ്രവർത്തകർക്കു രാഷ്ട്രീയ പ്രവർത്തനം നടത്തുവാൻ അവസരം ഒരുക്കി കൊടുത്തത് സുധാകരൻ ആയിരുന്നു

കണ്ണൂർ രാഷ്ട്രീയത്തിൽ കോൺഗ്രസിന്റെ മുഖമായി മാറിയ സുധാകരൻ ആണ് 86 ൽ ബദൽ രേഖ അവതരിപ്പിച്ചു പാർട്ടിയിൽ നിന്നും പുറത്തായ സി പി എം ന്റെ തീപ്പൊരി നേതാവ് എം വി രാഘവനെ യൂ ഡി ഫ് പാളയത്തിൽ എത്തിച്ചതും രാഷ്ട്രീയ സംരക്ഷണം കൊടുത്തതും

96 മുതൽ 2009 വരെ കണ്ണൂർ നിയമസഭ മണ്ഡലത്തിൽ നിന്നുള്ള എം ൽ എ ആയിരുന്ന സുധാകരൻ 2001 ലെ ആന്റണി മന്ത്രിസഭയിൽ വനം സ്പോർട്സ് മന്ത്രി ആയിരുന്നു

99 മുതൽ 2009 വരെ കണ്ണൂർ എം പി ആയിരുന്ന സി പി എം ന്റെ യുവ നേതാവ് എ പി അബ്‌ദുള്ളക്കുട്ടി പാർട്ടിയുമായി ഇടഞ്ഞപ്പോൾ കോൺഗ്രസിൽ എത്തിച്ചത് രാഷ്ട്രീയ ചാണക്യൻ സുധാകരൻ ആയിരുന്നു

2009 ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ കണ്ണൂരിൽ സ്‌ഥാനാർഥി ആയ സുധാകരൻ സി പി എം ന്റെ യുവ പോരാളി കെ കെ രാഗേഷിനെ മലർത്തിയടിച്ചാണ് ആദ്യമായി പാർലമെന്റിൽ എത്തിയത്. തുടർന്ന് 2014 ൽ പി കെ ശ്രീമതിയോടു പരാജയപ്പെട്ടെങ്കിലും 2019ലും 2024 ലും വൻ ഭൂരിപക്ഷത്തിൽ വിജയിച്ചാണ് കണ്ണൂരിന്റെ എം പി ആയത്

2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്‌ വൻ പരാജയം ഏറ്റു വാങ്ങിയപ്പോൾ കോൺഗ്രസ്‌ ഹൈക്കമാൻഡ് കെ പി സി സി പ്രസിഡന്റ് ആക്കുവാൻ കണ്ണൂർ സിംഹത്തെ തെരെഞ്ഞെടുക്കുവാൻ മറ്റൊന്നാലോചിച്ചില്ല

സുധാകരൻ പ്രസിഡന്റ് ആയ ശേഷം നടന്ന തൃക്കാക്കര, പുതുപ്പള്ളി ഏറ്റവും ഒടുവിൽ പാലക്കാട്‌ ഉപതെരെഞ്ഞെടുപ്പുകളിലും കോൺഗ്രസ്‌ സ്‌ഥാനാർഥികൾ വൻ വിജയം ആണ് നേടിയത്

കേരളത്തിൽ നിന്നുള്ള ഏറ്റവും സീനിയർ ലോക്സഭ അംഗം ആയ കൊടിക്കുന്നിൽ സുരേഷും കെ പി സി സി പ്രസിഡന്റെ മോഹിയാണ്. അദ്ദേഹവും കുപ്പായം തൈപ്പിച്ചു വച്ചു കാത്തിരിക്കാൻ തുടങ്ങിയിട്ട് കാലം കുറെ ആയി

ഒരു പാക്കേജിന്റെ അടിസ്ഥാനത്തിൽ പ്രതിപക്ഷ നേതാവായ വി ഡി സതീശനും സുധാകരനും തമ്മിലുള്ള അനൈക്യം പരസ്യമായ രഹസ്യം ആണ്. അടുത്ത മുഖ്യമന്ത്രി ആകുവാൻ കച്ചകെട്ടിയിരിക്കുന്ന സതീശനും കെ പി സി സി പ്രസിഡന്റ് മാറണം എന്ന ആവശ്യക്കാരൻ ആണ്

അടുത്ത നിയമസഭ തെരെഞ്ഞെടുപ്പിന് ഒന്നര വർഷം ബാക്കി നിൽക്കേ ഡൽഹിയിൽ ഇരുന്നു കേരളത്തിലെ കളികൾ കണ്ടു ചിരിക്കുന്ന ദേശീയ നേതാവ് കെ സി വേണുഗോപാൽ 2026 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ യൂ ഡി ഫ് നു ഭൂരിപക്ഷം കിട്ടുകയാണെങ്കിൽ കുർത്തയും പൈജാമയും ഡൽഹിയിൽ ഉപേക്ഷിച്ചു തിരുവനന്തപുരത്തു പറന്നിറങ്ങി ഖദർ മുണ്ടും ഷർട്ടും ധരിച്ചു മുഖ്യമന്ത്രി ആയി സത്യപ്രതിജ്ഞ ചെയ്യുന്ന കാലം വിദൂരമല്ല .

സുനിൽ വല്ലാത്തറ ഫ്ലോറിഡാ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments