“ദൈവം യോജിപ്പിച്ചതിനെ മനുഷ്യൻ വേർപിരിക്കരുത് ”
മത്താ:19:6 – “അതുകൊണ്ട് അവർ മേലാൽ രണ്ടല്ല. ഒരു ദേഹമത്രെ.ആകയാൽ ദൈവം യോജിപ്പിച്ചതിനെ മനുഷ്യൻ വേർപിരിക്കരുത്”. വിവാഹം എന്നത് ദൈവം ആണ് കൂട്ടിച്ചേർത്തത്. നമ്മൾ വിചാരിക്കും എത്രമാത്രം കഷ്ടപ്പെട്ട് അന്വോഷിച്ച് കണ്ടെത്തിയാണ് ഈ വിവാഹം നടന്നത്. എന്റെ കഴിവാണ് എന്നെല്ലാം വിചാരിക്കും എന്നാൽ നാം അതിന് നിമിത്തമായി എന്നുമാത്രം. ദൈവം ആണ് അവരെ തമ്മിൽ യോജിപ്പിച്ചത്. വ്യത്യസ്ഥ സാഹചര്യത്തിൽ രണ്ടു ദേശങ്ങളിൽ രണ്ട് ഇടവകകളിൽ രണ്ടു കുടുംബങ്ങളിൽ രണ്ടു വ്യത്യസ്ഥ സ്വഭാവത്തിൽ വളർന്ന രണ്ടുപേർ തമ്മിൽ ദൈവം വിവാഹകൂദാശയിലൂടെ ഒന്നാക്കിത്തീർത്തു. ഇനി മരണം വരെ ഇവർ രണ്ടല്ല ഒന്നായി ജീവിക്കണം. ഇത്രയും കരുതലും കരുണയും ആണ് ദൈവം കുടുംബജീവിതത്തോട് കാണിക്കുന്നത്.
വിവാഹജീവിതത്തിലേക്ക് പ്രവേശിക്കുന്ന ദമ്പതികൾക്ക് ഒരുമിക്കാൻ കഴിഞ്ഞതിന് ദൈവത്തിന് നന്ദി അർപ്പിക്കുക. വിവാഹം എന്ന കൂദാശയിലൂടെ ദാമ്പത്യബന്ധത്തിൽ ഉണ്ടാകുന്ന കുഞ്ഞുങ്ങളും തലമുറകളും
ദൈവം അംഗീകരിച്ചതുപോലെ ജീവിക്കുവാൻ നാം ശ്രദ്ധിക്കണം. വിവാഹിതരായവരെ ദമ്പതികളായി അംഗീകരിക്കുകയും അവർക്ക് വേണ്ടതായ സഹായസഹകരങ്ങൾ നൽകുന്നതിലും വീട്ടുകാരും ബന്ധുമിത്രാദികളും ശ്രദ്ധിക്കണം. വി.സഭയിലൂടെയാണ് വധുവരന്മാരെ അംഗീകരിക്കുന്നതും കൂട്ടി ചേർക്കുന്നതും. അതുകൊണ്ട് സഭ അംഗീകരിക്കുന്ന ദമ്പതിമാരെ അംഗീകരിക്കാൻ സഭാംഗങ്ങൾക്കും കടമയുണ്ട്. സഭ അംഗീകരിച്ച ദമ്പതികൾക്ക് പിന്നീട് മറ്റ് യോഗ്യതകളോ കുറവുകളോ പരിശോധിക്കേണ്ടതില്ല. സഭ അംഗീകരിക്കാത്ത കുടുംബജീവിതവും ദാമ്പത്യവും പാപമാണ്. എന്നാൽ സഭ നിർദേശിക്കുന്ന നിർദേശങ്ങളും നിയമങ്ങളും രീതികളും അവർക്ക് അനുഗ്രഹമാണ്. ദമ്പതികൾ ദാമ്പത്യബന്ധം മൂലം കുടുംബജീവിതം സുരക്ഷിതമാക്കുവാൻ ശ്രമിക്കണം. ദൈവഹിതപ്രകാരമുള്ള ഒരു വിവാഹ ബന്ധത്തിന് തടസമുള്ളത് ഒന്നും ആവർത്തിക്കാതിരിക്കുക. അതിന് സഭക്കും സമൂഹത്തിനും മാന്യതയല്ലാത്ത ചില തടസങ്ങൾ എന്തെല്ലാം എന്ന് നമുക്ക് ചിന്തിക്കാം.
1). പ്രായക്കുറവ് – ഇന്ത്യയിൽ ശൈശവ വിവാഹം നിരോധിച്ചുകൊണ്ടുള്ള നിയമം ഉണ്ട്. സ്ത്രീക്ക് 18 വയസ്, പുരുഷന് 21 വയസും. അത്രയും പ്രായം തികയാത്തവർ തമ്മിൽ വിവാഹം നടത്താൻ ബുദ്ധിമുട്ടാണ്.
2). ശേഷിക്കുറവ് – ലൈംഗീക ശേഷിയില്ലായ്മയും ഇനി സന്താന സൗഭാഗ്യമുണ്ടാവില്ല എന്ന ഡോക്ടറുടെ സർട്ടിഫിക്കറ്റും ഉണ്ടെങ്കിൽ അത് അറിഞ്ഞുവെച്ചുകൊണ്ട് വിവാഹം കഴിക്കുന്നത് ബുദ്ധിമുട്ടാണ്. മദ്യപാനം,കഞ്ചാവ് തുടങ്ങിയ മയക്കുമരുന്ന് ഉപയോഗവും വിവാഹത്തിന് തടസമാണ്. അറിഞ്ഞ് വച്ചുകൊണ്ട് മദ്യപാനിക്കും മാനസീകരോഗിക്കും ശേഷികുറവുള്ളവർക്കും തീരാരോഗികൾക്കും ആരും വിവാഹം കഴിച്ചുകൊടുക്കാൻ ശ്രമിക്കില്ല.
3). നിലവിലുള്ള വിവാഹബന്ധം – നിലവിൽ ഒരു വിവാഹബന്ധം നിലനിൽക്കെ അത് നിയമപ്രകാരം ഒഴിവാക്കാതെ നടത്താൻ ശ്രമിക്കുന്ന വിവാഹം ദമ്പതികളിൽ ഒരാൾ മരിക്കുകയോ കോടതിവഴി ഡിവോഴ്‌സോ,സഭയുടെ ഭാഗത്തുനിന്ന് വിവാഹം അസാധുവായി പ്രഖ്യാപിക്കുകയോ മൂലമാണ് പുതിയ വിവാഹം നടത്തു.
4). മതം/സ്വന്തം ഗോത്രം – സ്വന്തം ഗോത്രത്തിൽനിന്ന് അതായത് നാം ഏത് സഭയിലായിരിക്കുന്നുവോ അതെ സഭയുടെ അംഗങ്ങൾ തമ്മിൽ മാത്രമേ വിവാഹം നടക്കാവു. അല്ലെങ്കിൽ അതൊരു പലതരത്തിലും ജീവിതം താറുമാറാകും. വി.മാമോദീസ സ്വീകരിക്കാത്ത വ്യക്തിയെ വിവാഹം കഴിക്കുന്നത് സഭ അംഗീകരിക്കില്ല. തന്നെയുമല്ല ഭാര്യഭർത്താക്കന്മാരെ പോലെ ഒരുമിച്ചു താമസിച്ചിട്ട് വിവാഹം നടത്തണമെന്ന് ആഗ്രഹിച്ചാലും നടക്കണമെന്നില്ല.
5). കശീശ്ശാ പട്ടം – സാധരണ പട്ടം സ്വീകരിച്ച് ശെമ്മാശ്ശ പട്ടം സ്വീകരിച്ചതിനുശേഷം വിവാഹം കഴിക്കാം. എന്നിട്ടാണ് കശീശ്ശാപട്ടം സ്വീകരിക്കുന്നത്. അല്ലാതെ അച്ഛനായിട്ട് പിന്നെ വിവാഹം കഴിക്കാൻ സഭ അനുവദിക്കുന്നില്ല. വിവാഹം കഴിക്കാതെ കശീശ്ശായായാൽ പിന്നെ ആയുഷ്കാലം മുഴുവനും ദയറാക്കാരനായി കഴിയണം. അതുപോലെതന്നെയാണ് റമ്പാച്ചൻമാരും,മെത്രാപ്പോലീത്തമാരും അതിനുമുകളിലേക്കുള്ളവരും വിവാഹം കഴിക്കാൻ സഭ അനുവദിക്കുന്നില്ല.
6). രക്തബന്ധം – രക്തബന്ധമുള്ളവർ തമ്മിൽ വിവാഹം കഴിക്കുന്നത് സഭ അനുവദിക്കുന്നില്ല. അതുപോലെ തലതൊട്ടപ്പനും തലതൊട്ടമ്മയും തമ്മിൽ ഒരു ആത്മീയ ബന്ധമുണ്ട്. ഇവർ തമ്മിലുള്ള വിവാഹത്തിനും തടസമാണ്. ഇതുപോലുള്ള തടസങ്ങൾ ഒഴിവാക്കുക, സഭയുടെ നിയമങ്ങളും നിർദേശങ്ങളും അനുസരിച്ച് ജീവിക്കുക.