Sunday, January 12, 2025
Homeഅമേരിക്ക'കടക്കെണിയിൽ പെടുന്ന മലയാളികൾ..' (സുബി വാസു എഴുതുന്ന “ഇന്നലെ-ഇന്ന്-നാളെ)

‘കടക്കെണിയിൽ പെടുന്ന മലയാളികൾ..’ (സുബി വാസു എഴുതുന്ന “ഇന്നലെ-ഇന്ന്-നാളെ)

സുബി വാസു നിലമ്പൂർ

മലയാളികൾ എന്നും ആഡംബര പ്രിയരാണ് പുതുമയെ കൈമറന്നു സ്വീകരിക്കാൻ എന്നും അവർ മുന്നിലുണ്ട്. ആഹാരത്തിന് കാര്യത്തിലാവട്ടെ വസ്ത്രധാരണത്തിന്റെ കാര്യത്തിലാവട്ടെ, വാഹനങ്ങളുടെ കാര്യത്തിലാവട്ടെ എന്തിനെയും പുതുമകളോടെ ഉൾക്കൊള്ളാൻ മലയാളികളെ കഴിഞ്ഞിട്ടേ ആളുള്ളൂ.അതുകൊണ്ടുതന്നെ അര നൂറ്റാണ്ടുകൊണ്ട് മലയാളി നേടിയത് നല്ലൊരു ജീവിത സാഹചര്യമാണ്. പ്രവാസികളുടെ ഒഴുക്കോടെ അതിന് ആക്കംകൂടി എന്നുപറയാം. വീടുകൾ, കാറുകൾ, മൊബൈൽ ഫോണുകൾ, ബ്രാൻഡഡ് ഡ്രസ്സുകൾ, തുടങ്ങിയവയൊക്കെ സ്വന്തമായി വാങ്ങികൂട്ടാൻ മലയാളികളെ കഴിഞ്ഞിട്ടേ വേറെ ആളുള്ളൂ. എവിടെയൊക്കെ ആർഭാടം കാണിക്കാം എങ്ങനെയൊക്കെ പൊങ്ങച്ചം കാണിക്കാൻ പറ്റും എന്നതാണ് ഓരോ കല്യാണങ്ങളും, മലയാളികളുടെ വീടുകളും, വാഹനങ്ങളും എല്ലാം നമുക്ക് കാണിച്ചുതരുന്നത്.

അപ്പുറത്തെ വീട്ടിൽ എന്താണോ പുതിയത് വാങ്ങുന്നത് നോക്കി അതിലും ആഡംബരം കൂടിയത് അല്ലെങ്കിൽ അതിലും മുന്തിയത് വാങ്ങിക്കൂട്ടുന്നവരും ഒട്ടും കുറവല്ല. ഇത്തരം ആഡംബരങ്ങൾ മലയാളിയെ കൊണ്ടെത്തിക്കുന്നത് വലിയൊരു കടബാധ്യതയിലേക്കാണെന്നതാണ് സത്യം. ഇന്ന് കേരളത്തിലെ 65 ശതമാനം ആളുകളും കടത്തിൽ ആണെന്നാണ് NABARD ഈയിടെ നടത്തിയ സർവേയിൽ കണ്ടെത്തിയത്. ഭൂരിഭാഗം മലയാളിക്കും സമ്പാദ്യം ഇല്ലാത്ത അവസ്ഥ. ഉപഭോഗ സംസ്കാരത്തിന്റെ മറ്റൊരു മുഖം കൂടിയാണ് അവിടെ തെളിയുന്നത്.

ഒരുകാലത്തു ചെറിയ വീടുകളും, നിറയെ തോട്ടവും, പറമ്പും, പാടവും കൃഷിയും എല്ലാമുണ്ടായിരുന്ന മലയാളികൾ ഇന്ന് കടക്കെണിയിലാവാൻ കാരണമെന്താണെന്ന് ചിന്തിച്ചിട്ടുണ്ടോ?ചിന്തിച്ചാൽ നമ്മുടെ മുന്നിൽ ഉത്തരമുണ്ട് ആഡംബരഭ്രമവും, ഉപഭോഗസംസ്കാരവും മലയാളികളിൽ വരുത്തിയ ജീവിതസാഹചര്യം തന്നെ. ഒരുകാലത്തു കൂട്ടുകുടുംബങ്ങളായിരുന്നു കേരളത്തിൽ ഉണ്ടായിരുന്നത്. അവർക്ക് ഇഷ്ടം പോലെ ഭൂസ്വത്തുക്കളും, മറ്റു ജീവനുള്ള(നാൽക്കാലികൾ) വസ്തുവകകളും ഉണ്ടായിരുന്നു. വീട്ടിലെ കാരണവർ തീരുമാനിക്കുന്നത് പോലെ ആയിരുന്നു എല്ലാ കാര്യങ്ങളും. കൃഷിയും, വരുമാനവും, ചിലവും എല്ലാം കൈകാര്യം ചെയ്യുകയും ഒപ്പം കുടുംബത്തെ മുന്നോട്ട് നയിക്കുകയും, അതുപോലെ കാരണവന്മാർ എല്ലാത്തിലും ഒരു മിതത്വം പാലിക്കുകയും ചെയ്തിരുന്നു. മുന്നോട്ട് കരുതി കൊണ്ടാണ് ചെലവുകൾ നടത്തിയിരുന്നത് അതുകൊണ്ടുതന്നെ വരുമാനവും ചിലവും എല്ലാം മിച്ചബജറ്റ് ആയിരുന്നു.

ഏറ്റവും താഴെത്തട്ടിലെ കുടുംബം ആയിരുന്നാലും അവരുടെ വരുമാനത്തിൽ അനുസരിച്ചുള്ള ചിലവുകൾ ആയിരുന്നു അവർക്കുണ്ടായിരുന്നത്. വീട്ടിലെ മുതിർന്ന അംഗങ്ങൾ ഇക്കാര്യങ്ങളിൽ കൂടുതൽ ശ്രദ്ദ എത്തി പോന്നു. വീട്ടിലേക്ക് വേണ്ടതൊക്ക കൃഷി ചെയ്തുണ്ടാക്കി, അതുകൊണ്ടുതന്നെ അത്യാവശ്യ സാധനങ്ങൾ മാത്രമേ വാങ്ങേണ്ടി വരുന്നുള്ളൂ. അതുപോലെതന്നെ ഇന്നത്തെ അത്രയെളുപ്പത്തിൽ സാധനങ്ങളും സേവനങ്ങളും വാങ്ങാനും കഴിയുമായിരുന്നില്ല.

ആഗോളവൽക്കരണ ഉദാരവൽക്കരണ നയങ്ങളുടെ ഭാഗമായി രാജ്യത്തിൻറെ വ്യാപാരമേഖല തുറന്നു കൊടുത്തതോടെ ഏതൊരു രാജ്യത്തിന്റെയും സാധനങ്ങളും സേവനങ്ങളും എളുപ്പത്തിൽ ലഭ്യമായി.ഇൻറർനെറ്റും ആൻഡ്രോയ്ഡ് ഫോണുകളും വ്യാപകമായതോടെ വ്യാപാരം ഏറ്റവും എളുപ്പത്തിൽ ആയി. ഇന്ന് ആമസോൺ, flipkart പോലുള്ള ആപ്പുകളിൽ കൂടി വളരെ എളുപ്പത്തിൽ കുറഞ്ഞ വിലയിൽ ബ്രാൻഡഡ് സാധനങ്ങൾ വാങ്ങിക്കാം. അണുകുടുംബങ്ങളുടെ വരവോടെ ആണ് ഓരോരുത്തരും സാമ്പത്തിക ഫ്രീഡം അനുഭവിച്ചത്,  ആവശ്യമുള്ളതൊക്കെ കൈപ്പിടിയിലൊതുക്കി. വീട്,കാർ തുടങ്ങിയവയ ആഡംബരത്തിന് അവസാനവാക്ക് ആകണം എന്ന രീതിയിലാണ് തിരഞ്ഞെടുക്കുന്നത് നല്ലൊരു വരുമാനമുണ്ടെങ്കിൽ ചിലവാക്കുന്നത് പ്രശ്നമില്ല പക്ഷെ വരുമാനം ഇല്ലെങ്കിലോ?
അടുത്ത തിരഞ്ഞെടുപ്പാണ് പലരെയും ജീവിക്കാൻ അനുവദിക്കാത്തത്.

അവനവന്റെ വരുമാനത്തിന് അനുസരിച്ചാണ് ചിലവെങ്കിൽ അത് തുല്യമായി കടന്നു പോകും. പക്ഷെ വരുമാനം കുറവും, ചിലവുകൾ കൂടുകയും ആണെങ്കിൽ അവിടെ നമ്മുടെ ബഡ്ജറ്റ് താളം തെറ്റും.ചെറിയ ചെറിയ തുകകൾ കടം വാങ്ങി കൊണ്ട് അതു നികത്തി, വീണ്ടും കുറച്ചു ചിലവുകൾ കുറച്ചു ബഡ്ജറ്റ് നിലനിർത്തണം.
പക്ഷേ ഇന്ന് പലരും തങ്ങളുടെ വരുമാനത്തിൽ നിന്നുകൊണ്ടല്ല ജീവിക്കുന്നത് ഞാനടക്കമുള്ള മലയാളി ലോണുകളുടെ ഊരാക്കുടുക്കിൽ ആണ് വീട് വാങ്ങാൻ,കാർ വാങ്ങാൻ, കല്യാണം നടത്താൻ,മൊബൈൽ ഫോൺ വാങ്ങാൻ തുടങ്ങി ചെറിയ ഒരു ലോൺ പോലുമില്ലാത്ത മലയാളിയെ കാണാൻ പ്രയാസമാണ്.ലോൺ തരുന്ന ഒരുപാടു സാമ്പത്തിക സ്ഥാപനങ്ങൾ ഇന്നുണ്ട്. അതുകൂടാതെ മൈക്രോഫിനാൻസ് കാരുടെ വലിയൊരു നിര തന്നെ കേരളത്തിലുണ്ട്.വളരെ കുറഞ്ഞ തിരിച്ചടുവുകളാണ് ഇതിനുള്ളത് അതുകൊണ്ടുതന്നെ സാധാരണക്കാർ അവരുടെ വ്യക്തിപരമായ കാര്യങ്ങൾക്ക് ഇത്തരം സ്ഥാപനങ്ങളെ ആശ്രയിക്കുന്നു.പക്ഷേ ഉയർന്ന പലിശനിരക്കിനെക്കുറിച്ച് ആര് ചിന്തിക്കുന്നു?അവർക്ക് അപ്പോൾ ആവശ്യങ്ങൾ നടക്കണം.

കർഷക ആത്മഹത്യകളും, മറ്റു കടബാധ്യതകൾ കൊണ്ടുള്ള ആത്മഹത്യകളും എല്ലാം നമ്മൾ നിരന്തരം വായിച്ച് അറിയുന്നതാണ് അതിനു പിന്നിൽ ഇത്തരം ലോണുകളുടെ, സാമ്പത്തിക സ്ഥാപനങ്ങളുണ്ട്.ഒരു അടവ് തെറ്റി കഴിഞ്ഞാൽ അതിന്റെ പലിശയും കൂട്ട് പലിശയും ചേർത്ത് പിന്നീട് വലിയൊരു സംഖ്യ ആവുന്നു. അതും അടക്കാൻ പറ്റാതെ വരുമ്പോൾ പിന്നീട് അത് ഉയർന്നുയർന്നു പോകും,ഒടുവിൽ അതു തിരിച്ചടക്കാൻ പറ്റാത്ത ഒരു സംഖ്യയായി മാറും.അതോടെ സ്ഥാപനങ്ങളിൽ നിന്നുള്ള വിളികൾ, ഭീഷണി, മാനം നഷ്ടപ്പെട്ട അവസ്ഥ. പിന്നീട് ആത്മഹത്യയിൽ അഭയം തേടുന്നു.

ഓരോ മലയാളികളും ഇത്തരമൊരു അവസ്ഥയിലേക്ക് കൂപ്പുകുത്തിക്കൊണ്ടിരിക്കുന്നു. അതുപോലെ തന്നെ ഫോൺ വാങ്ങാനും, ഡ്രസ്സ്‌ വാങ്ങാനും,എന്ന് വേണ്ട നമുക്ക് ആഹാരം കഴിക്കാൻ വരെ ഇന്ന് ലോൺ തരുന്ന ആപ്പുകൾ നമുക്കുണ്ട്. അത്തരം ആപ്പുകളിലൊക്കെ പോയി ഓരോന്നും ചെയ്യുമ്പോൾ നമ്മൾ ലോൺ എടുക്കുമ്പോൾ നമ്മളെ തന്നെയാണ് ബാധിക്കുന്നത് എന്ന് മനസ്സിലാക്കുക നമ്മുടെ വരുമാനത്തിൽ നിന്നു കൊണ്ട് നമ്മുടെ ജീവിത ചിലവുകൾ നിയന്ത്രിക്കുക, അത്യാവശ്യ കാര്യമുണ്ടെങ്കിൽ മാത്രം കടം വാങ്ങുക, ആർഭാടങ്ങൾഒഴിവാക്കുക അതൊക്കെയാണ് കടങ്ങളിൽ നിന്നും നമുക്ക് തലയൂരാനുള്ള മാർഗങ്ങൾ

സുബി വാസു നിലമ്പൂർ✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments